ADVERTISEMENT

വരനെ ആവശ്യമുണ്ട് എന്ന സിനിമയിൽ പ്രേക്ഷകരുെട ഹൃദയത്തിൽ തട്ടിയ രംഗങ്ങളിലൊന്നായിരുന്നു ക്ലൈമാക്സ് ഭാഗത്തെ സുരേഷ് ഗോപിയുടെ പ്രസംഗം. സുരേഷ് ഗോപിയുടെ അഭിനയപ്രകടനം തന്നെയായിരുന്നു സീനിലെ പ്രധാനആകര്‍ഷണം. തട്ടുപൊളിപ്പൻ ഡയലോഗിലൂടെയും സ്റ്റൈലിഷ് ആക്‌ഷൻ രംഗങ്ങളിലൂടെയും കയ്യടിനേടിയ സുരേഷ് ഗോപി , അതിമനോഹരമായ പ്രസംഗത്തിലൂടെയും പ്രേക്ഷകരുടെ മനംകവർന്നു. ഈ രംഗം ചിത്രീകരിച്ചതിനു പിന്നിൽ പലർക്കും അറിയാത്തൊരു ‘കള്ളക്കഥ’ കൂടിയുണ്ട്.

 

സുരേഷ് ഗോപിയുടെ മുഖത്തെ വികാരഭാവങ്ങൾ പോലെ തന്നെ പ്രധാനമായിരുന്നു പ്രസംഗം കേട്ടുകൊണ്ടിരിക്കുന്ന ആളുകളുടെ പ്രതികരണവും. ആദ്യഭാഗം ഷൂട്ട് ചെയ്തതിൽ തൃപ്തിവരാതെ അനൂപ് ഓഡിയൻസിന്റെ രംഗം വീണ്ടും ഷൂട്ട് ചെയ്തിരുന്നു. സിനിമയിൽ പ്രസംഗിക്കുന്നത് സുരേഷ് ഗോപിയാണെങ്കിൽ  രണ്ടാമതു ഷൂട്ട് ചെയ്തപ്പോൾ പ്രസംഗിച്ചത് അനൂപ് സത്യൻ തന്നെയാണ്. ചുമ്മാ എന്തെങ്കിലും പറഞ്ഞാൽ പോരാ, ആളുകളുടെ മുഖത്ത് സങ്കടം വരുത്താൻ കഴിയണം. എന്നാൽ അനൂപിന്റെ പ്രസംഗം കേട്ടതും ആളുകൾ കരയാൻ തുടങ്ങി. അനൂപ് പറഞ്ഞ ‘കള്ളക്കഥ’ കേട്ടാണ് അവർ വികാരനിർഭരരായത്.

 

ആ കഥ ഇങ്ങനെ: 

 

വരനെ ആവശ്യമുണ്ടെന്ന സിനിമയിലെ പ്രധാന രംഗങ്ങളിലൊന്നാണ് സുരേഷ് ഗോപിയുടെ പ്രസംഗം. ഒരു ബുള്ളറ്റ് ഓടുന്നതു പോലെയാണ് അതിൽ ഓഡിയൻസിന്റെ പ്രതികരണങ്ങളുടെ ഗ്രാഫ്.  ആദ്യം സുരേഷ് ഗോപിയുടെ കോപ്രായം കണ്ട് പൊട്ടിച്ചിരിക്കുന്ന ഓഡിയൻസ് മെല്ലെ സീരിയസാകുന്നു. അയാളുടെ ജീവിത കഥയുടെ കൂടെ സഞ്ചരിക്കുന്നു. പിന്നെ ഒരിടത്തു വച്ച് അയാളുടെ വികാരങ്ങൾക്കൊപ്പം കരയാൻ തുടങ്ങുന്നു.

 

ആദ്യം ഷൂട്ട് ചെയ്തപ്പോൾ ഓഡിയൻസിന്റെ പ്രതികരണം തൃപ്തി വരാഞ്ഞിട്ട് അനൂപ് ഓഡിയൻസിന്റെ രംഗം മാത്രം വീണ്ടും ഷൂട്ട് ചെയ്തു. ഓഡിയൻസായി പുതിയ ആളുകളെ വച്ചായിരുന്നു രണ്ടാമത്തെ ഷൂട്ടിങ്. സിനിമയിൽ പ്രസംഗിക്കുന്നത് സുരേഷ് ഗോപിയാണെങ്കിൽ  രണ്ടാമതു ഷൂട്ട് ചെയ്തപ്പോൾ പ്രസംഗിച്ചത് അനൂപ് സത്യൻ തന്നെയാണ്.

സ്റ്റേജിൽ കയറി മൈക്കെടുത്ത് അനൂപ് പറയാൻ തുടങ്ങി.

 

പ്രസംഗിക്കാൻ എനിക്കും പേടിയാണ്. മുട്ടു വിറയ്ക്കുന്നുണ്ട്. എങ്കിലും പറയാം. എനിക്കൊരു ട്വിൻ ബ്രദറുണ്ട്. നഴ്സറി മുതലേ ഞങ്ങളൊരുമിച്ചാണ് പഠിച്ചത്. കാണാനും സംസാരവുമൊക്കെ എന്നെപ്പോലെ തന്നെ. ഭയങ്കര പാരയായിരുന്നു അവൻ. സ്കൂളിൽ പഠിക്കുമ്പോൾ എനിക്കൊരു പ്രേമമുണ്ടായിരുന്നു. അവളെയും ഒടുവിൽ അവൻ‍ തട്ടിയെടുത്തു. കാരണം അവൾക്ക് ഞങ്ങളുടെ രണ്ടുപേരുടെയും പേരു തമ്മിൽ മാറിപ്പോയി.

 

ജോലി കിട്ടിയതോടെയാണ് ഞാൻ ഒന്നു രക്ഷപ്പെട്ടത്. ചിത്രം വരയ്ക്കുന്നതാണ് എന്റെ ഹോബി. സത്യത്തിൽ അതു ഹോബിയല്ല. എന്റെ അമ്മയ്ക്കു സംസാരിക്കാൻ കഴിയില്ല. അമ്മയോടു വിവരങ്ങൾ പറയാൻ ഞാൻ കണ്ടുപിടിച്ച വഴിയാണ് ചിത്രം വര. എനിക്ക് ആവശ്യമുള്ള എല്ലാ കാര്യങ്ങളും വരയിലൂടെ ചോദിക്കും. ഓംലെറ്റും ചിക്കൻകറിയും ഉമ്മയും എല്ലാം.   വരയിലൂടെ അമ്മയ്ക്കു മുന്നിൽ എന്റെ മനസ്സു വരച്ചു കാട്ടി.

 

ജോലിസ്ഥലത്തും ‍ഇടയ്ക്കൊക്കെ ഞാൻ ഇതു തന്നെ പ്രയോഗിച്ചു. മാനേജർ ലീവ് തരാത്തപ്പോൾ അയാളുടെ തലയിൽ ഇടിത്തീ വീഴുന്ന പടം വരച്ച് അയച്ചുകൊടുത്തു. അതോടെ അയാൾ പേടിച്ച് ലീവ് തരും. 

 

അങ്ങനെയിരിക്കെ ഒരു ദിവസം അനിയത്തിക്ക് ഒരു അപകടം സംഭവിച്ചു.  കോളജിൽ നിന്നു വരുമ്പോൾ വണ്ടി ഇടിച്ച് അവൾ മരിച്ചു.  ഞാൻ വീട്ടിലെത്തുമ്പോൾ അമ്മ വിവരം അറിഞ്ഞിട്ടില്ല. പറയാൻ എല്ലാവർക്കും പേടി. ഞാൻ വന്നിട്ടു പറയാനായി എല്ലാവരും കാത്തിരിക്കുകയാണ്. 

 

ഞാൻ അമ്മയുടെ അടുത്തു ചെന്നിരുന്നു. എന്നിട്ട് ഒരു കടലാസിൽ അനിയത്തിയുടെ ചിത്രം വരച്ച് അമ്മയ്ക്കു കൊടുത്തു. അമ്മ ആ ചിത്രം നോക്കി, പിന്നെ എന്റെ നേരെ നോക്കി. അവളുടെ മുഖം വേണ്ടത്ര ഭംഗിയായിട്ടില്ലെന്ന മട്ടിൽ. ഞാൻ അതിന്റെ മുകളിലേക്ക് കുറെ ചോരത്തുള്ളികൾ വരച്ചു. പിന്നെ ഞങ്ങൾ രണ്ടു പേരും കെട്ടിപ്പിടിച്ചു കരഞ്ഞു.

പ്രസംഗം ഇത്രയുമായപ്പോൾ ക്യാമറമാൻ വിളിച്ചു പറഞ്ഞു.. ഇത്രയും മതി. ഓഡിയൻസ് കരയാൻ തുടങ്ങി. ഷോട്ട് ഓകെയാണ്.

 

അതോടെ അനൂപ് സത്യൻ മൈക്കിലൂടെ വിളിച്ചു പറഞ്ഞു.. ഞാൻ ഇതുവരെ പറഞ്ഞതൊക്കെ കള്ളക്കഥയാണ്. എനിക്ക് സഹോദരിയില്ല. എന്റെ അമ്മയ്ക്ക് ഒരു കുഴപ്പവുമില്ല. അച്ഛനാണെ സത്യം !

 

വരനെ ആവശ്യമുണ്ടെന്ന സിനിമയിൽ ദുൽഖർ സൽമാന് ഏറ്റവും പ്രിയപ്പെട്ട രംഗങ്ങളിലൊന്നാണ് ഇത്.ഷൂട്ടിങ്ങിന്റെ പെർഫെക്ഷനു വേണ്ടി പറഞ്ഞ കള്ളക്കഥ കേട്ടിട്ട് ആ സിനിമയുടെ നിർമാതാവു കൂടിയായ ദുൽഖർ അനൂപ് സത്യനോടു പറഞ്ഞു.. ഈ കഥ കേട്ടാൽ നിന്റെ അമ്മ നിന്നെ ഓടിക്കും. തൽക്കാലം വീട്ടിൽപ്പോകണ്ട. എന്റെ കൂടെ ഒരു ട്രിപ്പിനു പോരൂ.. അനൂപ് പറഞ്ഞു.. വരാൻ ഞാൻ റെഡി. പക്ഷേ അതിനു മുമ്പ് വീട്ടിലേക്ക് ഒരു റിട്ടേൺ ടിക്കറ്റ് എടുക്കട്ടെ..

 

(ഫാസ്റ്റ്ട്രാക്ക് മാസികയുടെ കോഫിബ്രേക്ക് കോളത്തിൽ നിന്നും)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com