ADVERTISEMENT

പടവെട്ടിന്റെ സംവിധായകൻ ലിജു കൃഷ്ണയ്ക്കെതിരെ ഡബ്ല്യുസിസി നടത്തിയ പ്രസ്താവനയെ നിശിതമായി വിമർശിച്ച് പടവെട്ടിന്റെ അണിയറപ്രവർത്തകർ.  ഗീതു മോഹൻദാസിനെതിരെ ലിജു വെളിപ്പെടുത്തിയ കാര്യങ്ങൾ വാസ്തവവിരുദ്ധമാണെന്ന് എന്തടിസ്ഥാനത്തിലാണ് പറഞ്ഞതെന്ന് ഡബ്ല്യുസിസി വ്യക്തമാക്കണം. പടവെട്ടിന്റെ അണിയറപ്രവർത്തകരോട് ചർച്ച ചെയ്യാതെ ഏകപക്ഷീയമായിട്ടാണ് ഡബ്ല്യുസിസി ഇത്തരമൊരു പ്രസ്താവന ഇറക്കിയതെന്നും ചർച്ചകളെ ഭയമില്ലാതെ സ്വാഗതം ചെയ്യുന്നുവെന്നും പടവെട്ട് ടീം സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു. 

 

കുറിപ്പിന്റെ പൂർണ്ണരൂപം 

 

‘‘സത്യം ഡബ്ല്യുസിസി അറിയണം. ഗീതുമോഹൻദാസിനെതിരെ സംവിധായകൻ ലിജു കൃഷ്ണയും പടവെട്ടിന്റെ അണിയറ പ്രവർത്തകരും വെളിപ്പെടുത്തിയ സത്യങ്ങൾ കള്ളമാണെന്ന് പറയുന്നതിന്റെ ഔചിത്യം ഡബ്ല്യുസിസി വ്യക്തമാക്കണം. എന്ത് അടിസ്ഥാനത്തിലാണ് ഈ മറുപടി ഒരു സംഘടന എന്ന നിലയിൽ നിങ്ങൾ പൊതുജങ്ങളോട് പങ്കിടുന്നത്..? ഒരു ആരോപണം ഉണ്ടാകുമ്പോൾ ആരോപണ വിധേയരെയും അത് ഉന്നയിക്കുന്നവരെയും ഒരുപോലെ കേൾക്കുക എന്ന മര്യാദ പാലിക്കപ്പെടേണ്ടതാണ്. ഇന്നേവരെ പടവെട്ട് സിനിമയുടെ അണിയറ പ്രവർത്തകരെ ഡബ്ല്യുസിസി എന്ന സംഘടനയുടെ ഭാഗത്തുനിന്നും ആരും വിളിക്കുകയോ ബന്ധപ്പെടുകയോചെയ്തിട്ടില്ല.  

 

തികച്ചും ഏകപഷീയമായ നിലപാടും വിചാരണയും ഒരു പൊതു സംഘടനയുടെ മര്യാദകളിൽ പെടുന്നതല്ല. ‍ഡബ്ല്യുസിസി  എന്ന സംഘടനയുടെ ആശയങ്ങളെയും സിനിമ മേഖലയിൽ സംഘടനയുടെ ആവശ്യകതയെയും ഞങ്ങൾ എന്നും ബഹുമാനിക്കുകയും സ്വാഗതം ചെയ്യപ്പെടുകയും ചെയ്യുന്നവരാണ്. മറുപക്ഷമാണെന്ന് പറഞ്ഞു ചാപ്പ കുത്തി മാറ്റിനിർത്തപ്പെടുത്താൻ ശ്രമിക്കേണ്ട. അത് ഒരു ജനാധിപത്യ ബോധമില്ലായ്മയാണ്. സംഘടന ഇതിനുവേണ്ട നിർദ്ദേശങ്ങൾ നൽകേണ്ടതുമാണ്.

 

വിമർശനത്തിന് വിധേയമാകണം എങ്കിൽ അത് സ്വാഗതം ചെയ്യപ്പെടണം. രേവതിച്ചേച്ചിയെ പോലുള്ള മുതിർന്ന അംഗങ്ങൾ ഇതിനുവേണ്ട നിർദേശങ്ങൾ നൽകേണ്ടതാണ്. ഗീതു മോഹൻദാസിനെ പോലുള്ള ശക്തർ സംഘടനയ്ക്ക് മുകളിൽ വളരുമ്പോൾ, അവരുടെ അധികാര ദുർവിനിയോഗത്തിലൂടെ കളങ്കപ്പെടുന്നത് ഡബ്ല്യുസിസിയിലൂടെ സ്ത്രീത്വത്തിന് പുരോഗതി എന്ന പ്രതീക്ഷകൂടിയാണ്.

 

വെളിപ്പെടുത്തിയ സത്യങ്ങൾ സംഘടനയ്ക്കും പൊതുജനത്തിനും ഒന്നുകൂടെ വ്യക്തമാക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഗീതുമോഹൻദാസ് ഒരു പുതുമുഖ സംവിധാനകനിൽ വർഷങ്ങളായി നടത്തുന്ന വേട്ടയാടലിന്റെയും പീഡനങ്ങളുടെയും സത്യങ്ങൾ അടങ്ങിയ പരാതി ഇവിടെ കൂട്ടിച്ചേർക്കുന്നു. ഇത് ഇന്ത്യൻ സിനിമയുമായി ബന്ധപ്പെട്ട എല്ലാ സംഘടനകൾക്കും നിയമ സ്ഥാപങ്ങൾക്കും പടവെട്ടിന്റെ അണിയറ പ്രവർത്തകർ അയച്ചിരുന്ന പരാതിയുടെ പകർപ്പാണ്.

 

പ്രിവിലേജ് ഉള്ളവർക്ക് സത്യത്തിന്റെ കുത്തകയുണ്ട് എന്ന നുണക്കെതിരെ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണം. ചർച്ചകളെ ഭയമില്ലാതെ സ്വാഗതം ചെയ്യുന്നു.  സത്യം ജയിക്കട്ടെ.’’

 

പടവെട്ട് സിനിമയുടെ തിരക്കഥയില്‍ മാറ്റം വരുത്തണമെന്ന ഗീതു മോഹൻദാസിന്റെ നിര്‍ദേശം അനുസരിക്കാതിരുന്നതിന് അവർ തന്നെഅപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു എന്ന് സംവിധായകൻ ലിജു കൃഷ്ണ ആരോപിച്ചിരുന്നു. സിനിമയുടെ റിലീസിന് ശേഷം വിളിച്ചുകൂട്ടിയ പത്രസമ്മേളനത്തിലാണ് ലിജു ആരോപണമുന്നയിച്ചത്.ഗീതു മോഹൻദാസ് തന്നെ മാനസികമായി വേട്ടയാടുകയാണെന്നും പടവെട്ട് സിനിമക്കെതിരെ നിരന്തരം മോശം പ്രചാരണം നടത്തിയെന്നും തനിക്കെതിരെ ഉണ്ടായ ലൈംഗികാതിക്രമ കേസിന്‍റെ അന്വേഷണവുമായി സഹകരിച്ചിട്ടും ഡബ്ല്യുസിസിയെ കൂട്ടുപിടിച്ച് തന്‍റെ പേരുപോലും സിനിമയിൽ നിന്നും മായ്ക്കാൻ ശ്രമിച്ചെന്നും ലിജു ആരോപിച്ചു.

 

ലിജുവിന്റെ ആരോപണങ്ങൾക്കു മറുപടിയുമായി ഡബ്ല്യുസിസി കഴിഞ്ഞ ദിവസം വീണ്ടും രംഗത്തുവന്നിരുന്നു.സിനിമയുടെ പ്രദര്‍ശനം ആരംഭിച്ചതേയുള്ളൂ എന്ന കാരണത്താലും നൂറു കണക്കിന് ആളുകളുടെ പരിശ്രമത്തെ ബഹുമാനിക്കുന്നതിനാലുമാണ് ഇതുവരെ ഒരു തരത്തിലുമുളള പ്രതികരണങ്ങളും ഉണ്ടാകാത്തതെന്ന് ഡബ്ല്യുസിസി പ്രസ്താവനയിൽ പറയുന്നു. ഡബ്ല്യുസിസിക്കെതിരേയും, തങ്ങളുടെ ഒരു അംഗത്തിനെതിരെയും  ലിജു വാസ്തവിരുദ്ധമായ കാര്യങ്ങൾ പലതവണ ആരോപിക്കുകയുണ്ടായെന്നും സംഘടന പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com