ADVERTISEMENT

തന്‍റെ ഏറ്റവും പുതിയ ചിത്രമായ ‘കെന്നഡി’യിലെ നായകനായി നടന്‍ വിക്രത്തെയാണ് മനസ്സില്‍ കണ്ടിരുന്നതെന്നും എന്നാല്‍ അദ്ദേഹത്തെ സമീപിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ലെന്നും സംവിധായകന്‍ അനുരാഗ് കശ്യപ് പറഞ്ഞിരുന്നു. ‘കെന്നഡി’യുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് കാന്‍ ചലച്ചിത്രോത്സവത്തിനെത്തിയപ്പോഴായിരുന്നു അനുരാഗിന്റെ പരാമർശം. ഇത് വലിയ വാര്‍ത്താപ്രാധാന്യം നേടിയതിന് പിന്നാലെ, വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് വിക്രം. അനുരാഗ് ആരോപിക്കുന്നതു പോലെയല്ല കാര്യങ്ങളെന്ന് വിക്രം പറയുന്നു. ഈ സിനിമയുമായി ബന്ധപ്പെട്ട് അനുരാഗുമായി സംസാരിച്ചിരുന്നുവെന്നും അക്കാര്യം അദ്ദേഹം മറന്നുപോയതാകാമെന്നും സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ വിക്രം പറഞ്ഞു.

‘‘പ്രിയ അനുരാഗ്, സോഷ്യല്‍ മീഡിയയിലെ നമ്മുടെ സുഹൃത്തുക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കുമായി, ഒരു വര്‍ഷത്തിനു മുന്‍പ് നമുക്കിടയില്‍ നടന്ന സംഭാഷണം ഞാൻ ഓർത്തെടുക്കുന്നു. ഈ ചിത്രത്തിനുവേണ്ടി താങ്കള്‍ എന്നെ സമീപിക്കാന്‍ ശ്രമിച്ചെന്നും ഞാന്‍ പ്രതികരിച്ചിട്ടില്ലെന്നുമാണ്‌ താങ്കള്‍ കരുതിയിരിക്കുന്നതെന്ന് മറ്റൊരു നടനില്‍നിന്ന് അറിയാനിടയായപ്പോള്‍ത്തന്നെ താങ്കളെ ഫോണില്‍ വിളിച്ച് വിശദീകരിക്കുകയുണ്ടായി. ഒരു മെയിലോ മെസേജോ എനിക്ക് ലഭിച്ചിട്ടില്ലെന്നും എന്നെ ബന്ധപ്പെടാന്‍ താങ്കള്‍ ഉപയോഗിച്ച മെയില്‍ ഐഡി ആക്ടീവ് അല്ലെന്നും താങ്കള്‍ എന്നെ ബന്ധപ്പെടാന്‍ ഉപയോഗിച്ച ഫോണ്‍ നമ്പര്‍ രണ്ടു വര്‍ഷം മുന്‍പ് മാറ്റിയതാണെന്നും ഞാനപ്പോള്‍ താങ്കളോട് പറഞ്ഞിരുന്നു. കെന്നഡി എന്ന ചിത്രത്തോടുള്ള എന്‍റെ ആവേശത്തെക്കുറിച്ചും ഞാനന്ന് പറഞ്ഞു, എന്‍റെ പേര് ടൈറ്റില്‍ ആക്കുന്ന ചിത്രം എന്ന നിലയില്‍ പ്രത്യേകിച്ചും. നന്മ നേരുന്നു. സ്നേഹത്തോടെ ചിയാന്‍ വിക്രം എന്ന കെന്നഡി.’’ – വിക്രം കുറിപ്പിലൂടെ പറഞ്ഞു.

ഈ ട്വീറ്റിന് പ്രതികരണവുമായി അനുരാഗ് കശ്യപും എത്തിയിട്ടുണ്ട്. വിക്രം പറയുന്നത് സത്യമാണെന്നും എന്നാല്‍ അദ്ദേഹം തന്നെ ബന്ധപ്പെടുന്ന സമയത്ത് മറ്റെല്ലാ കാര്യങ്ങളും തീരുമാനിച്ചു കഴിഞ്ഞിരുന്നുവെന്നും ചിത്രീകരണം ആരംഭിക്കാന്‍ ഒരു മാസമേ ഉണ്ടായിരുന്നുള്ളൂവെന്നും അനുരാഗ് കുറിച്ചു.

‘‘അദ്ദേഹം പറയുന്നതെല്ലാം ശരിയാണ്. ഞാൻ അദ്ദേഹത്തെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നുവെന്ന് മറ്റൊരു നടനിലൂടെ മനസ്സിലാക്കിയ അദ്ദേഹം നേരിട്ട് എന്നെ വിളിക്കുകയുണ്ടായി. അദ്ദേഹം മറ്റൊരു വാട്സാപ് നമ്പറാണ് ഉപയോഗിക്കുന്നതെന്ന് പിന്നീടാണു മനസ്സിലായത്. തിരക്കഥ വായിക്കാന്‍ താല്‍പര്യമുണ്ടെന്നു പോലും പറഞ്ഞു. എന്നാല്‍ ചിത്രീകരണം ആരംഭിക്കുന്നതിന് ഒരു മാസം മുന്‍പായിരുന്നതിനാല്‍ എല്ലാം തീരുമാനിച്ചിരുന്നു. അദ്ദേഹത്തിന്റെ കെന്നഡി എന്ന പേര് ഉപയോഗിച്ചതില്‍ ആദരവോടെ ആശംസകള്‍ നേര്‍ന്നു. അമിതപ്രതികരണത്തിന്റെ ആവശ്യമില്ല. സിനിമയ്ക്ക് കെന്നഡി എന്ന പേരു വന്നതിന്റെ കഥയെക്കുറിച്ചാണ് ഞാൻ ആ അഭിമുഖത്തിൽ സംസാരിച്ചത്. ഞാനും ചിയാന്‍ സാറും ഒരുമിച്ച് പ്രവര്‍ത്തിക്കാതെ വിരമിക്കുമെന്നു കരുതുന്നില്ല.’’–അനുരാഗ് ട്വീറ്റ് ചെയ്തു.

സണ്ണി ലിയോണി, രാഹുൽ ഭട്ട്, അഭിലാഷ് തപ്ളിയാൽ എന്നിവർ വേഷമിടുന്ന ‘കെന്നഡി’ മിഡ്‌നൈറ്റ് സ്‌ക്രീനിങ് വിഭാഗത്തിലാണ് കാൻ ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്നത്. മേയ് 24നാണ് പ്രദർശനം. ഇതിന് മുൻപും അനുരാഗ് കശ്യപ് ചിത്രങ്ങൾ കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഗ്യാങ്സ് ഓഫ് വാസിപ്പുർ 2012 ൽ ഡയറക്ടേഴ്സ് ഫോർട്നൈറ്റിൽ പ്രദർശിപ്പിച്ചിരുന്നു. 2013 ൽ ബോംബെ ടാക്കീസ് എന്ന ആന്തോളജി ചിത്രം സ്‌പെഷൽ സ്ക്രീനിങ് ആയും അഗ്ലി എന്ന ചിത്രം ഡയറക്ടേഴ്സ് ഫോർട്നൈറ്റ് വിഭാഗത്തിലും പ്രദർശിപ്പിച്ചു. 2016-ൽ രമൺ രാഘവ് 2.0 യും ഡയറക്ടേഴ്സ് ഫോർട്നൈറ്റ് വിഭാഗത്തിൽ പ്രദർശിപ്പിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com