ADVERTISEMENT

മാസങ്ങളോളം വീട്ടിൽ അടച്ചിരിക്കേണ്ട വന്ന കോവിഡു കാലത്തു ആർട്ടിസ്റ്റ് നമ്പൂതിരി നിശബ്ദനായി. രാവും പകലും ആരോടും സംസാരിക്കില്ല. വായിക്കുകയോ വരയ്ക്കുകയോ ഇല്ല. എപ്പോഴും ആലോചനയിലാകും. ഒരു ദിവസം രാത്രി രണ്ടു മണിയോടെ പുറത്തു ശബ്ദ കേട്ടു മകൻ ദേവൻ നോക്കിയപ്പോൾ നമ്പൂതിരി അരണ്ട വെളിച്ചത്തിൽ എന്തോ തിരയുകയാണ്. മകൻ ലൈറ്റിട്ടുകൊടുത്തു. അദ്ദേഹം രാത്രി വരച്ചു തുടങ്ങി. വെളുക്കുവോളം വരച്ചു. പലതും മാറ്റിവരച്ചു. രണ്ടു വർഷം മുൻപു ഒരു ഗണപതിയുടെ ചിത്രം വേണമെന്നു പറഞ്ഞ സുഹൃത്തിനെ വിളിച്ചു വരച്ച ഗണപതികളെ വേഗം വന്നു കൊണ്ടുപോകാനാവശ്യപ്പെട്ടു. രാത്രി മുഴുവൻ നീണ്ട ആ വരയോടെ മാസങ്ങൾ നീണ്ട മൗനം അവസാനിച്ചു. അദ്ദേഹം വീണ്ടും വരകളുടെ ലോകത്തേക്കു തിരിച്ചുവന്നു.നമ്പൂതിരി അങ്ങനെയായിരുന്നു. വരച്ചില്ലെങ്കിൽ ശ്വാസം മുട്ടി മരിച്ചു പോകുന്ന ഒരാൾ.

 

കഴിഞ്ഞ മാസം ആശുപത്രി ഐസിയുവിൽ നിന്നും അവശനായി മടങ്ങി വന്ന ദിവസം രാത്രിയും അദ്ദേഹം വരച്ചു. ആരുടെയെല്ലാമോ മുഖങ്ങൾ. അതിലും സ്ത്രീയും പുരുഷനുമുണ്ടായിരുന്നു.അടുത്ത ദിവസം നമ്പൂതിരി ഉഷാറായിരുന്നു. പ്രപഞ്ചോത്പത്തിയെന്ന വലിയൊരു ചിത്രം വരയ്ക്കാനുണ്ടെന്നാണ് അന്നു രാവിലെ പറഞ്ഞത്. അതൊരു സാധാരണ ചിത്രമാകില്ലെന്നും പറഞ്ഞു. വരച്ച കുറെ ചിത്രങ്ങൾ ഷൂട്ടു ചെയ്തു ചുറ്റുപാടും പ്രദർശിപ്പിച്ചുകൊണ്ടിരിക്കണം. പ്രപഞ്ചോത്പത്തി കണ്ടു കണ്ടു അവസാനമെത്തുമ്പോൾ പ്രപഞ്ചം കാണാനാകണം. പുതിയ സാങ്കേതിക വിദ്യകൊണ്ട് അതു പറ്റുമെന്നദ്ദേഹം പറഞ്ഞു. പ്രപഞ്ചം തുടങ്ങിയത് ഇരുളിൽനിന്നാണെന്നും അതുകൊണ്ടു ആദ്യ ചിത്രം ബ്ലാക് ഹോളാണെന്നും നമ്പൂതിരി മകനോടു പറഞ്ഞു. വീണ്ടും ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോഴും പറഞ്ഞതു തിരിച്ചു വന്നാൽ വരയ്ക്കാനുണ്ടെന്നായിരുന്നു. വരകളല്ലാതെ ഒന്നും മനസ്സിലും ഓർമയിലും ഇല്ലാതെ 97 വയസ്സുവരെ ജീവിച്ച ഒരാൾ.

 

പൊന്നാനി കരുവാട്ടു മനയ്ക്കലെ ചുമരിൽ കരികൊണ്ടു വരച്ചു തുടങ്ങിയതാണു നമ്പൂതിരിയുടെ ജീവിതം.പിന്നീടു വരയോടു വരയായിരുന്നു. മൂന്നു പേരെക്കുറിച്ചാണ് അദ്ദേഹം എപ്പോഴും സംസാരിച്ചത്. എം.ടി.വാസുദേവൻ നായർ,ജയചന്ദ്രൻ നായർ,മോഹൻലാൽ.എം.ടിയുടെ പടം വരച്ച് അദ്ദേഹം വീടിന്റെ ചുമരിൽ തൂക്കി. ആരു ചോദിച്ചിട്ടും അതു കൊടുത്തില്ല. മറ്റു പടങ്ങളൊന്നും അവിടെ തൂക്കിയിട്ടില്ല. മോഹൻലാലിനെ മുടങ്ങാതെ വിളിച്ചു. നമ്പൂതിരിക്കു മോഹൻലാൽ എന്നും വിളിപ്പുറത്തായിരുന്നു. നമ്പൂതിരിയുടെ വീടിനു തൊട്ടടുത്ത ആശുപത്രിയിലെ ഷൂട്ടിങ് ബ്രേക്കിന് ഇടയിൽ ലാൽ പറഞ്ഞു, ‘‘അടുത്ത് സ്വന്തത്തിലൊരു വീടുണ്ട്. അവിടെ പോയിവരാം.’’ ലാലിനു അതു സ്വന്തത്തിലെ വീടായിരുന്നു. വികെഎന്നിനെ വലിയ സ്നേഹമായിരുന്നു. അസാമാന്യ പ്രതിഭയുള്ള എഴുത്തുകാരിൽ ഒരാളായി എന്നും നമ്പൂതിരി അദ്ദേഹത്തെ കണ്ടു.

 

പണം നമ്പൂതിരിയെ മയക്കിയതേയില്ല. വലിയൊരു സംഖ്യ ദക്ഷിണ നൽകി പെയ്ന്റിങ് വാങ്ങിയ അതിഥിയെ അര മണിക്കൂറിനകം നമ്പൂതിരി വിളിച്ചു. ‘‘തെറ്റിയതാണോ എന്നറിയില്ല. തന്നതു വളരെ കൂടുതലാണ്. ’’ അല്ലെന്നും തന്നതു അറിഞ്ഞിട്ടുതന്നെയാണെന്നും പറഞ്ഞപ്പോൾ കൂടുതലുള്ളതു തിരിച്ചെടുക്കാൻ ആവശ്യപ്പെട്ടു.അതു ചെയ്യില്ലെന്നു പറഞ്ഞതോടെ നമ്പൂതിരി ഫോൺ വച്ചു. ഒരു വർഷത്തിനു ശേഷം പുതിയൊരു പെയ്ന്റിങ് അദ്ദേഹം സമ്മാനമായി കൊടുത്തയച്ചു.കൂടുതലായി പണം വാങ്ങിയോ എന്ന സംശയത്തിനുള്ള പരിഹാര കർമം. പണം കൂടുതൽ കിട്ടിയത് അദ്ദേഹത്തെ അലട്ടുകയായിരുന്നു.

 

പഞ്ചനക്ഷത്ര ഹോട്ടലിൽ അതിഥിയായി താമസിക്കവെ വലിയ മെനു പുസ്തകം അദ്ദേഹം മറിച്ചു നോക്കിക്കൊണ്ടിരുന്നു.അതിലെ ചിത്രങ്ങളാണു നോക്കിയിരുന്നത്. നമ്പൂതിരിയെ അറിയാവുന്നതുകൊണ്ടു ഷെഫ് നേരിട്ടെത്തി ഓർഡർ ചോദിക്കാൻ കാത്തുനിന്നിരുന്നു. ‘സാ‍ർ പറഞ്ഞാൽ അതു തരാം. മെനു നോക്കണമെന്നില്ല.’ ഷെഫ് പറഞ്ഞു. നമ്പൂതിരി ചിരിച്ചു കൊണ്ടു പുസ്തകമടച്ചു പറഞ്ഞു, കുറച്ചു മൊളോഷ്യം, തൈര്,പപ്പടം, കടുമാങ്ങ.വലിയ വിഭവങ്ങൾ അദ്ദേഹത്തിനു വേണ്ടായിരുന്നു. ലളിതമായി മാത്രം ജീവിച്ചു. വലിയ ഹോട്ടലുകളിൽപ്പോലും അദ്ദേഹത്തിന്റെ ലാളിത്യത്തിനു കോട്ടം തട്ടിയില്ല.അഭിപ്രായം എഴുതാനുള്ള കടലാസിന്റെ പുറത്തു വരച്ച ചിത്രവും ഒപ്പും ഏറ്റുവാങ്ങി ഷെഫ് സന്തോഷത്തോടെ അദ്ദേഹത്തെ യാത്രയാക്കി.

 

നമ്പൂതിരിയുെട ഉള്ളിലൊരു കുട്ടിയുണ്ടായിരുന്നു. താൻ വരച്ച ചിത്രങ്ങൾ തൂക്കിയിട്ടൊരു വീട്ടിലെത്തിയപ്പോൾ അത്ഭുതത്തോടെ അതെല്ലാം നോക്കി കണ്ടു. ‘‘ഞാൻ വരച്ച ചിത്രങ്ങളാണല്ലോ തൂക്കിയിരിക്കുന്നത്.കാണുമ്പോഴൊരു സന്തോഷം.ബഹുമതിയും. ’’ അദ്ദേഹം പറഞ്ഞു.തന്റെ വര ആദരിപ്പിക്കപ്പെടുന്ന ഏതു നിമിഷവും അദ്ദേഹത്തിന് അഭിമാനമായിരുന്നു.

 

സൂര്യ കൃഷ്ണമൂർത്തി സംഗീത നാടക അക്കാദമി ചെയർമാനായിരിക്കെ സംഗീത നാടക അക്കാദമി റീജനൽ തിയറ്ററിനു മുന്നിൽ വലിയൊരു ശിൽപം നിർമിക്കാൻ നമ്പൂതിരിയെ ക്ഷണിച്ചു. അദ്ദേഹം വന്നു സ്ഥലമെല്ലാം കണ്ടു. എല്ലാ കലകളുടേയും ഒരു ശിൽപം നിർമിക്കാമെന്നും പറഞ്ഞു. പല കഷ്ണങ്ങളായി ഉണ്ടാക്കി കൂട്ടി യോജിപ്പിച്ചാൽ മതി. ഇവിടെയിരുന്നു പണിയാൻ വയ്യ. അദ്ദേഹം പറഞ്ഞു. അദ്ദേഹം അതിനായി സ്കെച്ചുകൾ വരച്ചു തുടങ്ങിയിരുന്നു. അക്കാദമി ഭരണം മാറിയതോടെ നമ്പൂതിയുടെ ശിൽപം എവിടെയോ പോയി. അതോടെ അദ്ദേഹം ജോലി നിർത്തി. കേരളത്തിന് അഭിമാനമാകുമായിരുന്നൊരു ശിൽപമാണ് ഇല്ലാതെ പോയത്. ‘‘വളരെ വലിയ ഒരെണ്ണം ആവാം.’’ എന്നായിരുന്നു നമ്പുതിരിയുടെ വാക്കുകൾ. 

 

കാറിലെ ചെറിയ പെട്ടിയിൽ അദ്ദേഹം ക്രയോണുകളും പെൻസിലുകളും കൊണ്ടു നടക്കുമായിരുന്നു. ഏതു നിമിഷവും വരയ്ക്കേണ്ടി വന്നാക്കാമെന്നദ്ദേഹം കരുതി. ഒരോ ശ്വാസവും വരയായിരുന്നു.പല വേദികളിലേയും പ്രശംസ കേട്ടു മടങ്ങുമ്പോൾ അദ്ദേഹം പറഞ്ഞു, വെറുതെ പറയുന്നതാണ്. അവരിൽ മിക്കവരും എന്റെ വരയോ ചിത്രമോ കണ്ടിട്ടില്ല. മുടങ്ങാതെ സിനിമകൾ കണ്ടു. നടീ നടന്മാരെക്കുറിച്ചു സംസാരിച്ചു. പൊന്തൻ മാടയിലേയും വടക്കൻ വീരഗാഥയിലേയും മമ്മൂട്ടിയെ അദ്ദേഹം സ്നേഹിച്ചു. ആറാം തമ്പുരാനിലെ മഞ്ജു വാരിയരെ സ്നേഹിച്ചു. രാവണപ്രഭു സിനിമയിലെ അച്ഛൻ മോഹൻലാലിനെ അദ്ദേഹം സമപ്രായക്കാരനായ സുഹൃത്തായി കരുതി ബഹുമാനിച്ചു. മുഖത്തെ ഭാവം മാറ്റാനാകും. ശരീര ഭാഷ മാറ്റുന്നതു അഭിനയത്തിന്റെ നിറവാണ്. അദ്ദേഹം പറഞ്ഞു. വരച്ച ചിത്രങ്ങൾ പ്രതിഫലം നൽകാതെ പലരും കൊണ്ടുപോയി. ചിലർ പറഞ്ഞു പറ്റിച്ചു. നമ്പൂതിരി പറഞ്ഞു, ‘‘അവരെ മറക്കാം. ഓർക്കേണ്ടത് അവരെയല്ലല്ലോ നമുടെ കൂടെ നിന്നവരെയല്ലേ. ’’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com