ADVERTISEMENT

ലാ ടൊമാറ്റിന സ്പെയിനിലെ ഒരു ഭക്ഷ്യോത്സവത്തിന്റെ പേരാണ്. വിളവെടുപ്പു കാലത്ത് തക്കാളി ചവിട്ടിയരച്ച് പരസ്പരം എറിയുന്ന ഒരു തരം കളി. സ്വാഭാവികമായും ചുവപ്പാണ് അതിന്റെ നിറവും തീമും. ഈ കളി കടൽ കടന്ന് അന്തിക്കാട്ടെ സജീവനിലെത്തുമ്പോൾ നിറം ചുവപ്പുതന്നെയാണെങ്കിലും കളി കാര്യമാകുന്നു. അതുകൊണ്ടാണ് ജോയി മാത്യു പറയുന്നത് അവിടത്തെ കളിയിലായാലും ഇവിടത്തെ കാര്യത്തിലായാലും തീം ചുവപ്പു തന്നെയെന്ന്. സജീവൻ അന്തിക്കാട് സംവിധാനം ചെയ്ത സിനിമ ലാ ടൊമാറ്റിനയുടെ തീം തനി ചുവപ്പാണ്, ഡാർക് റെഡ്. ഈ ചുവപ്പിന് പക്ഷേ തക്കാളിയുടെ രുചിയല്ല, ചോരയുടെ ആഴവും മണവുമാണ്. ഇത് ലോകം മുഴുവൻ പരക്കുന്ന ചോരയാണ്, ഇന്ത്യയിൽ അതി ഭീകരമായി വ്യാപിക്കുന്നത്. അറിയാനുള്ള അവകാശത്തെ കെട്ടി നിർത്തി ഒഴുക്കിവിടുന്ന ചോരപ്പുഴയാണിത്. അതുകൊണ്ടാണ് ലാ ടൊമാറ്റിന എന്ന പേരിനു താഴെ ചുവപ്പുനിലം എന്നു കൂടി എഴുതിച്ചേർത്തിരിക്കുന്നത്.  

 

അധികൃതർക്ക് ഈ ചോരപ്പുഴ തെളിനീരു പോലെ സുഖകരമാകും. ഒരു മാധ്യമ പ്രവർത്തകന്റെ മനുഷ്യാവകാശ ലംഘനത്തിന്റെ കഥ പറയുന്ന ടൊമാറ്റിന, ഓരോ പൗരന്റെയും അറിയാനുള്ള അവകാശത്തെ ചോരയിൽ താഴ്ത്തി ഇല്ലാതാക്കുന്നതിന്റെ ക്യാമറക്കാഴ്ചയാണ്. അതുകൊണ്ടാണ് സിനിമയിൽ ഇങ്ങനെ എഴുതിക്കാണിക്കുന്നത് - സ്റ്റോറി ഓഫ് എ സപ്രസ് ഡ് സിറ്റിസൻ എന്ന്. ശരിക്കും അത് സ്റ്റോറി ഓഫ് എ സപ്രസ് ഡ് നേഷൻ എന്നോ വേൾഡ് എന്നോ വേണ്ടി വരും. മാധ്യമ സ്വാതന്ത്ര്യത്തിന്റെ പട്ടികയിൽ ഇന്ത്യയുടെ ഈ വർഷത്തെ സ്ഥാനം 161 (180 രാജ്യങ്ങളിൽ) ആണ്. കഴിഞ്ഞ വർഷം ഇത് 11 പടി കയറി 150 ആയിരുന്നു എന്നു കാണുമ്പോൾ ചുവപ്പിന്റെ നിറം കൂടിക്കൂടി വരുന്നു. ചുവപ്പു നിലം ചതുപ്പുനിലം കൂടിയാകുന്നു.  സത്യം പറയുന്ന  യു ട്യൂബ് ചാനലിനെ ഒരു വെടിയുണ്ടയിൽ തീർക്കുന്ന ടൊമാറ്റിനയുടെ കഥയ്ക്ക് ദിവസം ചെല്ലും തോറും രാജ്യത്ത് പ്രസക്തി ഏറിക്കൊണ്ടേയിരിക്കുന്നു.

 

ഒരു പാട് സമാധാനം, ആവശ്യത്തിന് സ്വാതന്ത്ര്യം 

യുട്യൂബ് ചാനൽ അടച്ചുപൂട്ടുന്നതിന് പ്രതിഫലമായി നായക നടൻ ജോയ് മാത്യുവിന് അധികൃതർ നൽകുന്ന ഓഫറാണിത് - ഈ മോശം പ്രായത്തിൽ ഒരുപാട് സമാധാനവും ആവശ്യത്തിന് സ്വാതന്ത്ര്യവും. ഇത് നിരസിക്കുന്നതോടെ അനധികൃത തടങ്കലിൽ നായകന് പീഡനമേറുന്നു. സ്വാതന്ത്ര്യത്തിന്റെയും സമാധാനത്തിന്റെയും അളവ് നിശ്ചയിക്കുന്നത് സർക്കാരിന്റെ താൽപര്യം പോലെയാകരുതെന്ന് ശഠിക്കുന്നവരുടെ താണ് ഈ സിനിമ.  അതുകൊണ്ടു തന്നെയാണ് തിയറ്ററിലെ പ്രതികരണം എന്തു തന്നെയായാലും പടം തിയറ്റർ റിലീസ് വേണമെന്ന് സംവിധായകനും അണിയറക്കാരും ശഠിച്ചത്. ചടുലമല്ല ഈ സിനിമ. ഒറ്റ വെടി കൊണ്ട് അവസാനിച്ചിട്ടില്ലല്ലോ മാധ്യമ വേട്ട. അതെന്നേ തുടങ്ങി, ഇപ്പോഴും തുടരുന്നു. 

 

നാളെയ്ക്കായി വെടിയുണ്ടകൾ ഒരുങ്ങിക്കൊണ്ടേയിരിക്കുന്നു. ചുവപ്പിന്റെ ഈ തീം പലരൂപത്തിൽ രാജ്യത്തെ പിന്തുടരുന്നു. അത് ട്രെയിനിന്റെ നിറം മാറ്റത്തിലെ തീമായാലും രാജ്യത്തിന്റെ പേരുമാറ്റത്തിന്റെ തീമിലായാലും. അന്യായ തടങ്കലിൽ നിന്ന് നായകന് രക്ഷപ്പെടാനാകാത്ത ട്രാജിക് എൻഡാണ് സിനിമയ്ക്ക്, ഒട്ടും പ്രതീക്ഷയില്ലാത്ത ഭാവി പോലെ തന്നെ. അതുകൊണ്ടു തന്നെയാണ് സംവിധായകൻ പറയുന്നത് ഈ സിനിമ ഡാർക്കാണെന്ന്. തിയറ്റർ വിട്ടിറങ്ങുമ്പോഴും ഈ ഇരുട്ട് മനസ്സിൽ ഉണ്ടാകണം. അഴിമതി തുറന്നു കാണിക്കുന്നതിനിടെ കൊല്ലപ്പെട്ട വിവരാവകാശ പ്രവർത്തകരുടെ എണ്ണവും ചിത്രവും ഏറ്റവും ഒടുവിൽ തെളിയുന്നുണ്ട്. അപ്പോൾ ഇതൊരു ഡോക്യുമെന്ററിയാണോയെന്നൊന്നും സംശയിക്കേണ്ട. 

 

ചുവപ്പുനിലം ഒരു ഡോക്യുമെന്ററിയില്ല, മറിച്ച് ചോരയിൽ മുക്കിയ ഡോക്യുമെന്റാണ്. നാമെല്ലാം സൂക്ഷിച്ചു വയ്ക്കേണ്ട ഡോക്യുമെന്റ്. ടൊവിനോയും വിനയ് ഫോർട്ടും അഭിനയിച്ച പ്രഭുവിന്റെ മക്കളാണ് സജീവന്റ ആദ്യ ചിത്രം. ജോയ് മാത്യുവിനെ കൂടാതെ ശ്രീജിത് രവിയും കോട്ടയം നസീറുമാണ് പ്രധാന വേഷത്തിൽ. പിന്നെ സ്വന്തം ഗ്രാമമായ അന്തിക്കാട്ടെ ഒരു പാട് സാധാരണക്കാരും. അന്തിക്കാട്, പെരിങ്ങോട്ടുകര പ്രദേശത്തായിരുന്നു ഷൂട്ടിങ് മുഴുവൻ. എല്ലാ വർഷവും ഓഗസ്റ്റിലെ അവസാന ബുധനാഴ്ചയാണ് സ്പെയിനിലെ ടൊമാറ്റിന ഫെസ്റ്റിവലെങ്കിൽ ഈ ചിത്രം പുറത്തിറങ്ങിയത് കഴിഞ്ഞ വെള്ളിയാഴ്ചയാണ്. പക്ഷേ അതിനും ഒരു പ്രത്യേകതയുണ്ട്. എല്ലാ പൊതു അധികാര സ്ഥാപനങ്ങളും സർക്കാർ ഓഫിസുകളും അവരുടെ കൈവശമുള്ള മുഴുവൻ രേഖകളും ഡിജിറ്റൈസ് ചെയ്ത് എവിടെയും എപ്പോഴും ലഭിക്കുന്ന രീതിയിൽ പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ട് ദേശീയ വിവരാവകാശ കൂട്ടായ്മ ജനകീയ ക്യാംപെയ്ൻ ആരംഭിക്കാൻ തീരുമാനിച്ചതും ഈ ദിവസമാണ്.  

 

അന്തിക്കാടൻ സിനിമക്കാർ 

 

ചെത്തുതൊഴിലാളി പ്രസ്ഥാനത്തിന്റെ കൊടിയടയാളമായ തൃശൂർ ജില്ലയിലെ അന്തിക്കാട് ഗ്രാമം സിനിമാക്കാരുടെ നാടു കൂടിയാണ്. സത്യൻ അന്തിക്കാട് എന്ന പ്രിയപ്പെട്ടവൻ അതിലേറ്റവും പ്രശസ്തൻ. പക്ഷേ അദ്ദേഹത്തിനും മുൻപ് ഒരാൾ അന്തിക്കാടിനെ പ്രശസ്തമാക്കിയിരുന്നു - ചെമ്മീനിലെ സഹസംവിധാനത്തിലൂടെ വാസുദേവൻ അന്തിക്കാട്. സത്യനു പിന്നാലെ ഒരു പാട് പേർ സംവിധായകരും സിനിമാ പ്രവർത്തകരുമായി. അദ്ദേഹത്തിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും അച്ഛന്റെ വഴിയേ തന്നെ. അനിൽ സി. മേനോൻ, ഷൈജു അന്തിക്കാട്, മണി അന്തിക്കാട്, ദീപു അന്തിക്കാടും സഹോദരൻ ഷിബു അന്തിക്കാടും, ക്യാമറാമാൻ സമീർ ഹക്ക്, ഒടുവിലായി സംവിധാന രംഗത്തേക്ക് എത്തുന്ന വൈശാഖ് അന്തിക്കാട്. ടൊമാറ്റിനയുടെ കലാസംവിധായകൻ ഒരു അന്തിക്കാട്ടുകാരൻ തന്നെയാണ് സി പി എം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മുൻ പഞ്ചായത്തു പ്രസിഡന്റുമായ ശ്രീവത്സൻ അന്തിക്കാട്. സജീവന്റെ ഭാര്യ സിന്ധു വാണ് സിനിമയുടെ നിർമാതാവ്.  

തിയറ്ററില്ലാത്ത അന്തിക്കാട്

സിനിമാക്കാരുടെ പ്രളയമാണ് അന്തിക്കാട്ട്. എന്നാൽ ഒരൊറ്റ സിനിമാ തിയറ്റർ പോലും അന്തിക്കാട് ഇല്ല.  മുൻ തലമുറയെ സിനിമ കാണിച്ച ആരാധന തിയറ്റർ പൊളിച്ചു പോയിട്ട് കാലമേറെയായി. ഇപ്പോൾ ഇന്നാട്ടുകാർക്ക് സിനിമ കാണണമെങ്കിൽ കാഞ്ഞാണിയിലോ പെരിങ്ങോട്ടുകരയിലോ പോകണം..!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com