ADVERTISEMENT

മോഹൻലാൽ–ജീത്തു ജോസഫ് ചിത്രമായ ‘നേരി’ലൂടെ തന്റെ കരിയർ ബെസ്റ്റ് പ്രകടനം പുറത്തെടുത്ത് പ്രേക്ഷകരുടെ കയ്യടി നേടുകയാണ് അനശ്വര രാജൻ. സാറ എന്ന അന്ധയായ കഥാപാത്രത്തെയാണ് അനശ്വര ചിത്രത്തിുല്‍ അവതരിപ്പിച്ചത്. സഹോദരി ഉയരങ്ങള്‍ കീഴടക്കുമ്പോള്‍ ചേച്ചി ഐശ്വര്യ രാജന്‍ പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. അഭിനയത്തിന്റെ പേരിൽ ഏറെ സൈബര്‍ ആക്രമണം നേരിട്ട താരമാണ് അനശ്വര. വ്യക്തിഹത്യ ചെയ്യപ്പെട്ടപ്പോഴും മനക്കരുത്തോടെ അനശ്വര പിടിച്ചു നിന്നത് അടക്കം പറഞ്ഞു കൊണ്ടാണ് ഐശ്വര്യയുടെ കുറിപ്പ്. പക്വതയോടെ എല്ലാം നേരിട്ട അനശ്വരയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചു കൊണ്ടാണ് ഐശ്വര്യ സംസാരിക്കുന്നത്.

‘‘വന്ന വഴികളിൽ ഒരുപാട് നീ അധ്വാനിച്ചു, വേദനിച്ചു ഒരു കൗമാരത്തിൽ അനുഭവിക്കുന്നതിനേക്കാൾ..നിന്നെ വ്യക്തിഹത്യ ചെയ്തപ്പോഴും നിന്റെ മനക്കരുത്തും നിന്റെ മാത്രം ധൈര്യവും കൊണ്ടാണ് നീ ഉയർന്നു പറന്നത്. അപ്പോഴൊക്കെ നീ നിന്നെ മുന്നോട്ട് തന്നെ കൊണ്ടുപോയി. പക്വതയോടെ എല്ലാ സന്ദർഭങ്ങളെയും നീ കൈകാര്യം ചെയ്തു, മാത്രമല്ല അതിനു വേണ്ടി ഞങ്ങളെയും പ്രാപ്തരാക്കി.

ഇന്നിന്റെ ആവേശവും ആഹ്ലാദവും 2018 സെപ്‌റ്റംബർ 28 ഓർമിപ്പിക്കുന്നു. ആതിര കൃഷ്ണൻ എന്ന 15 വയസുകാരിയെ ഓർമിപ്പിക്കുന്നു. നീ ഈ പ്രശംസ ഒരുപാടധികം അർഹിക്കുന്നു. എന്നിലെ ആസ്വാദിക നിന്നെ ആരാധിക്കുന്നുണ്ട് അതിനേക്കാൾ ആഘോഷിക്കുന്നുണ്ട് അന്നും ഇന്നും എന്നും….എന്റെ മനസിലെ നീ എന്ന കലാകാരി എന്നും മുന്നിൽ ആണ്. അതെന്റെ ഒരു തരത്തിലുള്ള അഭിമാനവും സ്വാർഥതയും തന്നെ ആണ്.’’–ഐശ്വര്യ രാജൻ കുറിച്ചു.

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെ ആരാധകരുടെ പ്രിയതാരമായി മാറിയ നടിയാണ് അനശ്വര രാജൻ.  മലയാളത്തിനു പുറമെ തമിഴിലും ഹിന്ദിയിലും ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് മുൻനിര നായികാ പദവിയിലേക്കെത്തിയ താരം ഇടയ്ക്കിടെ വസ്ത്രധാരണത്തിന്റെ പേരിൽ സൈബർ ആക്രമണം നേരിടാറുണ്ട്. എന്നാല്‍ വിമർശനങ്ങളും നെഗറ്റീവ് കമന്റുകളും അനശ്വരയെ ബാധിക്കാറില്ല.

യാരിയാൻ 2 എന്ന ഹിന്ദി ചിത്രത്തിലൂടെ ബോളിവുഡിലും ഈ വർഷം അനശ്വര അരങ്ങേറ്റം കുറിച്ചു. ബാംഗ്ലൂര്‍ ഡെയ്സിന്റെ ഹിന്ദി റീമേക്കായ സിനിമയിൽ പാർവതി തിരുവോത്ത് അവതരിപ്പിച്ച കഥാപാത്രമായാണ് അനശ്വര എത്തിയത്. ജയറാം നായകനാകുന്ന എബ്രഹാം ഓസ്‌ലർ ആണ് നടിയുടെ പുതിയ റിലീസ്.

കണ്ണൂർ കരിവേലൂർ സ്വദേശിയാണ് അനശ്വര. അച്ഛൻ രാജൻ പയ്യടക്കത്ത്, അമ്മ ഉഷാ രാജൻ. ഏക സഹോദരി ഐശ്വര്യ രാജൻ.

English Summary:

Aishwarya Rajan's note about sister Anaswara Rajan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com