ADVERTISEMENT

മലയാളികളുടെ പ്രിയനടൻ മാമുക്കോയയുടെ കുടുംബത്തെ സന്ദർശിച്ച് മോഹൻലാലും സംവിധായകൻ സത്യൻ അന്തിക്കാടും. ഒരു ചടങ്ങിൽ പങ്കെടുക്കാൻ കോഴിക്കോട്ട് എത്തിയപ്പോഴായിരുന്നു മാമുക്കോയയുടെ വീട്ടിൽ മോഹൻലാൽ അപ്രതീക്ഷിത സന്ദർശനം നടത്തിയത്. ‘‘അതു പൂർണമായും ലാലിന്റെ സ്വകാര്യ സന്ദർശനമായിരുന്നു. ഞാനതിന് സാക്ഷിയായെന്നു മാത്രം’’, മാമുക്കോയയുടെ കുടുംബാംഗങ്ങളെ കാണാൻ അദ്ദേഹത്തിന്റെ വീട്ടിലെത്തിയതിനെക്കുറിച്ച് സത്യൻ അന്തിക്കാട് മനോരമ ഓൺലൈനോടു പ്രതികരിച്ചത് ഇങ്ങനെയാണ്.  

സത്യൻ അന്തിക്കാടിന്റെ വാക്കുകൾ: ‘‘ഞങ്ങളൊന്നിച്ച് കോഴിക്കോട്ട് ഒരു മീറ്റിങ്ങിൽ പങ്കെടുക്കാൻ പോയതാണ്. അപ്പോൾ മാമുവിന്റെ വീട്ടിൽ പോകണമെന്നു പറഞ്ഞു. മാമു മരിച്ചപ്പോൾ ഞാൻ വീട്ടിൽ പോയിരുന്നു. മോഹൻലാലിനു പക്ഷേ, അന്ന് പോകാൻ കഴിഞ്ഞില്ല. അദ്ദേഹം അന്ന് വിദേശത്തായിരുന്നു. കോഴിക്കോട്ടു വന്നപ്പോൾ എന്തായാലും മാമുവിന്റെ വീട്ടിൽ പോകണമെന്ന് ലാൽ പറഞ്ഞു. അങ്ങനെയാണ് ഞങ്ങൾ രണ്ടു പേരും മാമുവിന്റെ വീട്ടിൽ പോയത്.

mohanlal-mamukkoya-family
മാമുക്കോയയുടെ മക്കൾക്കൊപ്പം മോഹൻലാലും സത്യൻ അന്തിക്കാടും

മോഹൻലാലുമായി മാമുവിന് ആത്മബന്ധമുണ്ടായിരുന്നു. നാടോടിക്കാറ്റിലെ 'ഗഫൂർ കാ ദോസ്ത്' മറക്കാൻ പറ്റില്ല. ഞങ്ങളുടെ സിനിമാകുടുംബത്തിലെ അംഗമാണ് അദ്ദേഹം. മോഹൻലാൽ എത്തിയപ്പോൾ വീട്ടുകാർക്കെല്ലാം വലിയ സന്തോഷമായി. മാമുവിന്റെ വീട്ടിൽ ലാൽ ആദ്യമായാണ് പോകുന്നത്. മാമുവിന് കിട്ടിയ അംഗീകാരങ്ങളും സമ്മാനങ്ങളും അദ്ദേഹം കൗതുകത്തോടെ നോക്കിക്കണ്ടു. മക്കളോടു സംസാരിച്ചു. മാമുവിന്റെ ഭാര്യയെ ആശ്വസിപ്പിച്ചു. നല്ലൊരു സൗഹൃദ സന്ദർശനമായിരുന്നു അത്’’ –സത്യൻ അന്തിക്കാട് പറയുന്നു.  

‘‘സിനിമയുടെ ഗ്ലാമർ സ്വന്തം വീട്ടിൽ കൊണ്ടുവരാത്ത ആളാണ് മാമുക്കോയ. വീട്ടുകാരെ സിനിമാ ലൊക്കേഷനിലേക്ക് കൊണ്ടു പോവുകയോ അദ്ദേഹത്തിന്റെ വീട്ടിലേക്ക് സിനിമാക്കാരെ കൊണ്ടുവരികയോ ചെയ്യുന്ന ശീലം അദ്ദേഹത്തിനുണ്ടായിരുന്നില്ല. സിനിമയുടെ പകിട്ടിൽ ഒരിക്കലും ഭ്രമിക്കാത്ത ആളാണ് മാമു. മറ്റേതൊരു ജോലിയും ചെയ്യുന്നതു പോലെയായിരുന്നു അദ്ദേഹം സിനിമയിൽ അഭിനയിച്ചിരുന്നത്. 

നമുക്ക് മാമുക്കോയ എന്നു പറയുമ്പോൾ സ്വാഭാവിക അഭിനയത്തിന്റെ പര്യായമാണ്. എങ്ങനെ അഭിനയിക്കണം എന്നു ചോദിച്ചാൽ മാമുവിനെ കണ്ടു പഠിക്കാനാണ് പറയാറുള്ളത്. അദ്ദേഹം ഒരിക്കലും അഭിനയിക്കുന്നതായി തോന്നാറില്ല. ആ കഥാപാത്രമായി അദ്ദേഹം പെരുമാറുകയാണെന്നേ നമുക്കു തോന്നൂ. റിയലിസ്റ്റിക് ആക്ടിങ്ങിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മാമുക്കോയ. മോഹൻലാലും അങ്ങനെയാണല്ലോ. റിയലിസ്റ്റിക് ആക്ടിങ് ശൈലിയാണ് അദ്ദേഹത്തിന്റേതും. പ്രിയപ്പെട്ട ഒരു നടനോടുള്ള സ്നേഹം ലാൽ ഇങ്ങനെയൊരു സ്വകാര്യ സന്ദർശനത്തിൽ പ്രകടിപ്പിച്ചെന്നേയുള്ളൂ,’’– സത്യൻ അന്തിക്കാട് പറഞ്ഞു. 

English Summary:

Mohanlal Visited Mamukkoya's Home At Calicut

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com