ADVERTISEMENT

കബീർ സിങ്, അർജുൻ റെഡ്ഡി എന്നീ ചിത്രങ്ങൾക്കെതിരെ പാർവതി തിരുവോത്ത് നടത്തിയ പരാമർശങ്ങൾക്കു മറുപടി നൽകി സംവിധായകൻ സന്ദീപ് റെഡ്ഡി വാങ്ക. ‘ജോക്കർ’ എന്ന ഹോളിവുഡ് ചിത്രം അക്രമത്തെ ആഘോഷിക്കുന്നില്ലെന്നും അതേസമയം കബീർ സിങ് അതിനെ മഹത്വവൽക്കരിക്കുന്നെന്നുമുള്ള നടിയുടെ പ്രതികരണം കേട്ട് താൻ ഞെട്ടിപ്പോയെന്ന് സന്ദീപ് പറയുന്നു. സന്ദീപ് റെഡ്ഡിയുടെ സിനിമകൾ സ്ത്രീവിരുദ്ധത നിറഞ്ഞതും അക്രമത്തെ മഹത്വവൽക്കരിക്കുന്നതുമാണെന്ന ചർച്ചകൾ സജീവമാകുന്നതിന് ഇടയിലാണ് സംവിധായകന്റെ പ്രതികരണം. 

‘‘പ്രേക്ഷകർക്ക് ‘മഹത്വവൽക്കരണം’ എന്നാൽ എന്താണെന്ന് അറിയില്ല. നായകൻ സിനിമയുടെ അവസാനം അയാളുടെ തെറ്റുകൾ തിരിച്ചറിഞ്ഞ് പ്രഭാഷണം നടത്തണമെന്നാണ് അവർ പ്രതീക്ഷിക്കുന്നത്. സാധാരണ പ്രേക്ഷകരെ വിടൂ! അഭിനേതാക്കൾ പോലും ഇതു മനസ്സിലാക്കുന്നില്ല.

മലയാളത്തിൽ പാർവതി തിരുവോത്ത് ഒരു അഭിമുഖത്തിൽ പറഞ്ഞു, ജോക്കർ സിനിമ കൊലപാതകത്തെ മഹത്വവൽക്കരിക്കുന്നില്ലെന്ന്! ഒരു പാട്ടിനു ചുവടു വച്ചു കൊണ്ട് ഗോവണിപ്പടിയിൽ നൃത്തം ചെയ്യുന്ന ജോക്കറിന്റെ കഥാപാത്രത്തെ ഓർമയില്ലേ? അത് അക്രമത്തെ ആഘോഷിക്കുന്നതായി അവർക്ക് തോന്നുന്നില്ല. ഞാൻ ഞെട്ടിപ്പോയി. 

അവർ നല്ലൊരു അഭിനേതാവാണ്. അവരെപ്പോലുള്ള ഒരാൾക്ക് ‘ജോക്കർ’ എന്ന സിനിമ അക്രമത്തെ മഹത്വവൽക്കരിക്കുന്ന സിനിമയായി തോന്നാതിരിക്കുകയും കബീർ സിങ് അത്തരത്തിലുള്ള സിനിമയായി അനുഭവപ്പെടുകയും ചെയ്യുന്നുണ്ടെങ്കിൽ സാധാരണ പ്രേക്ഷകരിൽനിന്ന് മറ്റെന്ത് പ്രതീക്ഷീക്കാനാണ്?.’’ സന്ദീപ് റെഡ്ഡി പ്രതികരിച്ചു, ‘അനിമൽ’ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സന്ദീപ് റെഡ്ഡിയുടെ പ്രതികരണം.

2019ല്‍ ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തിലാണ് അർജുൻ റെഡ്ഡിക്കും കബീർ സിങ്ങിനുമെതിരെ പാർവതി രംഗത്തെത്തിയത്. അര്‍ജുന്‍ റെഡ്ഡിയും കബീര്‍ സിങ്ങും അക്രമങ്ങളുടെ മഹത്വവത്കരണത്തിന്റെ ദൃശ്യവല്‍ക്കരണമാണെന്നും ‘ജോക്കര്‍’ സിനിമ അങ്ങനെയല്ലെന്നുമായിരുന്നു പാര്‍വതി പ്രതികരിച്ചത്. വാക്വിൻ ഫീനിക്സ് അവതരിപ്പിച്ച കഥാപാത്രത്തോട് സഹതാപം തോന്നിയെങ്കിലും അക്രമത്തെ മഹത്വവത്കരിക്കുന്ന രീതിയലല്ല ആ കഥാപാത്രത്തെ സൃഷ്ടിച്ചിരിക്കുന്നതെന്നും പാർവതി പറയുന്നു.

English Summary:

Sandeep Reddy Vanga Reacts To Parvathy's Old Interview About Arjun Reddy, Kabir Singh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com