ADVERTISEMENT

ഫ്രൈഡേ ഫിലിം ഹൗസും കന്നഡ സിനിമ ലോകത്തെ ചലച്ചിത്ര നിർമാണ വിതരണ കമ്പനിയായ കെആർജി (KRG) സ്റ്റുഡിയോയും ഫീച്ചർ സിനിമകൾ നിർമിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമായി കൂട്ടായ സഹകരണം ആരംഭിക്കുന്നു. മലയാള സിനിമയിൽ വിജയകരമായ ട്രാക്ക് റെക്കോർഡുള്ള കമ്പനിയാണ് ഫ്രൈഡേ ഫിലിം ഹൗസ്.  മലയാളത്തിലും മറ്റ് ഭാഷകളിലും, ഇന്ത്യയിലും പുറത്തുമുള്ള പ്രേക്ഷകർക്കായി സിനിമകൾ നിർമിക്കുകയും വിതരണം ചെയ്യുകയും ചെയ്യുക എന്നാതാണ് സംയുക്ത സംരംഭത്തിന്റെ ലക്ഷ്യം.

ഈ സഹകരണത്തിന്റെ തുടക്കത്തിൽ 3 സിനിമകള്‍ നിർമിക്കുവാനാണ് തീരുമാനം. കൂടാതെ സിനിമ വിതരണ രംഗത്തും ഇവർ താമസിയാതെ ചുവടുവയ്ക്കും. മനുസ്വരാജ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമായ ‘പടക്കളത്തി’ന്റെ നിർമാണം ഈ കൂട്ടുകെട്ടിൽ ഉടൻ ആരംഭിക്കും.

‘‘നമ്മുടെ സംസ്കാരങ്ങളിൽ നിന്ന് ലോകോത്തര നിലവാരത്തിൽ, മൂല്യവത്തായ സിനിമകൾ നിർമിക്കുന്നതിന് കെആർജി സ്റ്റുഡിയോയുമായി സഹകരിച്ച് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇന്നത്തെ പ്രേക്ഷകർ ഭാഷാതിർവരമ്പുകൾക്ക് അപ്പുറമുള്ള കഥകൾ കാണാൻ താൽപര്യപ്പെടുകയും നന്നായി നിർമിച്ച വൈവിധ്യമാർന്ന സിനിമകൾ സ്വീകരിക്കുകയും ചെയ്യുന്നു. അവിസ്മരണീയവും വിനോദകരവുമായ അത്തരം സിനിമാ യാത്രകളിലേക്ക് അവരെ കൂട്ടിക്കൊണ്ടു പോകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.’’ –ഈ സഹകരണത്തെക്കുറിച്ച് നടനും ഫ്രൈഡേ ഫിലിം ഹൗസിന്റെ സ്ഥാപകനുമായ വിജയ് ബാബു പറയുന്നു.

‘‘ഫ്രൈഡേ ഫിലിം ഹൗസുമായുള്ള ഞങ്ങളുടെ സഹകരണം കെആർജിക്ക് ഒരു പുതിയ അധ്യായം തുറക്കുന്നു. സിനിമയുടെ മാന്ത്രിക ഭാഷയിൽ ഞങ്ങൾ വിശ്വസിക്കുന്നു. വൈവിധ്യമാർന്ന പ്രേക്ഷകരിലും ഭാഷകളിലും പ്രതിധ്വനിക്കുന്ന കഥകൾ ഉണ്ടാക്കുന്നതിൽ ഞങ്ങളുടെ ഈ കൂട്ടായ്മ ഉറപ്പു വരുത്തും. പ്രേക്ഷകർക്ക് അവർ പ്രതീക്ഷിക്കുന്ന രീതിയിലുള്ള ചലച്ചിത്രങ്ങൾ നിർമിക്കുവാനും വിതരണം നടത്തുവാനും കഴിയുമെന്നു ‍‍‍ഞങ്ങൾക്ക് ഉറപ്പുണ്ട്.’’ – കെആർജി സഹസ്ഥാപകനുമായ കാർത്തിക ഗൗഡ പറഞ്ഞു.

നല്ല സിനിമകളുടെ വിതരണവും കൂടുതൽ വിപുലമാക്കുക വഴി കേരളത്തിലെയും കർണാടകയിലെയും സിനിമാ രംഗത്ത് ഈ കൂട്ടായ്മ ശക്തിയായി വളരാനാണ് പദ്ധതിയിടുന്നത്. ഫ്രൈഡേ ഫിലിം ഹൗസ് 10 വർഷങ്ങൾ കൊണ്ട് ഇരുപതിലധികം മികച്ച ചിത്രങ്ങൾ പ്രേക്ഷകർക്ക് നൽകിയിട്ടുണ്ട്. ‘‘അങ്കമാലി ഡയറീസ്’’, ‘‘ആട്2’’ എന്നീ ബ്ലോക്ക്ബസ്റ്ററുകളിലൂടെ മലയാള സിനിമ വ്യവസായത്തിലെ ആധിപത്യം ഉറപ്പിക്കാൻ ഫ്രൈഡേ ഫിലിം ഹൗസിനു കഴിഞ്ഞു. ഒടിടി രംഗത്തും വിജയ തരംഗം സൃഷ്ടിച്ച ഫ്രൈഡേ ഫിലിം ഹൗസ് ‘‘സൂഫിയും സുജാതയും’’, ‘‘ഹോം’’ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ആകർഷിച്ചു.

2017ൽ ആണ് കെആർജി സ്റ്റുഡിയോ വിതരണ ബിസിനസ് ആരംഭിക്കുന്നത്. ഇന്നുവരെ കർണാടകയിൽ 100–ലധികം ചിത്രങ്ങൾ വിതരണം ചെയ്തു. 2020 മുതൽ ഫീച്ചർ സിനിമകളുടെ ആശയവൽക്കരണം മുതൽ നിർമാണം വരെയുള്ള സമ്പൂർണ നിർമാണത്തിലേക്ക് കമ്പനി കടന്നിരുന്നു. ചലച്ചിത്ര വിതരണത്തിൽ നിന്ന് സമ്പൂർണമായ ചലച്ചിത്ര നിർമാണത്തിലേക്ക് കൂടി കെആർജി മുന്നോട്ടു പോകുമ്പോൾ, ഫ്രൈഡേ ഫിലിം ഹൗസുമായുള്ള ഈ കൈകോർക്കൽ കമ്പനിയെ സംബന്ധിച്ചിടത്തോളം നിർണായക നിമിഷമാണ്.

ഈ സഹകരണത്തിന്റെ ആത്യന്തികമായ ലക്ഷ്യം എന്നത് പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന എല്ലാ തരത്തിലുമുള്ള ഉള്ളടക്കമടങ്ങിയ കഥകൾ തെരഞ്ഞെടുത്ത് സിനിമകൾ നിർമിക്കുക എന്നത് തന്നെയാണ്. നാല് ദക്ഷിണേന്ത്യൻ ഭാഷകളിൽ ശ്രദ്ധയോടെ, പരിചയസമ്പന്നരായ കഥാകൃത്തുക്കളുമായി സഹകരിച്ച് വളർന്നു വരുന്ന പ്രതിഭകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.

English Summary:

Friday Film House and KRG Studios Embarks on a pioneering collaboration to produce and distribute feature films

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com