ADVERTISEMENT

ചെന്നൈയിൽ കമൽഹാസനും മണിരത്നത്തിനും വേണ്ടി ‘ആടുജീവിതം’ പ്രിമിയർ ഷോ സംഘടിപ്പിച്ചു. സംവിധായകൻ ബ്ലെസ്സിയോടൊപ്പം 'ആടുജീവിതം' കണ്ട കമൽഹാസൻ ഒരു വിഡിയോ സന്ദേശത്തിലൂടെ ചിത്രത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവച്ചു. ഏറ്റവും മികച്ച സിനിമ ഒരുക്കാനുള്ള സംവിധായകന്റെ ദാഹമാണ് ഈ ചിത്രം കണ്ടപ്പോൾ തനിക്ക് മനസ്സിലായതെന്നും ഇടവേള ആയപ്പോഴേക്കും തൊണ്ട വരണ്ടുപോയിയെന്നും  കമല്‍ഹാസൻ പറയുന്നു.  പൃഥ്വിരാജ് ഒരു സിനിമയ്ക്കു വേണ്ടി ഇത്രമാത്രം കഷ്ടപ്പെടുമെന്നു കരുതിയില്ലെന്നു പറഞ്ഞ കമല്‍ പ്രേക്ഷകരെല്ലാം ഈ ചിത്രത്തോടൊപ്പം ഉണ്ടാകണമെന്നും പ്രതികരിച്ചു. കമല്‍ഹാസന്റെ അഭിപ്രായം പങ്കുവച്ച പൃഥ്വിരാജ്, ഇത് ആടുജീവിതത്തിന് കിട്ടിയ വലിയ ഒരവാർഡായിട്ടാണ് തനിക്ക് തോന്നുന്നതെന്നു സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

‘‘ഇത്രയും കഷ്ടപ്പെട്ട് ചെയ്ത് ഈ സിനിമ യാഥാർഥ്യമാക്കിയതിനു ഞാൻ ബ്ലെസിക്ക് നന്ദി പറയുന്നു.  ഇതു ശരിക്കും ഒരു വ്യക്തിയുടെ ജീവിതത്തിൽ സംഭവിച്ച കാര്യമാണെന്ന് ഓർക്കുമ്പോൾ തന്നെ ഞെട്ടിപ്പോവുകയാണ്. ബ്ലെസി എങ്ങനെ ഈ സിനിമ ചെയ്തു എന്ന് മണിരത്നം അദ്ഭുതത്തോടെ ചോദിച്ചു, സിനിമയുടെ ഇടവേളയിൽ തൊണ്ട വരണ്ടു വെള്ളം കുടിക്കാനുള്ള പരവേശം അനുഭവപ്പെടുന്നതുപോലെ തോന്നി. വ്യത്യസ്തമായ ഒരു സിനിമ ചെയ്യാനുള്ള നിങ്ങളുടെ ദാഹം സിനിമയിൽ പ്രകടമാകുന്നുണ്ട്. 

പൃഥ്വിരാജ് ഈ  സിനിമയ്ക്ക് വേണ്ടി ഒരുപാട് കഠിനാധ്വാനം ചെയ്തിട്ടുണ്ട്, ഇത്രയധികം അദ്ദേഹം ഒരു സിനിമയ്ക്ക് വേണ്ടി കഷ്ടപ്പെടുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. അദ്ദേഹം കുളിക്കുന്ന സീനൊക്കെ അത്രകണ്ട് യാഥാർഥ്യമായി തോന്നിപ്പോയി.  ക്യാമറാമാൻ സുനിൽ കെ.എസ്. ഈ സിനിമയ്ക്കു വേണ്ടി എത്രമാത്രം ബുദ്ധിമുട്ടിയിട്ടുണ്ടെന്ന് സിനിമക്കാരായ ഞങ്ങൾക്ക് മനസിലാകും. പ്രേക്ഷകരും ഇതെല്ലാം മനസ്സിലാക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. വളരെ മികച്ച സിനിമയാണ് ആടുജീവിതം, പ്രിയപ്പെട്ട പ്രേക്ഷകരും ഈ സിനിമയെ പിന്തുണയ്ക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.’’– കമല്‍ഹാസൻ പറഞ്ഞു.

കമലഹാസന്റെ വിഡിയോ പങ്കുവച്ച പൃഥ്വിരാജ് ‘‘എന്നെന്നും  ഉലകനായകന്റെ ആരാധകൻ’’ എന്നാണ് പ്രതികരിച്ചത്. ‘‘ആടുജീവിതത്തിനു കിട്ടിയ ഏറ്റവും വലിയ പുരസ്കാരമാണിത്, വളരെ നന്ദി കമലഹാസൻ സർ’’ പൃഥ്വിരാജ് കുറിച്ചു.

ബെന്യാമിൻ ആടുജീവിതത്തിന്റെ അതേപേരിലുള്ള ദൃശ്യാവിഷ്കാരമാണ് ബ്ലെസ്സി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന ചിത്രം.  നജീബ് മുഹമ്മദ് എന്ന മലയാളിയുടെ യഥാർഥ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ആടുജീവിതത്തിന്റെ കഥ.  എ.ആർ. റഹ്മാനാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. ചിത്രം മാർച്ച് 28ന് തിയറ്ററുകളിലെത്തും.

English Summary:

Kamal Haasan reviews 'Aadujeevitham'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com