ADVERTISEMENT

പിവിആറിന്റെ ഉടമസ്ഥതയിലുള്ള തിയറ്ററുകളിൽ മലയാള സിനിമ പ്രദർശിപ്പിക്കാത്തതുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ പ്രതികരിച്ച് വിനീത് ശ്രീനിവാസൻ. ഇത് കലാകാന്മാരുടെ പ്രശ്നമാണെന്നും ഈ വിഷയം ആ ഗൗരവത്തിൽ തന്നെ പൊതുസമൂഹവും ഏറ്റെടുക്കണമെന്നും വിനീത് ശ്രീനിവാസൻ പറഞ്ഞു. ‘വർഷങ്ങൾക്കു ശേഷം’ എന്ന സിനിമ റിലീസ് ചെയ്യുന്നതിനു തൊട്ടുമുമ്പാണു പിവിആറിന്റെ തീരുമാനം അറിയുന്നത്. വലിയ ബുദ്ധിമുട്ടാണ് ഇതുണ്ടാക്കിയത്. ഇതു പണത്തിന്റെയോ ലാഭത്തിന്റെയോ പ്രശ്നമല്ലെന്നും കലാകാരന്മാരുടെ പ്രശ്നമാണെന്നും വിനീത് വ്യക്തമാക്കി. ഫെഫ്കയുടെ പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു താരം.

‘‘ഇതിൽ സ്വാഭാവികമായും എല്ലാവരുടെയും ഉള്ളിലുണ്ടാകുന്ന സംശയമുണ്ട്. ഇത് പിവിആർ എന്നു പറയുന്ന ഒരു ശൃംഖലയുമായി ബന്ധപ്പെട്ട പ്രശ്നമല്ല. ഇന്ത്യയുടെ പല ഭാഗത്തായി മറ്റു സ്ക്രീനുകളും പിവിആറിനു സ്വന്തമായുണ്ട്. ഐനോക്സ് എന്ന മൾടിപ്ലക്സ് ചെയ്ൻ ഇപ്പോൾ പിവിആറിന്റെ കയ്യിലാണ്. അതുപോലെ ഇന്ത്യയുടെ പലഭാഗത്തുള്ള ചെറിയ തിയറ്ററുകൾ വരെ ഇവരുടെ കയ്യിലുണ്ട്. ഈ തിയറ്ററുകളിലൊന്നും നമ്മുടെ സിനിമയില്ല.

പ്രേക്ഷകനെ സംബന്ധിച്ചടത്തോളം തിയറ്റർ ലോയൽറ്റി എന്നൊരു സംഭവമുണ്ട്. തൊട്ടടുത്ത് ഒരു തിയറ്ററുണ്ടെങ്കിൽ സൗകര്യം കൂടുതലാണ്. കുടുംബമായി പോകുന്നവർക്ക് രാത്രി ഷോ കഴിഞ്ഞ് നേരത്തെ വീട്ടിൽ തിരിച്ചെത്തണം. നല്ല ബാത്ത് റൂം, പാർക്കിങ് അങ്ങനെ ഒരുപാട് വിഷയങ്ങൾ ആലോചിച്ചാകും ഒരാൾ തിയറ്ററിൽ പോകുന്നത്. നമുക്കെല്ലാം അങ്ങനെയൊരു പ്രിയപ്പെട്ട തിയറ്റർ ഉണ്ടാകും. ഈ തിയറ്ററുകളിലും പിവിആറിനു സ്വന്തമായുള്ള തിയറ്ററുകൾ ഉണ്ടാകാം.

അത്തരം പ്രേക്ഷകർക്ക് ഇപ്പോൾ സിനിമ കാണാൻ സാധിക്കുന്നില്ല. ഈ പ്രേക്ഷകരെ മുഴുവൻ നമുക്ക് നഷ്ടപ്പെടുകയാണ്. അതൊരു വലിയ നഷ്ടമാണ്. ‘ഹൃദയം’ ചെയ്യുന്ന സമയത്ത് സൺഡേ ലോക്‌ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. അന്ന് എത്ര തിയറ്ററുകാർ എന്നെയും നിർമാതാവ് വിശാഖിനെയും വിളിക്കുമായിരുന്നു. ഓരോ തിയറ്ററുകാരും വിളിച്ചിട്ട് പറയും ‘നിങ്ങൾ ഒടിടിക്കു കൊടുക്കരുത്, തിയറ്ററിൽ റിലീസ് ചെയ്യരുത്.’ സൺഡേ ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിനും മുൻപാണത്. ഞങ്ങൾ അവരുടെ കൂടെ നിന്നു.

വിശാഖിന് ട്രിപ്പിൾ പ്രോഫിറ്റ് കിട്ടാനുള്ള ഒടിടി ഓഫർ ഉണ്ടായിരുന്നു. ഹൃദയം തിയറ്ററിൽ നിന്നും കലക്ട് ചെയ്തതിൽ നിന്നും ട്രിപ്പിളായുള്ള തുകയായിരുന്നു ഒടിടിയിൽ നിന്നുള്ള ഓഫർ. ഞങ്ങൾ കൊടുത്തില്ല, അവൻ തിയറ്റർ ഉടമയാണ്, ഞാൻ കലാകാരനാണ്. എന്റെ സിനിമ തിയറ്ററിൽ ഓടണമെന്ന് ഞങ്ങൾക്ക് ആഗ്രഹമുണ്ടായിരുന്നു. അവൻ എന്റെ കൂടെനിന്നു. തിയറ്ററിനു വേണ്ടി അത്രയും കൂടെ നിൽക്കുന്ന ആളുകളാണ് ഞങ്ങൾ.

ആ ഞങ്ങളുടെ അടുത്താണ് ഇങ്ങനെയൊരു നടപടിയുമായി ഇവർ എത്തിയത്. ഇത് പിവിആറിന്റെ മാത്രം വിഷയമല്ല, പിവിആറിന്റെ കീഴിലുള്ള തിയറ്ററുകളിലൊന്നിലും നമുക്ക് സിനിമ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കുന്നില്ല. വളരെ വേദനയോടെയാണ് ഞാനിതു പറയുന്നത്. പൊതുവെ ഇത്രയും സംസാരിക്കാത്ത ആളാണ്. ഈ വിഷയം ജനങ്ങളിലേക്കെത്തണം. പണമുണ്ടാക്കുന്ന ആളുകൾ നിന്നു സംസാരിക്കുന്ന കാര്യമല്ല, ഇത് കലാകാരന്മാരുടെ പ്രശ്നമാണ്. അത് ആ രീതിയിൽ തന്നെ പൊതുസമൂഹവും എടുക്കണം.’’–വിനീത് ശ്രീനിവാസന്റെ വാക്കുകൾ.

English Summary:

Vineeth Sreenivasan on PVR issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com