ADVERTISEMENT

അക്കൂസേട്ടനേയും ഉണ്ണിക്കുട്ടനേയുമെല്ലാം മലയാളിക്കു പ്രിയങ്കരനാക്കിയ സംവിധായകനാണ് സംഗീത് ശിവൻ. യോദ്ധ, ഗാന്ധർവം, നിർണയം തുടങ്ങി മലയാളി ഓർത്തുവയ്ക്കാവുന്ന മോഹൻലാൽ ചിത്രങ്ങളുടെ സംവിധായകൻ മലയാള സിനിമയുടെ മാറ്റങ്ങൾ പഠിച്ചുകൊണ്ടേയിരുന്നു. കഥയും സാഹചര്യങ്ങളും ഒത്തുവന്നാൽ വീണ്ടും മലയാളത്തിൽ സിനിമ സംവിധാനം ചെയ്യുമെന്ന് ഉറപ്പ് നൽകിയ സംഗീത് ശിവൻ, ഇപ്പോൾ ആരാധകരെ കണ്ണീരണിയിക്കുകയാണ്. മുൻപ് മനോരമ ഓൺലൈനിനു നൽകിയ അഭിമുഖം പുനഃപ്രസിദ്ധീകരിക്കുന്നു. 

എന്തുകൊണ്ടാണ് അഭിനയിക്കാൻ തീരുമാനിച്ചത്? 

ജീവിതത്തിൽ അഭിനയിക്കുമെന്നു കരുതിയിട്ടില്ല. പറഞ്ഞുകൊടുക്കാൻ എളുപ്പമാണ്. എന്നാൽ സ്വന്തമായി കഥാപാത്രമായി മാറുമ്പോഴാണ് വിഷമം അറിയുന്നത്. കോട്ടയം എന്നാണ് ചിത്രത്തിന്റെ പേര്.  ഒരു അച്ചായൻ കഥാപാത്രമാണ്. കുടിയേറ്റകഥയാണ്. സ്ഥലം കയ്യടക്കി വയ്ക്കുന്ന കഥയാണ്. കയ്യേറുന്ന ഭൂമിയൊക്കെ സ്വന്തമായെന്നാണ് നമ്മുടെ വിചാരം. എന്നാൽ ഇതൊന്നും നമുക്ക് അവകാശപ്പെട്ടതല്ല, എന്നാണ് കഥ പറയുന്നത്. ത്രില്ലർ കഥാപശ്ചാത്തലമാണ്. എഡിറ്റിങ് പൂർത്തിയായി. സംവിധായകനുമായുള്ള അടുപ്പമാണ് അഭിനയിക്കാൻ പ്രേരിപ്പിച്ചത്. ബിനുവാണ് സംവിധായകൻ. ഒരു വേഷമുണ്ട് ഞാൻ ചെയ്യണമെന്ന് പറഞ്ഞു. ചെറിയ വേഷമായിരിക്കുമെന്നാണു കരുതിയത്. എന്നാൽ ഷൂട്ടിങ് സ്ഥലത്തുചെന്നപ്പോൾ സ്ക്രിപ്റ്റ് തന്നപ്പോഴാണ് അദ്ഭുതപ്പെട്ടത്. കുറേ കാണാതെ പഠിക്കേണ്ടി വന്നു. 

എന്നെ അദ്ഭുതപ്പെടുത്തിയത് ഇതൊന്നുമല്ല, സിനിമയുടെ ലൊക്കേഷനിൽ മുഴുവൻ നിറഞ്ഞു നിന്നത് ചെറുപ്പക്കാരായിരുന്നു. 20, 22 വയസുള്ള പിള്ളേര്, ക്യാമറ, ലൈറ്റ് ഒക്കെ കൈകാര്യം ചെയ്യുന്നത് പിള്ളേർ. ഷൂട്ടിങ് ഇല്ലാത്ത സമയത്ത് ഇവരോട് ‍ഞാൻ വർത്തമാനം പറഞ്ഞിരിക്കും. ഞാനാണ് ആ സിനിമയിൽ നിന്നു കൂടുതൽ പഠിച്ചത്. ക്യാമറ തള്ളിക്കൊണ്ടുപോകുന്നതും മേക്കപ്പ് ചെയ്യുന്നതും എന്തിന് വെള്ളം തരാൻ വരെ ചെറുപ്പക്കാർ. അവർക്ക് അതിനൊന്നും ഒരു മടിയുമില്ല. എല്ലാവർക്കും സിനിമയോടു പാഷൻ മാത്രമേയുള്ളൂ. അന്ന് തീരുമാനിച്ചതാണ് ന്യൂജനറേഷനോടൊപ്പം ഒരു സിനിമ ചെയ്യണമെന്ന്. 

അതാണോ വരാൻ പോകുന്ന ചിത്രം ഇ പറയുന്നത്?

അതെ ഇ ഒരു ഹൊറർ ചിത്രമാണ്. കഥയുടെ ത്രഡ് എന്റേതാണ്. ഞാനും മറ്റൊരാളും ചേർന്ന് എഴുതിയതാണ്, അത് ഞാൻ അവർക്കു നൽകി. ചിത്രം നിർമിക്കുന്നത് ഞാനാണ്. ചെറുപ്പക്കാരായിരിക്കും ചിത്രത്തിനു പിന്നിൽ പ്രവർത്തിക്കുന്നത്. ഒരു സീനിയർ നടനുണ്ടായിരിക്കും. കുക്കു സുരേന്ദ്രനാണ് സംവിധായകൻ. നാലഞ്ച് പടം ചെയ്തയാളാണ്. ക്യാമറ. മനോജ് പിള്ള. മ്യൂസിക് രാഹുൽ രാജ്.

യോദ്ധ, നിർണയം, മോഹൻലാൽ കൂട്ടുകെട്ട് ഉണ്ടാകുമോ?

ഇന്ന് സിനിമയിൽ ഒരുപാട് മാറ്റം വന്നു. പണ്ട് ഞാൻ സിനിമ ചെയ്തിരുന്ന ചുറ്റുപാട് മാറി. ടെക്നിക്ക് മാറി. കഥപറയുന്ന രീതി മാറി. ഇപ്പോൾ മലയാളത്തിൽ നിർമാണത്തിൽ ശ്രദ്ധിക്കുകയാണ്. ഇക്കു ശേഷം സ്ത്രീപ്രാധാന്യമുള്ള ഒരു ചിത്രം കൂടി നിർമിക്കും. ഇന്ന് വിജയിക്കുന്ന പടങ്ങൾ ലോക്കൽ സെന്ററൽ ആണ്. എനിക്ക് വില്ലേജ് ലൈഫ് ചെയ്യാനൊന്നും അറിയില്ല. പുലിമുരുകനും ഒപ്പവും ഒഴിച്ചു നിർത്തിയാൽ ബാക്കിയെല്ലാം സാധാരണക്കാരുടെ കഥപറയുന്ന ചിത്രമാണ്. മഹേഷിന്റെ പ്രതികാരമൊക്കെ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട ചിത്രമാണ്. എന്നെക്കൊണ്ട് അത്തരം ചിത്രങ്ങൾ‌ പറ്റുമോ എന്നറിയില്ല. അഡ്വഞ്ചറസ്, ഫൺപടമാണ് എന്റെ മനസ്സിൽ.

ഇന്ന് മോഹൻലാലിനെ വച്ച് പടമെടുക്കണമെങ്കിൽ കുറേ പഠിക്കാനുണ്ട്. എനിക്ക് വില്ലേജ് ലൈഫ് അറിയില്ല, സാങ്കൽപികമാണ് എന്റെ ചിത്രങ്ങൾ. യാഥാർഥ്യവുമായി ബന്ധമുണ്ടാവില്ല. മോഹൻലാലുമായി പടം ചെയ്താൽ ഇതുവരെ ചെയ്യാത്ത ഒരു പടമായിരിക്കണം. എല്ലാവരേയും പോലുള്ള പടം ചെയ്തിട്ട് കാര്യമില്ല. എന്തെങ്കിലും വ്യത്യസ്തത ഉണ്ടാവണം.

യോദ്ധ രണ്ടാം ഭാഗം പ്രതീക്ഷിക്കാമോ?

അന്നത്തെ സമയത്ത് അ‍ഞ്ചാറ് വട്ടന്മാർ ചേർന്നുണ്ടാക്കിയ ആശയം, ക്രേസി ഐഡിയ ആയിരുന്നു. കഥ ഒത്തുവന്നാൽ യോദ്ധ 2 വരും. ഇതേ ടൈപ്പിലുള്ള പടമാണ് എന്റെ മനസ്സിൽ. അത് യോദ്ധ 2 ആയിരിക്കുമോ എന്നു പറയാൻ കഴിയില്ല. അന്ന് പ്രത്യേക ജോലിയൊന്നും ഇല്ലായിരുന്നു. കുംഫുവുമായി ബന്ധപ്പെട്ട് സിനിമ ചെയ്യണമെന്നേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് അതിന് ചേരുന്ന കഥവന്നാൽ ചിലപ്പോൾ യാതാർഥ്യമാവും. ഇതുവരെ അങ്ങനെ തീരുമാനിച്ചിട്ടില്ല. പക്ഷേ, അതേ പൊലൊരു പടമാണ് എന്റെ മനസ്സിൽ.

ഇനി അഭിനയിക്കുമോ?

എനിക്ക് അഭിനയിക്കാൻ ആഗ്രമുണ്ടായിരുന്നുവെങ്കിൽ ഞാൻ ആദ്യം അത് ചെയ്യുമായിരുന്നില്ലേ. ഇനി പറ്റുന്ന വേഷങ്ങൾ വന്നാൽ ചെയ്യും. അഭിനയത്തിന്റെ ബുദ്ധിമുട്ടുകൾ മനസ്സിലായത് ഇപ്പോഴാണ്. ഇനി സിനിമയെടുക്കുമ്പോൾ ടേക്കുകളിലേക്കു പോകുന്നതിനു മുമ്പ് ഞാൻ ചിന്തിക്കും വേണമോ എന്ന്. കാരണം അഭിനയത്തിന്റെ  ബുദ്ധിമുട്ടുകൾ ഞാൻ മനസ്സിലാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com