ADVERTISEMENT

പാതിവഴിയിൽ എപ്പോഴോ നിന്നു പോയ, തിരിഞ്ഞുനോക്കുമ്പോൾ കണ്ണുകളിൽ ഒരിറ്റ് നനവോടെയല്ലാതെ ഓർക്കാൻ കഴിയാത്ത ഒരു പ്രണയം... അങ്ങനെയൊന്ന് ജീവിതത്തിൽ എപ്പോഴെങ്കിലും സംഭവിക്കാത്തവർ കുറവാകും. വിവാഹത്തിൽ എത്തിച്ചേരുന്നതു മാത്രമല്ല പ്രണയം. നൈമിഷികമായെങ്കിലും ഹൃദയം എവിടെയെങ്കിലും ഉടക്കി നിന്നതു പോലും അതിൽ ഉൾപ്പെടും. വിവരിക്കാനാകാത്ത, വാക്കുകളിൽ ഒതുക്കാനാകാത്ത ഒരു അനുഭവം. കഥകളും കവിതകളും എഴുതിയിട്ടും എഴുതിയിട്ടും പ്രണയത്തെപ്പറ്റി പറഞ്ഞു തീരുന്നതേയില്ല. ഒരു എഴുത്തുകാരനും അതിനെപ്പറ്റി പൂർണമായും എഴുതി അവസാനിപ്പിക്കാനും കഴിയില്ല. ചലച്ചിത്രങ്ങളുടെ കാര്യം പിന്നെ പറയുകയേ വേണ്ട. പ്രണയം വിഷയമാക്കിയ എത്രയെത്ര സിനിമകളാണ് ഓരോ കാലവും വന്നുപോയത്, വന്നുകൊണ്ടിരിക്കുന്നത്. ചിലതെല്ലാം ക്ലീഷേ എന്നും പൈങ്കിളി എന്നും പറഞ്ഞ് ഒഴിവാക്കിയാൽ പോലും ഉള്ളിന്റെയുള്ളിൽ എവിടെയെങ്കിലും നമുക്കും ഉണ്ടാകും പ്രിയപ്പെട്ട ചില പ്രണയ സിനിമകൾ. അങ്ങനെ എക്കാലത്തെയും പ്രിയപ്പെട്ട പത്ത് സിനിമകളെപ്പറ്റി...

1. കസാബ്ലാങ്ക (1942)
 

casablanca

പ്രണയ സിനിമകളെ പറ്റി പറയുമ്പോൾ ഒഴിച്ചുനിർത്താനാവാത്ത പേരാണ് കസാബ്ലാങ്ക. ബർഗ്‌മാൻ അഭിനയിച്ച ചിത്രം രണ്ടാം ലോകമഹായുദ്ധകാലത്തെ ഒരു പ്രണയകഥയാണ് പറയുന്നത്. റിക്കും ഇൽസയും വിക്ടറും തമ്മിലുള്ള ത്രികോണ പ്രണയമാണ് സിനിമയുടെ ആത്മാവ്. പ്രണയത്തിന്റെയും ത്യാഗത്തിന്റെയും കഥ പറയുന്ന സിനിമയില്‍ യുദ്ധത്തിന്റെ കാൽപനികമല്ലാത്ത യാഥാർഥ്യം കൂടി ഉണ്ട്. ചിത്രത്തിലെ സംഭാഷണങ്ങള്‍ക്കു മാത്രം പോലും ആരാധകര്‍ ഏറെയുണ്ട്. 1942 ല്‍ ഇറങ്ങിയ ഈ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പ്രണയം 2024ലും നിറമൊട്ടും മങ്ങാതെ പ്രേക്ഷകന്‍റെ ഉള്ളില്‍ത്തന്നെയുണ്ട്. (ആമസോൺ പ്രൈം)

2. ബ്രിജസ് ഓഫ് മാഡിസൺ കൗണ്ടി (1995)
 

bridge-of-madison-county

ഒരു പാലത്തിന്റെ ചിത്രങ്ങൾ എടുക്കാൻ ഒരു ഗ്രാമത്തിലേക്ക് വരുന്ന റോബർട്ടിനും വിവാഹിതയായി കുടുംബത്തിന്റെ നാലു ചുമരുകൾക്കുള്ളിൽ ജീവിക്കുകയായിരുന്നു ഫ്രാൻസെസ്കയ്ക്കും ഇടയിൽ ഉടലെടുക്കുന്ന പ്രണയത്തിന്റെ കഥയാണ് ബ്രിജസ് ഓഫ് മാഡിസൺ കൗണ്ടി. ക്ലിന്റ് ഈസ്റ്റ് വുഡ് സംവിധാനവും അഭിനയവും നിർവഹിച്ച ചിത്രത്തിൽ ഫ്രാൻസിസ്കയായി മെറിൽ സ്ട്രിപ് ആണ് അഭിനയിച്ചിരിക്കുന്നത്. അവരൊന്നിച്ചു ചെലവഴിക്കുന്ന നിമിഷങ്ങൾ. നാളെ മുറിഞ്ഞു പോകുമെന്നും മുറിവുണ്ടാകുമെന്നും ഉറപ്പുണ്ടായിട്ടും ആ നിമിഷങ്ങളെ അവർ അതിന്റെ പൂർണതയിൽ ആസ്വദിക്കുന്നു. (ആമസോൺ പ്രൈം)

3. പോർട്രേറ്റ് ഓഫ് എ ലേഡി ഓൺ ഫയർ (2019)
 

ഹേലൂയിസിന്‍റെയും മരിയയുടെയും പ്രണയമാണ് ഫീമെയില്‍ ഗേസിന് പേര് കേട്ട സെലീന്‍ സിയാമ സംവിധാനം ചെയ്ത പോർട്രേറ്റ് ഓഫ് എ ലേഡി ഓൺ ഫയർ എന്ന ചിത്രത്തിലുള്ളത്. ക്യാമറയ്ക്ക് പിന്നില്‍ പെണ്‍ കണ്ണുകള്‍ വന്നപ്പോള്‍ ആ പ്രണയം കൂടുതല്‍ മനോഹരമായി. ആർക്കും മുന്നിൽ ചിത്രം വരയ്ക്കാനായി ഇരുന്ന് കൊടുക്കാത്ത ഹെലൂയിസ് കടല്‍ കടന്നെത്തിയ മരിയയ്ക്ക് മുന്നിൽ പ്രണയം നിറഞ്ഞ കണ്ണുകളോടെ ഇരുന്നു കൊടുക്കുന്നു. ഓരോ നോട്ടവും ഓരോ സംഭാഷണവും ഓരോ ഫ്രെയിമും കവിതയാണ്. മരിയ വരയ്ക്കുന്ന ചിത്രങ്ങളിലും ആ കവിത കാണാം. സ്വവർഗാനുരാഗത്തെ ഇത്ര മനോഹരമായി ചിത്രീകരിച്ച മറ്റൊരു ചിത്രമുണ്ടോ എന്ന് സംശയമാണ്. (ആമസോൺ പ്രൈം)

4. ലോസ്റ്റ് ഇൻ ട്രാൻസ്‌ലേഷൻ (2003)
 

വിവർത്തനത്തിൽ നഷ്ടപ്പെടുന്നത് കവിതയാണ്. വിവർത്തനാതീതമായി ഒന്നു മാത്രമേയുള്ളൂ, അത് പ്രണയവും. സോഫിയ കൊപ്പോളയുടെ "ലോസ്റ്റ്  ഇൻ ട്രാൻസ്‌ലേഷൻ" എന്ന ചിത്രത്തിൽ ബിൽ മുറെ അവതരിപ്പിച്ച അമേരിക്കൻ നടനായ ബോബ് ടോക്കിയോയിൽ ഒരു പരസ്യ ചിത്രീകരണത്തിനായി എത്തുന്നു. അവിടെവെച്ച് ഷാർലറ്റ് (സ്കാർലറ്റ് ജോഹാൻസൻ) എന്ന പെൺകുട്ടിയെ കണ്ടുമുട്ടുന്നു. ഭർത്താവിനൊപ്പം ടോകിയോയിൽ എത്തിയ ഷാർലറ്റ് അപരിചിതമായ നഗരത്തിൽ ഒറ്റയ്ക്കാണ്. ബോബിനും ഷാർലറ്റിനും ആ അപരിചിതത്വത്തിനിടയിൽ പൊതുവായുള്ളത് ഭാഷ മാത്രമാണ്. ഭാഷയിലൂടെ അവര്‍ക്കിടയില്‍ പ്രണയം ഉടലെടുക്കുന്നു. അവരുടെ പ്രണയത്തിന്‍റെ ഭാഷ വിവർത്തനാതീതവും. (ആമസോൺ പ്രൈം)

5. ഹെർ (2013)
 

HER-JPG

സ്പൈക്ക് ജോൺസ് സംവിധാനം ചെയ്ത ഹെർ ഭാവിയിലെ പ്രണയകഥയാണ് പറയുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി പ്രണയത്തിലാകുന്ന തിയോഡോർ (ജാക്വിൻ ഫീനിക്സ്) ആണ് സിനിമയിലെ കേന്ദ്ര കഥാപാത്രം. ഡിജിറ്റൽ കാലത്ത് പ്രണയം എന്ന സങ്കൽപം തന്നെ മാറിമറിയുന്നത് സിനിമയിൽ കാണാം. അത് കേവലം സംഭാഷണങ്ങൾക്കുമപ്പുറം ശാരീരിക ആനന്ദങ്ങളില്‍ പോലും മാറ്റം കൊണ്ട് വരുന്നു. സംവിധായകൻ സ്പൈക്ക് ജോൺസ് “ലോസ്റ്റ്‌ ഇന്‍ ട്രാൻസിലേഷൻ” എന്ന ചിത്രത്തിന്റെ സംവിധായകയായ സോഫിയ കൊപ്പോളയുടെ പങ്കാളിയായിരുന്നു. പിന്നീട് അവർ വേർപിരിഞ്ഞതിനാൽ സിനിമയുടെ ഉള്ളടക്കത്തിലെ സാമ്യങ്ങളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് സ്കാര്‍ലറ്റ് ജോഹാൻസന്റെ ശബ്ദം നൽകിയതും ഒരു സിനിമ മറ്റൊരു സിനിമയ്ക്ക് മറുപടിയാകുന്ന തരത്തില്‍ ഏറെ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. (ആമസോൺ പ്രൈം)

6. ബിഫോർ ട്രിലജി (1995-2013)
 

before-trilogy

ഒരു സംവിധായകൻ ട്രെയിൻ യാത്രയ്ക്കിടയിൽ ഒരു പെൺകുട്ടിയെ കണ്ടുമുട്ടുകയും ആ രാത്രി മുഴുവൻ അപരിചിതമായ ഒരു നഗരത്തിൽ അവർ സമയം ചെലവഴിക്കുകയും ചെയ്യുന്നു. വീണ്ടും കണ്ടുമുട്ടാം എന്നുപറഞ്ഞ് പിരിഞ്ഞ ശേഷം ആ സംവിധായകൻ അവരെ തിരികെയെത്തിക്കാൻ ഒരു സിനിമ ചെയ്യുന്നു. അവിടെയാണ് “ബിഫോർ സൺറൈസ്” പിറവി കൊള്ളുന്നത്. എന്നാൽ സംവിധായകൻ റിച്ചാർഡ് ലിങ്ക് ലെറ്ററിന് അവരെ കണ്ടെത്താനായില്ല. പിന്നീട് സിനിമ റിലീസാകുന്നതിനു മുൻപേ തന്നെ അവർ മരണപ്പെട്ടു എന്ന് അറിഞ്ഞു. പൂർത്തിയാക്കാനാവാത്ത തന്റെ പ്രണയത്തെ പൂർത്തിയായ പ്രണയമായി “ബിഫോര്‍ സണ്റൈസ്”, “ബിഫോര്‍ സണ്‍സെറ്റ്”, “ബിഫോര്‍ മിഡ്നൈറ്റ്” എന്നീ സിനിമകളിലൂടെ അദ്ദേഹം ചിത്രീകരിച്ചു. ആദ്യ ചിത്രത്തിൽ ജെസ്സെയും സെലിനും പെരുവഴിയിലൂടെ നിയോൺ ബൾബിന്റെ പ്രകാശത്തിൽ നടന്നു നീങ്ങുകയും മൂന്നാമത്തെ ചിത്രമാകുമ്പോഴേക്കും വളരെ കാലമായി ദാമ്പത്യത്തിൽ ഏർപ്പെട്ട രണ്ടുപേർക്കിടയിലെ പരിഭവങ്ങൾക്കും ഒറ്റപ്പെടുത്തലുകൾക്കും ഇടയിലേക്ക് എത്തുകയും ചെയ്യുന്നു. എങ്കിലും അവർക്കിടയിലെ പ്രണയം അതേപോലെതന്നെ നിലനിൽക്കുന്നു. ഒൻപത് വർഷങ്ങളുടെ ഇടവേളകളിലായി ചിത്രീകരിച്ച മൂന്ന് സിനിമകളിലും ഒരേ അഭിനേതാക്കൾ തന്നെയാണ് എന്ന പ്രത്യേകതയുമുണ്ട്. (ആമസോൺ പ്രൈം)

7. എറ്റേനൽ സൺഷൈൻ ഓഫ് എ സ്പോട്ട്‌ലസ് മൈൻഡ് (2004)
 

ഓർമകൾ മാഞ്ഞുപോകുമെന്ന  ഉറപ്പിൽ നിന്ന് കൊണ്ട് പ്രണയിക്കാൻ കഴിയുമോ? അങ്ങനെയും പ്രണയിക്കാം എന്ന് പറഞ്ഞുവയ്ക്കുന്ന സിനിമയാണിത്. മിഷേൽ ഗോന്ദ്രി സംവിധാനം നിർവഹിച്ച ചിത്രത്തിന്‍റെ ആത്മാവ് ജോയലിന്റെയും (ജിം ക്യാരി) ക്ലമെന്റയിനിന്‍റെയും (കെയിറ്റ് വിൻസ്‌ലറ്റ്) പ്രണയമാണ്. സിനിമയില്‍ ഒരിടത്ത്, നമ്മുടെ ഓർമകൾ ഇല്ലാതെയാവാൻ പോവുകയാണ്, ഇനി എന്ത് ചെയ്യും എന്ന് ക്ലമെന്റയിൻ ചോദിക്കുന്നുണ്ട്. ആ നിമിഷങ്ങളെ ആസ്വദിക്കാൻ മാത്രം പറഞ്ഞു വയ്ക്കുന്നുണ്ട് ജോയൽ. ഭാവിയെപ്പറ്റിയോ ഒരുമിച്ചുള്ള ജീവിതത്തെപ്പറ്റിയോ ആകുലപ്പെടാതെ മുന്നിലുള്ള നിമിഷങ്ങളെ മാത്രം ചേർത്തു പിടിക്കാൻ കൊതിപ്പിക്കുന്നുണ്ട് ചിത്രം. (ആപ്പിള്‍ ടിവി)

8. ബിഫോർ വി ഗോ (2014)
 

BE4-WE-GO

ഒരു ട്രെയിൻ മിസ്സ് ആയാൽ എന്തൊക്കെ സംഭവിക്കും? ഒരു ശലഭത്തിന്റെ ചിറകടി കൊണ്ട് ലോകാവസാനം സംഭവിക്കും എന്നു പറയും പോലെയാകുമത്. അത് രണ്ടു മനുഷ്യരെ കൂട്ടിയിണക്കാനും കാരണമായേക്കാം. നഗരത്തിൽ രാത്രിയിൽ എന്തു ചെയ്യണമെന്നറിയാതെ നിൽക്കുന്ന ബ്രുക് എന്ന പെൺകുട്ടിയും റയില്‍വേ സ്റ്റേഷനില്‍ ട്രമ്പറ്റ് വായിച്ചുകൊണ്ടിരുന്ന നിക്ക് എന്ന ചെറുപ്പക്കാരനും കണ്ടുമുട്ടുന്നു. അവർക്കിടയിൽ ഉരുത്തിരിഞ്ഞത് പ്രണയമാണോ എന്ന് സിനിമയുടെ അന്ത്യം വരെയും പ്രേക്ഷകൻ കൗതുകത്തോടെ നോക്കിയിരിക്കും. അവരുടെ സംഭാഷണങ്ങൾ, അവർ ഒരുമിച്ച് കാണുന്ന സ്വപ്നങ്ങൾ, എല്ലാം തന്നെ വളരെ കാലമായി പരിചയമുള്ള രണ്ടുപേർക്കിടയിൽ ഉണ്ടായതുപോലെ മാത്രമേ അനുഭവപ്പെടുകയുള്ളു. അവരുടെ യാത്രകളും ആ രാത്രിയും അവസാനിക്കരുതെന്ന് കൊതിച്ചു പോകും. (ആപ്പിള്‍ ടിവി)

9. കോൾ മീ ബൈ യുവർ നെയിം (2017)
 

CMBYN

സ്വവർഗാനുരാഗം പ്രമേയമായ ചിത്രങ്ങളിൽ വളരെ മനോഹരമായി പുരുഷ പ്രണയത്തെ അടയാളപ്പെടുത്തിയ സിനിമയാണിത്. സംഗീതം കൊണ്ടും വേനൽക്കാല ഇറ്റലിയെ മനോഹരമായി ഒപ്പിയെടുത്തു കൊണ്ടും പ്രണയം പറഞ്ഞ ചിത്രത്തിൽ ഏലിയോയും ഒലിവറുമാണുള്ളത്. കൗമാരത്തിൽ ഏലിയോയ്ക്ക് തന്റെ വീട്ടിലേക്ക് അതിഥിയായി എത്തുന്ന ഒലിവെറിനോട് തോന്നിയ കൗതുകം നിറഞ്ഞ പ്രണയവും പിന്നീട് അയാളിൽ നിന്നും അകന്നു പോകേണ്ടി വരുമ്പോൾ ഉണ്ടാകുന്ന  ഹൃദയം നുറുങ്ങുന്ന വേദനയുമാണ് സിനിമയിൽ ഉള്ളത്. ചിത്രത്തിലെ സുഫ്‌ജാൻ സ്റ്റീവൻസിന്‍റെ "മിസ്റ്ററി ഓഫ് ലവ്", "വിഷൻസ് ഓഫ് ഗിഡിയോൺ" എന്നീ പാട്ടുകൾക്ക് ലോകമെമ്പാടും ആരാധകർ ഏറെയുണ്ട്. (നെറ്റ്ഫ്ളിക്സ്)

10. അനോമലിസ (2015)
 

ANOMALISA

സ്റ്റോപ്പ് മോഷൻ ആനിമേറ്റഡ് ചിത്രമാണ് അനോമലിസ. പാവക്കൂത്ത് തന്നെയാണ് ചിത്രം പിന്തുടരുന്ന മാതൃക. ഏകാന്തതയും പ്രണയവുമെല്ലാം ചിത്രത്തിലടങ്ങിയിരിക്കുന്നു. ചുറ്റുമുള്ളവരെയെല്ലാം ഒരേ പോലെ തോന്നുന്നുണ്ട് നായകനായ മൈക്കിളിന്. എല്ലാവരുടെയും ശബ്ദവും മുഖങ്ങളും ഒരേപോലെ. എന്നാൽ സിന്‍സിനാറ്റിയില്‍ ഒരു  ഹോട്ടൽ മുറിയിലേക്ക് എത്തുന്ന അയാൾക്ക് അതിൽ നിന്നുമൊക്കെ വ്യത്യസ്തമായ ഒരു മുഖവും ശബ്ദവും കാണാനും കേള്‍ക്കാനും കഴിയുന്നു. അതിന്റെ ഉടമയായ ലിസയ്ക്കും മൈക്കിളിനും ഇടയിലെ പ്രണയത്തിലേക്ക് ചിത്രം പിന്നീട് പ്രേക്ഷകനെ കൊണ്ട് പോകുന്നു. പാവക്കൂത്തിൽ വികാരങ്ങളും പ്രണയവും കൊണ്ടുവരാൻ കഴിയുമെന്ന് സിനിമ കാണിച്ചുതരുന്നു. വളരെ യാഥാർത്ഥ്യ ഭാവമുള്ള ഇന്റിമേറ്റ് രംഗങ്ങളും ചിത്രത്തിൽ ഉണ്ട്. പ്രണയത്തിന്‍റെ ആഖ്യാനങ്ങളെ തന്നെ മാറ്റി എഴുതുന്ന ചിത്രങ്ങളിൽ ഒന്നാണ് ചാർലി കോഫ്മാന്‍റെ അനോമലിസ. (ആമസോൺ പ്രൈം)

English Summary:

10 Romantic Movies you MUST watch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com