ADVERTISEMENT

ശിവശങ്കരപ്പിള്ള സർ ചൂരലെടുത്ത് അതിന്റെ രണ്ടറ്റത്തും പിടിച്ച് ഒന്നു വളച്ചുനിവർത്തി. ഇടയ്ക്ക് വായുവിലൊന്ന് ചുഴറ്റി വഴക്കം ഉറപ്പു വരുത്തി. എന്തോ ഭാവിച്ചുറപ്പിച്ചിട്ടെന്നവണ്ണം കണ്ണടയൂരി മേശപ്പുറത്തു വച്ചു. ‘‘എന്തു പറഞ്ഞാടാ നീ ഇവരെ കളിയാക്കിയത്?’’ - വിസ്താരം ആരംഭിക്കുകയായി. സാറിന്റെ കണ്ണുരുട്ടലിൽ ദഹിച്ചു പോയ ഞാൻ പക്ഷേ ഒന്നും മിണ്ടിയില്ല. ‘‘ഇഞ്ചിഞ്ചിക്കാരെന്ന് വിളിച്ചാണു സാറേ കളിയാക്കുന്നത്.’’ എന്റെ പരുങ്ങൽ കണ്ട പരാതിക്കാർക്ക് വീറ് ഏറി. വെള്ളിയാഴ്ചത്തെ മീറ്റിങ് പീരിയഡിൽ അഞ്ചാം ക്ലാസിലെ ആസ്ഥാന ഗായകരായ ശ്രീജയും അമ്പിളിയും റെനിയും ഉൾപ്പെട്ട ടീം പാടുന്നു, ലതയും സുജാദേവിയും അൻസുവും ഉൾപ്പെട്ട നർത്തകർ ആടുന്നു. ‘‘പൊന്നലയിൽ അമ്മാനമാടി എൻ തോണി അങ്ങേക്കരെപ്പോയ് വാ....’’ ആട്ടവും പാട്ടും അരങ്ങുതകർക്കുമ്പോൾ ബെഞ്ചുകളിൽ നിരന്നിരുന്ന അതേ ക്ലാസുകാരായ ഞങ്ങൾ മാത്രമായിരുന്നില്ല ആസ്വാദകർ. കൊടുന്തറ എൽപി സ്കൂളിലെ ഇടയ്ക്ക് മറയില്ലാത്ത മറ്റെല്ലാ ക്ലാസുകളിലെയും കുട്ടികളും ആ ആഴ്ചാവസാന പീരിയഡിന്റെ ആസ്വാദകരാണ്. സീനിയേഴ്സെന്ന തലക്കനവുമായി ഒക്കെയുമിങ്ങനെ ആസ്വദിച്ചിരിക്കുമ്പോഴാണ് പാട്ടിനിടയിലെ ‘ഇഞ്ചിഞ്ചിക്കാര്’ പൊടുന്നനെ എത്തിയത്. പൊതുവെ വഴക്കാളിയായ എന്നെ അത് ഒട്ടൊന്നുമല്ല രസിപ്പിച്ചത്. മിണ്ടുന്നവരുടെ പേരെഴുതാൻ നിർത്തിയാൽ ആദ്യംതന്നെ എന്റെ പേരെഴുതി അടി വാങ്ങിത്തരുന്ന ‘മോണിട്ടർ’ അൻസുവിനെ കളിയാക്കാൻ കിട്ടുന്ന അവസരം കളഞ്ഞു കൂടല്ലോ! കാരണം ഡാൻസിനിടെ ലത അൻസുവിനോടായിരുന്നല്ലോ ‘ഇഞ്ചിഞ്ചിക്കാരെ പെണ്ണു തരാമോ’ന്ന് ചോദിച്ചത്!

പക്ഷേ സംഭവം കൈവിട്ടു പോയി. വിസ്താരം പൂർത്തിയായി ശിവശങ്കരപ്പിള്ള സാറിന്റെ ചൂരൽ ഒന്നു പുളഞ്ഞു. ‘‘എന്നിട്ട് നീ ഇവരോടെന്താടാ പെണ്ണ് ചോദിക്കാതിരുന്നത് ...’’ ഉത്തരം വേണ്ടാത്തൊരു ചോദ്യവുമായി ആ ചൂരൽ എന്റെ ചന്തിക്കൊരു ‘റ’ വരച്ചു. എങ്കിലും മൂന്നരപ്പതിറ്റാണ്ടിനിപ്പുറവും ആ ‘ഇഞ്ചിഞ്ചിക്കാര്’ അർഥമറിയാത്തൊരു രസപ്പകർച്ചയുമായി കാതുനിറയ്ക്കുകയാണ് ഇന്നും.

 

vaanijairam
വാണി ജയറാം ∙ഫയൽ ചിത്രം

ഒഎൻവി എന്ന പുണ്യം മലയാളത്തെ അണിയിച്ചൊരുക്കിയത് ഇതുപോലെ എത്രയോ നാട്ടുനന്മകളുടെ ശീലുറയുന്ന കാവ്യകല്പനകളുടെ രസച്ചേരുവകളെയാണ്. അന്ന് ‘ദേവദാസി’(1979)ക്കു വേണ്ടി വെറൈറ്റി ആവശ്യപ്പെട്ടത് നിർമാതാവ് അടൂർ പത്മകുമാർ മാത്രമായിരുന്നില്ല. വിരുന്നെത്തി ഏറെക്കുറെ വീട്ടുകാരനായി മാറിക്കഴിഞ്ഞ സലിൽ ചൗധരി എന്ന ‘ധാരാളി’ക്കും മലയാളത്തിന്റെ പാട്ടുവഴക്കങ്ങളിൽ ഒരു മാറ്റം വേണമെന്ന നിർബന്ധമായിരുന്നു. ഇൻസ്ട്രമെന്റേഷനുകളുടെ അതിപ്രസരമില്ലാതെ, ലാളിത്യം മുഖമുദ്രയായിരുന്ന മലയാള സംഗീതലോകത്തിന് ഇത്തിരി ധാരാളിത്തവും നന്നായി വഴങ്ങുമെന്ന് കാട്ടിക്കൊടുക്കാനുള്ള ആദ്യനിയോഗം ആ വംഗനാട്ടുകാരനായിരുന്നല്ലോ!

 

ബംഗാളി നാടൻശൈലിയുടെ ജനകീയതയെ കേട്ടറിഞ്ഞിട്ടുള്ളതിനൊപ്പം സലിൽദായുടെ ക്ലാസുകൂടി ആയതോടെ ‘വെറൈറ്റി’ പരതിയ മാഷിന്റെ തൂലികയ്ക്കു കാലം തേടിയ മാറ്റത്തിനൊപ്പമെത്താൻ ഒട്ടും ആയാസപ്പെടേണ്ടി വന്നില്ല. കഥയുടെ ആഖ്യാന വഴികളിൽ ഊളിയിട്ടുപാഞ്ഞ കവി അന്നു ചെന്നുനിന്നതോ ... നാടൻ ശൈലിയും നാട്ടുനന്മയും തിരതല്ലിയാർക്കുന്ന കടൽച്ചൂരുറഞ്ഞ സ്നേഹക്കാഴ്ചകളിലും!  

 

kj-yesudaas
കെ.ജെ.യേശുദാസ് ∙ചിത്രം മനോരമ

കടലിന്റെ മക്കൾക്ക് എല്ലാം കടലുതന്നെ. കടലിന്റെ താളഗതിതന്നെയാണല്ലോ കടലോളംപോന്ന ആ ഹൃദയങ്ങൾക്കും. ചിലപ്പോൾ ശാന്തം, മറ്റു ചിലപ്പോൾ പ്രക്ഷുബ്ധം. ആർത്തലച്ചാൽപ്പിന്നെ കെട്ടടങ്ങാൻ നേരമേറും.... ഒഴുകിപ്പരന്നാലോ, പുണർന്നൊട്ടും. ഹൃദയബന്ധങ്ങളുടെ നേർക്കാഴ്ചയുണരുന്ന തുറകളിൽ സുഖദുഃഖങ്ങൾക്കുണ്ടോ കുടിഭേദം. ഈണംകൊണ്ട് ഇതിഹാസം ചമച്ച സലിൽദാ അന്ന് ഇട്ടുകൊടുത്ത മ്യൂസിക്കൽ നോട്ടുകളിലെ ഉയർച്ചതാഴ്ചകളുടെ തിരയിളക്കം കടലിന്റെ താളമറിയുന്ന കവിയെ കടപ്പുറജീവിതത്തിന്റെ വശ്യതയിലേക്കു വലിച്ചടുപ്പിച്ചു. പിന്നെയൊരെഴുത്താണ്. ഉപ്പുവെള്ളത്തിന്റെ രുചിയും ഉപ്പുകാറ്റിന്റെ തണുപ്പും പകർന്ന പച്ചമനുഷ്യത്വങ്ങളുടെ കൊച്ചു സന്തോഷങ്ങളിലേയ്ക്ക് നീട്ടിയൊരു തുഴയെറിയൽ. ഒടുവിൽ, മദ്രാസിലെ സവേര ഹോട്ടൽ മലയാളസ്വത്വവും ബംഗാളി ചന്തവും ഒത്തിണങ്ങിയ പാട്ടിന്റെ പേറ്റു നോവറിഞ്ഞു. അലതല്ലിയാർക്കുന്ന താളത്തിരകൾക്കുംമീതെ കേൾവികളേയും അമ്മാനമാടിച്ച് ആസ്വാദനം അവിടെ നിന്നും തോണിയേറുകയായി.

 

വാക്കുകളെ കാലങ്ങളോളം അമ്മാനമാടിച്ച കവിക്ക് മലയാളത്തിന്റെ ഇന്നലെകളെ പിന്നിലാക്കിയ സലിൽദായുടെ താളത്തിനു വാക്കുകളെ വിളക്കിച്ചേർക്കുക ഒരു വെല്ലുവിളിയേ ആയിരുന്നില്ല. അതുവരെക്കേട്ടിരുന്ന അതിരിനുമപ്പുറം താളം തകർത്താടവെ അതുമുറിയാതെ വാക്കൊപ്പിക്കാൻ മലയാളത്തിന്റെ മഹാജ്ഞാനിക്കുണ്ടോ പ്രയാസം! അല്പം കുസൃതിയും കൂടിയായപ്പോൾ ‘ഇഞ്ചിഞ്ചിക്കാര്’ വന്നു. ഇഞ്ചിഞ്ചിത്താരെ’ന്നും കേൾക്കുന്നു... രണ്ടായാലും അർഥമെന്തെന്ന് ഇന്നുവരെ എനിക്ക് തിരിഞ്ഞിട്ടില്ല! പക്ഷേ, ഒന്നറിയാം, വരികളിൽ അസൂയ ജനിപ്പിക്കുന്ന ഒരു നാട്ടുവഴക്കത്തിന്റെ ചേലുണ്ട്, ഉച്ചനീചത്വങ്ങളെ പടികൊട്ടിയടച്ച നന്മയുടെ പെരുമയുണ്ട്, പങ്കിടലുകളുടെയും ഐക്യപ്പെടലുകളുടേയും കാഴ്ചവട്ടങ്ങളുണ്ട്.

 

ചിത്രീകരിക്കപ്പെടാതെ പോയ സിനിമ ആയതുകൊണ്ട് കേൾവിക്കാരന്റെ ഇഷ്ടത്തിലേക്ക് കാഴ്ചകൾ നീളും. എന്റെ കാഴ്ചകളും അങ്ങനെ എന്റെ ഇഷ്ടങ്ങളെയും കൊണ്ടാണ് കാഴ്ചകളുടെ തോണിയേറിയിരിക്കുന്നത്. അവിടെ കവിസങ്കൽപത്തിലെ നല്ലൊന്നാന്തരം മൊഞ്ചുള്ള മീൻമിഴിപ്പെണ്ണ് എന്നെ നോക്കി കടാക്ഷിക്കുന്നുണ്ട്. തന്റെ കൽപനകളിലെ താൻതന്നെ പടച്ച ജീവിതങ്ങൾക്കൊപ്പമാണല്ലോ കവി മിക്കയ്പ്പോഴും. നാത്തൂൻ പെണ്ണിനെ ഓണത്തിൻ നാളിൽ കെട്ടിക്കാൻ കവിയ്ക്കായിരുന്നോ തുറയ്ക്കായിരുന്നോ തിടുക്കമുണ്ടായിരുന്നതെന്നറിയില്ല.... ഓണത്തെ കൂടുതൽ ഹൃദ്യമാക്കാൻ കവി കണ്ട പോംവഴിയായിരുന്നോ അതെന്ന് ശങ്കിക്കാതിരിക്കാനുമാവുന്നില്ല! ‘‘പൊന്നും പണ്ടവും വേണ്ടാ ചെക്കന് പെണ്ണു നന്നാണേൽ....’’ - കാഴ്ചപ്പാടുകളിലെ ഒഎൻവി ചേലിനെ ഞാനും ചേർത്തു പാടിയതെത്ര വട്ടം! ‘‘അപ്പോൾ പൊന്നും പണ്ടവുമൊക്കെ ഉണ്ടേൽ പെണ്ണിത്തിരി മോശമായാലും കുഴപ്പമില്ല, ല്ലേ??’’ ഒരിക്കൽ എന്നെ പിടിച്ചു നിർത്തി ദഹിപ്പിച്ചൊരു നോട്ടവുമായി എന്റെ നല്ലപാതി എനിക്കുനേരെ ചോദ്യമെറിഞ്ഞതോടെ വീട്ടിൽ നിന്നുള്ള എന്റെ ഉച്ചത്തിലുള്ള ആലാപനങ്ങളിൽനിന്നും ആ വരി മാഞ്ഞു!

 

താലി വീഴാൻ പോകുന്ന പെണ്ണിന്റെ താളംതുള്ളുന്ന മനസ്സിനെ വരച്ചുകാട്ടിയ കവിചിന്തകൾക്കും അലയാഴിക്കൊത്ത ചേലു തന്നെ. പുതുമണവാളനെ കണ്ടാൽ അതുവരെ പൂത്തുമ്പിയായി പാറിനടന്ന പെണ്ണും ഒന്നു പിടിച്ചുനിർത്തപ്പെടുമെന്ന പൊതുതത്വം വരികളിൽ കുറിക്കുമ്പോൾ തലമുറകൾക്കിപ്പുറവും നാണത്തിൽ കുതിർന്ന ഒരു തലയാട്ടലുണ്ടാവും. കളിയും ചിരിയും ആട്ടവും പാട്ടും...... ഒക്കെയും ബ്രേക്കിട്ടതുപോലെ നിലയ്ക്കുന്ന ജീവിതത്തിന്റെ രണ്ടാം ഘട്ടത്തിലേക്കുള്ള ആദ്യ ചുവടുവയ്പുകൾക്കു പച്ചപ്പരിഷ്കാരത്തിന്റെ തീട്ടൂരം പതിക്കപ്പെട്ട പുത്തൻ തലമുറയിലും കാലമെന്ത് മാറ്റം വരുത്താൻ! ‘‘തക്കം കിട്ട്യാ റാഞ്ചാനോ കൊതി തീരെ കാണാനോ....’’ നാടൻ വാക്കൊഴുക്കുമായി നാണം ശീലിട്ട ലാളിത്യത്തെ കുറിക്കുമ്പോൾ സ്വയമറിയാതൊരു ചെറുപ്പം അന്ന് കവിയെ കീഴടക്കിയിരുന്നോ? മാണിക്യ കൊക്കിനെ നോക്കി കണ്ണുരുട്ടുന്ന ആ സ്വാർഥ കാമുകന് പ്രണയത്തിന്റെ പടിക്കെട്ടുകളിൽ പതിനെട്ട് കടന്നോ ആവോ .... 

 

ബോളിവുഡിന്റെ താളപ്പെരുമയിലേക്കു നാടൻ ശൈലിയെ സമന്വയിപ്പിക്കുന്നതിൽ കവിയിലെ വൈദഗ്ധ്യം എത്രകണ്ട് വിജയിച്ചു എന്നത് ഗാനത്തിന്റെ സ്വീകാര്യത സാക്ഷ്യപ്പെടുത്തുന്നു. ചെന്നൈയിലെ തരംഗിണി സ്റ്റുഡിയോയിൽ റെക്കോർഡിങ് പൂർത്തിയായപ്പോഴേ ദേവദാസിയിലെ ഗാനങ്ങൾ മലയാളത്തിൽ ചലനമുണ്ടാക്കുമെന്ന് അണിയറക്കാർ ഉറപ്പിച്ചിരുന്നു. വിദേശത്തുനിന്നും വരുത്തിയ അത്യാധുനിക (അക്കാലത്തെ) സംഗീത ഉപകരണങ്ങൾ ഉപയോഗിച്ചായിരുന്നു മുഴുവൻ പാട്ടുകളും റെക്കോർഡ് ചെയ്തത്. ഗ്രാമഫോൺ കമ്പനി പുറത്തിറക്കിയ കസെറ്റുകൾ അന്ന് വിൽപനയിൽ റെക്കോർഡ് സൃഷ്ടിക്കുകയുണ്ടായി. എന്നാൽ ദൗർഭാഗ്യത്തിന്റെ ചില ദുർനിമിത്തങ്ങൾ പാട്ടൊരുക്കലിനപ്പുറത്തേക്ക് കാര്യങ്ങളെ കൊണ്ടുപോയില്ല. പുറത്തിറങ്ങിയിരുന്നെങ്കിൽ മലയാളത്തിലെ ആദ്യ മൾട്ടിസ്റ്റാർ ചിത്രം എന്ന ബഹുമതിയും ദേവദാസിക്കാകുമായിരുന്നു. നസീറും ജയനും മധുവും സോമനും സുകുമാരനും കമൽഹാസനും പ്രധാന കഥാപാത്രങ്ങളായെത്തുന്ന സിനിമ പക്ഷേ ചരിത്രനിയോഗത്തോടു മുഖം തിരിച്ചു.

 

‘ചെമ്മീനി’ലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച സലിൽദായ്ക്ക് ചരിത്രം ഏൽപിച്ച ദൗത്യം ഒട്ടും ചെറുതായിരുന്നില്ല. ഈണമിട്ട ശേഷം പാട്ടെഴുതിക്കുന്ന രീതി മലയാളത്തിൽ തുടങ്ങി വച്ചതും പ്രചാരത്തിലാക്കിയതും ആ ‘പരീക്ഷണകാരൻ’ ആയിരുന്നു. മലയാളത്തെ  സമൃദ്ധമാക്കാൻ ‘കടന്നകൈ’യ്ക്ക് തയാറായ സംഗീതകാരന് പക്ഷേ പിഴച്ചതേയില്ല. തൊട്ടതൊക്കെയും പൊന്നാക്കിയ ആ കിഴക്കേന്ത്യൻ സംഗീതകാരന് നാവിനു വഴങ്ങാത്ത ഭാഷ ഒരുഘട്ടത്തിലും തടസ്സമായതുമില്ല. ഭാര്യ സബിതാ ചൗധരിയെക്കൂടാതെ ലതാ മങ്കേഷ്കറേയും മന്നാഡേയേയും മലയാളത്തിൽ അവതരിപ്പിച്ച സലിൽ ദായ്ക്ക് ഏറ്റവും പ്രിയങ്കരൻ ഗാനഗന്ധർവൻ തന്നെയായിരുന്നു.

 

ദാസേട്ടനൊപ്പം വാണി ജയറാമും സംഘവും ചേർന്നാലപിച്ച ഗാനം ആസ്വാദനത്തിന്റെ തിരവെട്ടുന്ന ഉപ്പുവെള്ളത്തിനും മീതേ ഈ അമ്മാനമാട്ടം തുടങ്ങിയിട്ട് നാലരപ്പതിറ്റാണ്ടാവുന്നു. കേൾവികൾകൊണ്ട് ആ നല്ല കാലത്തെ കോരി ഞാനും. ഒന്നുകോരി, പത്തുകോരി, ഒത്തുകോരി, മുത്തുകോരി ഹോയ്....

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com