ADVERTISEMENT

ആസിഫ് അലി നായകനാകുന്ന 'എ രഞ്ജിത്ത് സിനിമ' എന്ന ചിത്രത്തിലൂടെ മിഥുൻ അശോകൻ എന്ന സംഗീതസംവിധായകൻ മലയാള സിനിമയിൽ ചുവടുറപ്പിക്കുകയാണ്. സംഗീതജ്ഞൻ അർജുനൻ മാസ്റ്ററുടെ ചെറുമകനാണ് മിഥുൻ അശോകൻ എന്നുകൂടി ചേർത്തു വായിക്കുമ്പോഴാണ് മലയാളിക്ക് മിഥുനോട് ഏറെ അടുപ്പം തോന്നുക. ചെറുപ്പം മുതൽ സംഗീതം ശാസ്ത്രീയമായി പഠിച്ച മിഥുൻ, എറണാകുളം മഹാരാജാസിൽ നിന്ന് സംഗീതത്തിൽ ബിരുദം നേടിയ ശേഷം മദ്രാസിലേക്കു ചേക്കേറി. ഔസേപ്പച്ചൻ, വിദ്യാസാഗർ, എം.ജയചന്ദ്രൻ, വി. ഹരികൃഷ്ണ തുടങ്ങി നിരവധി സംഗീതപ്രതിഭകൾക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. 600 ലധികം ഗാനങ്ങളുടെ പ്രോഗ്രാമിങ്ങും നിര്‍വഹിച്ചു. കന്നഡ ചലച്ചിത്ര മേഖലയിൽ നിരവധി പാട്ടുകൾ ചിട്ടപ്പെടുത്തിയ മിഥുൻ മലയാളത്തിൽ ചുവടുറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോൾ. പുത്തൻ പാട്ടു വിശേഷങ്ങളുമായി മിഥുൻ അശോകൻ മനോരമ ഓൺലൈനിനൊപ്പം. 

 

അർജുനൻ മാസ്റ്ററുടെ കൊച്ചുമകൻ!

 

സംഗീതം നിറഞ്ഞ അന്തരീക്ഷത്തിലാണ് ഞാൻ വളർന്നത്. അച്ഛച്ഛന്റെ (അർജുനന്‍ മാസ്റ്റർ) സംഗീതവും സ്വഭാവവും എന്നെ വല്ലാതെ സ്വാധീനിച്ചിരുന്നു. ചെറിയ പ്രായത്തിൽ തന്നെ സംഗീതത്തിൽ താൽപര്യം കാണിച്ചിരുന്നതുകൊണ്ട് വീട്ടുകാർ ശാസ്ത്രീയമായി സംഗീതം അഭ്യസിക്കാനയച്ചു. കർണാട്ടിക് മ്യൂസിക്കും വെസ്റ്റേൺ മ്യൂസിക്കും പഠിച്ചിട്ടുണ്ട്. സ്കൂൾ കാലഘട്ടത്തിൽ തന്നെ വൃന്ദ വാദ്യം, ഗാനമേള തുടങ്ങിയവയിലെല്ലാം പങ്കെടുത്ത് വിജയം നേടി. അന്നുമുതൽ സംഗീതം എനിക്കൊപ്പമുണ്ട്. വളർന്നപ്പോൾ ശ്രദ്ധ സിനിമാ സംഗീതത്തിലേക്കു മാറി.  

 

വിദ്യാസാഗറിന്റെ സ്വാധീനം 

 

എറണാകുളം മഹാരാജാസ് കോളജിൽ ബിഎ മ്യൂസിക് ആണ് പഠിച്ചത്. 2006 ൽ മദ്രാസിലേക്കു പോയി അവിടെ സി.രാജാമണി എന്ന സംഗീതസംവിധായകനോടൊപ്പം ജോലി ചെയ്യാൻ തുടങ്ങി. പിന്നീട് ഔസേപ്പച്ചൻ സർ, വിദ്യാസാഗർ സർ, എം.ജയചന്ദ്രൻ, കന്നഡയിലെ സംഗീതജ്ഞനായ വി.ഹരികൃഷ്ണ എന്നിവരോടൊപ്പവും ജോലി ചെയ്തു. വിദ്യാസാഗർ സാറിനോടൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി ഞാൻ കാണുന്നു.  അദ്ദേഹത്തിന്റെ സ്വാധീനം എന്റെ സംഗീതത്തിൽ ഒരുപാടുണ്ട്. ട്രിനിറ്റി കോളജ് ഓഫ് ലണ്ടനിൽ ഗ്രേഡ് പരീക്ഷകളെല്ലാം പാസായിട്ടുണ്ട്. ഗാനമേളകളും സ്റ്റേജ് പ്രോഗ്രാമുകളും ഫ്യൂഷൻ പ്രോഗ്രാമുകളും വളരെ ചെറിയ പ്രായത്തിൽ തന്നെ ഞാൻ ചെയ്തു തുടങ്ങിയതാണ്. 600 ലധികം പാട്ടുകൾക്കു കീബോർഡ് പ്രോഗ്രാമിങ് നിർവഹിച്ചു. 2022 ൽ ഞാൻ വർക്ക് ചെയ്തതിൽ 31 സിനിമകൾ റിലീസ് ചെയ്തിരുന്നു. ‘ജനാല’ എന്നൊരു സിനിമയ്ക്ക് വേണ്ടി സംഗീതം ചെയ്തിട്ടുണ്ട്. അതിന്റെ റിലീസിനു വേണ്ടി കാത്തിരിക്കുകയാണ്. 

 

കന്നഡയിലെ വീരം 

 

കന്നഡ സിനിമയിൽ ഒരുപാട്  സിനിമാഗാനങ്ങളുടെ പിന്നണിയിൽ പ്രവർത്തിച്ചു. എനിക്കു കൂടുതൽ ബന്ധങ്ങൾ ഉള്ളതും കന്നഡ സിനിമയിലാണ്. അവിടെ നിന്നും സ്വതന്ത്ര സംഗീതസംവിധാനത്തിനു കൂടുതൽ അവസരങ്ങൾ ലഭിച്ചു. ഈ വർഷം ഏപ്രിലിൽ പുറത്തിറങ്ങിയ ‘വീരം’ എന്ന കന്നഡ സിനിമയുടെ പശ്ചാത്തല സംഗീതം ചെയ്തത് ഞാനാണ്. സംഗീതാസ്വാദകരുടെ അഭിനന്ദനങ്ങൾ ഒരുപാട് കിട്ടിയ വർക്ക് ആയിരുന്നു അത്. മറ്റു ചില ചിത്രങ്ങളുടെ ജോലികൾ പുരോഗമിക്കുകയാണിപ്പോൾ. 

 

ആസിഫ് അലിയുടെ ‘എ രഞ്ജിത്ത് സിനിമ’

 

'എ രഞ്ജിത്ത് സിനിമ' എന്ന ചിത്രത്തിനു വേണ്ടി സംഗീതം ചെയ്യാനുള്ള അവസരം മാതൃഭാഷയിൽ നിന്നു ലഭിച്ച അംഗീകാരമായി കാണുന്നു. നിഷാന്ത് സാറ്റു ആണ് അതിന്റെ സംവിധായകൻ. റഫീഖ് അഹമ്മദും അജീഷ് ദാസനും ചേര്‍ന്നു പാട്ടുകൾക്കു വരികൾ കുറിച്ചു. ചിത്രത്തിനു വേണ്ടി സംഗീതം ചിട്ടപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് ഞാനിപ്പോൾ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com