ADVERTISEMENT

∙ മലയാള സിനിമാ സംഗീത ലോകത്ത് ബ്രാൻഡ് ആയി മാറിയ പേരാണ് എം.ജയചന്ദ്രൻ. വർഷങ്ങളായി പുരസ്കാരത്തിളക്കത്തിൽ ആ ബ്രാൻഡ് ഇല്ലാതെ പോയിട്ടില്ല. മികച്ച സംഗീത സംവിധായകൻ, ഗായകൻ, ഗായിക ഇങ്ങനെ ഏതെങ്കിലും പുരസ്കാരത്തിൽ ജയചന്ദ്രന്റെ കയ്യൊപ്പ് പതിഞ്ഞിരിക്കും. ലോബികളില്ലാതെ സ്വന്തം ലേബലിൽ വളർന്ന കരിയറിനെ കുറിച്ചും സംഗീതത്തെ കുറിച്ചും വിവാദങ്ങളെ കുറിച്ചും ജയചന്ദ്രൻ.... 

 

സിനിമയിലും സംഗീതത്തിലും വിപ്ലവം സംഭവിച്ച കഴി‍ഞ്ഞ കാൽനൂറ്റാണ്ടിനിടെ മലയാളത്തിൽ ഏറ്റവും അധികം ഹിറ്റുകൾ ഒരുക്കിയ സംഗീത സംവിധായകനാണ് എം.ജയചന്ദ്രൻ. മികവൊത്ത ആ സംഗീത സപര്യക്കുള്ള അംഗീകാരമായി തേടിയെത്തിയത് 11 സംസ്ഥാന സിനിമാ അവാർഡുകളും ഒരു ദേശീയ അവാർഡും. മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം കഴിഞ്ഞ രണ്ടു വർഷമുൾപ്പടെ 9 തവണ. മികച്ച ഗായകനും പശ്ചാത്തല സംഗീതത്തിനുമുള്ള പുരസ്കാരങ്ങളും ഓരോ തവണ നേടിയതോടെ സംഗീതത്തിലെ മൂന്നു വിഭാഗങ്ങളിലും സംസ്ഥാന പുരസ്കാരമെന്ന അപൂർവ നേട്ടവും സ്വന്തം. അദ്ദേഹത്തിന്റെ പാട്ടുകളിലൂടെ 12 ഗായകരെ തേടിയെത്തിയത് 16 ഗായക പുരസ്കാരങ്ങൾ. മെട്രോ മനോരമയുടെ ‘വാർത്തമാനം’ സംവാദത്തിൽ സംഗീതം മുതൽ നേരിട്ട ആരോപണങ്ങൾ വരെയുളള വിഷയങ്ങളിൽ ജയചന്ദ്രൻ നിലപാട് വ്യക്തമാക്കുന്നു. 

 

ഒറ്റയാൻ, ലോബികളിലില്ല 

 

ഇലക്ട്രിക്കൽ എൻജീനയർമാരുടെ ഒരു കുടുംബമാണ് ഞങ്ങളുടേത്. എൻജിനീയറിങ് കഴിഞ്ഞ് ജോലി ചെയ്യവേ അതു രാജിവച്ചാണ് അനാവശ്യമായ ആത്മവിശ്വാസത്തോടെ സംഗീത സംവിധാനത്തിലേക്ക് എടുത്തു ചാടിയത്. സീരിയലൊക്കെയായിരുന്നു ആദ്യം. തിരക്കഥാകൃത്തായ അലക്സ് കടവിൽ ആണ് സിനിമയിൽ അവസരങ്ങൾക്കായി ഏറെ സഹായിച്ചത്. ചില സംവിധായകരും സഹായിച്ചിട്ടുണ്ട്. ഒരു കാരണവശാലും ഞാൻ മുന്നോട്ടു വരരുത് എന്നു നിലപാടെടുത്ത വലിയ ആളുകളുമുണ്ട്. കാരണം അറിയില്ല. ഈഗോയായിരിക്കും. എല്ലാം തങ്ങളുടെ കാൽക്കീഴിലായിരിക്കണം എന്നു കരുതുന്ന മാടമ്പി സ്വഭാവമുള്ളവരാണ്. പക്ഷേ അവരൊക്കെയാണ് എന്നെ നിലനിർത്തുന്നത്. അവരെന്നെ വെല്ലുവിളിക്കുന്നതുകൊണ്ടാണ് ഞാൻ സ്വയം വെല്ലുവിളിച്ച് മുന്നോട്ടു പോകുന്നത്. സിനിമയിൽ ഞാൻ ഒറ്റയ്ക്കു നിൽക്കുന്ന ആളാണ്. ഒരു ലോബിയുടെയും ഭാഗമല്ല. എനിക്കു വേണ്ടി ശുപാർശ ചെയ്യാൻ ആരുമുണ്ടായിട്ടില്ല. 

 

സ്വപ്നത്തിലും സംഗീതം

 

എം.ബി.ശ്രീനിവാസൻ സാറിനും ദേവരാജൻ മാഷിനുമൊപ്പമുള്ള കാലമാണ് വലിയ പാഠമായത്. അസാധാരണത്വമുള്ള സംഗീതമായിരുന്നു എംബിഎസിന്റേത്. ഭാഷയിലേക്ക് എങ്ങനെ സംഗീതം മനോഹരമായി സമന്വയിപ്പിക്കാം എന്നു പഠിപ്പിച്ചത് ദേവരാജൻ മാഷാണ്. അദ്ദേഹത്തിന്റെ തത്വം ലളിതമായിരുന്നു. ഒരു സിനിമ കണ്ട് പുറത്തേക്കു പോകുന്ന ആളുകൾ ആ സിനിമയിലെ ഒരു പാട്ടെങ്കിലും പാടിക്കൊണ്ട് പോകണം എന്നതായിരുന്നു അത്. അങ്ങനെയുള്ള ഈണങ്ങൾ കണ്ടെത്താൻ ഒരു വഴിയും അദ്ദേഹത്തിനുണ്ടായിരുന്നു. ഒരു ഈണം തോന്നിയാൽ രണ്ട് ദിവസം കഴിഞ്ഞ് വീണ്ടും ഓർക്കാൻ കഴിയുമോ എന്നു നോക്കും. കഴിയുന്നുണ്ടെങ്കിൽ അത് ശ്രദ്ധിക്കപ്പെടും എന്നാണ് പറയുക. ഒഎൻവി സാറെഴുതിയ ‘ഹൃദയത്തിൻ മധുപാത്രം...’ എന്ന ഗാനത്തിന് ഈണം പകർന്നത് ദേവരാജൻ മാഷിന്റെ ശൈലിയിലാണ്. പെരുമഴക്കാലത്തിലെ രാക്കിളിതൻ... എംബിഎസ് ശൈലിയിൽ ഒരുക്കാൻ ശ്രമിച്ച പാട്ടാണ്. 

ഹാർമോണിയമോ കീബോർ‍ഡോ അടക്കമുള്ള ഉപകരണങ്ങൾ വച്ചു ഞാൻ സംഗീതം ചെയ്യാറില്ല. അതിൽ കൃത്രിമമത്വമുണ്ടെന്നാണ് കാഴ്ചപ്പാട്. ഒരു സന്ദർഭം കിട്ടിയാൽ സംഗീതം ഉള്ളിൽ നിന്നു വരണം. പക്ഷേ അത് എവിടെ നിന്നെന്നറിയില്ല. ജീവിതാനുഭവങ്ങളും അതിൽ പ്രധാനമാണ്. എന്റെ മൊബൈലിൽ 5000 ട്യൂണെങ്കിലും ഉണ്ടാകും. പലപ്പോഴായി തോന്നിയപ്പോൾ റെക്കോർഡ് ചെയ്തു വച്ചവയാണ്. പക്ഷേ കൊള്ളാവുന്നത് 50 എണ്ണം മാത്രമാകും. ഉറക്കത്തിൽ നിന്നെഴുന്നേറ്റ് ഈണങ്ങൾ റെക്കോർഡ് ചെയ്യാറുണ്ട്. ‘ഓ സൈനബ...’ എന്ന പാട്ടിന്റെ ഈണം അങ്ങനെ രാത്രി ഒരു മണിക്ക് കിട്ടിയതാണ്. സ്വപ്നത്തിൽ നിന്നും പാട്ടുകൾ ഉണ്ടായിട്ടുണ്ട്. 

 

മാറിയ ഈണം 

 

ഇഷ്ടപ്പെട്ട ഈണങ്ങൾ ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്. അതിന്റെ പേരിൽ അസ്വാരസ്യങ്ങളും ഉണ്ടായിട്ടുണ്ട്. ബാലേട്ടനിലെ ‘ഇന്നലെ എന്റെ നെഞ്ചിലെ...’ എന്ന പാട്ടിന് ആദ്യം ഞാനിട്ടത് മറ്റൊരു ഈണമായിരുന്നു. ലാലേട്ടനും വി.എം.വിനു സാറിനും അത് ഇഷ്ടപ്പെട്ടെങ്കിലും നിർമാതാവ് അരോമ മണി സാറിന് മറ്റൊരു അഭിപ്രായമായിരുന്നു. നല്ല ഈണമാണെങ്കിലും ആൾക്കാൾ പാടി നടക്കില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. അത് ശരിയാണെന്നു തോന്നി. അങ്ങനെ പെട്ടെന്നാണ് ഇപ്പോഴത്തെ ഈണം ഉണ്ടായത്. ഉപേക്ഷിച്ച ഈണം പിന്നീട് മറ്റൊരു സിനിമയിലെ പാട്ടിന് ഉപയോഗിച്ചു. അതും ഹിറ്റായിരുന്നു. 

സിനിമയിൽ സംവിധായകനുമായുള്ള സഹിഷ്ണുതയാണ് പ്രധാനം. സിനിമയ്ക്കു മുകളിലല്ല സംഗീത സംവിധായകൻ. ഒഎൻവി സാറിന്റെയൊക്കെ ചില പാട്ടൊഴികെ എല്ലാം ഈണം ഇട്ട ശേഷമാണ് എഴുതിയിട്ടുള്ളത്. ഈണത്തിനൊപ്പം പാട്ടിന്റെ ആദ്യ വാക്കും വരികളും കൂടി അറിയാതെ വന്നുപോയിട്ടുള്ള അനുഭവങ്ങളും പലതുണ്ട്. ‘കല്ലായി കടവത്തെ..., മണിക്കുയിലേ..., കാത്തിരുന്നു, കാത്തിരുന്നു..., ഒളിച്ചിരുന്നേ..., വാനവില്ലേ... എന്നീ പാട്ടുകളുടെയൊക്ക ആദ്യ വാക്ക് ഈണത്തിനൊപ്പം വന്നു ഞാൻ സംഭാവന ചെയ്തവയാണ്. 

 

ഒഴിവാക്കലുകളുടെ അസ്വാരസ്യം 

 

ഞാൻ പാടുന്നത് എനിക്ക് ഇഷ്ടപ്പെടാറില്ല. സംവിധായകർ നിർബന്ധിക്കുമ്പോഴാണ് പാടാൻ സമ്മതിക്കാറുള്ളത്. രാക്കിളിതൻ... എന്ന ഗാനം ഹരിഹരൻ സാറിനെക്കൊണ്ട് പാടിക്കാൻ ഉദ്ദേശിച്ചു ട്രാക്ക് പാടിയതാണ്. പക്ഷേ കമൽ സർ അത് മതിയെന്ന നിലപാടെടുത്തു. എനിക്ക് മികച്ച ഗായകനുള്ള അവാർഡ് ലഭിച്ച നോട്ടത്തിലെ ‘മെല്ലെ..’ ട്രാക്ക് പാടിയതാണ്. അത് ജയേട്ടനെ (പി.ജയചന്ദ്രൻ) കൊണ്ടു പാടിച്ച് റെക്കോർഡ് ചെയ്തിരുന്നു. പക്ഷേ സംവിധായകൻ ശശി പറവൂർ സർ സിനിമയിൽ ഞാൻ പാടിയതു മതിയെന്നും ഇല്ലെങ്കിൽ ആ പാട്ടു തന്നെ വേണ്ടെന്നും നിലപാട് എടുത്തതോടെ ത്രിശങ്കു സ്വർഗത്തിലായി. ഇതിനെക്കുറിച്ച് ജയേട്ടന്റെ പുസ്കത്തിൽ അദ്ദേഹത്തിന്റെ പാട്ട് ഞാൻ കൊണ്ടുപോയെന്ന് എഴുതിയിട്ടുണ്ട്. യഥാർഥ വസ്തുത ഇതാണ്. പാട്ട് മാറ്റുന്നത് ജയേട്ടനോട് സംസാരിച്ചിട്ടില്ല. 

 

ഞാൻ ചെയ്ത പാട്ടുകൾ ഇഷ്ടപ്പെടാതെ ഒഴിവാക്കിയിട്ടുണ്ട്. മറ്റുള്ളവർ ചെയ്തത് ഇഷ്ടപ്പെടാതെ എന്നെ തേടിയും അവസരങ്ങൾ വന്നിട്ടുണ്ട്. പാട്ടിൽ ഒരു ഉപകരണം ഉപയോഗിക്കും പോലെ തന്നെയാണ് ഗായക ശബ്ദവും. പ്രധാന ഉപകരണം എന്നു പറയാം. അതു കൃത്യമായി ചേർന്നില്ലെങ്കിൽ മാറ്റിവയ്ക്കാം. അത് ലെജൻഡ് ആണോ പുതിയ ആളാണോ എന്നു നോക്കാൻ പറ്റില്ല. മഹാനായൊരു പാട്ടുകാരൻ പാടിയ പാട്ട് സിനിമയ്ക്ക് ഉപയോഗിക്കേണ്ടെന്നു തീരുമാനിച്ചിട്ടുണ്ട്. എന്റെ സ്വന്തം ചെലവിൽ മറ്റൊരു പാട്ടുകാരനെക്കൊണ്ട് പാടിയാണ് ഉപയോഗിച്ചത്. 

 

അതിൽ വിട്ടുവീഴ്ചയില്ല

 

ആരെക്കൊണ്ട് പാടിക്കണമെന്ന തീരുമാനം എനിക്കു തന്നെ ലഭിക്കാറുണ്ട് എന്നതൊരു ഭാഗ്യമാണ്. ഇത്രയധികം പുതിയ പാട്ടുകാർക്ക് അവസരം നൽകാനായത് അതുകൊണ്ടാണ്. പക്ഷേ ഞാൻ ഉദ്ദേശിക്കുന്ന രീതിയിൽ തന്നെ പാടണമെന്ന നിർബന്ധമുണ്ട്. അതിൽ വിട്ടുവീഴ്ചയില്ല. പക്ഷേ യേശുദാസ് സാറും ചിത്ര ചേച്ചിയും സുജാത ചേച്ചിയും ശങ്കർ മഹാദേവനുമെല്ലാം പാടുമ്പോൾ നമ്മൾ മനസ്സിൽ കരുതുന്നതിനപ്പുറമുള്ള ഒരു സ്പർശവും ഭാവവും കിട്ടാറുണ്ട്. അത് അങ്ങനെ ഉപയോഗിക്കും. പാട്ടുകാർ നമ്മുടെ ട്രാക്കിലായിരിക്കണം. അതിന്റ പേരിൽ അസ്വാരസ്യങ്ങളും ഉണ്ടായിട്ടുണ്ട്. ദൂരദർശനു വേണ്ടി ചെയ്ത ‘സ്മൃതിതൻ ചിറകിലേറി..’ എന്ന ലളിഗഗാനം റെക്കോർ‍ഡ് ചെയ്യുമ്പോൾ ഞാൻ പറ‍ഞ്ഞ ഒരു നിർദേശം ഇഷ്ടപ്പെടാതെ ജയേട്ടൻ (പി.ജയചന്ദ്രൻ) ഇറങ്ങിപ്പോയിട്ടുണ്ട്. പിന്നീട് വന്നു മനോഹരമായി പാടുകയും ചെയ്തു. അദ്ദേഹം കൊച്ചുകുട്ടിയെപ്പോലെയാണ്. പെട്ടെന്നു പിണങ്ങും. പക്ഷേ ശുദ്ധനാണ്. വേറെ അജൻഡയൊന്നുമില്ല. ഇഷ്ടമില്ലാത്ത കാര്യങ്ങൾ വരുമ്പോൾ പ്രതികരിക്കും. പിണക്കങ്ങളിലൂടെയാണ് ഞങ്ങൾ പല പാട്ടുകളും റെക്കോർഡ് ചെയ്തെടുത്തിട്ടുള്ളത്. 

 

ഇത്തവണ മൃദുല വാരിയർക്ക് മികച്ച ഗായികയ്ക്കുള്ള അവാർഡ് ലഭിച്ച 19–ാം നൂറ്റാണ്ടിലെ പാട്ട് റെക്കോർഡിങ്ങിനിടെ പാടാൻ കഴിയില്ലെന്ന് പറ‍ഞ്ഞതാണ്. ഹൈപിച്ചൊക്കെയുള്ള പാട്ടാണ്. അവളുടെ ടാലന്റ് അവൾക്ക് തന്നെ അറിയില്ല എന്നു തോന്നി. ഏറെ സംസാരിച്ചും പല അനുഭവങ്ങളുമെല്ലാം പങ്കുവച്ചുമാണ് വീണ്ടും പാടിച്ചത്. അതിന് അവാർഡ് കിട്ടിയപ്പോൾ എനിക്ക് കിട്ടിയ അവാർഡുകളെക്കാൾ അഭിമാനം തോന്നി. വ്യത്യസ്ത സ്വരങ്ങൾ പരീക്ഷിക്കാൻ ശ്രമിക്കാറുണ്ട്. സെല്ലുലോയ്ഡിലെ ‘കാറ്റേ..കാറ്റേ...’ എന്ന പാട്ട് വിജയലക്ഷ്മിയെക്കൊണ്ട് പാടിച്ചതായിരുന്നു അതിനു തുടക്കം. അതേ സിനിമയിലെ ‘ഏനുണ്ടോടി...’ എന്ന പാട്ട് അറിയപ്പെടുന്ന 3 പാട്ടുകാരെക്കൊണ്ട് പാടിച്ചതാണ്. സിത്താര പാടിയതാണ് കഥാപാത്രത്തിന് കൂടുതൽ അനുയോജ്യമായി തോന്നി ഉപയോഗിച്ചത്. 

 

ശ്രേയയ്ക്കുണ്ട് പ്രത്യേകത

 

ശ്രേയാ ഘോഷാലിനെക്കൊണ്ട് കുറേയേറെ പാട്ടുകൾ പാടിച്ചത് സംഗീതപരമായ നല്ലൊരു രസതന്ത്രം ഉള്ളതുകൊണ്ടാണ്. ഗംഭീര ആർട്ടിസ്റ്റാണ്. പാട്ടിന്റെ ആത്മാവ് വിവരിക്കാതെ തന്നെ മനസ്സിലാക്കും. നമ്മൾ പ്രതീക്ഷിക്കുന്നതെന്തെന്ന് നോട്ടം കൊണ്ടു മനസ്സിലാക്കും. പെർഫെക്റ്റായി ക്ഷമയോടെ എത്ര തവണ മാറ്റി പാടാനും മടിയുമില്ല. ‘പാട്ടിൽ.. ഈ പാട്ടിൽ...’ എന്ന ഗാനം ഉച്ചാരണം ശരിയാക്കാനായി 6 മണിക്കൂർ എടുത്താണ് റെക്കോർഡ് ചെയ്തത്. അപ്പോൾ ഞാൻ അവരുടെ മലയാളം സാറായി മാറും. 

 

ഇഷ്ടപ്പെട്ട പുതുനിര 

 

സിനിമയിൽ പുതിയ ആളുകൾ വരേണ്ടത് വളരെ പ്രധാനമാണ്. തനിക്ക് ശേഷം പ്രളയം എന്നൊരു അവസ്ഥ ഒരു മേഖലയിലുമില്ല. പുതിയ ആളുകൾക്ക് പുതിയ ചിന്തയുണ്ട്. അത് ആളുകൾ അംഗീകരിക്കുന്നുമുണ്ട്. അവരോടൊപ്പം പുതിയ ചിന്തകൾ കൊണ്ടു വരുമ്പോൾ എനിക്കും സ്ഥാനമുണ്ടാകും. ഇപ്പോഴത്തെ പാട്ടുകൾ നിലനിൽക്കാത്തതിന് അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. സിനിമയിൽ ഗ്രാമർ മാറിയതോടെ പാട്ടിന്റെ അവസ്ഥയും മാറി. 

പുതിയ സംഗീത സംവിധായകരിൽ ജസ്റ്റിൻ വർഗീസ്, വിഷ്ണു വിജയ്, സുഷിൻ ശ്യാം, ജെയ്ക്സ് ബിജോയ് എന്നിവരെയൊക്കെ ഇഷ്ടമാണ്. 

ജസ്റ്റിൻ ഒരുക്കിയ ‘ജാതിക്കാ തോട്ടം...’ ഒറ്റ കേൾവിയിൽ തന്നെ ഏറെ ഇഷ്ടം തോന്നിയ പാട്ടാണ്. വിഷ്ണുവിന്റെ ‘ആരാധികേ..’. സുലേഖ മൻസിലിലെ മാപ്പിള പാട്ട് എന്നിവയൊക്കെ അതി മനോഹരം. 

 

പ്രിയ ഗാനം 

 

ഏറ്റവും കൂടുതൽ കേട്ടിട്ടുള്ള ഗാനം രവീന്ദ്രൻ മാഷ് ഈണമിട്ട തേനും വയമ്പുമാണ്. ഏറെക്കാലം എന്റെ ഫോണിലെ റിങ് ടോൺ അതായിരുന്നു. ബാബുരാജിന്റെ ‘പാതിരാവായില്ല പൗർണമി പെണ്ണിന്’ എന്ന പാട്ടിനോടും വലിയ ഇഷ്ടമാണ്. ആയിരക്കണക്കിന് തവണ കേട്ടിട്ടുണ്ട്. 

ദേവരാജൻ മാഷിന്റെ ‘തൊട്ടേനെ ഞാൻ മനസു കൊണ്ട് കെട്ടിപ്പിടിച്ചേനെ...’, രാഘവൻ മാഷിന്റെ ‘മാനത്തെ മഴമുകിൽ മാലകളേ...’ എന്നിവയും പ്രിയപ്പെട്ട പാട്ടുകളാണ്. എന്റെ പാട്ടുകളിൽ ഭാര്യ പ്രിയക്ക് ഏറ്റവും ഇഷ്ടം ഹൃദയത്തിൻ മധുപാത്രം, പാട്ടിൽ ഈ പാട്ടിൽ...എന്നിവയാണ്. എംബിഎസ് ക്വയറിൽ ഒരുമിച്ച് പാടാൻ വന്നപ്പോഴാണ് ഞങ്ങൾ കണ്ടുമുട്ടിയതും പിന്നീട് ഇഷ്ടപ്പെട്ടു വിവാഹം കഴിച്ചതും. 

 

കിട്ടാത്ത അവാർഡ് 

 

ഇത്തവണ ആയിഷയിലെ പശ്ചാത്തല സംഗീതത്തിന് അവാർഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇന്ത്യൻ സിനിമയിൽ തന്നെ ഇത്രയും ആധികാരികമായ ഇന്ത്യൻ–അറബിക് സംഗീതം സംഗമിക്കുന്ന മറ്റൊരു വർക്ക് ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. സിനിമയിൽ ക്ലൈമാക്സിനോട് അടുപ്പിച്ച് ആറേകാൽ മിനിറ്റുള്ളൊരു നാടകമാണ്. ഡയലോഗ് ഇല്ല. പശ്ചാത്തല സംഗീതത്തിലൂടെയാണ് അവിടെ സിനിമ നീങ്ങുന്നത്. എന്നാൽ സിനിമ കാണുമ്പോൾ അതു തോന്നാനും പാടില്ല. സിനിമ കണ്ട ആരും ആ ഭാഗത്തെ സംഗീത സംവിധാനത്തെക്കുറിച്ച് എന്നോട് സംസാരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ അതൊരു വലിയ വിജയം ആണെന്നു കരുതുന്നു. 10 ദിവസമാണ് അതിനു വേണ്ടി മാത്രം ഇരുന്നത്. ഇസ്താംബൂളിലേയും പ്രാഗിലെയുമെല്ലാം തനത് സംഗീതം അവിടെ തന്നെ റെക്കോർഡ് ചെയ്യുകയായിരുന്നു. ആറ് മാസത്തോളം എടുത്ത വർക്കാണത്. പ്രതിഫലം നോക്കിയല്ല അത് ചെയ്തത്. ഒമാനിലെ രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച പശ്ചാത്തല സംഗീതതത്തിനുള്ള പുരസ്കാരം ലഭിച്ചിരുന്നു. പശ്ചാത്തല സംഗീതം ചെയ്തതിൽ കഥ പറയുമ്പോൾ എന്ന സിനിമയും സ്പെഷലാണ്. അതിലെ ക്ലൈമാക്സിൽ മമ്മൂട്ടി സാറിന്റെ പ്രസംഗത്തിന് ഇപ്പോഴുള്ളതിന്റെ ഇരട്ടി നീളമുണ്ടായിരുന്നു. മ്യൂസിക് ചെയ്തപ്പോൾ കുറച്ച് നീളം കൂടിയില്ലേ എന്നു തോന്നി. ശ്രീനിവാസൻ സാറിനോട് ആ അഭിപ്രായം പറ‍ഞ്ഞതിനെ തുടർന്നാണ് അത് ചുരുക്കിയത്. 

 

അവർ പറഞ്ഞതു കള്ളം 

 

ഗാനരചതിയാവ് ബി.ആർ.പ്രസാദിന്റെ അവസരങ്ങൾ ഞാൻ ഇല്ലാതാക്കിയെന്ന് രാജീവ് ആലുങ്കൽ പ്രസംഗിച്ചത് പച്ചക്കള്ളമാണ്. ഞാനും ബി.ആർ.പ്രസാദും തമ്മിൽ 4 സിനിമയാണ് ചെയ്തിട്ടുള്ളത്. അടുത്ത ബന്ധമായിരുന്നു. എഴുത്തുകാരുമായി അഭിപ്രായ വ്യത്യാസമുണ്ടാകുന്നത് സ്വാഭാവികമാണെങ്കിലും ബിആറുമായി അതുപോലും ഉണ്ടായിട്ടില്ല. ഒരു നിമിഷത്തെ കയ്യടിക്കു വേണ്ടി രാജീവ് അങ്ങനെ പറയരുതായിരുന്നു. അതു കേട്ടാൽ മലയാള സിനിമയിലെ എല്ലാ പാട്ടിനും സംഗീതം നൽകുന്നതും എഴുത്തുകാരെ തീരുമാനിക്കുന്നതും ഞാനാണെന്നു തോന്നും. രാജീവിന് കൂടുതൽ അവസരം നൽകിയതു ഞാനാണ്. കൂടെക്കൂട്ടിയ ഏട്ടനെ പിന്നിൽ നിന്നു തൊഴിക്കുന്ന പോലെ വൃത്തികെട്ട പരിപാടിയായിപ്പോയി. 

 

19–ാം നൂറ്റാണ്ടിൽ പന്തളം ബാലൻ പാടിയ പാട്ട് സിനിമയിൽ ഉപയോഗിക്കാത്തതിന്റെ പേരിലും ഏറെ പഴികേട്ടു. ദേവരാജൻ മാഷിന്റെ ക്വയറിലുള്ള കാലം മുതൽ ബാലനുമായി അടുത്ത ബന്ധമാണ്. നല്ല പാട്ടുകാരനായ ബാലന് ഒരു അവസരം കൊടുക്കാൻ പറ്റിയില്ലെന്നത് വലിയ വിഷമമമായിരുന്നു. അങ്ങനെയാണ് 19–ാം നൂറ്റാണ്ടിൽ ഒരു അവസരം വന്നപ്പോൾ സംവിധായകൻ വിനയൻ സാറിന്റെ അനുമതിയോടെ ബാലനെ പാടാൻ വിളിച്ചത്. എറണാകുളത്ത് റെക്കോർഡിങ് സ്റ്റുഡിയോയിൽ രാവിലെ 10 മുതൽ രാത്രി 10 വരെ ബാലനൊപ്പം ഞാനുമുണ്ടായിരുന്നു. അസലായി പാടുകയും ചെയ്തു. ഒരു മാസം കഴിഞ്ഞ് ഒരു ഭൂതപ്പാട്ട് കൂടി വേണമെന്ന് വിനയൻ സർ പറ‍ഞ്ഞപ്പോൾ അതും ചെയ്തു കൊടുത്തു. ഭൂതപ്പാട്ട് വന്നപ്പോൾ സ്ക്രിപ്റ്റിൽ അതിനടുത്തായി വരുന്ന ബാലൻ പാടിയ പാട്ടിന് സ്ഥാനം ഇല്ലെന്നു കണ്ട് വിനയൻ സർ അത് ഒഴിവാക്കാൻ തീരുമാനിക്കുന്നു. അത് ആരോടുമുള്ള വിരോധം കൊണ്ടല്ല. ഞാൻ താലോലിച്ച് ഉണ്ടാക്കിയ പാട്ട് ഒഴിവാക്കിയതിൽ എനിക്കും വിഷമമുണ്ടാവില്ലേ. പക്ഷേ ജാതീയമായ ചിന്തകൊണ്ടാണ് പാട്ട് ഒഴിവാക്കിയതെന്നു ബാലൻ പറഞ്ഞത് ഏറെ വേദനിപ്പിച്ചു. അങ്ങനെയൊരു ഭേദചിന്ത ഒരിക്കലും ഉണ്ടായിട്ടില്ല. അസത്യം പറയുന്നവരുമായി ബന്ധം തുടരാൻ എനിക്കു താൽപര്യമില്ല. അതിനാൽ അങ്ങനെയുള്ളവരുടെ നമ്പർ ബ്ലോക്ക് ചെയ്യും. വെറുതെ സംസാരിച്ച് തർക്കിക്കേണ്ടല്ലോ.

 

ശ്യാമപ്രസാദ് സാറിന്റെ അകലെക്കായി ഞാൻ ചെയ്ത 9 പാട്ടും സിനിമയിലുണ്ടായിരുന്നില്ല. ഞാൻ സംഗീത സംവിധാനം നിർവഹിച്ച രണ്ടാമത്തെ സിനിമയായ രജപുത്രനിൽ യേശുദാസ് സാറിനെക്കൊണ്ട് ആദ്യമായി പാടിച്ച ‘നിറവാവോ’ എന്ന പാട്ടും സിനിമയിൽ ഉപയോഗിച്ചിട്ടില്ല. ദാസ് സാറിന്റെ സമയത്തിനായി ഒരു മാസത്തോളം, പല ദിവസവും ഒരു നേരത്തെ ഭക്ഷണം മാത്രം കഴിച്ച് ചെന്നൈയിൽ താമസിച്ച് റെക്കോർഡ് ചെയത പാട്ടാണ്. അടുത്തിടെ ചെയ്ത ‘മേരി ആവാസ് സുനോ..’ എന്ന സിനിമയിലെ പാട്ടാകട്ടെ പശ്ചാത്തല സംഗീതം പോലെ ഡയലോഗിനൊപ്പമാണ് ഉപയോഗിച്ചിരിക്കുന്നത്. സംവിധായകന് അതാണ് വേണ്ടത്. ഇതെല്ലാം സിനിമയിൽ സ്വാഭാവികമാണ്.

 

English Summary: Interview with music director M Jayachandran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com