ADVERTISEMENT

‘നീയാണെന്നാകാശം

നോവുമ്പോഴും 

ആത്മാവിന്നാനന്ദം

തൂവുമ്പോഴും....’

‘കാതൽ’ കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ മനസ്സിൽ ഒരു നോവായി നിറയുകയാണ് കടൽ കടന്നെത്തുന്ന ഈ വരികൾ. മമ്മൂട്ടി അവതരിപ്പിച്ച മാത്യു ദേവസിയുടെയും ജ്യോതിക അവതരിപ്പിച്ച ഓമനയുടെയും ഉൾപ്പെരുക്കങ്ങളെയും അവർക്കിടയിലെ അദൃശ്യമായ ചേർത്തുപിടിക്കലിനെയും പരിഭാഷപ്പെടുത്തുന്നുണ്ട് ഈ വരികൾ. 

‘കാതൽ’ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുമ്പോൾ കാതങ്ങൾക്ക് അപ്പുറത്തിരുന്ന് ആഹ്ലാദം പങ്കിടുകയാണ് ഈ വരികളുടെ ഉടമ. പാട്ടെഴുത്തുകാരികൾ വിരളമായ മലയാള സിനിമ ലോകത്ത് ജിയോ ബേബി പരിചയപ്പെടുത്തുന്ന നവാഗതയുടെ പേര് ജാക്വിലിൻ മാത്യു. ആകസ്മികമായി എഴുത്തു വഴിയിലേക്ക് എത്തിയ ജാക്വിലിന്റെ സിനിമ പ്രവേശനവും അപ്രതീക്ഷിതമായിരുന്നു. ഇഷ്ട കവി അൻവർ അലിക്കൊപ്പം ടൈറ്റിൽ കാർഡിൽ ഇടംപിടിക്കുമ്പോൾ ജാക്വിലിന്റെ ആത്മാവിന്നാനന്ദം ആകാശംമുട്ടെ. ‘മെർലിൻ മൺറോ’ എന്ന ഇതിഹാസത്തിന്റെ യഥാർഥ പേരായ ‘നോർമ ജീൻ’ എന്ന പേര് കടമെടുത്ത് എഴുതി തുടങ്ങിയ ജാക്വിലിൻ മാത്യു കാനഡയിലിരുന്നു. തന്റെ എഴുത്തുവഴികളെക്കുറിച്ച് വാചാലയാകുന്നു. 

ഫെയ്സ്ബുക് ഗ്രൂപ്പുകളിൽ നിന്ന് അവിചാരിതമായി പിറന്ന കവി 

വളരെ ആകസ്മികമായി എഴുത്തിലേക്ക് വന്നുപെട്ട ആളാണ് ഞാൻ. സ്കൂൾ-കോളജ് കാലഘട്ടത്തിലൊന്നും ഞാൻ കാര്യമായി എഴുതുയിട്ടുമില്ല, ഒരു എഴുത്ത് മത്സരത്തിൽ പോലും പങ്കെടുത്തിട്ടുമില്ല. പറയത്തക്ക വായനയൊന്നും അന്നും ഇന്നും ഇല്ല. എന്റെ വീട്ടിലോ എന്റെ ജീവിതപരിസരങ്ങളിലോ എഴുത്തിനെ സ്വാധീനിക്കുന്നതോ പ്രചോദിപ്പിക്കുന്നതോ ആയ ഒന്നും ഉണ്ടായിരുന്നില്ലതാനും. എൻജിനീയറിങ് പഠനകാലത്തിന്റെ അവസാന ഘട്ടത്തിൽ വായിച്ചു തുടങ്ങിയ ചില പുസ്തകങ്ങളാണ് എഴുത്തിലേക്കുള്ള എന്റെ ആദ്യത്തെ ദിശാസൂചികൾ. നന്ദിതയുടെയും ഫാ.ബോബി ജോസ് കട്ടിക്കാടിന്റെയും പുസ്തകങ്ങൾ വായിച്ചു തുടങ്ങുന്നത് ആ കാലഘട്ടത്തിലാണ്. ഫെയ്സ്ബുക്കിൽ കവിതാ ഗ്രൂപ്പുകൾ സജീവമായി തുടങ്ങിയ കാലം കൂടിയായിരുന്നു അത്. നന്ദിതയുടെ കവിതകളുടെ ഒരു ഗ്രൂപ്പൊക്കെ ഉണ്ടായിരുന്നു അന്ന്. അവിടെയാണ് ആദ്യമായി കവിതകൾ എഴുതി തുടങ്ങിയത്. അത് ആളുകൾ വായിക്കുകയും പങ്കുവയ്ക്കുകയുമൊക്കെ ചെയ്യുമായിരുന്നു. ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ അവയൊന്നും അത്ര മെച്ചപ്പെട്ട രചനകളായി എനിക്ക് അനുഭവപ്പെടുന്നില്ല. എന്നിരുന്നാലും എഴുത്തിന്റെ ഒരു പുതിയ വഴി എനിക്ക് മുന്നിൽ തുറക്കപ്പെടുകയായിരുന്നു അവിടെ. 

jaqueline2
ജാക്വിലിൻ മാത്യു

ഹൈക്കു കവിതകളുടെ ഒരു ഗ്രൂപ്പ് ഉണ്ടായിരുന്നു. ഞാൻ ആദ്യം എഴുതി തുടങ്ങിയത് ഹൈക്കു കവിതകളായിരുന്നു. ആ ഗ്രൂപ്പ് വളരെ സജീവമായിരുന്നു. ഒരുപാട് ചേട്ടൻമാരും ചേച്ചിമാരുമൊക്കെ ആ ഗ്രൂപ്പിൽ എഴുതിയിരുന്നു. ആ ഗ്രൂപ്പിലെ കവിതകളൊക്കെ സമാഹരിച്ച് ഒരു പുസ്തകം പുറത്തിറക്കിയിട്ടുണ്ട്. ആ സമാഹരം ജപ്പാനിലെയൊരു മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. കൂടുതൽ പുസ്തകങ്ങൾ വായിച്ചു തുടങ്ങിയപ്പോൾ എഴുത്തിന്റെ ശൈലിയിലും മാറ്റങ്ങൾ വന്നു തുടങ്ങി. അക്കാലത്ത് തന്നെ ഞാനൊരു ബ്ലോഗ് തുടങ്ങിയിരുന്നു. ഞാൻ എഴുതുന്ന കവിതകളുടെ ഒരു ആർക്കൈവ് എന്ന ഉദ്ദേശ്യം കൂടി ഉണ്ടായിരുന്നു ബ്ലോഗ് തുടങ്ങുന്നതിനു പിന്നിൽ. 

വിശ്വാസത്തിനും ആത്മീയതയ്ക്കും ഇടയിലെ ആത്മ സംഘർങ്ങളുടെ ഭൂതകാലം 

ജീവിതത്തിന്റെ ഒരു ഘട്ടം വരെ ഞാനൊരു കടുത്ത മതവിശ്വാസിയായിരുന്നു. വിശ്വാസത്തിന്റെയും ആത്മീയതയുടെയും ഇടയിലുള്ള  ആത്മ സംഘർഷങ്ങളിലൂടെ കടന്നുപോയ ഒരു ഭൂതകാലം എനിക്കുണ്ട്. ആത്മീയത എന്നതിൽ ഒത്തിരി ആർഭാടങ്ങളൊന്നും വേണ്ടായെന്നും പുറമെയുള്ള പ്രകടനങ്ങളുടെ ആവശ്യമില്ലെന്നും അത് തികച്ചും വ്യക്തിപരമായ ഒന്നാണെന്നും തിരിച്ചറിയുന്നത് കോളജ് കാലഘട്ടത്തിനൊക്കെ ശേഷമാണ്. ഫാ.ബോബി ജോസിന്റെ പുസ്തകങ്ങളാണ് മത നിരപേക്ഷമായ ആത്മീയതയെക്കുറിച്ചുള്ള എന്റെ ചിന്തകൾക്കു കൂടുതൽ വെളിച്ചം പകർന്നു നൽകിയത്. ആ കാലഘട്ടത്തിൽ തന്നെ അദ്ദേഹത്തോട് വ്യക്തിപരമായി ഒരു ആത്മബന്ധം പുലർത്താനും കഴിഞ്ഞിരുന്നു. 

ബോബി അച്ചനെ ഒരു അടുത്ത സുഹൃത്തിനെ പോലെ കണ്ടിരുന്ന കുറച്ചു കൂട്ടുകാരുടെ ചെറിയ ഗ്രൂപ്പുണ്ടായിരുന്നു അന്ന് ഞങ്ങൾക്ക്. അദ്ദേഹം വഴി സമാന ചിന്തയുള്ള കൂറെ സുഹൃത്തുകളെ പരിചയപ്പെടാനും കഴിഞ്ഞിട്ടുണ്ട്. എന്തുകൊണ്ടോ അദ്ദേഹത്തിനു ഞാൻ എഴുതുന്ന കവിതകളൊക്കെ ഇഷ്ടമായിരുന്നു. എഴുത്തുകൾ പുസ്തകരൂപത്തിൽ ഇറക്കാൻ അദ്ദേഹം എപ്പോഴും നിർബന്ധിക്കുമായിരുന്നു. നാട്ടിൽ വെക്കേഷനു വന്ന സമയത്തും അദ്ദേഹം ഞാൻ പണ്ട് എഴുതിയ കവിതകളിലെ വരികൾ ഓർത്തെടുത്തു പറയുമ്പോൾ എനിക്ക് അത് വലിയ പ്രചോദനമായി തോന്നാറുണ്ട്. ഇപ്പോഴും എന്റെ എഴുത്തിനെ ഗൗരവമായിട്ട് കാണുന്ന ഒരു വ്യക്തിയല്ല ഞാൻ. 

jaqueline3
‘കാതൽ’ പോസ്റ്റർ, ജാക്വിലിൻ മാത്യു

ജാക്വിലിൻ മാത്യു നോർമ ജീനായ കഥ…

നോർമ ജീൻ എന്ന പേര് ഞാൻ തൂലികനാമമായി ഉപയോഗിച്ച് തുടങ്ങിയിട്ട് ഇപ്പോൾ ആറേഴു വർഷങ്ങളായിട്ടാകും. തുടക്കത്തിൽ മേരി ജാക്വിലിൻ എന്ന പേരിലാണ് ഞാൻ എഴുതി തുടങ്ങുന്നത്. അതിനു ശേഷം എന്റെ എഴുത്തുകൾക്ക് അൽപം സ്വീകാര്യതയൊക്കെ ലഭിച്ചു തുടങ്ങിയ സമയത്ത് ഞാൻ ഒരു പുസ്തകം വായിക്കാൻ ഇടയായി. പ്രശസ്തരായ വ്യക്തികളുടെ ആത്മഹത്യകളെക്കുറിച്ച് അൽപ്പം കാൽപ്പനികമായി എഴുതപ്പെട്ടൊരു പുസ്തകമായിരുന്നു അത്. കവിതകളും ചെറിയ കുറിപ്പുകളുമൊക്കെയുള്ളൊരു ബുക്കായിരുന്നു അത്. ആ പുസ്തകം വായിക്കുമ്പോഴാണ് ഞാൻ തിരിച്ചറിയുന്നത് മെർലിൻ മൺറോയുടെ യഥാർഥ നാമം നോർമ ജീൻ എന്നായിരുന്നു എന്ന്. മരിലിനോട് ഒരു ഇഷ്ടവും ആ പേരിനോടും ഒരു കൗതുകവും തോന്നി.

ആ സമയത്ത് ഞാൻ എഴുതിയൊരു കവിതയാണ് അഞ്ച് കാമുകൻമാർ. ഞാനെഴുതിയതിൽ എനിക്ക് തരക്കേടില്ല എന്ന് തോന്നുന്നതും പ്രിയപ്പെട്ടതുമായൊരു കവിതയാണ് അത്. ഒരുപാട് പേർ വായിച്ചിട്ട് നല്ലതെന്നും പറഞ്ഞൊരു കവിതയായിരുന്നു അത്. ആ കവിത ഞാൻ അവസാനിപ്പിക്കുന്നത് എന്റെ പേര് നോർമ എന്ന് പറഞ്ഞാണ്. അതിനു ശേഷമാണ് ഫെയ്സ്ബുക്കിൽ നോർമ ജീൻ എന്ന പുതിയ പ്രൊഫൈൽ തുടങ്ങുന്നത്. 

ആ പേരിനോടുള്ള കൗതുകവും ആ കവിതയോടുള്ള ഇഷ്ടവും അങ്ങനെ ഒരു പേര് സ്വീകരിക്കാൻ കാരണങ്ങളാണ്. മൂന്നാമത്തെ കാരണം എനിക്ക് എഴുത്തിലൊരു സ്വകാര്യത വേണമെന്നും എന്റെ എഴുത്ത് അത് കണക്റ്റാകുന്നവരിലേക്ക് പരിമിതപ്പെടുത്തണമെന്നും തോന്നി. എല്ലാവർക്കും എന്റെ എഴുത്ത് കണക്റ്റാകാണം എന്നില്ല. അത് ആരുടെയും കുറ്റമല്ല. ഫെയ്സ്ബുക്കിനു പുറത്ത് എന്നെ വളരെ കാലമായി അറിയാവുന്നവർ പലരും ‘എന്തൊക്കെയാണ് നീ എഴുതി വിടുന്നത്’, ‘നിനക്ക് വട്ടാണോ’ എന്നൊക്കെ ചോദിക്കില്ലേ. അത്തരം ചോദ്യങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ഞാൻ അഭയം കണ്ടെത്തിയതും നോർമ ജീൻ എന്ന പേരിലായിരുന്നു. അങ്ങനെയാണ് ഞാൻ നോർമ ജീൻ എന്ന പുതിയപ്രൊഫൈൽ തുടങ്ങുന്നതും ആ പേരിൽ എഴുതി തുടങ്ങുന്നതും. 

എന്റെ എഴുത്തുകൾ വായിക്കുന്നവർക്ക് അതിലൊരു സന്തോഷം കണ്ടെത്താൻ കഴിഞ്ഞെന്നു വരില്ല. ഞാൻ എന്ത് എഴുതിയാലും അതിലൊരു വിഷാദഛായയുണ്ടാകും. അത് എന്റെയൊരു പരിമിതിയാണോ എന്നു ചോദിച്ചാൽ എനിക്ക് അറിയില്ല. ഒരു സന്ദർഭമൊക്കെ തന്നാൽ ഭാവനയുടെ ലോകത്ത് നിന്ന് കവികളെഴുതാൻ ഒന്നും കഴിയാത്ത ആളാണ് ഞാൻ. സങ്കടങ്ങൾ വരുമ്പോൾ മാത്രം കവിതകളായി അതിനെ ഒഴുക്കി വിടുന്ന ഒരു എഴുത്തുകാരി മാത്രമാണു ഞാൻ. 

അപ്പനോടെന്നപോലെ ആത്മബന്ധം മമ്മൂട്ടിയോടു തോന്നാറുണ്ട്. മമ്മൂട്ടിയുടെ കടുത്ത ആരാധിക എന്നതിനപ്പുറത്ത് അദ്ദേഹത്തിലെ നടനോട് എപ്പോഴുമൊരു വൈകാരിക അടുപ്പം എനിക്കുണ്ട്. മമ്മൂട്ടി വിങ്ങിപൊട്ടുമ്പോൾ കൂടെ കരയുകയും സങ്കടപ്പെടുകയും ചെയ്യുന്ന ആളാണ് ഞാൻ. കാഴ്ചയിൽ അല്ലെങ്കിലും എന്റെ അപ്പന്റെ എന്തൊക്കെയോ മാനറിസങ്ങൾ മമ്മൂട്ടിയിലുണ്ട്. അത് എനിക്ക് അദ്ദേഹത്തോടുള്ള മാനസികമായ അടുപ്പത്തിന്റെ ആക്കം കൂട്ടുന്നുണ്ട്. ഇപ്പോഴും ‘അമര’മോ, ‘തനിയാവർത്തന’മോ കണ്ട് പൂർത്തിയാക്കാൻ കഴിയാറില്ല എനിക്ക്. 

ജിയോ ബേബി എന്നിൽ അർപ്പിച്ച വിശ്വാസത്തിൽ നിന്നുണ്ടായ പാട്ട്

സിനിമയിൽ ഒരു പാട്ടെങ്കിലും എഴുതണമെന്നൊരു സ്വപ്നം പണ്ട് എപ്പോഴോ എനിക്കുണ്ടായിരുന്നു. അത് ഞാൻ ഡയറിയിൽ പണ്ട് കുറിച്ചിട്ടിരുന്നു. പിന്നീട് എപ്പോഴോ ഞാൻ ആ സ്വപ്നം തന്നെ മറന്നു പോയി. പുതിയൊരു രാജ്യത്തിലേക്ക് ജീവിതം പറിച്ച് നടപ്പെടുകയും അവിടുത്തെ തിരക്കിലേക്ക് പതിയെ വീണു പോകുകയും ചെയ്തപ്പോൾ ആ സ്വപ്നം എവിടെയോ വിസ്മൃതിയിലാണ്ടു പോയിരുന്നു. 

ഫെയ്സ്ബുക്കിൽ എന്റെ കവിതകൾ വായിക്കുകയും പങ്കുവയ്ക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്തിരുന്ന നിഷിത കല്ലിങ്കൽ വഴിയാണ് സംവിധായകൻ ജിയോ ബേബി എന്നെ വായിക്കുന്നത്. അദ്ദേഹം എനിക്ക് ഫ്രണ്ട് റിക്വസ്റ്റ് അയയ്ക്കുകയും മെസേജ് അയ്ക്കുകയും എഴുത്തിനെക്കുറിച്ചു നല്ല വാക്കുകൾ പറയുകയുമൊക്കെ ചെയ്തിരുന്നു. ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചണൊക്കെ ചെയ്യുന്നതിനു മുമ്പാണ് അത്. മ്യൂസിക് സർക്കിൾ ഗ്രൂപ്പിലെ പോസ്റ്റുകളിലൊക്കെ ബെഞ്ചിൽ കൊട്ടി പാടുന്ന ഒരാളായിട്ടു മാത്രമായിരുന്നു എനിക്ക് അന്ന് അദ്ദേഹത്തെ പരിചയം. പിന്നീട് ഫ്രണ്ട് സർക്കിൾ വലുതാകുകയും അദ്ദേഹത്തെ കൂടുതൽ അടുത്തറിയുകയുമൊക്കെ ചെയ്തു. 

പിന്നീട് അദ്ദേഹത്തിന്റെ ഫെയ്സ്ബുക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുകയും ഫെയ്സ്ബുക്കിൽ അങ്ങനെ കാണാതെയാകുകയും ചെയ്തു. എന്റെ എഴുത്തുകളും വളരെ കുറഞ്ഞു. അങ്ങനെയിരിക്കെ വളരെ അപ്രതീക്ഷിതമായി ജിയോ ബേബിയുടെ വോയ്സ് മെസേജ് വന്നു. നോർമ, മമ്മൂട്ടിക്കൊപ്പം ചെയ്യുന്ന പടത്തിലേക്ക് ഒരു പാട്ട് എഴുതാമോ എന്നായിരുന്നു ആവശ്യം. 

അതിനോടകം കാതലിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററൊക്കെ വന്നു മാസങ്ങളായിരുന്നു. ജിയോ ബേബിയൊടുള്ള സൗഹൃദം, മമ്മൂട്ടിയോടുള്ള വൈകാരികമായ അടുപ്പം, ജ്യോതിക മലയാളത്തിലേക്ക് വീണ്ടും എത്തുന്നു... അങ്ങനെ ആ സിനിമയുടെ പോസ്റ്റർ പ്രിയപ്പെട്ടതാകാൻ ഒരുപാട് കാരണങ്ങളുണ്ടായിരുന്നു. അന്ന് മറ്റു പലരേയും പോലെ വളരെ ആവേശത്തോടെയാണ് ഞാനും ആ പോസ്റ്റർ പങ്കുവച്ചത്. ഒരിക്കലും ആ സിനിമയുടെ ഭാഗമായി മാറുമെന്നു സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.  

ജിയോ ബേബിയോടു നോ പറയാൻ കഴിയുമായിരുന്നില്ല. എനിക്ക് അത്തരത്തിൽ പാട്ടെഴുതി ശീലമില്ലെന്നും ശ്രമിക്കാമെന്നും പറഞ്ഞു. ‘നോർമയ്ക്കു തീർച്ചയായും എഴുതാൻ കഴിയുമെന്നു’ പറഞ്ഞ് അദ്ദേഹം തന്ന ആത്മവിശ്വാസത്തിലാണ് ഞാൻ എഴുതി തുടങ്ങുന്നത്. അങ്ങനെ ഞാനും ജിയോ ബേബിയും സംഗീത സംവിധായകൻ മാത്യുസ് പുളിക്കനും വ്യത്യസ്ത ടൈം സോണിലിരുന്നു പാട്ടിനു വേണ്ടി ഒന്നിച്ചു. 

സ്നേഹം കൊണ്ട് മുറിവേറ്റരുടെ പാട്ട്  

ജിയോ ബേബിക്ക് അദ്ദേഹത്തിന്റെ സിനിമയെക്കുറിച്ചും ഓരോ സീനുകളെക്കുറിച്ചും പാട്ടിന്റെ സന്ദർഭത്തെക്കുറിച്ചും വ്യക്തമായ ധാരണ ഉണ്ടായിരുന്നു. സ്നേഹം കൊണ്ടു മുറിവേറ്റവരെ കുറിച്ചാണ് എഴുതേണ്ടതെന്നായിരുന്നു അദ്ദേഹം എനിക്ക് നൽകിയ ബ്രീഫിങ്. സിനിമയുടെ പ്ലോട്ടും കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധങ്ങളെക്കുറിച്ചുമൊക്കെ അദ്ദേഹം കൃത്യമായി പറഞ്ഞു തന്നിരുന്നു. 

എനിക്ക് ആ പാട്ടിന്റെ മൂഡ് മനസ്സിലാകാൻ വിഷ്വലും മാത്യു കംപോസ് ചെയ്തുവെച്ചിരുന്ന ഈണവും അയ്ച്ചു തന്നിരുന്നു. ഇത് എന്റെ എഴുത്ത് കൂടുതൽ എളുപ്പമാക്കി. സിനിമ കണ്ടവർക്ക് അറിയാം ഇത് അൽപ്പം ഭക്തിസ്വാഭവമുള്ള ഒരു ഗാനമാണ്. പള്ളി പ്രദഷണവുമായി ബന്ധപ്പെട്ടാണ് സിനിമയിൽ ഈ ഗാനം വരുന്നത്. എന്നാൽ ഇത് പൂർണ്ണമായും ഒരു ഭക്തിഗാനവുമല്ല. ഭക്തിഗാനത്തിന്റെ മൂഡിൽ നിന്നുകൊണ്ടു തന്നെ സ്നേഹം കൊണ്ടു മുറിവേറ്റ നിസഹായരായ മനുഷ്യരുടെ ആത്മബന്ധത്തെ അടയാളപ്പെടുത്തുന്ന ഒരു ഗാനം കൂടിയാണ്. അതുകൊണ്ട് തന്നെ ക്രിസ്ത്യൻ ഭക്തിഗാനങ്ങളിൽ സ്ഥിരമായി കാണാറുള്ള ‘ഈശോ’, ‘ദൈവം’, ‘നാഥാ’ ബിംബങ്ങൾ പൂർണ്ണമായി ഒഴിവാക്കി എഴുതാനായിരുന്നു സംവിധായകൻ എനിക്ക് നൽകിയ നിർദ്ദേശം. 

ഒരു കാലത്ത് കടുത്ത വിശ്വാസിയും  പിന്നീട് മതനിരപേക്ഷമായൊരു ആത്മീയതയിൽ ആനന്ദം കണ്ടെത്തുകയും ചെയ്ത എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹം പങ്കുവയ്ക്കാൻ ശ്രമിച്ച ആശയം വളരെ എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞു. മമ്മൂട്ടിയോടുള്ള ഇഷ്ടവും സംവിധായകന്റെ കൃത്യമായ നിർദ്ദേശങ്ങളും എന്റെ വിശ്വാസങ്ങളിലും കാഴ്ചപ്പാടിലും വന്നിട്ടുള്ള മാറ്റങ്ങളും മാത്യുസിന്റെ ഈണവും എല്ലാം ചേർന്നു വന്നപ്പോൾ രണ്ടോ മൂന്നോ ദിവസങ്ങൾ കൊണ്ട് എനിക്ക് ഈ പാട്ട് പൂർത്തിയാക്കാൻ കഴിഞ്ഞു.

jaqueline1
ജാക്വിലിൻ മാത്യു

ആത്മാവിനെ തൊടുന്ന ആൻ ആമിയുടെ ആലാപനം 

ഈ പാട്ട് പാടിയിരിക്കുന്നത് ആൻ ആമിയാണ്. ഞാൻ എന്ത് ഇമോഷനോടെയാണോ എഴുതിയിരുന്നത് അതിന്റെ എത്രയോ മടങ്ങ് മേലെ ആ ഇമോഷൻസിന്റെ തീവ്രത ഒട്ടും നഷ്ടപ്പെടാതെയാണ് ആൻ ഈ പാട്ട് പാടിയിരിക്കുന്നത്. ഈ പാട്ട് റെക്കോർഡ് ചെയ്തു കഴിഞ്ഞ് ആദ്യമായി എനിക്ക് അയച്ചു നൽകി ഞാൻ ഇവിടെ പ്ലേ ചെയ്യുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. മാത്യുവിന്റെ മ്യൂസിക്കിനൊപ്പം ആനിന്റെ ആലാപനം തന്നെയാണ് പാട്ടിന്റെ ആത്മാവ്. ആൻ ആമിയെകൊണ്ടു തന്നെ ഈ പാട്ട് പാടിച്ചതിൽ ഞാൻ ജിയോ ബേബിയോട് കടപ്പെട്ടിരിക്കുന്നു. 

പാട്ട് നൽകുന്ന ആനന്ദങ്ങൾ 

സിനിമയിൽ പാട്ടെഴുതണം എന്ന് സ്വപ്നം കൊണ്ട് നടക്കുകയും പിന്നീട് എപ്പോഴോ അത് മറന്നുപോകുകയും ചെയ്ത ഒരുവളെ സംബന്ധിച്ചിടത്തോളം ഒട്ടേറെ ആനന്ദങ്ങൾ നൽകുന്നുണ്ട് ‘കാതൽ’ എന്ന ഈ സിനിമ. ‘ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ പോലെ വ്യത്യസ്തമായ സിനിമകളൊരുക്കുന്ന ജിയോ ബേബിയെ പോലെ ഒരേ സമയം മികച്ചൊരു കലാകാരനും മനുഷ്യസ്നേഹിയും ലാളിത്യവുമുള്ള ഒരാളുടെ സിനിമയിൽ പാട്ടെഴുതാൻ കഴിഞ്ഞതാണ് ആദ്യത്തെ ആനന്ദം. അപ്പനെ പോലെ വൈകാരികമായി എനിക്ക് ഇഴയടുപ്പം തോന്നുന്ന മമ്മൂട്ടിക്കു വേണ്ടി പാട്ടെഴുത്താൻ കഴിഞ്ഞത് മറ്റൊരു സന്തോഷം. സിനിമ മുന്നോട്ടുവെക്കുന്ന പ്രമേയവും മമ്മൂട്ടിയെ പോലെ ഒരു സൂപ്പർതാരം അത് ചെയ്യാൻ കാണിച്ച ധീരതയും അങ്ങനെയൊരു സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞത് മറ്റൊരു ആനന്ദം. എന്റെ ഏറ്റവും പ്രിയപ്പെട്ട കവി അൻവർ അലിക്കൊപ്പം ടൈറ്റിൽ കാർഡിൽ എന്റെ പേരും എഴുതി കാണുമ്പോൾ അതിലേറെ ആനന്ദം. എല്ലാമൊരു സ്വപ്നം പോലെ തോന്നുന്നു. 

എഴുത്തിനെയും വായനയെയും ഗൗരവമായി കാണാൻ നേരമായി 

ഞാൻ ഇത്രയും കാലം എന്റെ വായനയെയും എഴുത്തിനെയും ഗൗരവമായി കണ്ടിരുന്നില്ല. ഒരുപാട് ആളുകൾ എനിക്ക് എഴുതാനുള്ള പ്രോത്സാഹനങ്ങൾ നൽകിയിട്ടുണ്ട്. വായനയെയും എഴുത്തിനെയും ഗൗരവമായി കാണാൻ ഞാൻ തീർച്ചയായും ശ്രമിക്കും. എഴുത്തുകൾ പുസ്തക രൂപത്തിൽ ഇറക്കാനുള്ള ശ്രമങ്ങളും സമീപ ഭാവിയിൽ തന്നെയുണ്ടാകും. ഇനിയും അവസരം ലഭിച്ചാൽ സിനിമയ്ക്കു വേണ്ടി പാട്ടുകൾ എഴുതുമോ എന്ന് ചോദിച്ചാൽ എനിക്ക് ഉത്തരമില്ല. കാരണം അത് അത്ര എളുപ്പമുള്ള ഒരു പരിപാടിയല്ല. ഒരു കവിത സംഭവിക്കുന്ന പോലെയല്ല ഒരു സന്ദർഭത്തിനു അനുസരിച്ച് പാട്ടെഴുതുക. നല്ല വായനയും പദസമ്പത്തുമൊക്കെ വേണം. ഞാനും എന്റെ ജീവിത പങ്കാളി ജാസിംമും ടൊറന്റോയിലാണ് ഇപ്പോൾ ജീവിക്കുന്നത്. സോഫ്റ്റ് വെയർ മേഖലയിലാണ് രണ്ടു പേരും ജോലി ചെയ്യുന്നത്. വർക്ക് ഫ്രം ഹോമാണ്. അതിനു ശേഷം ജിം, സിനിമ അങ്ങനെ വളരെ യാന്ത്രികമായ ഒരു ജീവിതത്തിലൂടെയാണ് കടന്നു പോകുന്നത്. ഞാൻ കാനഡയിൽ വന്നിട്ട് അഞ്ചു വർഷത്തിൽ കൂടുതലായെങ്കിലും മറ്റൊരു രാജ്യത്ത് വന്നു നിൽക്കുന്നതിന്റെ എല്ലാ തരത്തിലുള്ള അരക്ഷിതാവസ്ഥകളും എനിക്ക് ഇപ്പോഴുമുണ്ട്. 

പാർട്നർ എന്ന നിലയിൽ ജാസിം നൽകുന്ന പിന്തുണ വളരെ വലുതാണ്. ഈ പാട്ട് സമയബന്ധിതിമായി എഴുതി തീർക്കാൻ തന്നെ കഴിഞ്ഞത് അദ്ദേഹത്തിന്റെ പിന്തുണയുള്ളതുകൊണ്ടാണ്. ആ സമയത്ത് ഒരുപാട് ഇമോഷണൽ അപ്പ് ആൻഡ് ടൗൺസിലൂടെ കടന്നുപോയ ഒരു കാലഘട്ടമായിരുന്നു അത്. എഴുത്തിനെ ഗൗരവമായി കാണാനും എല്ലാ ദിവസവും എഴുത്തിനും വായനക്കുമായി കൂറെ സമയം മാറ്റിവയ്ക്കണമെന്നും ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്.

English Summary:

Interview with lyricist Jacquiline Mathew on Kaathal movie song

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com