ADVERTISEMENT

റിയാലിറ്റി ഷോ വേദികളിലൂടെ പ്രേക്ഷകർക്കു സുപരിചിതമായ മുഖമാണ് യുവഗായിക ഗായത്രി രാജീവിന്റേത്. സിവിൽ എൻജിനീയറിങ് പഠിച്ചെങ്കിലും ഉള്ളിൽ ആർത്തലച്ചു പെയ്യുന്ന സ്വരമഴയിൽ ലയിക്കാനാണ് ഗായത്രിക്കിഷ്ടം. പൊന്നിയിൻ സെൽവൻ രണ്ടാംഭാഗത്തിൽ ഗായിക കെ.എസ്.ചിത്ര പാടിയ എ.ആർ.റഹ്‌മാന്റെ ഗാനത്തിന് ട്രാക്ക് പാടിയത് ഗായത്രിയാണ്. നദികളിൽ സുന്ദരി യമുന, തല്ലുമാല തുടങ്ങിയ ചിത്രങ്ങള്‍ക്കു വേണ്ടി ഗാനങ്ങൾ ആലപിക്കുകയും ചെയ്തു. ഇപ്പോൾ സംഗീതപരിപാടികളുമായി തിരക്കിലാണ് ഗായത്രി. പാട്ടുവിശേഷങ്ങൾ പങ്കിട്ട് ഗായത്രി രാജീവ് മനോരമ ഓൺലൈനിനൊപ്പം. 

എ.ആർ.റഹ്‌മാനു വേണ്ടി ട്രാക്ക് പാടിയത് പോലും സ്വപ്നസാഫല്യം 

പൊന്നിയിൻ സെൽവൻ 2ലെ വീരാ രാജവീരാ എന്ന പാട്ടിനുവേണ്ടിയാണ് ട്രാക്ക് പാടിയത്. ചിത്രചേച്ചി ഒറിജിനൽ പതിപ്പ് പാടി. റഹ്മാൻ സാറിനു വേണ്ടി ട്രാക്ക് പാടാൻ സാധിച്ചതുപോലും വലിയ കാര്യമായാണ് കരുതുന്നത്. അദ്ദേഹത്തിന്റെ സ്റ്റുഡിയോ കാണാൻ തന്നെ ഒരു ദൈവീകമായ അനുഭവമാണ്.  സാറിന്റെ വീടും അവിടെത്തന്നെയാണ്. നല്ല പാട്ടായിരിക്കും എന്ന് പാടിനോക്കിയപ്പോൾ തന്നെ തോന്നിയിരുന്നു. ശങ്കർ മഹാദേവനും ചിത്രച്ചേച്ചിയുമല്ലേ പാടിയത്. റഹ്മാൻ സാറിന്റെ സ്റ്റുഡിയോയിൽ പോകാൻ കഴിഞ്ഞത് തന്നെ ഭാഗ്യമാണ്. 99 സോങ്‌സ് കവർസ്റ്റാർ കോണ്ടെസ്റ്റ് എന്ന മത്സരത്തിൽ ഞാൻ പങ്കെടുത്തിരുന്നു. അതിൽ അവസാനറൗണ്ടിൽ എത്തുകയും ചെയ്തു. റഹ്മാൻ സർ ഓൺലൈനായി ഞങ്ങളോടു സംസാരിച്ചിരുന്നു. പിന്നെ ഒരു ദിവസം പെട്ടെന്ന് വിളിച്ചിട്ടാണ് ഒരു പാട്ട് പാടാൻ വരണമെന്ന് ആവശ്യപ്പെട്ടത്. അങ്ങനെയാണ് വീരാ രാജവീരാ ട്രാക്ക് പാടിയത്.

gayathri2
ശ്രേയ ഘോഷാലിനൊപ്പം ഗായത്രി രാജീവ്

എൻജിനീയറിങ്ങിൽ നിന്ന് സംഗീതത്തിലേക്ക് 

ഞാൻ സിവിൽ എൻജിനീയറിങ് ആണ് പഠിച്ചത്. മഴവിൽ മനോരമയുടെ റിയാലിറ്റി ഷോയിൽ പങ്കെടുത്തിട്ടുണ്ട് അവിടെ നിന്നാണ് തുടക്കം. പിന്നെ കുറെ ഓൺലൈൻ മത്സരങ്ങളിൽ പങ്കെടുത്തു. അങ്ങനെയാണ് ശ്രേയ ഘോഷാലിന്റെ റിയാലിറ്റി ഷോയിൽ പങ്കെടുത്തത്. കുറച്ചു നാൾ ചെന്നൈയിൽ സിഎസ്ഐആർ എന്ന റിസർച്ച് സെന്ററിൽ പ്രോജക്ട് ചെയ്തിരുന്നു. അവിടെ നിൽക്കുമ്പോഴാണ് തെലുങ്ക് ഒക്കെ പാടിയത്.പിന്നെ ഇന്ത്യൻ ഐഡൽ ഷോയിൽ പങ്കെടുത്തത്. 

gayathri4
ഗായത്രി രാജീവ്

 

ഇന്ത്യൻ ഐഡൽ പഠിപ്പിച്ച പാഠങ്ങൾ 

എന്റെ വീട് എറണാകുളത്ത് കാക്കനാട് ആണ്. അച്ഛനും അമ്മയുമുണ്ട് അവിടെ. ഇന്ത്യൻ ഐഡൽ കഴിഞ്ഞ് കഴിഞ്ഞ മാസം ഞാൻ തിരിച്ച് എത്തിയതേ ഉള്ളൂ. കുറെ മാസങ്ങൾ ആയിട്ട് മുംബൈയിൽ ആയിരുന്നു. 3 മാസത്തോളം ഓഡിഷനു വേണ്ടി തന്നെ പോയിട്ടുണ്ട്. അവിടെ ചെല്ലുമ്പോൾ എനിക്ക് ഹിന്ദി അറിയില്ലായിരുന്നു. കുറെ ഹിന്ദിക്കാരോടൊപ്പം താമസിച്ചപ്പോൾ ഭാഷ പഠിച്ചു. ഞാൻ മുംബൈയിൽ ആദ്യമായിട്ടാണ് താമസിക്കുന്നത്. പല ദേശത്തുള്ള, പല ഭാഷ സംസാരിക്കുന്ന ആളുകളുമായി ഒരുമിച്ചു ജീവിച്ചത് വലിയ അനുഭവമായിരുന്നു. അവരുടെ സംസ്കാരമൊക്കെ വളരെ വ്യത്യസ്തമാണ്. ഒരു വലിയ ഷോ ആണ്. അതിലേക്ക് നമ്മെ ഒരുക്കി എടുക്കുന്ന പ്രോസസ്സ് വളരെ രസകരമായിരുന്നു. മുഴുവൻ സമയവും അവിടെത്തന്നെ ആണ് പുറത്തൊന്നും പോകാൻ പറ്റില്ല. വീട്ടുകാർ ഒന്നും ഇല്ലാതെ ഒറ്റയ്ക്കായിരുന്നു അവിടെ കഴിഞ്ഞത്.    

 

gayathri3
ഗായത്രി രാജീവ്

സംഗീതം തന്നെ അമൃതം 

മലയാളത്തിൽ നദികളിൽ സുന്ദരി യമുന, തല്ലുമാല തുടങ്ങിയ ചിത്രങ്ങളിൽ പാടിയിട്ടുണ്ട്. തമിഴ്, തെലുങ്ക് സിനിമകളിലും പാടാൻ അവസരം ലഭിച്ചു. ഇനിയും പിന്നണി പാടണം എന്നാണ് ആഗ്രഹം. നോർത്തിൽ നിന്ന് കൺസർട്ട് ഓഫർ ഒക്കെ വരുന്നുണ്ട്. അടുത്ത ആഴ്ച്ച മുംബൈക്ക് പോവുകയാണ്. സംഗീതത്തിന്റെ പാത തന്നെ പിന്തുടരാനാണ് താൽപര്യം. കമ്പോസിങ് ചെയ്യണം എന്നുണ്ട്. അത് പെട്ടെന്ന് നടക്കില്ല. വരുന്ന ഓഫാറുകൾ സ്വീകരിക്കണമെന്നാണ് നിലവിലെ തീരുമാനം.

English Summary:

Interview with singer Gayathry Rajiv

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com