ADVERTISEMENT

പൊലീസുകാർ പണ്ടു സ്ഥിരമായി പറയുന്നൊരു ഡയലോഗുണ്ട്.‘നിന്നെ ഞാൻ കുനിച്ചു നിർത്തി ഇടിക്കും’ നേരെ നിർത്തി ഇടിക്കുന്നതിലും വലിയ ഇടിയാണു കുനിച്ചു നിർത്തി ഇടിക്കുന്നത് എന്നർഥം. അതേ വാക്കു നമുക്കു പറയാൻ തോന്നുന്ന ചില സന്ദർഭങ്ങളുണ്ട്. അതിലൊന്നാണ് ആമാശയം എന്ന പാരഡി കേട്ട നിമിഷം.

 

33 വർഷം മുൻപു ജോൺസനെപ്പോലൊരു പ്രതിഭധനനായ സംഗീതഞ്ജൻ നെഞ്ചുരുകി ഉണ്ടാക്കിയ പാട്ടാണ് ‘ശ്യാംമാംബരം’ എന്നു തുടങ്ങുന്ന പാട്ട്. കൈതപ്രം ദാമോദരൻ നമ്പൂതിരിയെപ്പോലെയുള്ളൊരു എഴുത്തുകാരൻ ധ്യാനത്തിലെന്നപോലെ എഴുതിയൊരു പാട്ട്. എത്രയോ സമയം ചിലവിട്ട്, പ്രതിഭ ഉരുക്കിയാണ് ഇത്തരം പാട്ടുണ്ടാക്കുന്നത്. അല്ലെങ്കിൽ 33 വർഷത്തിനു ശേഷം ഈ പാട്ടുമലയാളിയുടെ മനസ്സിൽ ബാക്കിയാകില്ലല്ലോ. പതിനായിരക്കണക്കിനു പാട്ടുകളിൽ ചിലതു മാത്രം ബാക്കിയാകുന്നത് അതുണ്ടാക്കിവരുടെ കഠിനാധ്വാനം കൊണ്ടാണ്. അവരുടെ ദൈവീകമായ കഴിവുകൾകൊണ്ടാണ്.

 

ജോൺസൺ മാഷ് മരിച്ചുപോയി. അദ്ദേഹത്തിന്റെ മക്കളും മരിച്ചു. ഭാര്യ മാത്രം ജീവിക്കുന്നു.പറഞ്ഞറിയിക്കാൻ പറ്റാത്തൊരു ദുരന്തത്തിലൂടെയാണ് ആ കുടുംബം കടന്നുപോയത്. കൈതപ്രവും വലിയൊരു ദുരന്തത്തി‍ൽനിന്നു കര കയറി വന്നു. ഈ രണ്ടുപേരോടും മലയാളിക്കുണ്ടാകേണ്ട ആദരം വാക്കുകൾക്കും അപ്പുറമാണ്. എന്തെന്തു മനോഹരമായ നിമിഷങ്ങളാണ് ഈ രണ്ടുപേരും നമുക്കു സമ്മാനിച്ചത്. പൂവിട്ടു തൊഴുതു നിൽക്കേണ്ട ഇവരുടെ പാട്ടാണ് കലാകാരനെന്നു പറയുന്ന ഒരാൾ പാരഡിയുണ്ടാക്കി ജനത്തെ ചിരിപ്പിക്കാൻ നോക്കുന്നത്. മലയാളത്തിലല്ലാതെ ഏതെങ്കിലുമൊരു ഭാഷയിൽ ഗുരുതുല്യരായ മാസ്റ്റേഴ്സിനെ ഇതുപോലെ അപമാനിക്കാനാകുമോ. ഗുൽസാറിനെയോ കണ്ണദാസനെയോ വാലിയെയോ ഇതുപോലെ ആർക്കെങ്കിലും പറയാനാകുമോ. ആ ഭാഷയിലുള്ളവർ അത് അനുവദിച്ചു കൊടുക്കുമോ. ഈ വൃത്തികെട്ട വരികൾ ജോൺസൺ മാഷിന്റ ഭാര്യ കേൾക്കാൻ ഇടവരരുതേ എന്നു പ്രാർഥിച്ചു പോയി.

 

രോഗം പിടികൂടിയ കൈതപ്രം തിരുമേനിയും കൂടെയുണ്ടായിരുന്നവരെല്ലാം നഷ്ടപ്പെട്ട ജോൺസൺ മാഷിന്റെ ഭാര്യയും കേസു കൊടുക്കില്ല എന്ന ഒരൊറ്റ ധൈര്യം കൊണ്ടാണല്ലോ ആ പാട്ടു മോഷ്ടിച്ച് ഇതുപോലെ പാടുന്നത്.പാട്ടുകൾക്കു അവകാശമുണ്ട്. അതാർക്കും തോന്നിയതുപോലെ എടുത്ത് അമ്മാനാടാനുള്ളതല്ല.പ്രത്യേകിച്ചും തികച്ചും തരം താണ തരത്തിൽ. ഒരാഴ്ചക്കുള്ളിൽ മാഞ്ഞുപോകുന്ന പാട്ടുകളുടെ കാലമാണിത്. അപ്പോഴാണ് 33 വർഷത്തിനു ശേഷവും നാവിൽ ബാക്കിയാകുന്ന പാട്ടുണ്ടാക്കിയ അസാമാന്യ പ്രതിഭയായ ഒരാളെ ഇതുപോലെ അപമാനിക്കുന്നത്. ഇവിടെ ഓരോ മലയാളിക്കും ഓർമ വരേണ്ടത് പഴയ പൊലീസുകാരനെയാണ്. ‘എടാ, കള്ളാ നിന്നെ കുനിച്ചു നിർത്തി ഇടിക്കും. ’

 

ഇതു തമാശയായി കാണണം എന്നു പറയുന്നവരുണ്ടാകും. ഇതൊരിക്കലും ഒരിക്കലും തമാശയല്ല. ഇതു ചെയ്യുന്നവർ എത്ര വലിയ കലാകാരന്മാരായാലും ക്രിമിനലുകളാണ്. മലയാളത്തിന്റെ സംഗീത നന്മയ്ക്കു നേരെ കൊലക്കത്തിയുമായി നിൽക്കുന്നവർ. അതു കേട്ടു ചിരിക്കുന്നവരേയും അതേ വകുപ്പിൽ പെടുത്തി അകത്താക്കണം. പ്രിയപ്പെട്ട ജോ‍ൺസൻ മാഷേ, അബദ്ധത്തിൽ ഇത്തരമൊരു ദുർഗന്ധ സംഗീതം കേട്ടതിനു ക്ഷമ ചോദിക്കുന്നു. അങ്ങെനിക്കു തന്ന സ്വർഗീയ നിമിഷങ്ങളുടെ പേരിൽ വീണ്ടും വീണ്ടും ക്ഷമ ചോദിക്കുന്നു. ഈ പാപം കഴുകി കുളിച്ചു വന്നു നാലു വരി കേട്ടു പ്രായശ്ചിത്തം ചെയ്തുകൊള്ളാം. പൊറുക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com