ADVERTISEMENT

ഡാൻസിങ് ക്വീൻ മാധുരി ധീക്ഷിതിന്റെ എക്കാലത്തെയും മികച്ച ഡാൻസ് നമ്പറായ ‘ചോളി കേ പീച്ചേ ക്യാഹേ’ പാടാൻ തനിക്കു വലിയ ചമ്മലും നാണവുമായിരുന്നെന്നു തുറന്നു പറഞ്ഞ് ഗായിക അൽക്ക യാഗ്നിക്. പാട്ടിന്റെ വരികളിൽ താൻ അസംതൃപ്തയായിരുന്നുവെന്നും എന്നാൽ കൂടെയുള്ളവരുടെ പിന്തുണയാണ് പാട്ട് മനോഹരമായി പാടാൻ തന്നെ സഹായിച്ചതെന്നും അൽക്ക പറഞ്ഞു. തലമുറകൾ കൈമാറി വന്ന് രാജ്യത്തെയൊന്നാകെ ചുവടുവപ്പിച്ച പാട്ടാണ് ‘ചോളി കേ പീച്ചേ ക്യാഹേ’. പുറത്തിറങ്ങി 30 വർഷങ്ങൾ പിന്നിട്ടിട്ടും പാട്ടിന് ഇപ്പോഴും ആരാധകർ ഏറെയുണ്ട്.

 

‘പാട്ടിന്റെ റെക്കോർഡിങ്ങിനു പോയപ്പോൾ ഞാൻ പാടേണ്ട വരികൾ മാത്രമാണ് എനിക്കു കിട്ടിയത്. സഹഗായികയായ ഇളാജിയുടെ (ഇള അരുണ്‍) വരികൾ വായിക്കാൻ എനിക്ക് അവസരം കിട്ടിയില്ല. അതുകൊണ്ടു തന്നെ പാട്ടിന്റെ മുഴുവൻ വരികളെക്കുറിച്ചു പൂർണമായൊരു ധാരണ എനിക്കില്ലായിരുന്നു. പാട്ടിന്റെ തുടക്കത്തിലെ വരികൾ വായിച്ചപ്പോൾ എനിക്കു വളരെ ലജ്ജ തോന്നി. പാടാന്‍ വല്ലാത്ത മടിയായിരുന്നു. എന്നാൽ പിന്നീട് അതൊക്കെ മാറി. പാട്ട് റെക്കോർഡിങ് എനിക്കു മറക്കാനാകാത്ത അനുഭവമാണ് സമ്മാനിച്ചത്. 

 

റെക്കോര്‍ഡിങ് വളരെ വ്യത്യസ്തമായിരുന്നു. ലൈവ് റെക്കോർഡിങ് രീതിയാണ് ഞങ്ങൾ പരീക്ഷിച്ചത്. സ്റ്റുഡിയോയിൽ ഞാന്‍, ഇളാജി, സംഗീതസംവിധായകരായ ലക്ഷ്മികാന്ത്–പ്യാരേലാൽ, ഗാനരചയിതാവ് ആനന്ദ് ബക്‌ഷി എന്നിവരാണ് ഉണ്ടായിരുന്നത്. ഞാനും ഇളാജിയും വരികൾക്കും ഈണത്തിനുമനുയോജ്യമാംവിധം പാടാൻ ശ്രമിച്ചു. രണ്ട് സുഹൃത്തുക്കൽ തമ്മിലുള്ള സൗഹൃദസംഭാഷണത്തോടെയാണ് പാട്ട് അവസാനിക്കുന്നത്. 

 

പാട്ടിന് ചെറിയ കുസൃതി സ്വഭാവമുണ്ടായിരുന്നു. ഞാൻ അങ്ങേയറ്റം ലജ്ജയുള്ള ആളാണെന്നറിയാവുന്നതുകൊണ്ടു തന്നെ പാട്ട് മനോഹരമായി പാടി പൂർത്തീകരിക്കാൻ ഇളാജി എന്നെ പ്രത്യേകം സഹായിച്ചു. ചോളി കേ പീച്ചേ ക്യാഹേ തലമുറകൾ ഏറ്റുപാടുന്ന ഇത്ര വലിയ ഹിറ്റായി മാറുമെന്ന് കരുതിയതേയില്ല’, അൽക്ക യാഗ്നിക് പറഞ്ഞു.

 

English Summary: Alka Yagnik opens up about the recording time of superhit song Choli Ke Peeche Kya Hai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com