ADVERTISEMENT

വാനമ്പാടി കെ.എസ്.ചിത്രയോടുള്ള ആദരമായി ഗായികയുടെ 60ാം പിറന്നാളിനോടനുബന്ധിച്ച് മലയാള മനോരമയും ഫെഡറൽ ബാങ്കും സംയുക്തമായി സംഘടിപ്പിച്ച ‘ചിത്രപൂർണിമ’ സംഗീതനിശയുടെ അവസാന ഭാഗവും പ്രേക്ഷകർക്കരികിൽ. മനോരമ ഓൺലൈനാണ് വിഡിയോ സംപ്രേഷണം ചെയ്യുന്നത്. തിരുവോണനാളിലും അവിട്ടം നാളിലുമായാണ് ഇവന്റിന്റെ ഒന്നും രണ്ടും ഭാഗങ്ങൾ പുറത്തിറക്കിയത്. ഇപ്പോഴിതാ മൂന്നാം ഭാഗവും സംഗീതാസ്വാദകർ നെഞ്ചേറ്റിക്കഴിഞ്ഞു. സംഗീതസംവിധായകരായ എം.എം.കീരവാണി, എ.ആർ.റഹ്മാൻ എന്നിവർ ചിത്രയ്ക്കു വിഡിയോ സന്ദേശത്തിലൂടെ പിറന്നാൾ ആശംസകൾ നേർന്നു. 

 

‘ചിത്രപൂർണിമ’ വേദിയിൽ സംഗീതസംവിധായകൻ ബിജിബാല്‍ ചിത്രയെക്കുറിച്ചു വാചാലനായത് ഏറെ ശ്രദ്ധയോടെയാണ് പ്രേക്ഷകർ കേട്ടിരുന്നത്. ചിത്രയുടെ വിനയം തന്നെ അതിശയിപ്പിക്കുന്നതാണെന്നും എക്കാലവും ഒരാൾക്ക് വിനയാന്വിതയായി അഭിനയിക്കാനാവില്ലെന്നും ബിജിബാൽ പറഞ്ഞു. അക്ഷരം തെറ്റാതെ അദ്ഭുതമെന്നു വിളിക്കാവുന്ന അത്യപൂർവം വ്യക്തിത്വങ്ങളിലൊരാളാണ് ചിത്രയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജിബാലിനു വേണ്ടി വേദിയിൽ വച്ച് ചിത്ര ഗാനം ആലപിക്കുകയും ചെയ്തു. ചിത്രയും ബിജിബാലും ഒരുമിച്ചു പാടിയത് പ്രേക്ഷകർക്കു നവ്യാനുഭവമായി.

 

ഓഗസ്റ്റ് 19 ശനി വൈകിട്ട് എറണാകുളം കാക്കനാടുള്ള രാജഗിരി ഓഡിറ്റോറിയത്തിലായിരുന്നു ‘ചിത്രപൂർണിമ’ സംഗീതോത്സവം. ആയിരക്കണക്കിന് ആളുകൾ പാട്ടിന്റെ പൗർണമിയുദിച്ച സന്ധ്യയിൽ വാനമ്പാടിയുടെ പാട്ട് കേൾക്കാനെത്തി. സംഗീതസംവിധായകൻ ശരത്, ഗായകരായ മധു ബാലകൃഷ്ണൻ, ശ്വേത മോഹൻ, മഞ്ജരി, അഫ്സൽ ഇസ്മയിൽ, രാജലക്ഷ്മി, കെ.എസ്.ഹരിശങ്കർ, റാൽഫിൻ സ്റ്റീഫൻ, നിത്യ മാമ്മൻ, കെ.കെ.നിഷാദ് എന്നിവരാണ് ‘ചിത്രപൂർണിമ’യിൽ പാട്ടുമേളം തീർത്തത്. പാടിക്കയറിയ ഗായകർക്കൊപ്പം ആവേശത്തോടെ കാണികൾ സംഗീതനിശ ആസ്വദിച്ചു.

 

English Summary: Chithra Poornima event 3rd part

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com