ADVERTISEMENT

ഗായിക ടെയ്‌ലർ സ്വിഫ്റ്റിന്റെ ബ്രസീലിൽ നടന്ന സംഗീതപരിപാടിക്കിടെ ആരാധിക കുഴഞ്ഞുവീണ് മരിക്കാനിടയായത് സംഘാടനത്തിൽ വന്ന പിഴവുകൊണ്ടാണെന്ന് വിമർശനം. ബ്രസീലിൽ ഇപ്പോൾ കനത്ത ചൂടാണ്. ഏതാനും ദിവസങ്ങൾക്കു മുൻപാണ് റിയോ ഡി ജനീറോയിൽ നടന്ന ടെയ്‌ലറിന്റെ സംഗീത പരിപാടി കാണാനെത്തിയ അന്ന ക്ലാര ബെനവിഡെസ് എന്ന 23കാരി ചൂട് താങ്ങാനാകാതെ തളർന്നു വീണത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 

2014നു ശേഷമുള്ള ഏറ്റവും കൂടിയ താപനിലയാണ് ഈ മാസം 18ന് ബ്രസീലില്‍ രേഖപ്പെടുത്തിയത്. ഈ സമയത്താണ് ടെയ്‌ലർ സ്വിഫ്റ്റിന്റെ സംഗീതപരിപാടി സംഘടിപ്പിക്കപ്പെട്ടത്. ചൂട് കൂടിയ സമയത്ത് പരിപാടി നടത്തിയതും പ്രേക്ഷകരുടെ എണ്ണത്തിൽ നിയന്ത്രണം വയ്ക്കാതിരുന്നതും സ്റ്റേഡിയത്തിൽ ചൂടിനെ പ്രതിരോധിക്കാനുള്ള ക്രമീകരണങ്ങള്‍ ചെയ്യാതിരുന്നതുമെല്ലാം അപകടകരമായ അന്തരീക്ഷം സൃഷ്ടിച്ചെന്ന് വിമർശനങ്ങൾ ഉയർന്നു. 

ബ്രസീലിയൻ കാലാവസ്ഥാ ഏജൻസികൾ കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചു നൽകിയ മുന്നറിയിപ്പുകൾ സംഘാടകസമിതി അവഗണിച്ചെന്നും കുടിവെള്ളം പോലും വിതരണം ചെയ്തില്ലെന്നും സ്റ്റേഡിയത്തിൽ വിൽപ്പനക്കാരെ അനുവദിച്ചിരുന്നില്ലെന്നും സംഗീതപരിപാടിയിൽ പങ്കെടുത്താനെത്തിയവർ പറയുന്നു. വെള്ളവും ഭക്ഷണവും കയ്യിൽ കരുതി വന്നവരെ അത് അകത്ത് കയറ്റാൻ അനുവദിച്ചില്ലെന്നും ആരോപണങ്ങളുണ്ട്. 

സ്റ്റേഡിയത്തിലെ കനത്ത ചൂട് താങ്ങാൻ കഴിയാതെ പരിപാടി കാണാനെത്തിയവരിൽ പലരും തുടക്കത്തിൽ തന്നെ മടങ്ങിപ്പോയി. വേദിയിൽ ടെയ്‌ലർ പാടുമ്പോൾ സദസ്സിൽ നിന്ന് ആരാധകർ ഒഴിഞ്ഞ കുടിവെള്ളക്കുപ്പികൾ ഉയർത്തിക്കാണിച്ച് ദാഹിക്കുന്നുവെന്നു പറഞ്ഞ് നിലവിളിച്ചു. ഇതുകണ്ട ടെയ്‌ലർ അവർക്കു വെള്ളം എത്തിച്ചുകൊടുക്കാൻ സംഘാടകരോട് ആവശ്യപ്പെടുകയും പാട്ട് താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു. 

സംഗീതപരിപാടിക്കിടെ അവശരായ 77 പേര്‍ക്ക് സംഘാടകർ വൈദ്യസഹായം എത്തിച്ചതായി റിപ്പോർട്ടുണ്ട്. പരിപാടി കാണാനെത്തിയവരുടെ ആരോഗ്യത്തിനും ജീവനും സുരക്ഷയൊരുക്കാത്ത സംഘാടകർക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. ടൈം ഫോർ ഫൺ എന്ന ഇവന്റ് കമ്പനിയാണ് സംഗീതപരിപാടി സംഘടിപ്പിച്ചത്. 

അന്ന ക്ലാര ബെനവിഡെസിന്റെ വേർപാടിൽ മനം നൊന്ത് ടെയ്‌ലർ സ്വിഫ്റ്റ് തന്റെ ഔദ്യോഗിക പരിപാടികൾ മാറ്റി വച്ചിരുന്നു. ആരാധികയുടെ മരണം തന്റെ ഹൃദയത്തെ തകർത്തു കളഞ്ഞെന്നും ദുഃഖം താങ്ങാൻ കഴിയുന്നില്ലെന്നും ടെയ്‌ലർ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. ആരാധകരോട് എല്ലായ്പ്പോഴും അടുപ്പം കാത്തുസൂക്ഷിക്കുന്ന ഗായികയാണ് ടെയ്‌ലർ സ്വിഫ്റ്റ്. ഇടവേളയ്ക്കു ശേഷം കഴിഞ്ഞ ദിവസം ടെയ്‌ലർ വീണ്ടും പാട്ടുമായി വേദിയിലെത്തിയിരുന്നു. അന്ന ക്ലാര ബെനവിഡെസിനു വേണ്ടി ആദരഗീതം ആലപിച്ചാണ് ടെയ്‌ലർ സ്വിഫ്റ്റ് സംഗീതപരിപാടി ആരംഭിച്ചത്. 

English Summary:

Taylor Swift's Brazil Concert becomes controversial due to fan death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com