ADVERTISEMENT

ശംഭുവിനെ ഓർമിക്കുന്നോ? തിരിച്ചു മിണ്ടാത്ത ശിലകളെ തൊട്ടും തഴുകിയും സ്വന്തം മൗനം മിണ്ടിത്തീർത്ത ശിൽപി? എത്രയെത്ര ശിൽപങ്ങൾക്കാണ് അയാൾ തന്റെ വിയർപ്പും ശ്വാസവും പകുത്തുകൊടുത്തു പ്രാണൻ നൽകിയത്. എന്നിട്ടും ശിലപോലെ നിശ്ചലം നിശ്ചേതനം ഉറച്ചുപോയ ശംഭുവിനെ തൊട്ടുണർത്താൻ അവൾ തന്നെ വേണ്ടിവന്നു; ദുർഗ. 1992ൽ പുറത്തിറങ്ങിയ ആർ.സുകുമാരന്റെ ‘രാജശിൽപി’ എന്ന ചിത്രമാണ് ശംഭുവിന്റെയും ദുർഗയുടെയും കഥ പറയുന്നത്. ഋതുഭേദങ്ങൾ മറന്നുറങ്ങിപ്പോയൊരു ശിൽപിയുടെ കഥ... കരിങ്കല്ലുകളിൽ നിത്യവസന്തത്തിന്റെ നിർവൃതി കൊത്തിയ നിലാശിൽപിയുടെ രാജകഥ...

പൊയ്‌കയിൽ കുളിർപൊയ്‌കയിൽ 

പൊൻവെയിൽ നീരാടും നേരം

ആ വരികൾ കേൾക്കുമ്പോഴേ മനസ്സ് തഞ്ചാവൂരിലെ കുളക്കടവിലേക്ക് അലസം ഒഴുക്കിയെത്തുന്നില്ലേ? കൽപടവുകളിൽ ഈറനിറ്റിച്ചുനിൽക്കുന്ന നായികയുടെ ഉടലഴക് ഓർമിച്ചു നാണംകൊള്ളുന്നില്ലേ? അവളെ ഒളിഞ്ഞും തെളിഞ്ഞും കണ്ണാലുഴിഞ്ഞ ശുംഭവിന്റെ ഹൃദയത്തിലെ ഉൾക്കടൽ ഒരു നിമിഷം നമ്മുടെയുള്ളിലും ഇരമ്പിയാർക്കുന്നില്ലേ? നർത്തകീലക്ഷണമൊത്ത കല്ലുകൾ തേടിക്കണ്ടെത്തി, അവയിൽ ഇഷ്‌ടദേവി വിഗ്രഹങ്ങൾ കൊത്തിയെടുക്കുന്ന തിരക്കിലാണ് ശംഭു. വിട്ടു പിരിഞ്ഞ പ്രണയിനി അയാളിലുണ്ടാക്കിയ ശൂന്യതയെ അയാൾ പൂരിപ്പിക്കുന്നത് ശിൽപകലയുടെ ജാലവിദ്യകൊണ്ടാണ്. ഏതു പെണ്ണിന്റെ മനസ്സിലും പ്രണയം കൊണ്ടു മാത്രം കൊത്തിയെടുക്കാനാകുന്ന ഒരു വികാരശിൽപമുണ്ടെന്ന് അയാൾ തിരിച്ചറിയുന്നതു പക്ഷേ ദുർഗയെ കണ്ടപ്പോഴാണെന്നു മാത്രം. 

‘പൊയ്‌കയിൽ കുളിർ പൊയ്‌കയിൽ’ എന്നു തുടങ്ങുന്ന ഗാനം ഇന്നും പ്രണയത്തിന്റെ പരാഗനീലിമയിൽ ഒഴുകിപ്പരക്കുന്നു. കാഷായം പുതച്ച പുരുഷനിലെ കാമുകഭാവത്തെ അടയാളപ്പെടുത്തുന്നുണ്ട് വരികൾ. പൊയ്‌കയിൽ നീരാട്ടിനിറങ്ങിയ പൊൻവെയിലിനെപ്പോലെ അയാളെ മോഹിപ്പിക്കുകയാണ് ദുർഗ. അതുവരെ ഇരുളടഞ്ഞ താപസലോകത്തേക്ക് പെട്ടെന്നൊരു പെൺപകൽ പുലർന്നു ചുവക്കും പോലെ. ഉളിമൂർച്ചയിൽ ഉടലാകെ തരിക്കുന്നൊരു കരിങ്കൽശിൽപംപോലെ അവളും ആ നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നിരിക്കണം. ആർ.സുകുമാരൻ രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രത്തിൽ മോഹൻലാലും ഭാനുപ്രിയയുമാണ് ശംഭുവിനെയും ദുർഗയെയും അവതരിപ്പിക്കുന്നത്. മധു അമ്പാട്ടിന്റെ ഛായാഗ്രഹണത്തിൽ കുളപ്പടവിലെ ഈറൻസുന്ദരി ആരെയും മോഹിപ്പിച്ചുപോകും. ഒ.എൻ.വി കുറുപ്പിന്റെ വരികൾ. മധ്യമവതി രാഗത്തിൽ രവീന്ദ്രൻ മാഷിന്റെ സംഗീതം യേശുദാസിന്റെ ശബ്ദം. പ്രണയത്തെ, ഉടലുകളിൽ ഉരുകിത്തിളക്കുന്ന കാമത്തെ ഇത്രയും കാവ്യാത്മകമായി അവതരിപ്പിച്ച മറ്റൊരു ഗാനമുണ്ടായിരിക്കുമോ മലയാള സിനിമയിൽ!

ഗാനം: പൊയ്കയിൽ കുളിർ പൊയ്കയിൽ

ചിത്രം: രാജശിൽപി

രചന: ഒ.എൻ.വി

സംഗീതം: രവീന്ദ്രൻ

ആലാപനം: കെ.ജെ യേശുദാസ്

പൊയ്കയിൽ കുളിർ പൊയ്കയിൽ

പൊൻവെയിൽ നീരാടും നേരം

പൂക്കണ്ണുമായ് നിൽക്കുന്നുവോ തീരത്തെ മന്ദാരം

കാറ്റിൽ തൈലഗന്ധം നീറ്റിൽ പൊന്നു ചന്തം

 

പൊയ്കയിൽ കുളിർ പൊയ്കയിൽ

പൊൻവെയിൽ നീരാടും നേരം

 

പൂന്തിരകൾ പൂശി നിന്നെ പുഷ്പധൂളീ സൌരഭം

പാൽത്തിരകൾ ചാർത്തി നിന്നെ മുത്തു കോർത്ത നൂപുരം

വെൺനുര മെയ്യിൽ ചന്ദനച്ചാർത്താ‍യ്

നീ ദേവനന്ദിനി ഈ തീരഭൂമിയിൽ

തേരേറി വന്നുവോ തേടുന്നതാരെ നീ

 

പൊയ്കയിൽ കുളിർ പൊയ്കയിൽ

പൊൻവെയിൽ നീരാടും നേരം

 

സ്നാനകേളീ ലോലയായ് നീ താണുയർഞ്ഞു നീന്തവേ

കാതരേ നിൻ മാറുലഞ്ഞൂ താമരപ്പൂമൊട്ടു പോൽ

കൽപ്പടവേറി നിൽപ്പതെന്തേ നീ

നീയേതു ശിൽപ്പിയെ തേടുന്ന ചാരുത

നീയേതലൌകിക സൌന്ദര്യ ദേവത

 

പൊയ്കയിൽ കുളിർ പൊയ്കയിൽ

പൊൻവെയിൽ നീരാടും നേരം

പൂക്കണ്ണുമായ് നിൽക്കുന്നുവോ തീരത്തെ മന്ദാരം

കാറ്റിൽ തൈലഗന്ധം നീറ്റിൽ പൊന്നു ചന്തം

 

പൊയ്കയിൽ കുളിർ പൊയ്കയിൽ

പൊൻവെയിൽ നീരാടും നേരം

English Summary:

poykayil kulir poykayil song of the day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com