ADVERTISEMENT

കടപ്പുറത്തെ പഞ്ചാരമണലിലിരുന്ന് സ്വയംമറന്നു പാടുകയാണ് പങ്കജ് ഉധാസ്. മൈക്കും മൾട്ടി വാട്സ് സ്പീക്കറുമില്ല. ശ്രുതി മീട്ടാൻ പേരിനൊരു ഹാർമോണിയം പോലുമില്ല. ആത്മീയവിശുദ്ധി നിറഞ്ഞ ആ അന്തരീക്ഷത്തിലേക്ക് ഉധാസിന്റെ ഭാവദീപ്ത നാദം ഒഴുകിയെത്തുന്നു: ‘ഏയ് മൊഹബത്ത് തേരേ അൻജാം പേ രോനാ ആയാ, ജാനേ ക്യൂം ആജ് തേരേ നാം പേ രോനാ ആയാ’...

Read Also: അന്ന് അദ്ദേഹം പറഞ്ഞു, ഈ മനോഹര ഭൂമിയിൽ പാടാൻ ഞാൻ ഇനിയും വരും; കേരളത്തെ പ്രണയിച്ച ഉധാസ്!

മറക്കാനാവില്ല ആ പാതിരാ മെഹ്ഫിൽ. ബീഗം അഖ്തർ എന്റെ ഹൃദയത്തിന്റെ ഭാഗമായിത്തീർന്ന രാവാണത്. അതിനു നിമിത്തമായത് പങ്കജ് ഉധാസാണെന്നതു വിധിവൈചിത്ര്യമാകാം. ഗസലിനെ ‘വാണിജ്യവൽക്കരിച്ചതിന്റെ’ പേരിൽ പാരമ്പര്യവാദികളുടെ വിമർശനശരങ്ങളേറെ ഏറ്റുവാങ്ങിയ ഗായകൻ.

മൂന്നരപ്പതിറ്റാണ്ടോളം മുൻപു കോഴിക്കോട്ട് ഗസൽനിശ അവതരിപ്പിക്കാനെത്തുമ്പോൾ അത്ര പ്രശസ്തനല്ല പങ്കജ് ഉധാസ്. ‘നാം’ എന്ന സിനിമയിലെ ‘ചിഠി ആയി ഹേ’ നാട്ടിലെങ്ങും തരംഗമായിത്തുടങ്ങുന്നതേയുള്ളൂ. ആഹത്, ആഫ്രീൻ തുടങ്ങിയ ആദ്യകാല ആൽബങ്ങളിലൂടെയായിരുന്നു കേരളത്തിൽ ഉധാസിനു ഖ്യാതി; അതും ഗസലിന്റെ കടുത്ത ആരാധകർക്കിടയിൽ മാത്രം. ഒരഭിമുഖത്തിനു ഫോണിൽ ബന്ധപ്പെട്ടപ്പോൾ അന്നു തുടക്കക്കാരനായ ലേഖകനോടു ചിരകാല സൗഹൃദത്തിന്റെ ഊഷ്മളതയോടെ ഉധാസ് പറഞ്ഞു:‘വരൂ, പരിപാടി കഴിഞ്ഞ് നമുക്കു ഹോട്ടൽ മുറിയിൽ കാണാം. രാത്രി ഒൻപതരയോടെ ഞാനെത്തും...’ 

പങ്കജ് ഉധാസ് Image Credit: Facebook/Pankaj Udhas
പങ്കജ് ഉധാസ് Image Credit: Facebook/Pankaj Udhas

ചെന്നു. പറഞ്ഞ സമയത്തിനും അരമണിക്കൂർ മുൻപ്. പത്തു മണിയായിട്ടും പങ്കജ് ഉധാസിന്റെ പൊടിപോലുമില്ല. കാത്തിരിപ്പിനൊടുവിൽ അർധരാത്രിയോടെ ഗസലിന്റെ രാജകുമാരൻ ഹോട്ടലിനു മുന്നിൽ കാറിൽ വന്നിറങ്ങുന്നു. സ്വയം പരിചയപ്പെടുത്തിയപ്പോൾ ക്ഷമാപണപൂർവം അദ്ദേഹം പറഞ്ഞു: ‘വൈകിപ്പോയി. സാരമില്ല. എന്റെ ട്രെയിൻ പുറപ്പെടാൻ ഇനിയുമുണ്ട് രണ്ടു മണിക്കൂർ. സ്റ്റേഷനിലേക്കുള്ള യാത്രയിൽ എന്റെയൊപ്പം ചേരൂ. നമുക്കു കാറിലിരുന്നു സംസാരിക്കാം.’

സംഗീതജ്ഞരെ അകലെനിന്ന് ആരാധനയോടെ മാത്രം കണ്ടിരുന്ന പുതുക്കക്കാരനു മറക്കാനാവാത്ത അനുഭവമായി ആ കാർ യാത്ര. പാട്ടും കവിതയും ലഹരിയുമൊക്കെ ഇടകലർന്ന അപൂർവസുന്ദര നിമിഷങ്ങൾ. ഇടയ്ക്കു കാർ കോഴിക്കോട് കടപ്പുറത്തുചെന്ന് നിൽക്കുന്നു. അറബിക്കടലിന്റെ വന്യവും വശ്യവുമായ ഭാവങ്ങൾ ആസ്വദിച്ച്, തൂവെള്ള ഷെർവാണിയണിഞ്ഞ്, തീരത്ത് ഒരു ഗന്ധർവനെപ്പോലെ പങ്കജ് ഉധാസ്. കിഷോർ കുമാറിന്റെ ‘സാഗർ കിനാരെ’ എന്ന ഹിറ്റ് ഗാനത്തിന്റെ പല്ലവി വെറുതേ മൂളുന്നു അദ്ദേഹം. തുടർന്നു ഗീത്‌മാലപോലെ കടലിനെക്കുറിച്ചുള്ള പ്രിയപ്പെട്ട കാവ്യഗീതികൾ. ഇടയ്ക്കൊരിക്കൽ ഉധാസ് ചോദിച്ചു: ‘‘ബീഗം അഖ്‌തറിന്റെ ഗസലുകൾ കേട്ടിട്ടുണ്ടോ?’’ തെല്ലു ജാള്യത്തോടെ നിഷേധാർഥത്തിൽ തലയാട്ടിയപ്പോൾ അദ്ദേഹം പറഞ്ഞു: ‘കേൾക്കണം. ഷി വാസ് എ ലെജൻഡ്. ദ് വൺ ആൻഡ് ഒൺലി സുൽത്താന ഓഫ് ഗസൽ. മലിക -എ - ഗസൽ എന്നാണ് ഞങ്ങൾ വിളിക്കുക. സംഗീതത്തെക്കുറിച്ചെഴുതുന്നവർ ബീഗത്തെ കേൾക്കാതെ പോകരുത്.’

മദൻ മോഹന്റെയും നൗഷാദിന്റെയും തലത്ത് മഹ്‌മൂദിന്റെയും ജഗ്ജിത് സിങ്ങിന്റെയുമൊക്കെ ആരാധനാപാത്രമായിരുന്ന ബീഗത്തെക്കുറിച്ചു ധാരാളം വായിച്ചറിഞ്ഞിട്ടുണ്ട്. പക്ഷേ, ആ ശബ്ദത്തിന്റെ മാസ്മരവലയത്തിലേക്ക് അതുവരെ ആകർഷിക്കപ്പെട്ടിരുന്നില്ല. എനിക്കും ഒപ്പമുള്ള സംഘാടകസുഹൃത്തുക്കൾക്കും വേണ്ടി അന്നു രാത്രി പങ്കജ് ഉധാസ്, ബീഗം അഖ്തറിന്റെ ഏറ്റവും പ്രശസ്തമായ ഗസൽ പാടി: ‘ഏയ് മൊഹബത്ത് തേരേ അൻജാം പേ  രോനാ ആയാ...’ വഴിവിളക്കിന്റെ മങ്ങിയ വെളിച്ചത്തിൽ ഗായകന്റെ മുഖത്തു മിന്നിമറയുന്ന ഭാവങ്ങൾ ശ്രദ്ധിക്കുകയായിരുന്നു ഞാൻ. ഒരു വികാരസാഗരം ഇരമ്പുന്നു അവിടെ.



പങ്കജ് ഉധാസ്  2009ൽ എറണാകുളം കുമ്പളത്ത് എത്തിയപ്പോൾ.
പങ്കജ് ഉധാസ് 2009ൽ എറണാകുളം കുമ്പളത്ത് എത്തിയപ്പോൾ.

‘‘എന്നെ നിങ്ങളറിയുന്ന പങ്കജ് ഉധാസാക്കി മാറ്റിയ ഗാനമാണിത്.’’ ഹൃദ്യമായ ആ കച്ചേരിക്കൊടുവിൽ ഉധാസ് പറഞ്ഞു. ‘‘1973ൽ ഒരു എൽപി റിക്കോർഡിൽനിന്ന് ആദ്യമായി ഈ പാട്ട് കേട്ടതോർമയുണ്ട്. നിശ്ശബ്ദമായ ഒരു ഗദ്ഗദം ബീഗത്തിന്റെ ശബ്ദത്തിൽ തങ്ങിനിൽക്കുന്നതുപോലെ തോന്നി. അതിനും ഒരു വർഷം മുൻപാണ് ബീഗം ഈ ഗാനം ആദ്യമായി പൊതുവേദിയിൽ പാടിയത്;  ഷിംല കരാർ ഒപ്പുവയ്ക്കാനെത്തിയ പാക്ക് പ്രധാനമന്ത്രി സുൾഫിക്കർ അലി ഭൂട്ടോയുടെ മുന്നിൽ. ഇന്നും ഏകാന്തനിമിഷങ്ങളിൽ കണ്ണുമടച്ചിരുന്ന് ഈ പാട്ടുകേൾക്കും ഞാൻ.

അഭിമുഖം തീർന്നിരുന്നില്ല. കടപ്പുറത്തുനിന്നു കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിലേക്കു നീളുന്നു അത്. ആൾത്തിരക്കിൽനിന്നകലെ സ്റ്റേഷനിലെ കാത്തിരിപ്പുമുറിയിലിരുന്ന് സംസാരിക്കാനുള്ള ക്ഷണം വിനയപൂർ‍വം നിരസിച്ച് ഉധാസ് പറഞ്ഞു: ‘‘എന്തിന്? വിയർത്തുകുളിക്കാനോ? ഇവിടെ ഈ തൂണിൽചാരിനിന്നു സംസാരിക്കാനാണ് എനിക്കിഷ്ടം.’’ ആരാധകർ‍ ശല്യപ്പെടുത്തില്ലേ എന്ന മറുചോദ്യം പുഞ്ചിരികൊണ്ട് വകഞ്ഞുമാറ്റി ഉധാസ് പറഞ്ഞു: ‘‘ഇവിടെ ആർക്കാണ് എന്നെ അറിയുക? അത്ര വലിയ സെലിബ്രിറ്റിയൊന്നും അല്ലല്ലോ ഞാൻ.’’ പരസ്പരം കൂട്ടിമുട്ടാതിരിക്കാൻ പാടുപെട്ടു തലങ്ങും വിലങ്ങും നടക്കുന്ന മനുഷ്യരെ അലസമായി വീക്ഷിച്ച് ഉധാസ് ചോദ്യങ്ങൾക്കു    മറുപടി നൽകവേ, പൊടുന്നനെ ഞങ്ങൾക്കിടയിലേക്ക് ഒരു പരുക്കൻകൈ നീണ്ടുവരുന്നു. മലർത്തിപ്പിടിച്ച കയ്യിൽ ഒരു ഒഴിഞ്ഞ സിഗരറ്റ് കൂട് . ‘‘സാർ, ഒരു ഒപ്പ്’’... വിനയത്തോടെ കയ്യുടെ ഉടമ പറഞ്ഞു. ആളുടെ മുഖം ശ്രദ്ധിച്ചത് അപ്പോഴാണ്‌. അദ്ഭുതം തോന്നി. ചുവപ്പുകുപ്പായവും കൈലിയും ധരിച്ച ഒരു റെയിൽവേ ചുമട്ടുതൊഴിലാളി. കട്ടിമീശയ്ക്കിടയിലൂടെ ചിരിച്ചുകൊണ്ടിരുന്ന ആ മനുഷ്യനോടു പങ്കജ് ഉധാസ് ഗൗരവത്തിൽ ചോദിച്ചു: നിങ്ങൾക്കെന്നെ അറിയാമോ? 

‘‘പിന്നില്ലാതെ? ചിഠി ആയി ഹേ പാടിയ ആളല്ലേ? ആദ്യം പുറത്തിറക്കിയ ആഹത് എന്ന ആൽബം എന്റെ ശേഖരത്തിലുണ്ട്’’. ഉധാസ് ഞെട്ടി. അടുത്തനിമിഷം ആരാധകന്റെ പുറത്തുതട്ടി, അയാളുടെ കയ്യിലെ സിഗരറ്റുപാക്കറ്റിന്റെ ഒഴിഞ്ഞഭാഗത്ത് സന്തോഷപൂർവം കയ്യൊപ്പുചാർത്തവേ ഉധാസ് എന്നെ നോക്കി കണ്ണിറുക്കി പറഞ്ഞു: ‘‘ഇൻക്രെഡിബിൾ!; സമ്മതിച്ചിരിക്കുന്നു നിങ്ങളുടെ നാട്ടുകാരെ.’’ യാത്ര പറഞ്ഞു പിരിയുംമുൻപ് ഒന്നുകൂടി പറഞ്ഞു അദ്ദേഹം: ‘‘ഏത് അവാർഡിനെക്കാളും വിലയുണ്ട്‌ ഇത്തരം സ്നേഹപ്രകടനങ്ങൾക്ക്’’. 

പങ്കജ് ഉധാസ്
പങ്കജ് ഉധാസ്

പതിനഞ്ചു വർഷം കഴിഞ്ഞ് പങ്കജ് ഉധാസ് മറ്റൊരു സംഗീതപരിപാടിക്കായി കോഴിക്കോട്ടെത്തിയപ്പോഴാണ് പിന്നീടദ്ദേഹത്തെ നേരിൽ കണ്ടത്; ഇത്തവണയും അഭിമുഖകാരന്റെ റോളിൽ. ചാനലിനു വേണ്ടിയാണെന്നു മാത്രം. താമസിച്ചിരുന്ന ഹോട്ടൽമുറിയിൽചെന്നു പരിചയപ്പെടുത്താൻ തുനിഞ്ഞപ്പോൾ എന്നെ അമ്പരപ്പിച്ച് ഉധാസ് പറഞ്ഞു: ‘‘ഞാൻ ഓർക്കുന്നു, കടൽത്തീരത്തെ ആ രാത്രി. പിന്നെ ആ റെയിൽവേ പോർട്ടറെയും. ഇപ്പോൾ നിങ്ങൾ ബീഗം അഖ്തറിന്റെ ആരാധകനായി മാറിയിരിക്കുമെന്നു കരുതട്ടെ? എന്റെ സ്റ്റഡി ക്ലാസ് സാധാരണ പാഴായിപ്പോകാറില്ല..’’

മനസ്സുകൊണ്ട് പങ്കജ് ഉധാസിനെ നമിച്ചുപോയ നിമിഷം. ഒരുപക്ഷേ, സംഗീതത്തിനുമാത്രം കഴിയുന്ന ജാലവിദ്യയായിരിക്കാം അത്. ‘‘എന്നെ ഇപ്പോഴും ഓർക്കുന്നുവെന്നറിഞ്ഞതിൽ സന്തോഷം. ബീഗം സാഹിബ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണത്.’’ വികാരാധിക്യം മറച്ചുവയ്ക്കാതെ ഞാൻ പറഞ്ഞു. ഉടൻ വന്നു ഉധാസ്ജിയുടെ പ്രതികരണം: ‘‘ശരിയാണ്. ബീഗം ജീവിക്കുന്നു; എന്റെയും നിങ്ങളുടെയും മനസ്സിൽ.’’ നിശ്ശബ്ദമായി പുഞ്ചിരിക്കുന്ന ആ കണ്ണുകളിൽ ഒരു പാട്ടിന്റെ തിളക്കം കണ്ടു ഞാൻ: ‘‘ഏയ് മൊഹബത്ത് തേരേ അൻജാം പേ രോനാ ആയാ..''

(സംഗീത നിരൂപകനും എഴുത്തുകാരനുമാണ് ലേഖകൻ)

English Summary:

Ravi Menon opens up about Pankaj Udhas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com