ADVERTISEMENT

മലയാളിയുടെ ഹൃദയവീഥികളിലൂടെ ഒഴുകിനീങ്ങുന്നൊരു പാട്ടുണ്ട്, പൃഥ്വിരാജ്–ബ്ലെസി ചിത്രം ആടുജീവിതത്തിലെ ‘പെരിയോനേ എൻ റഹ്മാനേ’. സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലെല്ലാം ഇപ്പോൾ ഈ പാട്ട് തന്നെയാണ് നിറഞ്ഞു നിൽക്കുന്നത്. വേദനയുടെ ആഴവും പ്രതീക്ഷയുടെ പ്രാർഥനയുമെല്ലാം ഉൾക്കൊള്ളുന്ന ഗീതം പാടി റീൽ വിഡിയോകൾ പങ്കുവയ്ക്കുന്ന തിരക്കിലാണ് പാട്ടുപ്രേമികൾ. ഇപ്പോഴിതാ ഗായിക രാജലക്ഷ്മി പാടിയ ‘പെരിയോനേ എൻ റഹ്മാനേ’ പതിപ്പ് ശ്രദ്ധ നേടുകയാണ്. പാട്ടിനെക്കുറിച്ച് രാജലക്ഷ്മി പറയുന്നതിങ്ങനെ: 

‘ദുഃഖഗാനങ്ങൾ എനിക്കു പൊതുവേ ഇഷ്ടമാണ്. ആടുജീവിതം എന്ന സൂപ്പർഹിറ്റ് ചിത്രം, ഏറെ നാളുകൾക്കു ശേഷമുള്ള റഹ്മാൻ സാറിന്റെ മലയാള ഗാനം, ജിതിൻ രാജ് എന്ന യുവശബ്ദം തുടങ്ങി ഈ പാട്ടിനെ ഇഷ്ടപ്പെടാൻ കാരണങ്ങളേറെയുണ്ട്. ഇത്തരത്തിലുള്ള പാട്ടുകൾ നാം മുൻപൊരുപാട് കേട്ടിട്ടുള്ളതാണ്. ഗീതാഞ്ജലി എന്ന ചിത്രത്തിൽ ഞാൻ പാടിയ ‘‘ദൂരെ ദൂരെ’’ എന്ന ഗാനം ഇതുപോലെയുള്ള ഒരു ശോകഗാനമാണ്. അതെനിക്ക് ഇന്നും ഏറെ പ്രിയപ്പെട്ട പാട്ട് തന്നെ. അതേ ഭാവമുള്ള ‘‘പെരിയോനേ എൻ റഹ്മാനേ’’ കേട്ടപ്പോൾ ഒരുപാടിഷ്ടമായി. അങ്ങനെയാണ് റീൽ വിഡിയോ ചെയ്യാൻ തീരുമാനിച്ചത്. ഇപ്പോൾ ഈ പാട്ട് പാടാത്തവരായി വളരെ ചുരുക്കം ചിലരേയുള്ളുവെന്നു തോന്നുന്നു’.

റഫീഖ് അഹമ്മദ് ആണ് ‘പെരിയോനേ എൻ റഹ്മാനേ’ എന്ന പാട്ടിനു വരികൾ കുറിച്ചത്. എന്നാൽ പാട്ടിലെ ആദ്യവരി സംഗീതസംവിധായകൻ എ.ആർ.റഹ്മാന്റെ തന്നെ സംഭവാനയാണെന്ന് അടുത്തിടെ അദ്ദേഹം മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. പുറത്തിറങ്ങി രണ്ടാഴ്ച കൊണ്ട് 7 ലക്ഷത്തിനടുത്ത് പ്രേക്ഷകരെയാണ് പാട്ട് സ്വന്തമാക്കിയത്. 

ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന പ്രശസ്ത നോവലിനെ അടിസ്ഥാനമാക്കിയാണ് അതേ പേരിൽ സിനിമ പുറത്തിറങ്ങിയത്. ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായി അമല പോൾ എത്തുന്നു. ജിമ്മി ജീന്‍ ലൂയിസ്, റിക്ക് അബി, താലിബ് അല്‍ ബലൂഷി, കെ.ആര്‍.ഗോകുല്‍ എന്നിവരും ചിത്രത്തിൽ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മാർച്ച് 28നു റിലീസ് ചെയ്ത ‘ആടുജീവിതം’ മികച്ച പ്രേക്ഷകപ്രതികരണങ്ങളാണു നേടുന്നത്. 

English Summary:

Rajalakshmy singing Periyone Rahmane song

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com