ADVERTISEMENT

മലയാള സിനിമാ സംഗീത ലോകത്തിന് അനശ്വരങ്ങളായ നിരവധി ഗാനങ്ങൾ സമ്മാനിച്ച സംഗീതസംവിധായകൻ എം.കെ.അർജുനൻ വിടവാങ്ങിയിട്ട് 4 വർഷങ്ങൾ. യമുനേ പ്രേമയമുനേ, പാടാത്ത വീണയും പാടും, കസ്തൂരി മണക്കുന്നല്ലോ, തുടങ്ങിയ ഗാനങ്ങൾ മലയാളിക്കു സമ്മാനിച്ച അർജുനൻ മാസ്റ്റർ, ഇരുന്നൂറിലധികം ചിത്രങ്ങളിലായി ആയിരത്തിലധികം ഗാനങ്ങൾക്കു സംഗീതം നൽകിയിട്ടുണ്ട്. ആറ് പതിറ്റാണ്ടിലേറെ നീണ്ട ആ സംഗീത സപര്യയ്ക്ക് 2020 ഏപ്രിൽ 6ന് തിരശീല വീണു. 

arjunan2
എം.കെ.അർജുനൻ ∙ചിത്രം മനോരമ

1936 മാർച്ച് 1 ന് ഫോർട്ടുകൊച്ചിയിലെ ചിരട്ടപ്പാലത്ത് കൊച്ചുകുഞ്ഞിന്റെയും പാറുവിന്റെയും പതിനാലു മക്കളിൽ ഏറ്റവും ഇളയവനായാണ് അർജുനൻ ജനിച്ചത്. അർജുനന് ആറ്മാസം പ്രായമുള്ളപ്പോൾ അച്ഛൻ മരിച്ചു. വീട്ടിലെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം അർജുനനേയും അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ പ്രഭാകരനേയും അമ്മ പഴനിയിലെ ജീവകാരുണ്യ ആനന്ദാശ്രാമത്തിൽ അയച്ചു. അവിടെ വച്ച് ആശ്രമാധിപനായ നാരായണസ്വാമിയാണ് അർജുനനു പാടാനുള്ള കഴിവുണ്ടെന്നു തിരിച്ചറിഞ്ഞത്. നാരായണസ്വാമി എർപ്പെടുത്തിയ സംഗീതാധ്യാപകന്റെ കീഴിൽ ഏഴ് വർഷം അർജുൻ സംഗീതം അഭ്യസിച്ചു

arjunan4
ഭാര്യ ഭാരതിക്കൊപ്പം എം.കെ.അർജുനൻ ∙ചിത്രം മനോരമ

പഴനിയിലെ ആശ്രമത്തിൽ അന്തേവാസികളുടെ എണ്ണം വർധിച്ചപ്പോൾ ഫോർട്ടുകൊച്ചിയിലേക്കു മടങ്ങി. സംഗീതക്കച്ചേരികൾ നടത്തിയും കൂലിവേല ചെയ്തും നടന്ന കൗമാരത്തിൽ സംഗീതപഠനം തുടരണമെന്നു മോഹമുണ്ടായിരുന്നെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം അതിനു സാധിച്ചില്ല. പകരക്കാരനായാണ് അർജുനൻ ആദ്യമായി നാടകത്തിനു സംഗീതം പകരുന്നത്. പള്ളിക്കുറ്റം എന്ന നാടകത്തിനു സംഗീതം പകർന്നുകൊണ്ടാണ് അർജുനൻ മാസ്റ്റർ സംഗീതസംവിധാനത്തിൽ ഹരിശ്രീ കുറിച്ചത്. തുടർന്ന് ‘കുറ്റം പള്ളിക്ക്’ എന്ന നാടകത്തിനുവേണ്ടിയും ഈണമൊരുക്കി.

arjunan8
എം.കെ.അർജുനൻ ∙ചിത്രം മനോരമ

പിന്നീട് ചങ്ങനാശ്ശേരി ഗീത, പീപ്പിൾസ് തിയറ്റർ, ദേശാഭിമാനി തിയറ്റേഴ്‌സ്, ആലപ്പി തിയറ്റേഴ്‌സ്, കാളിദാസ കലാകേന്ദ്രം, കെപിഎസി തുടങ്ങിയ  നാടക സമിതികളിൽ പ്രവർത്തിച്ച അദ്ദേഹം, മുന്നൂറോളം നാടകങ്ങളിലായി 800ലധികം ഗാനങ്ങൾക്കു സംഗീതസംവിധാനം നിർവഹിച്ചു.  നാടകരംഗത്തു പ്രവർത്തിക്കവേ, ദേവരാജൻ മാസ്റ്ററുമായി പരിചയപ്പെട്ടതോടെയാണ് അർജുനൻ മാസ്റ്ററിന്റെ ജീവിതത്തിലെ മറ്റൊരു അധ്യായത്തിനു തുടക്കമായത്. ദേവരാജൻ മാഷിനു വേണ്ടി നിരവധി ഗാനങ്ങൾക്ക് അദ്ദേഹം ഹാർമോണിയം വായിച്ചു.

arjunan6
എം.കെ.അർജുനൻ ∙ചിത്രം മനോരമ

1968ൽ ‘കറുത്ത പൗർണമി’ എന്ന ചിത്രത്തിലൂടെയാണ് അർജുനൻ മാസ്റ്റർ സിനിമ സംഗീതസംവിധാന രംഗത്ത് അരങ്ങേറുന്നത്. ചിത്രത്തിലെ മാനത്തിൻമുറ്റത്ത്, ഹൃദയമുരുകീ നീ എന്നീ ഗാനങ്ങൾ ശ്രദ്ധേയങ്ങളായി. തുടർന്ന് നിരവധി ചിത്രങ്ങൾക്ക് അർജുനൻ മാസ്റ്റർ ഈണം നൽകിയി. വയലാർ, പി.ഭാസ്‌കരൻ, ഒഎൻവി എന്നിവർക്കൊപ്പവും പ്രവർത്തിച്ചിട്ടുണ്ടെങ്കിലും ശ്രീകുമാരൻ തമ്പി–അർജുനൻ കൂട്ടുകെട്ടിന്റെ ഗാനങ്ങൾ ഏറെ ജനപ്രീതി നേടി. ഇന്ത്യയുടെ സംഗീത സാമ്രാട്ട് എ.ആർ.റഹ്മാൻ ആദ്യമായി കീബോർഡ് വായിച്ചു തുടങ്ങിയത് അർജുനൻ മാസ്റ്ററിന്റെ കീഴിലായിരുന്നു.

arjunan9
ശ്രീകുമാരൻ തമ്പിക്കൊപ്പം എം.കെ.അർജുനൻ ∙ചിത്രം മനോരമ
English Summary:

Remembering M K Arjunan on his 4th death anniversary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com