ADVERTISEMENT

‘‘എന്തിനേ കൊട്ടിയടയ്ക്കുന്നു കാലമെന്‍

ഇന്ദ്രിയ ജാലകങ്ങള്‍?...’’

നേർത്ത വിഷാദത്തിന്റെ താളപ്പകർച്ചയുമായി ഒഴുകിപ്പരക്കുകയാണ് ആ ഗസൽ നിലാവ്. വടക്കൻ കേരളത്തിന്റെ സാന്ധ്യയാമങ്ങളെ മെഹഫിലുകൾ കൊണ്ട് രാജദർബാറുകളാക്കി മാറ്റിയ, ബീഗം അക്തറും ജഗ്ജീത് സിങ്ങും മെഹദി ഹസനുമൊക്കെ ആവോളം മേഞ്ഞിറങ്ങിയ ഭൂതകാലത്തിന്റെ ഒരു പിൻപറ്റൽ... എത്ര തവണ കേട്ടിരിക്കുന്നു. ‘പാടുക സൈഗാൾ പാടൂ’ (2006) എന്ന ആൽബത്തിൽ ഒഎൻവി വരച്ചിട്ട നൊമ്പരത്തെ ഉമ്പായി ഇങ്ങനെ ആർദ്രമായി പാടിയുഴിയുമ്പോൾ കേൾവിക്കു കൈവരുകയാണല്ലോ ഒരഭൗമസൗന്ദര്യം! തളർത്തിക്കളയുന്ന കാലത്തിന്റെ കടന്നാക്രമണത്തിലേക്കാണ് കേൾവിയിടങ്ങൾ നടന്നേറുന്നത് എന്നതിനാൽ ആസ്വാദനത്തെ മെല്ലെ ഒരു ഭീതി പൊതിയുന്നുമുണ്ട്.  

സകല മേഖലകളേയും ചവിട്ടിമെതിച്ച, അതീന്ദ്രിയ വൈഭവങ്ങൾ കൈമുതലായ തീക്ഷ്ണ യൗവനത്തെ കാലമെടുത്തു. മുറിപ്പാടുകളും 

പരിഭവപ്പെടലുകളുമായി ശിഷ്ടകാലത്തോടു മല്ലടിക്കുമ്പോൾ കൊട്ടിയടയ്ക്കപ്പെട്ട ഇന്ദ്രിയജാലകങ്ങളാവുന്നു കൂട്ട്. ‘ഇനിയൊന്നും കാണേണ്ട, കേൾക്കേണ്ട, അറിയേണ്ട’ എന്ന കനിവറ്റ കാലകൽപനയോട് അനുസരണക്കേടിന് ആവതില്ല! നിസ്സഹായതയുടെ നിഴൽ വീണ വഴികളിൽ കാലം കവർന്ന ഇന്ദ്രിയാനുഭൂതികളെ ഓർത്തുള്ള കവിയുടെ വേവലാതിപ്പെടലുകൾക്ക് അതിനേക്കാൾ വേവൂറുന്ന ആലാപനം... മുംബൈ മഹാനഗരത്തിന്റെ ഗസൽ വഴികളിൽ ലഹരി പടർത്തിയ സാക്ഷാൽ ഉസ്താദ് മുനവറലി ഖാന്റെ ശിഷ്യന് ഭാവാലാപനത്തിൽ പിറകോട്ട് പോകാനാവുമോ! 

ഗസൽ എന്നത് ഗായകനും ആസ്വാദകനുമായുള്ള സംവദിക്കലാകുമ്പോൾ പങ്കുവയ്ക്കപ്പെടുകയാണ് അന്തമില്ലാത്ത ആ ആകുലതകളും. അവയുടെ പകർന്നേകലിനായി എത്ര ഗ്രാമ്യനന്മകളുടെ കാഴ്ചകളെയാണ് പ്രിയകവി വരച്ചിടുന്നത്. പദാനുപദങ്ങളിലെ ഗൃഹാതുരത്വം കാഴ്ചവട്ടങ്ങളുടെ കൈ പിടിക്കുന്നു. കവിയും ഗായകനും ആസ്വാദകനും ഒന്നായിത്തീരുന്ന മാന്ത്രികതയുടെ, കാലങ്ങൾക്കപ്പുറത്തുള്ള അടയാളപ്പെടുത്തലുകളെ അമീർ ഖുസ്രുവെന്നോ മിർസാ ബേദിലെന്നോ സൈഗാളെന്നോ എന്തിന്, പങ്കജ് ഉധാസെന്നോ വിളിക്കട്ടെ. പക്ഷേ ഇന്ദ്രിയങ്ങൾ പകുത്തു നൽകുന്ന ഉന്മാദത്തെ ഉമ്പായിയെന്നു വിളിക്കാനാവും മലയാളത്തിനു കൂടുതലിഷ്ടം. 

umbayee3
ഉമ്പായി

ആകുലതകളുടെ അയവിറക്കലിൽ നോവു കിനിയുന്ന ചോദ്യങ്ങൾ ഉയരുന്നുവെങ്കിലും അവയൊക്കെയും സ്വയം ഉത്തരങ്ങളുമാണ്! ‘ജാലകച്ഛായയിൽ പാടാൻ വരും 

പക്ഷിജാലം പറന്നു പോയോ?’-  മങ്ങിത്തുടങ്ങുകയാണ് കാഴ്ചകൾ എന്ന് എത്ര ഭംഗിയായി പറയുന്നു! 

‘പാടവരമ്പത്ത് ചീവീട് രാക്കത്തി

രാകിടും ഒച്ചയുണ്ടോ?’ - കേൾവിയും കൊട്ടിയടയ്ക്കപ്പെട്ടു. പാതിരാക്കോഴിയുടെ കൂവലും കാവൽമാടത്തിൽ ചൂളവും ഇന്ദ്രിയാനുഭൂതികളുടെ കയ്യകലത്തിൽനിന്നു വേർപെട്ടു തുടങ്ങിയെന്നാകിൽ സംശയിക്കേണ്ട, പടുനഷ്ടങ്ങളുടെ പാടവരമ്പേറിക്കഴിഞ്ഞു ആ നിസ്സഹായത! ഉമ്മറക്കോലായയിലെ രമണഗീതത്തിനായി കാതോർക്കുന്ന വൃദ്ധഹൃദയത്തിലെ പ്രണയാതുരതയും ഒരുവേള നിസ്സംഗമായോ? ഇടനെഞ്ച് പിളർക്കുന്ന ഇടയദുഃഖത്തിന് ആഢ്യത്വത്തിന്റെ നിസ്സാരവത്കരണം കവികൽപനകളുടെ കളം നിറച്ചിട്ടിരിക്കുകയാണല്ലോ എന്നും! ആലാപനത്തിലെ ആ ഇഴുകിച്ചേരലിൽ കണ്ണുകൾ പൂട്ടിയ ആസ്വാദകനും സ്വയം മറക്കുന്നു.

വാർധക്യം പൂണ്ടടക്കം പുണർന്നു കഴിഞ്ഞാൽ, ചിന്തകളാർത്തിരമ്പുന്ന ഉൾക്കേൾവികളിലേക്ക് ആർത്തലയ്ക്കുന്ന കടലിന്നിരമ്പമോ ചൂളം കുത്തുന്ന കാറ്റിൻ കിതയ്ക്കലോ എത്തിപ്പെടാൻ ഒന്നു മടിക്കും. അനിവാര്യമാറ്റങ്ങളോടു സന്ധിചെയ്യുമ്പോഴും കവിഹൃദയം വല്ലാതെ നീറുന്നുണ്ട്. ആ നീറ്റലിന് ഗസൽ താളം പകർന്ന ഉമ്പായി സംവദിക്കുന്നത് കേവലം കേൾവിക്കാരോടു മാത്രമല്ല, കാലത്തോടും കൂടിയാണ്. ഗസല്‍ എന്ന വാക്കിന്റെ അർഥം പ്രിയതമയുമായുള്ള സംഭാഷണമാണെന്നായിരുന്നു ഉമ്പായിയുടെ മതം. പൂർവസൂരികൾ ചമച്ചുവച്ചതൊക്കെയും അക്കാര്യം സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. എങ്കിലും വഴിമാറിയ ഈ നടത്തം ലക്ഷ്യം കാണുകതന്നെ ചെയ്തു. 

‘പൈതലെ തൊട്ടിലിലാട്ടുമൊരമ്മതൻ 

കൈവള പാടുന്നുണ്ടോ?’ കേൾവിഭംഗത്തിന്റെ നഷ്ടബോധത്തിനപ്പുറം പോയകാലത്തിന്റെ അനിവാര്യചര്യകളെ ഓർത്തുള്ള ആശങ്കകളും വാക്കുകളിൽ തികട്ടുന്നു.

പകുത്തു നൽകേണ്ട വാത്സല്യത്തിനു പകരമാർഗങ്ങൾ പരതിയ കാലദോഷത്തിലേക്കും കൂടിയല്ലേ ചോദ്യമുനകൾ ചെന്നു തറയ്ക്കുന്നത്?

Umbayee
ഉമ്പായി

പടികടന്നെത്തുന്ന പടുകാലത്തിനു നേരെ പരിച തീർക്കാൻ മാത്രമാവില്ല വാർധക്യത്തിന്റെ ഭക്തിമാർഗം തേടൽ. പറഞ്ഞുകേട്ട മോക്ഷത്തിലേക്കു പദമൂന്നാൻ കൊതിക്കുന്നവർക്ക് ഗീതഗോവിന്ദമോ ദൈവ വാഴ്ത്തലുകളോ ഒക്കെ ഊന്നുവടികൾ കൂടിയാണ്. ആത്മജ്ഞാനത്തിന്റെ അകംപൊരുൾ തേടി അലഞ്ഞുതിരിഞ്ഞ പുരുഷായുസ്സിൽ അതിജീവനത്തിനായങ്കം വെട്ടിയതെത്ര! തുരുമ്പെടുത്ത ആയുധങ്ങൾ തുണയാകില്ലെന്ന തിരിച്ചറിവിൽ, തീർന്നിട്ടില്ലാത്ത യാത്രയ്ക്ക് ഊന്നുവടികൾ വേണ്ടതുണ്ട്. കവിയും ആഗ്രഹിച്ചു പോവുകയാണ് - എങ്ങാനും കേൾക്കുന്നുണ്ടോ ആ വാഴ്ത്തിപ്പാടലുകൾ.....       

 *          *          *        *          *

കൊച്ചിയുടെ സന്ധ്യകൾക്കു സംഗീതം കൊണ്ടു തിരി തെളിച്ച മെഹബൂബ് എന്ന, കൊച്ചിക്കാരുടെ ഭായ് ഒരിക്കൽ തനിക്കു പിന്നണി കൂടിയ ചെറുപ്പക്കാരനോടു പറഞ്ഞു - ‘‘തബലയിൽ നന്നായി പെരുക്കുന്നുണ്ടല്ലോ... നീ ബോംബെയ്ക്കു പോകണം. അവിടെ നിനക്ക് തെളിയാം, കൂടുതൽ പഠിക്കുകയുമാകാം.’’ പാട്ടും കൊട്ടുമൊക്കെയായി നടന്ന് മകൻ ‘നശിക്കുന്നത്’ കാണാൻ ഉമ്പായിയുടെ ഉപ്പയ്ക്ക് പക്ഷേ താൽപര്യമില്ലായിരുന്നു. ബോംബെയിൽ എത്തിയാൽ എന്തെങ്കിലും ജോലി പഠിച്ചോളും, അവിടെ തന്റെ ബന്ധുവുള്ളതുകൊണ്ട് പേടിക്കുകയും വേണ്ട - മകൻ ഇലക്ട്രീഷ്യനാവുന്നതു കാണാനിരുന്ന ആ പിതാവ് കരുതി. ഭാംഗ് പോലെ സിരകളിൽ നുരയുന്ന സംഗീതവുമായി ബോംബെയ്ക്കു വണ്ടികയറിയ ഉമ്പായി പാട്ടുകൂട്ടങ്ങൾക്കു പിന്നാലെ പോയി പാട്ടുകാരനാവുന്ന കാഴ്ചയാണ് കാലം പിന്നെ കാട്ടിത്തന്നത്! ഹിന്ദി സിനിമാ ഗാനങ്ങളുടെ അനന്തസാധ്യതകളെ ചെറുസഭകളിലേക്ക് അഴിച്ചുവിട്ടുകൊണ്ട് പുതുനിയോഗത്തിലേക്ക് ആ പാട്ടുകൊതിയൻ ചുവടുവച്ചു. ഏഴാണ്ടുകൾ കൊണ്ട് ഉസ്താദ് മുനവറലി ഖാൻ പാട്ടുലോകത്തേക്ക് തന്റെ ശിഷ്യനെ സ്വയം നടക്കാൻ പ്രാപ്തനാക്കി. മഹാനഗരത്തിന്റെ തെരുവുകളിൽ വിശന്നലഞ്ഞ പകലിരവുകളെ പഴങ്കഥയാക്കി പി.എ.ഇബ്രാഹിം എന്ന ഉമ്പായി മലയാളത്തിന്റെ പ്രണയ- വിരഹങ്ങളുടെ ഈണമായതും എത്ര പെട്ടെന്നായിരുന്നു. സ്നേഹപൂർവം ഉമ്മ തന്റെ മകനിട്ട വിളിപ്പേരായിരുന്നു ഉമ്പായി. ആലാപനത്തിന്റെ ആ സ്നേഹപ്പകർച്ചയ്ക്ക് മറ്റൊരു പേരിടാൻ സഹൃദയലോകത്തിനും പിന്നെ കഴിഞ്ഞില്ല.

ഉറുദു ഗസലുകളുടെ ആരാധകർ ഏറെയുണ്ടായിരുന്ന കൊച്ചിയിലെയും മലബാറിലെയും സംഗീതപ്രേമികൾക്കിടയിലേക്ക്, പഠിച്ച പാഠങ്ങൾക്കപ്പുറത്തേക്കുള്ള പുതുമാർഗങ്ങളെ അഴിച്ചു വിടാനായിരുന്നു ഉമ്പായി ശ്രമിച്ചതൊക്കെയും. മട്ടാഞ്ചേരിയിലെ സേട്ടുമാരുടെ മണിമാളികകളിൽനിന്ന് ഒഴുകിയിറങ്ങുന്ന പാട്ടുകൾക്കു കാതോർത്തു കാത്തുനിന്ന ഇല്ലായ്മകളുടെ യൗവനത്തിൽനിന്ന് മലയാളത്തിന്റെ ‘ഗസൽ ചക്രവർത്തി’ പദമേറിയത് പൊള്ളുന്ന യാഥാർഥ്യങ്ങളോടു പൊരുതിത്തന്നെയായിരുന്നു.

‘‘മറ്റു പലരേയും പോലെ മലയാളത്തിൽ ഗസൽ വിജയിക്കില്ലെന്ന ഉറച്ചവിശ്വാസമായിരുന്നു ഒഎൻവി സാറിനും ഉണ്ടായിരുന്നത്. മടിച്ചു മടിച്ചായിരുന്നു ആദ്യമായി അദ്ദേഹം പാട്ടെഴുതിത്തന്നത്.’’ - പിറകോട്ടോടിയ കാലത്തെ പിന്നെയെപ്പോഴൊക്കെയോ ആ സംഗീതസാത്വികൻ ഓർത്തെടുത്തിട്ടുണ്ട്. ഗസലെഴുത്തിൽ പിന്നോട്ടു പോയിട്ടില്ലാത്ത യൂസഫലി കേച്ചേരിയുടെയും ആദ്യ ധാരണകൾ ഇതായിരുന്നല്ലോ! എന്നാൽ പാട്ടെഴുത്തിലെ മുൻനിരക്കാരുടെ മുൻവിധികളെയൊന്നാകെ ഉന്മൂലനം ചെയ്തുകളഞ്ഞില്ലേ ഉമ്പായി! മലയാളത്തിന് പുത്തൻ മാനങ്ങൾ നൽകിയപ്പോഴും തന്റെ ഞരമ്പിലൂടൊഴുകുന്നത് ഹിന്ദുസ്ഥാനിയാണെന്ന് ഉറക്കെപ്പറയാൻ ആ ഫോർട്ടുകൊച്ചിക്കാരന് ഒരു മടിയും ഉണ്ടായിരുന്നില്ല.

‘‘ഉമ്പായിയുടേത് ശുദ്ധഗസൽ അല്ല!’’ - ചമയ്ക്കപ്പെട്ട നിയമാവലികൾ നാലുപാടും നിന്ന് കലി തുള്ളട്ടെ... ചാരുകസേരുടെ നീളൻ കൈപ്പടികളിലേക്കു കാലുകൾ ഉയർത്തി വച്ച്, നെഞ്ചത്തെ നരവീഴാൻ തുടങ്ങിയ രോമങ്ങളിലൂടെ വിരലോടിക്കെ കവിയുടെ ആകുലതകൾ വിഷാദം ഘനീഭവിച്ച പതിഞ്ഞ സ്വരത്തിൽ പിന്നെയും എന്നെ തേടിയെത്തുന്നു- 

‘എന്തിനേ കൊട്ടിയടയ്ക്കുന്നു കാലമെന്‍

ഇന്ദ്രിയ ജാലകങ്ങള്‍?....’

English Summary:

Musical journey of Ghazal singer Umbayee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com