ADVERTISEMENT

ഭർത്താവും ഗായകനുമായ നിക് ജൊനാസും താനും സാംസ്കാരികമായി ഏറെ വ്യത്യസ്തത പുലർത്തുന്നവരാണെന്നു തുറന്നു പറഞ്ഞ് നടി പ്രിയങ്ക ചോപ്ര. ഇരുവരും വലിയ കുടുംബത്തിൽ ജനിച്ചു വളർന്നവരാണെങ്കിലും രണ്ടു വ്യത്യസ്തമായ സംസ്കാരമാണു പഠിച്ചതും ശീലിച്ചതുമെന്ന് നടി വ്യക്തമാക്കി. പരസ്പര ധാരണയിൽ മുന്നോട്ടു പോകാൻ പലതും പുതിയതായി പഠിക്കേണ്ടതുണ്ടെന്നും അതെല്ലാം  മനസ്സിലാക്കുന്നതിലൂടെയാണ് ജീവിതം താളപ്പിഴകളില്ലാതെ പോകുന്നതെന്നും നടി പറയുന്നു. അടുത്തിടെ ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് പ്രിയങ്ക ചോപ്ര സ്വകാര്യജീവിതത്തെക്കുറിച്ചു മനസ്സു തുറന്നത്. 

‘ഞാനും നിക്കും ഞങ്ങളുടെ മാതൃരാജ്യങ്ങളെ അങ്ങേയറ്റം സ്നേഹിക്കുന്നവരാണ്. വിവിധങ്ങളായ സംസ്കാരങ്ങളെ സ്വീകരിക്കാൻ ഞങ്ങൾ തയാറാണ്. അവൻ ഇന്ത്യയെ ഏറെ സ്നേഹിക്കുന്നു. ഇവിടുത്തെ എല്ലാ കാര്യങ്ങളും അവന് ഇഷ്ടമാണ്. ഞാൻ അമേരിക്കയിലാണ് വളർന്നത്. കൗമാരപ്രായത്തിൽ ദീർഘകാലം അവിടെ ചെലവഴിച്ചു. അക്ഷരാർഥത്തിൽ അമേരിക്ക എന്റെ രണ്ടാം വീടു തന്നെയാണ്. അതുകൊണ്ടുതന്നെ അമേരിക്കൻ സംസ്കാരം കുറേയൊക്കെ ഞാൻ മനസ്സിലാക്കുകയും സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നിരുന്നാൽപ്പോലും വിവാഹം കഴിച്ച് അമേരിക്കയിലേക്കു പോയപ്പോൾ ജീവിതം അടിമുടി മാറിയതായി തോന്നി.'

'ജൊനാസ് കുടുംബത്തിലേക്കു കയറിച്ചെന്നപ്പോൾ എനിക്ക് കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. അവരുടെ സംസ്കാരവും മറ്റും പഠിച്ചെടുക്കാൻ വളരെ ബുദ്ധിമുട്ട് തോന്നി. അതുപോലെ നിക്കും പ്രയാസങ്ങൾ നേരിട്ടിട്ടുണ്ട്. എന്റെ കുടുംബത്തിലെ എല്ലാവരോടും സംസാരിക്കാൻ അവൻ കൂടുതൽ പഠിക്കേണ്ടി വന്നു. പക്ഷേ അതൊന്നും ഞങ്ങളെ ബാധിച്ചില്ല. ഈ വ്യത്യാസങ്ങളൊക്കെ സാംസ്കാരികമായി മാത്രം ഉള്ളതല്ലേ?’, പ്രിയങ്ക ചോപ്ര പറഞ്ഞു. 

2018 ഡിസംബറിലാണ് നിക് ജൊനാസും പ്രിയങ്ക ചോപ്രയും വിവാഹിതരായത്. മൂന്നു ദിവസം നീണ്ട, രാജകീയ പ്രൗഢി നിറയുന്ന ആഘോഷങ്ങളോടെയായിരുന്നു ഇന്ത്യൻ പാരമ്പര്യമനുസരിച്ചുള്ള വിവാഹം. പിന്നീട് നിക്കിന്റെ രാജ്യമായ അമേരിക്കയിൽ വച്ചും ചടങ്ങുകൾ നടത്തി. 2022 ജനുവരി 22ന് നിക്കിനും പ്രിയങ്കയ്ക്കും പെൺകു‍ഞ്ഞ് പിറന്നു. വാടകഗർഭപാത്രത്തിലൂടെയാണ് ഇരുവരും മാതാപിതാക്കളായത്. മാൾട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് മകളുടെ പേര്. മാൾട്ടിക്കും സമൂഹമാധ്യമങ്ങളിൽ ആരാധകർ ഏറെയുണ്ട്. 

English Summary:

Priyanka Chopra opens up about cultural differences with Nick Jonas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com