ADVERTISEMENT

ന്യൂഡൽഹി∙ റിസർവ് ബാങ്കിന്റെ ‌പരാതി പരിഹാര സംവിധാനമായ ബാങ്കിങ് ഓംബുഡ്സ്മാന് 2021–2022 വർഷം ലഭിച്ച പരാതികളിൽ ഏറ്റവും കൂടുതൽ ഡിജിറ്റൽ പേയ്മെന്റുകളുമായി ബന്ധപ്പെട്ട്. 42.12% പരാതികളാണ് ഇതുമായി ബന്ധപ്പെട്ട് ലഭിച്ചത്. എന്നാൽ കഴിഞ്ഞ 3 വർഷത്തിനിടെ ഏറ്റവും കുറവ് ഡിജിറ്റൽ പേയ്മെന്റ് പരാതികൾ എത്തിയത് ഇക്കൊല്ലമാണ്; 1.12 ലക്ഷം.  2020–21ൽ 1.45 ലക്ഷമായിരുന്നു പരാതികൾ. 

കഴിഞ്ഞ വർഷത്തെ ബാങ്കുകളുടെ പരാതി പട്ടികയിൽ എടിഎം/ഡെബിറ്റ് കാർഡ് (15.43%), മൊബൈൽ/നെറ്റ് ബാങ്കിങ് (14.69%), ക്രെഡിറ്റ് കാർഡ് (12%) എന്നിവയുമായി ബന്ധപ്പെട്ടുള്ളവയാണ് മുന്നിൽ. കേരളത്തിൽ നിന്നുള്ള പരാതികൾ സ്വീകരിക്കുന്ന തിരുവനന്തപുരം ആർബിഐ ഓംബുഡ്സ്മാന്റെ പക്കൽ കഴിഞ്ഞ വർഷമെത്തിയത് 8,133 പരാതികളാണ്.

ബാങ്കിങ് ഓംബുഡ്സ്മാന്റെ പ്രവർത്തനം 

ബാങ്കുകൾ, എൻബിഎഫ്‍സി, ഡിജിറ്റൽ പേയ്മെന്റ് ഓപ്പറേറ്റേഴ്സ് എന്നിവയ്ക്ക് നൽകിയ പരാതിയിൽ 30 ദിവസത്തിനകം നടപടിയുണ്ടാകാതിരിക്കുകയോ പരാതി നിരസിക്കുകയോ ചെയ്താൽ ആർബിഐ ഓംബുഡ്സ്മാനെ സമീപിക്കാം. സൗജന്യമാണ് സേവനം. ഉപയോക്താവിനുണ്ടായ ധനനഷ്ടം പരിഗണിച്ച് 20 ലക്ഷം രൂപ വരെ നഷ്ടപരിഹാരമായി വിധിക്കാൻ ഓംബുഡ്സ്മാന് കഴിയും. ഇതിനു പുറമേ സമയനഷ്‌ടം, മാനസിക ക്ലേശം തുടങ്ങിയവയൊക്കെ കണക്കിലെടുത്ത് ഒരു ലക്ഷം വരെയും നഷ്ടപരിഹാരം വിധിക്കാം.

പരാതി നൽകാൻ?

cms.rbi.org.in എന്ന വെബ്സൈറ്റ് വഴിയോ crpc@rbi.org.in എന്ന ഇമെയിൽ വഴിയോ പരാതി അയയ്ക്കാം. Centralised Receipt and Processing Centre, Reserve Bank of India, 4th Floor, Sector 17, Chandigarh- 160017 എന്ന വിലാസത്തിലും പരാതി അയയ്ക്കാം. പരാതിയുടെ മാതൃക വെബ്സൈറ്റിൽ ലഭ്യമാണ്. ഏതൊക്കെ ബാങ്കുകൾ സംവിധാനത്തിന്റെ പരിധിയിൽ വരുമെന്നും വെബ്സൈറ്റിലൂടെ അറിയാം. സംശയങ്ങൾക്ക് മലയാളം ഉൾപ്പെടെ 10 ഭാഷകളിൽ ടോൾ ഫ്രീ നമ്പർ സൗകര്യമുണ്ട്. ഫോൺ: 14448 (രാവിലെ 9:45 മുതൽ വൈകിട്ട് 5:15 വരെ).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com