ADVERTISEMENT

വിഷമവൃത്തത്തിൽ അകപ്പെട്ടിരിക്കുകയാണ് ഓഹരി വിപണി. മുന്നേറ്റം മോഹിക്കുന്നതിനൊപ്പം പിൻവലിയാനുള്ള പ്രേരണയും. ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്നുണ്ടായ ആഘാതം കെട്ടടങ്ങാൻ സാവകാശം ലഭിക്കുന്നതിനു മുൻപു തുടർചലനങ്ങൾ ഒന്നൊന്നായി അനുഭവപ്പെടുന്നതാണു വിപണിക്കു വെല്ലുവിളിയാകുന്നത്. വാണിജ്യ സംരംഭങ്ങളുടെയും വിവിധ സർക്കാരുകളുടെയും കടപ്പത്രങ്ങൾ സംബന്ധിച്ചു ഗവേഷണ റിപ്പോർട്ടുകൾ ലഭ്യമാക്കുന്ന രാജ്യാന്തര ഏജൻസിയായ മൂഡീസ് ഇൻവെസ്‌റ്റർ സർവീസ് അദാനി ഗ്രൂപ്പിലെ നാലു കമ്പനികളുടെ റേറ്റിങ് കുറച്ചതു വിപണിക്കു ചെറിയ ആഘാതമായിരുന്നില്ല. 

അദാനി ഗ്രൂപ്പിൽപ്പെട്ട നാലു കമ്പനികൾക്ക് എംഎസ്‌സിഐ സൂചികയിലുള്ള പ്രാതിനിധ്യത്തിന്റെ തോതു വെട്ടിക്കുറച്ചതും വിപണി ഉലയുന്നതിനു കാരണമായി. പ്രതീക്ഷിത തോതിലായിരുന്നു റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) യുടെ വായ്‌പ നിരക്കു വർധന. എന്നാൽ നിരക്കിന്റെ ഭാവി സംബന്ധിച്ച് ആർബിഐ ഗവർണർ നൽകിയ മുന്നറിയിപ്പു വിപണിക്ക് ആശ്വാസമേകുന്നതായിരുന്നില്ല. വിദേശ ധനസ്‌ഥാപനങ്ങൾ ഇന്ത്യൻ വിപണിയിൽനിന്നു വൻതോതിൽ ഓഹരികൾ വിറ്റുമാറുന്നതു തുടർന്നതും വിപണിയുടെ അസ്വസ്‌ഥത വർധിപ്പിച്ചതേയുള്ളൂ. രണ്ടാഴ്‌ചയ്‌ക്കിടയിൽ വിദേശ ധനസ്‌ഥാപനങ്ങൾ വിറ്റഴിച്ചത് 6872.23 കോടി രൂപയുടെ ഓഹരികൾ.

അസ്വസ്‌ഥതയ്‌ക്ക് ആഴം വർധിപ്പിക്കുന്ന പ്രഖ്യാപനമാണു മോസ്‌കോയിൽനിന്നെത്തിയത്. അസംസ്‌കൃത എണ്ണയുടെ പ്രതിദിന ഉൽപാദനത്തിൽ ദിവസം അഞ്ചു ലക്ഷം ബാരലിന്റെ കുറവു വരുത്തുമെന്നായിരുന്നു പ്രഖ്യാപനം. അതായത് 5% കുറവ്. പ്രഖ്യാപനം പുറത്തുവരാത്ത താമസം രാജ്യാന്തര വിപണിയിൽ ബ്രെന്റ് ക്രൂഡ് വില 2.5% വർധിച്ചു ബാരലൊന്നിന് 86.6 ഡോളറിലെത്തി. തിരിഞ്ഞുനോക്കുമ്പോൾ ഇതാണു സാഹചര്യം. മുന്നോട്ടു നോക്കുമ്പോൾ പ്രതീക്ഷിക്കാൻ പ്രത്യേകിച്ച് ഒന്നുമില്ലാത്ത അവസ്‌ഥയും. ഈ വിഷമസന്ധിയെ അതിജീവിക്കണമെങ്കിൽ നിക്ഷേപകർക്കു വിപണിയിലുള്ള വിശ്വാസം വീണ്ടെടുക്കാനാകണം. 

18,000 പോയിന്റിലേക്ക് വീണ്ടും

കടന്നുപോയ ആഴ്‌ച നിഫ്‌റ്റി 17,856.50 പോയിന്റിലാണ് അവസാനിച്ചത്. 17,750 – 17,850 നിലവാരം ശക്‌തമായ പിന്തുണയുടേതാണെന്നു ന്യായമായും വിശ്വസിക്കാം. കാരണം, തൊട്ടു മുൻ വാരത്തിലും നിഫ്‌റ്റി അവസാനിച്ചതു 17,854.1 നിലവാരത്തിലായിരുന്നല്ലോ. ഇന്ന് ആരംഭിക്കുന്ന ആഴ്‌ചയിൽ നിഫ്‌റ്റി 17,900 പിന്നിടുമെന്ന് ഉറപ്പിക്കാം. അതോടെ 18,000 അത്ര പ്രയാസമേറിയ നിലവാരമാകില്ല. 18,100 – 18,200 നിലവാരം പക്ഷേ അപ്പോഴും പല കടമ്പകൾക്ക് അപ്പുറത്തായിരിക്കും.

ഫലപ്രഖ്യാപനവുമായി കിറ്റെക്സും ആസ്റ്ററും

കേരളത്തിൽനിന്നുള്ള കിറ്റെക്‌സ് ഗാർമെന്റ്‌സ്, ആസ്‌റ്റർ ഡിഎം ഹെൽത്ത്കെയർ എന്നിവയുടേത് ഉൾപ്പെടെ ഈ ആഴ്‌ചയിലും കോർപറേറ്റ് ഫലപ്രഖ്യാപനങ്ങൾ ഏറെയുണ്ട്. കിർലോസ്‌കർ ഇൻഡസ്‌ട്രീസ്, ടിവിഎസ് ഇലക്‌ട്രോണിക്‌സ്, ബിഎഫ് യൂട്ടിലിറ്റീസ്, ഹിന്ദുസ്‌ഥാൻ ഓയിൽ എക്‌സ്‌പ്‌ളൊറേഷൻ, ലിബർട്ടി ഷൂ, എംഎംടിസി തുടങ്ങിയവ ഇന്നു ഫലം പ്രഖ്യാപിക്കും. കിറ്റെക്‌സ്, ആസ്‌റ്റർ ഡിഎം ഹെൽത്ത്കെയർ, ബയോകോൺ, സീമെൻസ്, സീക്വന്റ് സയന്റിഫിക് , രാജേഷ് എക്‌സ്‌പോർട്‌സ്, പിസി ജ്വല്ലർ, ഒഎൻജിസി, ബാറ്റ ഇന്ത്യ എന്നിവയുടെ ബോർഡ് യോഗം നാളെ. അദാനി ഗ്രൂപ്പിലെ ഏറ്റവും പ്രമുഖ കമ്പനിയായ അദാനി എന്റർപ്രൈസസിന്റെ പ്രവർത്തന ഫല പ്രഖ്യാപനവും നാളെയാണ്.

സൗത്ത് ഇന്ത്യൻ ബാങ്കിനു പ്രാതിനിധ്യം

അതിനിടെ,  എംഎസ്‌സിഐ സൂചികയിൽ കേരളത്തിൽനിന്നുള്ള കമ്പനിക്കും പ്രാതിനിധ്യം. എംഎസ്‌സിഐ ഇന്ത്യ ഡൊമസ്‌റ്റിക് സ്‌മോൾ ക്യാപ് ഇൻഡെക്‌സിൽ സൗത്ത് ഇന്ത്യൻ ബാങ്കിനെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com