ADVERTISEMENT

ന്യൂഡൽഹി∙ ഗോശാലകൾ ലാഭകരമാക്കാനും പ്രകൃതിദത്ത കൃഷി പ്രോത്സാഹിപ്പിക്കാനും ചാണകവും ഗോമൂത്രവും ഉപയോഗിച്ച് നിർമിക്കുന്ന ജൈവ വളത്തിന് ഉയർന്ന സബ്സിഡി അടക്കമുള്ള പിന്തുണ ആവശ്യമാണെന്ന് നിതി ആയോഗിന്റെ ശുപാർശ.ഗോശാലകൾ ഉൽപാദിപ്പിക്കുന്ന ജൈവവളം വിൽക്കാൻ സർക്കാർ–പൊതുമേഖലാ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തണമെന്നും നിതി ആയോഗ് ചുമതലപ്പെടുത്തിയ പ്രത്യേക കർമസമിതിയുടെ റിപ്പോർട്ടിലുണ്ട്. നിതി ആയോഗ് അംഗം പ്രഫ.രമേശ് ചന്ദ് ആണ് സമിതിയുടെ അധ്യക്ഷൻ.

യൂറിയ പോലെയുള്ള രാസവളങ്ങൾക്ക് നൽകുന്ന ഉയർന്ന സബ്സിഡി ചാണക–ഗോമൂത്ര വളങ്ങളെ അനാകർഷകമാക്കുന്നു. അതിനാൽ ഇവ തമ്മിൽ തുല്യത വേണം. ചാണകത്തിൽ നിന്ന് വരുമാനമുണ്ടാക്കുന്നതിന് ഗോശാലകൾ ധാരാളം വെല്ലുവിളികൾ നേരിടുന്നു.കൃഷിയും മൃഗസംക്ഷണവുമായി ബന്ധപ്പെട്ട ഭരണഘടനാ വ്യവസ്ഥ (48–ാം വകുപ്പ്) നിറവേറ്റുന്നതിൽ ചാണകത്തിൽ നിന്നുള്ള ജൈവവളത്തിന് വലിയ സ്വാധീനം ചെലുത്താനാകുമെന്നും റിപ്പോർട്ട് പറയുന്നു.

മറ്റ് ശുപാർശകൾ

∙ ഉപയോഗിക്കാതെ കിടക്കുന്ന സർക്കാർ സ്ഥലങ്ങൾ കന്നുകാലികൾക്കുള്ള പുല്ല് വളർത്താനായി ഗോശാലകൾക്ക് അനുവദിക്കുകയോ പാട്ടത്തിനു നൽകുകയോ ചെയ്യുക.

∙ പെട്രോളിൽ എഥനോൾ ചേർക്കുന്നതിന് സമാനമായി രാസവളത്തിൽ ചാണക–ജൈവവളം ചേർക്കുന്നതിന്റെ സാധ്യത പരിശോധിക്കുക.

∙ ഗോശാലകളിലെ കന്നുകാലികൾക്കുള്ള വൈക്കോലിനായി പഞ്ചായത്തുകളിൽ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി വഴി പിന്തുണ.

∙ ചാണകത്തിൽ നിന്നുള്ള ജൈവവളത്തിന് സർട്ടിഫിക്കേഷൻ 

∙വളം വിൽക്കുന്ന കടകൾ രാസ, ജൈവ വളങ്ങൾ ഒരേ അനുപാതത്തിൽ വിൽക്കണമെന്ന് വ്യവസ്ഥ

∙ ഗോശാലകളിൽ നിന്നുള്ള ബയോ–മാലിന്യം കൂടി ഉപയോഗിക്കുന്ന ബയോ–ഗ്യാസ് പ്ലാന്റുകൾ. ഈ ഗ്യാസ് ഉപയോഗിക്കുന്നവർക്ക് പ്രത്യേക ആനുകൂല്യം.

∙ ഗോശാലകൾക്ക് വയബിലിറ്റി ഗ്യാപ് ഫണ്ടിങ്

∙ ചാണക–ഗോമൂത്ര വളം പ്രോത്സാഹിപ്പിക്കാൻ വള നിയന്ത്രണ ഉത്തരവിൽ (എഫ്‍സിഒ) മാറ്റങ്ങൾ

∙ ഗോശാലകളുടെ അധിക വരുമാനത്തിനായി സോളർ പ്ലാന്റുകൾ, സോളർ ട്രീ.

∙ സർക്കാരിന്റെ എല്ലാ ക്ഷീര–മൃഗസംരക്ഷണ പദ്ധതികളുടെയും ഗുണഭോക്തൃ പട്ടികയിൽ ഗോശാലകൾക്ക് സ്ഥാനം.

∙ സർക്കാരിതര സംഘടനകളുടെ റജിസ്ട്രേഷനുള്ള ദർപ്പൺ പോർട്ടലിനു സമാനമായി ഗോശാലകൾക്കും ഓൺലൈൻ ഡേറ്റാബേസ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com