ADVERTISEMENT

കൊച്ചി ∙ വേദാന്ത ഗ്രൂപ്പുമായി ചേർന്നുള്ള സംരംഭത്തിൽനിന്നു ഫോക്‌സ്‌കോൺ പിന്മാറിയതിനു പിന്നാലെ ഗാലിയം, ജർമാനിയം എന്നീ ലോഹങ്ങളുടെ കയറ്റുമതി നിയന്ത്രിക്കാനുള്ള ചൈനയുടെ തീരുമാനവും ഇന്ത്യയുടെ സെമി കണ്ടക്‌ടർ മോഹങ്ങൾക്കു തിരിച്ചടിയാകുന്നു. വാഹനങ്ങൾ, മൊബൈൽ ഫോൺ, സെൻസറുകൾ തുടങ്ങി ഇലക്‌ട്രോണിക് ഘടകങ്ങളുള്ള മിക്ക ഉൽപന്നങ്ങൾക്കും ആവശ്യമായ ചിപ്പുകളുടെ നിർമാണത്തിന് ഈ ലോഹങ്ങളെയാണ് ആശ്രയിക്കുന്നത്. 

യുഎസിലെയും യൂറോപ്പിലെയും ഇലക്‌ട്രോണിക് വ്യവസായത്തെ ഉന്നംവച്ചുള്ളതാണു ചൈനയുടെ തീരുമാനമെങ്കിലും ചിപ് നിർമാണ ശ്രമങ്ങൾ ആരംഭിച്ചിട്ടുള്ള ഇന്ത്യയ്‌ക്കാണു വലിയ ആഘാതം. എട്ടു ലക്ഷത്തോളം കോടി രൂപയുടേതാണു പ്രതിവർഷം ഇന്ത്യയുടെ ഇലക്‌ട്രോണിക്‌സ് ഇറക്കുമതി. സെമികണ്ടക്‌ടറുകൾക്കു വേണ്ടിയാണ് ഇതിൽ രണ്ടര ലക്ഷത്തോളം കോടിയും. കുത്തക എന്നു വിശേഷിപ്പിക്കാവുന്ന തരത്തിൽ ലോകത്തെ ഗാലിയം ഉൽപാദനത്തിന്റെ 98 ശതമാനവും ജർമാനിയത്തിന്റെ 67 ശതമാനവും ചൈനയുടേതാണ്. 

ഇവ ആവശ്യമുള്ള വിദേശ കമ്പനികൾ ചൈനയിൽനിന്നു ലൈസൻസ് സമ്പാദിച്ചിരിക്കണമെന്ന നിബന്ധനയാണുണ്ടായിരിക്കുന്നത്. ചൈനയിൽനിന്നു ലൈസൻസ് നേടുകയെന്നത് എളുപ്പമുള്ള കാര്യമല്ലെന്നു ഇലക്‌ട്രോണിക്‌സ് ഉൽപന്ന നിർമാതാക്കൾ പറയുന്നു. ഗാലിയവും ജർമാനിയവും അപൂർവ ലോഹങ്ങളൊന്നുമല്ല. എന്നാൽ ശതകോടികൾ മുടക്കി ഇവയുടെ ഖനനവും ശുദ്ധീകരണവും സാധ്യമാക്കിയിട്ടുള്ളതു ചൈന മാത്രമാണ്. ഇവയുടെ ശേഖരമുള്ള രാജ്യങ്ങൾക്കു ഖനന, ശുദ്ധീകരണ സംവിധാനങ്ങൾ സജ്‌ജമാക്കാനാകും. പക്ഷേ അതിന് ഒട്ടേറെ വർഷങ്ങൾതന്നെ വേണ്ടിവരും. 

സംവിധാനങ്ങൾ സജ്‌ജമാക്കിയാലും ഉൽപാദനച്ചെലവു ചൈനയിലെക്കാൾഏറെ കൂടുതലാകുമെന്നാണു വിദഗ്‌ധാഭിപ്രായം. ലോകത്തെ അത്യാധുനിക സെമി കണ്ടക്‌ടർ ഉൽപാദനത്തിന്റെ 90 ശതമാനവും തയ്‌വാനിലാണ്. യുഎസ്, ജപ്പാൻ, ദക്ഷിണ കൊറിയ, ചൈന എന്നിവിടങ്ങളിലാണു ബാക്കി. ലോകത്തെതന്നെ ഏറ്റവും വലിയ നിർമാതാക്കളായ ഫോക്‌സ്‌കോൺ ഗുജറാത്തിലെ അഹമ്മദാബാദിനു സമീപം അനിൽ അഗർവാൾ നേതൃത്വം നൽകുന്ന വേദാന്ത ഗ്രൂപ്പുമായി ചേർന്നു രാജ്യത്തെ ആദ്യ സെമി കണ്ടക്‌ടർ പ്ലാന്റ് സ്‌ഥാപിക്കാനാണു പരിപാടിയിട്ടിരുന്നത്. എന്നാൽ 1.54 ലക്ഷം കോടി രൂപയുടെ സംരംഭത്തിൽനിന്നു ഫോക്‌സ്‌കോൺ പെട്ടെന്നു പിന്മാറി. 

ഫോക്‌സ്‌കോണിന്റെ പിന്മാറ്റം തിരിച്ചടിയല്ലെന്നു കേന്ദ്ര സർക്കാർ അവകാശപ്പെടുന്നുണ്ടെങ്കിലും ചൈനയുടെ തീരുമാനം സംബന്ധിച്ചു പ്രതികരണമുണ്ടായിട്ടില്ല. സ്വന്തം നിലയിൽ സെമി കണ്ടക്‌ടർ പ്ലാന്റ് സ്‌ഥാപിക്കാൻ ഫോക്‌സ്‌കോണുമായി സഹകരിച്ചു ഗുജറാത്ത് സർക്കാർ നീക്കം ആരംഭിച്ചിട്ടുണ്ട്. പുതിയ പങ്കാളികളെ കണ്ടെത്തി ചിപ് നിർമാണരംഗത്തേക്ക് ഈ വർഷം തന്നെ പ്രവേശിക്കുമെന്ന് ഓഹരി ഉടമകളുടെ വാർഷിക പൊതുയോഗത്തിൽ വേദാന്ത ഗ്രൂപ്പ് ചെയർമാൻ അനിൽ അഗർവാൾ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com