ADVERTISEMENT

അര ശതമാനമെങ്കിലും കൂടുതൽ പലിശ കിട്ടുന്ന അവസരങ്ങളിൽ റിട്ടയർമെന്റ് ആനുകൂല്യങ്ങൾ നിക്ഷേപിച്ച് അതിൽ നിന്നുള്ള വരുമാനമെടുത്ത് ജീവിതച്ചെലവ് നിർവഹിക്കുന്നവരാണ് ഭൂരിഭാഗവും. എന്നാൽ പലവിധ ആശങ്കകളും സാമ്പത്തിക അസ്ഥിരതകളും ഇതിനു തടസ്സം സൃഷ്ടിക്കാറുണ്ട്. അനുദിനച്ചെലവിനാവശ്യമായ തുക കൃത്യമായ ഇടവേളകളിൽ ഉറപ്പായും കൈകളിലെത്തിക്കാനുള്ള ആന്യുവിറ്റികളുടെ കഴിവ് അവയെ പെൻഷൻകാരുടെ ഇഷ്ട സാമ്പത്തിക സേവനമാക്കി മാറ്റുന്നു.

1. എന്താണ് അന്യുവിറ്റികൾ?

വിരമിക്കൽ സമയത്ത് പെൻഷൻ ആനുകൂല്യങ്ങളായി കിട്ടിയതോ അതുവരെ നിക്ഷേപമായി സ്വരുക്കൂട്ടിയതോ ആയ കോർപസ് തുക ഒരുമിച്ച് നിക്ഷേപിക്കുമ്പോൾ വയസ്സുകാലത്തു തിരഞ്ഞെടുക്കുന്ന ഇടവേളകളിൽ സുനിശ്ചിതമായ പണം വരവ് ഉറപ്പാക്കുന്ന സാമ്പത്തിക സേവനങ്ങളാണ് ആന്യുവിറ്റികൾ. ജീവിച്ചിരിക്കുന്നിടത്തോളം കാലപരിധി തിരഞ്ഞെടുക്കാവുന്ന ദീർഘകാല നിക്ഷേപങ്ങളാണിത്.

2. വിപണിയിലെ പലിശ നിരക്കുകൾ കുറയുമ്പോൾ നിക്ഷേപങ്ങളിൽ നിന്നു ലഭിക്കുന്ന വരുമാനം, ജീവിതാവശ്യങ്ങൾക്ക് തികയാതെ വരുന്ന പ്രശ്നങ്ങൾ ആന്യുവിറ്റികളിൽ ഉണ്ടാകുമോ?

മധ്യകാല നിക്ഷേപങ്ങളിൽ പോലും പുതുക്കുമ്പോൾ നിലവിലുള്ള കുറഞ്ഞ നിരക്കുകളിലേ പെൻഷൻ ലഭിക്കുന്നുള്ളൂ. എന്നാൽ, ആന്യുവിറ്റികളിൽ നിക്ഷേപിക്കുമ്പോൾ, വാഗ്ദാനം ചെയ്യുന്ന പെൻഷൻ തുക സ്വന്തം ജീവിതകാലം മാത്രമല്ല, ജീവിത പങ്കാളിയുടെ ജീവിതകാലം കൂടി സുനിശ്ചിതമായി നിലനിർത്താനാകും.

3. ആന്യുവിറ്റി തവണകൾ വാങ്ങിക്കൊണ്ടിരിക്കുമ്പോൾ പോളിസിയുടമ മരണമടഞ്ഞാൽ നിക്ഷേപം തിരികെ ലഭിക്കുമോ?

പോളിസിയുടമയോ ജീവിത പങ്കാളിയോ ജീവിച്ചിരിക്കുന്നതു വരെ ആന്യുവിറ്റി തവണ തുടരുകയും രണ്ടു പേരുടെയും മരണശേഷം നിക്ഷേപത്തുക അനന്തരാവകാശികൾക്കു ലഭിക്കുന്ന രീതിയിൽ ആന്യുവിറ്റികളെടുക്കാം. ആന്യുവിറ്റി ഉടമ മരണമടഞ്ഞാൽ നിക്ഷേപത്തുക ജീവിത പങ്കാളിക്കോ അനന്തരാവകാശികൾക്കോ ഒറ്റത്തവണയായോ ഇൻസ്റ്റാൾമെന്റായോ തിരികെ ലഭിക്കുന്ന വിഭിന്ന രീതികളുമുണ്ട്. തിരഞ്ഞെടുക്കുന്ന വ്യത്യസ്ത പോളിസി വ്യവസ്ഥകൾ അനുസരിച്ച് ലഭിക്കുന്ന ആന്യുവിറ്റി തവണ തുകകളിൽ വ്യത്യാസമുണ്ടാകും.

4. ഒരേ ആന്യുവിറ്റി തവണത്തുക തുടർച്ചയായി ലഭിച്ചാൽ വർഷങ്ങൾ കഴിയുമ്പോൾ ജീവിതാവശ്യത്തിനു തുക തികയാതെ വന്നാൽ എന്തു ചെയ്യും?

പണപ്പെരുപ്പം ജീവിതച്ചെലവുകൾ വർധിപ്പിക്കുമ്പോൾ തവണത്തുകയും വർധിക്കുന്ന രീതിയിൽ ആന്യുവിറ്റികൾ എടുക്കാം. വർഷം തോറും 3% വീതം തവണത്തുക വർധിക്കുന്ന രീതിയിൽ ആന്യുവിറ്റി എടുക്കുമ്പോൾ ആദ്യമേ ലഭിച്ചു തുടങ്ങുന്ന തുക താരതമ്യേന കുറവായിരിക്കുകയോ ഉയർന്ന നിക്ഷേപത്തുക തിരഞ്ഞെടുക്കുകയോ വേണം.

5. ആന്യുവിറ്റികളിൽ നിശ്ചിത പെൻഷൻ തുക ലഭിക്കാൻ എത്ര രൂപ നിക്ഷേപിക്കണമെന്ന് എങ്ങനെ കണക്കുകൂട്ടും?

ആന്യുവിറ്റി വാങ്ങുന്നവരുടെ പ്രായം, പെൻഷൻ തുക ലഭിച്ചു തുടങ്ങുന്ന കാലയളവ്, പോളിസിയുടമ മരണമടഞ്ഞാൽ നിക്ഷേപത്തുക അനന്തരാവകാശികൾക്ക് തിരികെ നൽകുക, ജീവിത പങ്കാളിക്ക് പെൻഷൻ തുടരണമോ തുടങ്ങി, തിരഞ്ഞെടുക്കുന്ന വ്യത്യസ്ത രീതികൾക്കനുസൃതമായാണ് നിക്ഷേപങ്ങൾക്ക് ആന്യുവിറ്റിവിൽ നിന്ന് ലഭിക്കുന്ന തവണത്തുക. ഓരോ കമ്പനികളും ഇതു മുൻകൂട്ടി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

6. ആന്യുവിറ്റികളിൽ നിക്ഷേപിക്കാൻ പെൻഷനാകുന്നതു വരെ കാത്തുനിൽക്കേണ്ടതുണ്ടോ?

ഇല്ല. നിക്ഷേപകന്റെ പ്രായമനുസരിച്ച് 2 തരത്തിലുള്ള ആന്യുവിറ്റികൾ തിരഞ്ഞെടുക്കാം. വരുമാനമുള്ള കാലത്തു തന്നെ നിക്ഷേപം നടത്താവുന്നതും റിട്ടയർ ചെയ്യണമെന്ന് തീരുമാനിക്കുന്ന തീയതി മുതൽ ആന്യുവിറ്റി തവണത്തുക ലഭിച്ചു തുടങ്ങുന്നതാണ് ഒന്നാമത്തേത്. റിട്ടയർമെന്റിന് തൊട്ടുമുൻപ് നിക്ഷേപം നടത്തുകയും തൊട്ടടുത്ത, തിരഞ്ഞെടുക്കുന്ന ഇടവേളകളിൽ ആന്യുവിറ്റി പണം ലഭിച്ചു തുടങ്ങുന്നതുമായ ഇമ്മീഡിയറ്റ് ആന്യുവിറ്റികളുമുണ്ട്.

7. ഒരിക്കൽ ആന്യുവിറ്റികളിൽ നിക്ഷേപിക്കുന്ന തുക അടിയന്തര ഘട്ടങ്ങളിൽ പിൻവലിക്കാനാകുമോ?

ഒരിക്കൽ നിക്ഷേപിച്ചാൽ നിക്ഷേപകന്റെ ജീവിതകാലത്ത് മുതൽതുക തിരികെ എടുക്കാനാകില്ല. പല വിദേശ രാജ്യങ്ങളിലും ഒരു കമ്പനിയുടെ ആന്യുവിറ്റി പ്ലാനിൽ നടത്തിയ നിക്ഷേപം മറ്റൊരു കമ്പനിയുടെ പ്ലാനിലേക്ക് മാറ്റാൻ സാധിക്കുമെങ്കിലും ഇന്ത്യയിൽ ഇനിയും 1035 എന്നറിയപ്പെടുന്ന പോളിസിമാറ്റ വകുപ്പ് പ്രാവർത്തികമായിട്ടില്ല. ചില ഡെഫേഡ് ആന്യുവിറ്റി പോളിസികളിൽ വായ്പ അനുവദിക്കുന്നുണ്ട്.

8.എവിടെ നിന്നാണ് ആന്യൂറ്റികൾ വാങ്ങാൻ സാധിക്കുക?

പ്രധാനമായും വിവിധ ലൈഫ് ഇൻഷുറൻസ് കമ്പനികളാണ് ആന്യുവിറ്റി പോളിസികൾ വിൽക്കുന്നത്. നാഷനൽ പെൻഷൻ പദ്ധതിയിൽ കോർപസ് തുക നിക്ഷേപിക്കാൻ ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ, എസ്ബിഐ ലൈഫ്, എച്ച്ഡിഎഫ്സി ലൈഫ്, ഐസിഐസിഐ-പ്രുഡൻഷ്യൽ ലൈഫ് തുടങ്ങി ഏഴോളം ആന്യുവിറ്റി സർവീസ് പ്രൊവൈഡർമാരെ ഏർപ്പെടുത്തിയിട്ടുണ്ട്.

9. ആന്യുവിറ്റികളിൽ നിന്ന് ലഭിക്കുന്ന തവണ തുകകൾക്ക് ആദായനികുതി നൽകേണ്ടി വരുമോ?

ഓരോ വർഷവും പെൻഷനായി ലഭിക്കുന്ന തുക അതത് വർഷത്തെ വരുമാനമായി കണക്കാക്കി മുറപ്രകാരമുള്ള നികുതി നൽകണം. എന്നാൽ ആന്യുവിറ്റികളിലെ നിക്ഷേപത്തിനും മരണമടഞ്ഞാൽ തിരികെ ലഭിക്കുന്ന തുകയ്ക്കും നികുതി ഇളവുകൾക്ക് അർഹതയുണ്ട്.

10. ആന്യൂറ്റികളുടെ പ്രധാന പോരായ്മകൾ എന്തൊക്കെയാണ്?

താരതമ്യേന കുറവായ 4 മുതൽ 6% വരെ വാർഷിക നിരക്കിലാണ് തവണത്തുകകൾ ലഭിക്കുക. വിപണിയിൽ പലിശ നിരക്കുകൾ ഉയരുമ്പോഴും ഇൻഷുറൻസ് കമ്പനിയുടെ സേവനം മോശമാകുമ്പോഴും ആന്യുവിറ്റികൾ മാറ്റി നിക്ഷേപിക്കാനാകില്ല. സാധാരണ പലിശയായിട്ടാണ് തവണത്തുകകൾ കണക്കുകൂട്ടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com