ADVERTISEMENT

കൊച്ചി∙ പാശ്ചാത്യ രാജ്യങ്ങളുടെ ചൈന പ്ലസ് വൺ നയവും ചൈനയിലെ പണച്ചുരുക്കവും– ഇന്ത്യയിലേക്ക് വിദേശ നിക്ഷേപവും (എഫ്ഡിഐ) ഓഹരി വിപണിയിലേക്ക് നിക്ഷേപവും (എഫ്ഐഐ) വർധിക്കും. ചൈനയിൽ ഫാക്ടറി നിർമാണം നടത്തിയിരുന്ന കമ്പനികൾ ഇന്ത്യയിലേക്കു മാറുന്നു. ചൈനീസ് നിന്നുള്ള ഇറക്കുമതിച്ചെലവും കുറയും. ചൈനീസ് വളർച്ച നിരക്ക് 5 ശതമാനത്തിൽ താഴെയായി. കയറ്റുമതിയും ഉപഭോഗവും കുറഞ്ഞതിനെ തുടർന്ന് ചൈനയിൽ വിലയിടിവാണ്. പണപ്പെരുപ്പത്തിനു പകരം പണച്ചുരുക്കം. ചൈനീസ് ഓഹരി വിപണിയിൽ നിന്നു പിൻവാങ്ങിയ എഫ്ഐഐ നിക്ഷേപകർ കഴിഞ്ഞ 3 മാസം കൊണ്ട് 1,35000 കോടി രൂപ ഇന്ത്യൻ ഓഹരികളിൽ നിക്ഷേപിച്ചത് സൂചികകൾ കുതിച്ചുകയറാൻ ഇടയാക്കി.

ചൈനയിൽ വർഷം 4400 കോടി ഡോളർ വിദേശ നിക്ഷേപം വന്നിരുന്നത് കഴിഞ്ഞ വർഷം 400 കോടി ഡോളറായി കുറഞ്ഞിരുന്നു. ചൈനയിൽ നിന്നുള്ള ഇറക്കുമതി അമേരിക്ക പാതിയായി കുറയ്ക്കുകയും ചെയ്തു. പാശ്ചാത്യ രാജ്യങ്ങളുടെ ചൈന പ്ലസ് വൺ നയം ഇന്ത്യയും മെക്സിക്കോയും വിയറ്റ്നാമും പോലുള്ള രാജ്യങ്ങൾക്ക് ഗുണകരമായി തുടങ്ങി. ചൈനയുടെ കയറ്റുമതിയുടെ 60% വിദേശ കമ്പനികൾ ചൈനയിൽ നടത്തുന്ന ഫാക്ടറികളിലെ ഉൽപന്നങ്ങളായിരുന്നു. രാജ്യാന്തര മത്സരത്തിന്റെ ഭാഗമായി ചൈനയുമായി അകലാൻ തുടങ്ങിയ യൂറോപ്പും അമേരിക്കയും ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങൾ ചൈന പ്ലസ് വൺ നയം നടപ്പിലാക്കി. 

ചൈനയിലെ ഫാക്ടറിക്കു പുറമേ മറ്റൊരു രാജ്യത്തു കൂടി ഉൽപാദനം വേണമെന്നതാണ് ഈ നയം. അങ്ങനെ ഫാക്ടറി നിർമാണം മാറ്റുന്നതിന്റെ ഭാഗമായിട്ടാണ് ആപ്പിളിന്റെ ഐഫോൺ നിർമാണം വലിയ തോതിൽ ഇന്ത്യയിലേക്ക് എത്തിയത്. വിസ്ട്രോണും ഫോക്സ്കോണും പെഗാട്രോണും ഇന്ത്യയിൽ ഐഫോൺ നിർമിക്കുന്ന കമ്പനികളാണ്. ഐഫോൺ ആകെ ഉൽപാദനത്തിന്റെ 25% ഇന്ത്യയിലേക്ക് മാറ്റുമെന്നാണു വിലയിരുത്തൽ. ആപ്പിൾ, സാംസങ്, കിയ, ബോയിങ്, സീമെൻസ്, തോഷിബ തുടങ്ങിയ കമ്പനികളും ഇന്ത്യയിലേക്ക് മാറുകയാണ്. ഉൽപാദനത്തെ അടിസ്ഥാനമാക്കിയുള്ള ഇൻസെന്റിവ് (പിഎൽഐ) പദ്ധതിയും അതിന് ആകർഷണമാണ്.

അതേസമയം, ചൈനയിലെ കെട്ടിട നിർമാണ രംഗത്തെ മാന്ദ്യം ലോകമാകെ സ്റ്റീൽ പോലുള്ള കമ്മോഡിറ്റികൾക്ക് ആവശ്യകത കുറയ്ക്കുകയും വിലയിടിവിലേക്ക് നയിക്കുകയും ചെയ്യുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ലോകത്തിലെ ഏറ്റവും വലിയ മെറ്റൽ ഉപയോക്താക്കളാണ് ചൈന. ചൈനയുടെ മെറ്റൽ ഉപയോഗം ലോകത്തിന്റെ ആകെ ഉപയോഗത്തിന്റെ ഏതാണ്ട് പകുതിയോളം വരും. 

Content Highlight: Foreign direct investment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com