Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാമായണകൃതി ലോകത്തിന്റെ പരിച്ഛേദം; ശക്തിചൈതന്യം

ramayanam

രാമായണം ഒരു ദീപപ്രകാശനമാണ്. മനുഷ്യമനസ്സുകൾക്കുള്ളിൽ കുടികൊള്ളുന്ന തേജോരൂപത്തെ ഒന്നുകൂടി ജ്വലിപ്പിക്കുന്ന ശക്തിചൈതന്യം. ആത്മസുഹൃത്തിനെപ്പോലെയാണ് രാമായണകൃതി. ജി‍‍ജ്ഞാസുവായ മനസ്സിനോട് എപ്പോഴും തുറന്ന സംവാദം, സ്നേഹശാസനകൾ, നന്മയിലേക്കുള്ള നേർവഴി നടത്തൽ... ജീവിതത്തിനു നേർക്കുപിടിച്ച കണ്ണാടി പോലെയാണു രാമായണകൃതി. നിത്യവും മുഖം മിനുക്കുന്നതുപോലെ നിത്യപാരായണത്തിലൂടെ സ്വയം തുലനംചെയ്തു പ്രാണന്റെ ആത്മപ്രകാശനവും സാക്ഷാത്കാരവും സാധിതമാക്കുന്ന മഹത്തായ ഗ്രന്ഥം.  

ഒരു നിയോഗമെന്ന പോലെയാണ് രാമായണകൃതി എന്റെ ജീവിതത്തിലേക്കു കടന്നുവരുന്നത്. ആകാശവാണി നിലയത്തിൽ ജോലിയുടെ ഭാഗമായാണ് ഞാൻ രാമായണം ആഴത്തിൽ പരിചയപ്പെടുന്നത്. 38 വർഷമായി അതെന്റെ ജീവിതത്തെയും സംഗീതത്തെയുമൊക്കെ സ്വാധീനിച്ചുകൊണ്ടിരിക്കുന്നു. ഓരോ കാലത്തെയും പുതിയ വായനകളിൽ നവ്യമായ കാഴ്ചകളിലേക്കും തലങ്ങളിലേക്കും എന്നെ കൊണ്ടുചെന്നെത്തിക്കുന്നു.

ഭക്തിയെക്കാളുപരി, വിശുദ്ധവും മനോഹരവുമായ ഒരു മനുഷ്യകഥയായാണ് ഞാൻ രാമായണത്തെ കാണുന്നത്. രാജഗൃഹത്തെ ഒരു കുടുംബമായി കാണാം. ആ കുടുംബത്തിലെ അംഗങ്ങൾ നേരിടുന്ന സങ്കീർണതകളാണു പ്രതിപാദ്യം. ഏതുകാലത്തും ഏതു മനുഷ്യരും നേരിടുന്ന പ്രശ്നങ്ങൾ തന്നെയാണ് അവരുടെ ജീവിതം സങ്കീർണമാക്കുന്നത്. മനുഷ്യമനസ്സിന്റെ അധമവും ഉന്നതവുമായ തലങ്ങളിലൂടെ കഥാപാത്രങ്ങൾ കടന്നുപോകുന്നു. മനസ്സിന്റെ ഉത്കൃഷ്ടവും അതേസമയം, അങ്ങേയറ്റം നിസ്സാരത നിറഞ്ഞതുമായ പ്രത്യേകതകളെല്ലാം സൂക്ഷ്മതലങ്ങളിൽ ഇവിടെ അപഗ്രഥനത്തിനു വിധേയമാകുന്നു. 

ധർമസന്ദിഗ്ധതകളിൽപെട്ട് കഥാപാത്ര മനസ്സുകൾ ഉഴലുന്നു. മനുഷ്യജീവിതത്തിലെ അതിബൃഹത്തായ ശക്തിവിശേഷങ്ങളാണു വാല്മീകി വരച്ചുകാട്ടുന്നത്. എഴുത്തച്ഛന്റെ അധ്യാത്മരാമായണം കിളിപ്പാട്ടിലെ ഈരണ്ടു വരികൾ എടുത്തുനോക്കുക. ‘ര’ എന്നും ‘മ’ എന്നുമുള്ള രണ്ട് അക്ഷരങ്ങൾ ആവർത്തിച്ചു വരുന്നതായി കാണാം. വരികളിലെ ഈ ‘രാമ’ശബ്ദം അനുവാചകനെ രാമനിലേക്കു സംക്രമിപ്പിക്കുകയാണ്. രാമഹൃദയത്തിലേക്കു ഭക്തനെ ചേർത്തുനിർത്തുന്ന ദ്വയാക്ഷരി. ‘ലോകതത്വം’ എന്തെന്നു തിരക്കുന്ന ശ്രീപാർവതിയോട് പരമശിവൻ പറയുന്നത് അത് ‘രാമതത്വ’മറിയുക എന്നാണ്. 

എന്താണ് രാമതത്വം? ആ പാഠമാണ് രാമായണം. ധർമത്തിന്റെയും മാനവികതയുടെയും സമാഹൃതസഞ്ചയമാണ് രാമഹൃദയം. ഉപാധികൂടാതെ എന്തിനെയും സ്വീകരിക്കാൻ രാമനു കഴിയുന്നു. ഇതിഹാസനായകനു ചേർന്ന ഹൃദയവിശാലതയായിട്ടല്ല അതിനെ കാണേണ്ടത്. മറിച്ച് ഭാരതസംസ്കൃതിയിൽ ഉയിർകൊണ്ടു ജീവിതം നയിക്കുന്ന ഒരു ധർമപുരുഷന്റെ ജീവിതവീക്ഷണമായാണ്. തിരസ്കാരത്തിന്റെ നായകനല്ല രാമൻ. പ്രാന്തവത്കരിക്കപ്പെട്ടവരുടെ അഭയകേന്ദ്രമായി രാമൻ മാറുന്നു. 

രാക്ഷസവംശത്തിൽ ജനിച്ചവനെങ്കിലും രാവണന്റെ സഹോദരനെങ്കിലും വിഭീഷണൻ രാമന് അന്യനാകുന്നില്ല. വിഭീഷണന്റെ ഭക്തിയെ രാമൻ അങ്ങേയറ്റം വിലമതിക്കുന്നു. തന്നിലണയാൻ വെമ്പുന്ന ആ ഭക്തനെ ആശ്ലേഷിച്ച് തന്റെ ഹൃദയത്തിൽ ഇടം നൽകുകയാണു രാമൻ. നിഷാദവംശജനായ ഗുഹനെയും കാട്ടാളവംശത്തിൽ ജനിച്ച ശബരിയെയും ആദരിക്കുന്ന രാമന്റെ ചിത്രവും വ്യത്യസ്തമല്ല. ഇന്നു പരസ്പരം പൊരുതുന്ന ലോകത്തിനും വിദ്വേഷത്തിന്റെ പേരിൽ രാജ്യമില്ലാതെ അലയുന്നവർക്കും രാമന്റെ ഉപാധികൾ കൂടാതെയുള്ള ഈ അഭയപ്രകൃതം മാതൃകയാകേണ്ടതാണ്. 

ലോകത്തിന്റെ പരിച്ഛേദമാണ് രാമായണകൃതി. ഏതു കാലത്തെയും കാഴ്ചകൾ ഇതിൽ ഉള്ളടക്കം ചെയ്തിരിക്കുന്നു. രാമായണത്തിന്റെ ഭാവാവിഷ്കാരം അതിന്റെ ഉച്ചകോടിയിൽ ചിത്രീകരിച്ചിരിക്കുന്ന അയോധ്യാകാണ്ഡത്തെക്കുറിച്ചു കൂടി പറയേണ്ടിയിരിക്കുന്നു. 

സീതാസമേതനായ രാമന്റെ ജീവിതം, രാമന്റെ വേർപാടുകൊണ്ട് ശോകമൂകമായിത്തീരുന്ന പ്രജാ ബന്ധുമാനസങ്ങൾ. ഇവയെല്ലാം അയോധ്യ കേന്ദ്രമാക്കിയാണു പ്രതിപാദിക്കുന്നത്. അതുകൊണ്ടാണ് ഈ ഭാഗത്തിന് അയോധ്യാകാണ്ഡം എന്ന പേരു വരുന്നത്. ദശരഥന്റെ ദൗർബല്യവും രാമന്റെ മഹത്വവും കൈകേയിയുടെ സ്വാർഥതപരയും മന്ഥരയുടെ വക്രതയും ലക്ഷ്മണന്റെ ക്രോധവും സീതയുടെ പരിഭക്തിയും കൗസല്യയുടെ മാതൃത്വവും ഊർമിളയുടെ വിവേകവും ഗുഹന്റെ സൗഹൃദവും എല്ലാം ഹൃദയത്തിൽ തട്ടുന്ന രീതിയിലാണ് ആദികവി ചിത്രീകരിച്ചിരിക്കുന്നത്. 

രാമായണം ചിരസ്ഥായിയാണ്. ധർമത്തെയും അധർമത്തെയും കുറിച്ചുള്ള വ്യഥകൾ നീളുവോളം, മാനവരുടെ മനസ്സുകളിൽ രാമകൃതിയുണ്ട്. ആദികാവ്യം മാത്രമല്ല, അനശ്വര കാവ്യംകൂടിയാണ് രാമായണം.

related stories