ADVERTISEMENT

പഞ്ചാബിൽ, സ്ഥാനാർഥിയുടെ പെരുമയും കരുത്തും ആത്മവിശ്വാസവും ഉയരുന്തോറും അദ്ദേഹത്തിന്റെ മീശ പിരിഞ്ഞ് മുകളിലേക്കു കയറും. രണ്ടറ്റങ്ങളും ഉയർന്ന് ‘ധ’ പോലെ മീശ പിരിച്ചുകയറ്റിയവൻ, കൂട്ടത്തിലെ വീരൻ. രാഷ്ട്രീയ പാർട്ടികളുടെ കാര്യമെടുത്താൽ, സംസ്ഥാനത്ത് ഇക്കുറി മീശ പിരിച്ചു നിൽക്കുന്നതു കോൺഗ്രസും ആം ആദ്മി പാർട്ടിയും ബിജെപിയും ശിരോമണി അകാലിദളുമാണ്. തിരഞ്ഞെടുപ്പ് ആവേശം ഉയരുന്തോറും നേതാക്കൾ മീശപിരിക്കുന്നു; പിരിക്കുന്തോറും ആവേശം ഉയരുന്നു.

ഈ മാസം 20നു തിരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനത്തു പോരാട്ടം ചതുഷ്കോണമാണ്; ഒരു മണ്ഡലത്തിൽ 4 മുന്നണികൾ. ഒരു വിഭാഗം കർഷക സംഘടനകളുടെ പിന്തുണയുള്ള സംയുക്ത സമാജ് മോർച്ചകൂടി രംഗത്തിറങ്ങുന്ന മണ്ഡലങ്ങളിൽ പോരാട്ടമുഖങ്ങൾ അഞ്ചാകും. പഞ്ചാബ് എന്ന 5 നദികളുടെ നാട്ടിൽ ഇക്കുറി 5 മുന്നണികൾ ജനമനസ്സുകളിലേക്ക് പലവഴി ഒഴുകിക്കയറാൻ കച്ചമുറുക്കുന്നു. 

പഞ്ചാബിന്റെ രാഷ്ട്രീയതാളം

തിരഞ്ഞെടുപ്പായാലും കൊയ്ത്തായാലും പഞ്ചാബിനൊരു താളമുണ്ട്. ഇക്കുറി ആരു ജയിക്കുമെന്നു ലുധിയാനയിലെ ആം ആദ്മി പ്രവർത്തകൻ ചൻപ്രീത് സിങ്ങിനോടു ചോദിച്ചതിനു പിന്നാലെ ഭാംഗ്ര താളത്തിൽ ഇരുകയ്യും മുകളിലേക്കുയർത്തി ഉത്തരമെത്തി – ഇത്തവണ പഞ്ചാബ് ഞങ്ങൾ തൂത്തുവാരും.! ആം ആദ്മിയുടെ ആത്മവിശ്വാസത്തെ കോൺഗ്രസ് കാര്യമാക്കുന്നില്ല. ഇതു പഞ്ചാബാണ്; ഡൽഹിയുടെ മണ്ണിൽ വിരിഞ്ഞ ആം ആദ്മി ഇവിടെ വേരൂന്നില്ല: കോൺഗ്രസുകാർ  പറയുന്നു. പഞ്ചാബിന്റെ സ്വന്തം പാർട്ടിയെന്ന അവകാശവാദവുമായാണു അകാലിദൾ വോട്ടുതേടുന്നത്. കോൺഗ്രസിൽനിന്നു വിട്ടുപിരിഞ്ഞ മുൻ മുഖ്യമന്ത്രി അമരിന്ദർ സിങ്ങിനെ ഒപ്പം നിർത്തി, പഞ്ചാബിന്റെ മണ്ണിൽ പിടിച്ചുനിൽക്കാനുള്ള ശ്രമത്തിലാണു ബിജെപി. 

തിരഞ്ഞെടുപ്പ് അടുക്കുന്തോറും മുഖ്യപോരാട്ടം കോൺഗ്രസും ആം ആദ്മി പാർട്ടിയും തമ്മിലാകാനുള്ള രാഷ്ട്രീയ സാഹചര്യം പഞ്ചാബിൽ കാണുന്നു. 4 മുന്നണികളുടെ സാന്നിധ്യം മൂലം ആർക്കും ഭൂരിപക്ഷം ലഭിക്കാതെ ത്രിശങ്കു സഭയാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. കർഷക നേതാവ് ബൽബീർ സിങ് രജേവാളിന്റെ നേതൃത്വത്തിലുള്ള സംയുക്ത സമാജ് മോർച്ചയ്ക്കു കാര്യമായ റോളില്ല. ചിഹ്നം ലഭിക്കാത്തതിനാൽ രജേവാൾ ഉൾപ്പെടെ സ്വതന്ത്രരായാണു മത്സരിക്കുന്നത്. കർഷകരുടെ മുഖ്യ സംഘടനയായ സംയുക്ത കിസാൻ മോർച്ച രജേവാളിനു പിന്തുണ പ്രഖ്യാപിച്ചിട്ടുമില്ല. 

രാഷ്ട്രീയത്തിന്റെ ഭൂമിശാസ്ത്രം

3 മേഖലകളായാണു പഞ്ചാബിന്റെ കിടപ്പ് – മാൾവ, മാജ, ദോബ. സംസ്ഥാന ഭരണത്തിലേക്കുള്ള വഴി 69 സീറ്റുള്ള മാൾവയിലൂടെയാണ്. 2017ൽ ഇവിടെ 40 സീറ്റ് നേടിയാണു കോൺഗ്രസ് ഭരണം പിടിച്ചത്. മുഖ്യപ്രതിപക്ഷമായ ആം ആദ്മി കഴിഞ്ഞ തവണ നേടിയ 20 സീറ്റുകളിൽ പതിനെട്ടും ഇവിടെ നിന്നായിരുന്നു. ഇക്കുറി മാൾവയിൽ ആം ആദ്മി പിടിമുറുക്കുന്നുവെന്നു കണ്ടതോടെയാണു മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നിയെ ഈ മേഖലയിലുള്ള ഭദോറിൽ കൂടി മത്സരിപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ചത്.   

23 സീറ്റുള്ള ദോബ മേഖലയിൽ തന്റെ സ്ഥിരം മണ്ഡലമായ ചംകോർ സാഹിബിലും ഛന്നി മത്സരിക്കുന്നുണ്ട്. ദലിത് വോട്ടർമാർ ഏറെയുള്ള ദോബയിൽ കഴിഞ്ഞ തവണ 15 സീറ്റ് കോൺഗ്രസ് നേടി.  മൂന്നാം മേഖലയായ മാജയുടെ ഒരുവശം പാക്കിസ്ഥാനാണ്. കഴിഞ്ഞതവണ ഒരു സീറ്റ് പോലും നേടാൻ കഴിയാതിരുന്ന മേഖലയിൽ ഇക്കുറി പിടിമുറുക്കാനുള്ള തീവ്രശ്രമത്തിലാണ് ആം ആദ്മി. ഇവിടെയുള്ള ഭൂവുടമകൾ, ഗ്രാമമുഖ്യന്മാർ എന്നിവരുമായുള്ള പതിറ്റാണ്ടുകളുടെ ബന്ധമാണു പരമ്പരാഗത കക്ഷികളായ കോൺഗ്രസിന്റെയും അകാലിദളിന്റെയും കരുത്ത്. ഇരുകക്ഷികളിൽനിന്നും ഒട്ടേറെ നേതാക്കളെ സ്വന്തം പാളയത്തിലെത്തിച്ചാണ് ആം ആദ്മി ഇവിടെ പടയ്ക്കിറങ്ങിയിരിക്കുന്നത്. 

ദലിത്‌വോട്ട് ഉന്നമിട്ട് കോൺഗ്രസ്

ദലിത് സിഖ് വിഭാഗത്തിൽ നിന്നുള്ള ഛന്നിയെ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കിയതോടെ കോൺഗ്രസ് ക്യാംപിൽ ആത്മവിശ്വാസമുയർന്നിട്ടുണ്ട്. 32 ശതമാനമാണു സംസ്ഥാനത്തെ ദലിത് വോട്ടുകൾ. സംസ്ഥാനം മുഴുവൻ കോൺഗ്രസിനായി പ്രചാരണം നടത്തുന്ന ഏക നേതാവ് ഛന്നിയാണ്. പാർട്ടിക്കുള്ളിൽ ഛന്നിയുടെ എതിരാളിയായ പിസിസി പ്രസിഡന്റ് നവജ്യോത് സിങ് സിദ്ദുവിനു സ്വന്തം മണ്ഡലത്തിൽനിന്നു മാറി നിൽക്കാനാവാത്ത സ്ഥിതിയാണ് – അമൃത്‌സർ ഈസ്റ്റിൽ അകാലിദളിന്റെ കരുത്തുറ്റ പോരാളിയും മുഖ്യമന്ത്രി സ്ഥാനാർഥിയായ സുഖ്ബിർ സിങ് ബാദലിന്റെ ഭാര്യാസഹോദരനുമായ ബിക്രം സിങ് മജീതിയ കടുത്ത വെല്ലുവിളിയാണു സിദ്ദുവിനുയർത്തുന്നത്. അമൃത്‌സർ ഉൾപ്പെട്ട മാജ മേഖലയിൽ കോൺഗ്രസിന്റെ സ്വാധീനം ദുർബലമാക്കാൻ ലക്ഷ്യമിട്ടാണു സിദ്ദുവിനെതിരെ മജീതിയയെ അകാലിദൾ രംഗത്തിറക്കിയത്. 

ഡൽഹി വഴി പഞ്ചാബ് പിടിക്കാൻ ആം ആദ്മി

ഡൽഹി മോഡൽ ഭരണം വാഗ്ദാനം ചെയ്താണു പഞ്ചാബിന്റെ മനസ്സുപിടിക്കാൻ ആം ആദ്മി രംഗത്തുള്ളത്. മത്സരരംഗത്തുള്ള പാർട്ടികളിൽ ഏറ്റവും മുൻതൂക്കം തങ്ങൾക്കാണെന്ന ആത്മവിശ്വാസത്തിലാണു പാർട്ടി. യുവാക്കൾക്കിടയിൽ സ്വാധീനമുറപ്പിക്കാൻ ആം ആദ്മിക്ക് ഒരുപരിധി വരെ സാധിച്ചിട്ടുണ്ട്. ഡൽഹിയിലേതു പോലെ മികച്ച വിദ്യാഭ്യാസം, കുറഞ്ഞ ചെലവിൽ വൈദ്യുതി, അഴിമതിരഹിത ഭരണം എന്ന പാർട്ടിയുടെ മുദ്രാവാക്യത്തിനു നഗര മേഖലകളിൽ ജയ് വിളികൾ ലഭിക്കുന്നുണ്ട്. ജാട്ട് സിഖ് വിഭാഗത്തിൽ നിന്നുള്ള ഭഗവന്ത് സിങ് മാൻ ആണു പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി. ഭരണം ലഭിച്ചാൽ ദലിത് വിഭാഗത്തിൽ നിന്നുള്ളയാളെ ഉപമുഖ്യമന്ത്രിയാക്കുമെന്നു പ്രഖ്യാപിച്ചതു വഴി, ജാതിസമവാക്യമുറപ്പാക്കി ഗ്രാമീണ മേഖലകളിലും പിടിമുറുക്കാൻ ആം ആദ്മി ശ്രമിക്കുന്നു. 

സർവസന്നാഹങ്ങളും നിരത്തി അകാലിദൾ

1990നു ശേഷം നടന്ന തിരഞ്ഞെടുപ്പുകളിൽ ഒരിക്കൽപോലും തുടർച്ചയായി 2 വട്ടം അകാലിദൾ പ്രതിപക്ഷത്തിരുന്നിട്ടില്ല. ഇക്കുറി ഭരണം നഷ്ടപ്പെട്ടാൽ, പഞ്ചാബിൽ അകാലിദളിന്റെ കാലിടറും. നിലനിൽപിന്റെ പോരാട്ടത്തിൽ സർവസന്നാഹങ്ങളും അകാലിദൾ നിരത്തിക്കഴിഞ്ഞു. 94 വയസ്സുള്ള മുൻ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലും മത്സരരംഗത്തുണ്ട്. മായാവതിയുടെ ബിഎസ്പിയുമായി സഖ്യമുണ്ടാക്കിയതിലൂടെ അകാലിദൾ ലക്ഷ്യം വ്യക്തം – ഛന്നിയിലൂടെ ദലിത് വോട്ടുകൾ പൂർണമായി കോൺഗ്രസിലേക്കൊഴുകുന്നതു തടയുക. കോൺഗ്രസ് ലക്ഷ്യമിടുന്ന ദലിത് വോട്ട് ബാങ്ക് പിളർത്തുകയും തങ്ങളുടെ പരമ്പരാഗത വോട്ടർമാരായ ജാട്ട് സിഖ് വിഭാഗത്തെ ഒപ്പം നിർത്തുകയും ചെയ്താൽ ഭരണം പിടിക്കാമെന്നു ബാദൽ കുടുംബം കണക്കുകൂട്ടുന്നു. 

പിടിച്ചുനിൽക്കാൻ ബിജെപി

പഞ്ചാബിൽ ഏറ്റവുമധികം ജനരോഷം നേരിടുന്നതു ബിജെപിയാണ്. കേന്ദ്ര സർക്കാരിനോടുള്ള കർഷകരുടെ എതിർപ്പ് പൂർണമായി മാറിയിട്ടില്ല. അമരിന്ദർ സിങ്ങിന്റെ പഞ്ചാബ് ലോക് കോൺഗ്രസ്, സുഖ്ദേവ് സിങ് ധിൻസയുടെ സംയുക്ത ശിരോമണി അകാലിദൾ എന്നിവയ്ക്കൊപ്പമാണു ബിജെപി അങ്കത്തിനിറങ്ങുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖമുയർത്തിയും അമരിന്ദറിന്റെ പ്രതിഛായയിൽ പ്രതീക്ഷയർപ്പിച്ചുമാണു ബിജെപിയുടെ പോരാട്ടം. ആ കോംപിനേഷന് അവർ ഒരു പേരിട്ടിട്ടുണ്ട് – ക്യാപ്റ്റൻ മോദി.

Content Highlight: Punjab Assembly Election, Congress, BJP, AAP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com