ADVERTISEMENT

നവോത്ഥാനത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും സ്ത്രീസുരക്ഷയെക്കുറിച്ചുമെ‍ാക്കെ സർക്കാർ ഘോരഘോരം പ്രസംഗിക്കുന്നു; ജെൻഡർ ബജറ്റാണ് അവതരിപ്പിച്ചതെന്നു പെരുമ കെ‍ാള്ളുന്നു; സ്ത്രീകൾക്കെ‍ാപ്പമെന്നു സദാ ആണയിടുന്നു. ഇതിനിടയിലാണ്, തിരുവനന്തപുരം ഗവ. ലോ കോളജിൽ ഒരു പെൺകുട്ടിയെ എസ്എഫ്െഎക്കാരായ കുറേ ആൺകുട്ടികൾ വളഞ്ഞിട്ടു മർദിച്ചതുപോലുള്ള നിന്ദ്യ സംഭവങ്ങൾ ഇവിടെയുണ്ടാവുന്നത്. 

കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് സഫ്ന യാക്കൂബ് അടക്കമുള്ളവരെ ചെ‍ാവ്വാഴ്ച ലോ കോളജിൽ എസ്എഫ്ഐ പ്രവർത്തകർ വലിച്ചിഴയ്ക്കുകയും വളഞ്ഞിട്ടു മർദിക്കുകയും ചെയ്ത സംഭവം കേരളത്തെ ഞെട്ടിക്കുകയുണ്ടായി. മാനവികതയുടെയും ജനാധിപത്യത്തിന്റെയും മൂല്യങ്ങൾ മുദ്രാവാക്യമാക്കിയ ഒരു വിദ്യാർഥിസംഘടനയുടെ പ്രവർത്തനശൈലി എത്രത്തോളം അതിനു വിരുദ്ധമായി മാറാമെന്നതിന്റെ ഏറ്റവും പുതിയ നിർഭാഗ്യ ഉദാഹരണം തന്നിരിക്കുകയാണ് ലോ കോളജ്. വിദ്യാഭ്യാസ നിലവാരത്തെക്കുറിച്ചും സാക്ഷരതയെക്കുറിച്ചും പെരുമകൊള്ളുന്ന കേരളത്തെ ഈ സംഭവം ലജ്ജിപ്പിക്കുന്നുവെന്നു മാത്രമല്ല, നാം അഭിമുഖീകരിക്കുന്ന അത്യന്തം ഭീഷണമായ ഒരു സാഹചര്യത്തെക്കുറിച്ചു പൊതുസമൂഹത്തെ ഓർമിപ്പിക്കുകയും ചെയ്യുന്നു. 

കോളജ് യൂണിയൻ ഉദ്ഘാടനത്തിന്റെ ഭാഗമായി കലാപരിപാടികൾ നടക്കുന്നതിനിടെയായിരുന്നു സംഭവം. സിപിഎമ്മിന്റെ വിദ്യാർഥി സംഘടനയുടെ മർദനവും അപമാനവും അനുഭവിക്കേണ്ടിവന്ന സഫ്ന യാക്കൂബ് ആ ദുരനുഭവങ്ങളെക്കുറിച്ച് എഴുതിയതുകൂടി ‘സ്ത്രീപക്ഷ സർക്കാരി’ന്റെ പെരുമയ്ക്കെ‍ാപ്പം ചേർത്തുവയ്ക്കേണ്ടതുണ്ട്: ‘എഴുന്നേൽക്കാൻ ശ്രമിക്കുമ്പോൾ സാരിയിൽ പിടിച്ചു വലിച്ചിഴച്ചു. നിലവിളിച്ചെങ്കിലും കൂടിനിന്ന എസ്എഫ്ഐക്കാർ ഇടിക്കുകയും ചവിട്ടുകയും ചെയ്തു. കൈ മുറിഞ്ഞു, വിരലുകൾ ചതഞ്ഞു. എഴുന്നേൽക്കാനാകാതെ കിടന്നുപോയി. എന്നിട്ടും ഉപദ്രവിച്ചു. ഇതൊക്കെ നടക്കുമ്പോൾ ഗേറ്റിനു പുറത്ത് പൊലീസ് കണ്ടുനിൽപുണ്ടായിരുന്നു.’ ഇപ്പോൾ സൈബർ ആക്രമണമാണു നടക്കുന്നതെന്നും വിഡിയോ എഡിറ്റ് ചെയ്തു പ്രചരിപ്പിച്ചും മോശമായി പോസ്റ്റുകളുണ്ടാക്കിയും സൈബർ സംഘം ആക്രമിക്കുന്നുവെന്നും സഫ്ന പറയുന്നുണ്ട്. 

അസഹിഷ്ണുതയുടെ, പകയുടെ, സ്ത്രീനിന്ദയുടെ, ഹിംസയുടെ രാഷ്ട്രീയം കയ്യൂക്കു കാണിക്കുന്ന ഈ ക്യാംപസുകളിൽനിന്നാണോ നാളെയുടെ താരങ്ങൾ ഉയർന്നുവരേണ്ടത്? തങ്ങളുടെ പ്രവർത്തകരാകാൻ തയാറാകാത്തവരെ ചവിട്ടിമെതിക്കുന്ന, പട്ടിയെ തല്ലുംപോലെ തല്ലുന്ന, എതിർചേരിയിലുള്ള പെൺകുട്ടികളെ നിന്ദ്യമായി അപമാനിക്കുന്ന വിദ്യാർഥിസംഘടനയുടെ അഹന്തയ്ക്കു മുഖ്യ ഭരണകക്ഷിതന്നെ പച്ചക്കെ‍ാടി വീശുമ്പോൾ ജനാധിപത്യവും സമത്വവും സ്ത്രീസുരക്ഷയുമെ‍ാക്കെ പാഴ്‌വാക്കുകളായി മാറുന്നു. 

സഫ്ന.
സഫ്ന.

മുതിർന്നവരിൽനിന്നുതന്നെയാണു വിദ്യാർഥി സംഘടനകൾക്ക് അസഹിഷ്‌ണുതയും അക്രമവാസനയും പകർന്നുകിട്ടുന്നത്. തങ്ങളുടെ വിദ്യാർഥി - യുവജന സംഘടനകളെ നേർവഴിക്കു നയിക്കേണ്ട ഉത്തരവാദിത്തം മാതൃസംഘടനകൾ മറക്കുമ്പോൾ ചെറിയ പ്രായത്തിലുള്ള അണികൾക്കതു പ്രാകൃത പ്രവർത്തനങ്ങൾക്കുള്ള ഉത്തേജകമരുന്നായിത്തീരുന്നു. ഒപ്പമിരുന്നു പഠിക്കുന്ന, സഹോദരനോ സഹോദരിയോ ആയിക്കാണേണ്ട സഹപാഠിയെ ആക്രമിക്കുന്നവരിൽ ചിലരെങ്കിലും ഭാവിയിൽ ഈ നാടു ഭരിക്കുന്നവരായിത്തീർന്നുകൂടെന്നില്ല എന്നതു വലിയ ദുരന്തമാണ്. 

ക്യാംപസ് സംഘർഷങ്ങളുടെ കാര്യത്തിൽ രാഷ്ട്രീയ കക്ഷികൾ സ്വകാര്യ താൽപര്യത്തോടെ ഇടപെടുന്നതും അപലപനീയമാണ്. കഴിഞ്ഞ വർഷം ഒക്ടോബറിൽ, എംജി സർവകലാശാലയിൽ സെനറ്റ് തിരഞ്ഞെടുപ്പിനിടെ എസ്എഫ്ഐ– എഐഎസ്എഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായ കേസുകളിൽ അന്വേഷണം നിലച്ചത് ഇതിനു സമീപകാല ഉദാഹരണമാണ്. എഐഎസ്എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറിയായ വനിതാ നേതാവിനെ അപമാനിക്കുകയും ആക്ഷേപിക്കുകയും ചെയ്ത സംഭവത്തിൽ, സ്ത്രീകളുടെ അന്തസ്സിനു ഹാനിവരുത്തിയതിലും പട്ടിക ജാതി–വർഗ സംരക്ഷണ നിയമപ്രകാരവുമാണ് ഒരു കേസ്. 

തീർച്ചയായും വിദ്യാർഥിരാഷ്ട്രീയത്തിന്റെ പ്രസക്തി നിഷേധിക്കാനാവാത്തതാണ്. ജനാധിപത്യക്രമത്തിൽ അത് അനിവാര്യവുമാണ്. പക്ഷേ, രാഷ്ട്രീയത്തിന്റെ പേരിൽ ക്യാംപസിൽ നടക്കുന്ന അക്രമങ്ങളും ഗുണ്ടാവാഴ്ചയും ഒരു സാഹചര്യത്തിലും അനുവദിക്കാൻ പാടില്ലാത്തതുതന്നെ. കേരളത്തിലെ പ്രമുഖ രാഷ്ട്രീയപാർട്ടികൾ തീരുമാനിച്ചാൽ ക്യാംപസുകളിലെ അക്രമരാഷ്ട്രീയം വലിയൊരളവുവരെ നിലയ്ക്കുമെന്നിരിക്കെ, മുഖ്യ ഭരണകക്ഷിപോലും അതിനെതിരെ ചെറുവിരൽ അനക്കുന്നില്ലെങ്കിൽ പിന്നെ പൊതുസമൂഹത്തിനെന്താണു വഴി?

English Summary: SFI-KSU conflit in Thiruvananthapuram Law college

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com