ADVERTISEMENT

ഇന്നലെയായിരുന്നു കേരളപ്പിറവിദിനം; നമ്മുടെ സ്വന്തം മലയാളത്തെപ്പറ്റി ചിന്തിക്കാൻ ഇതിനെക്കാൾ നല്ല നേരമില്ല. കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്കു ഞരമ്പുകളിൽ എന്നു രോമാഞ്ചം കൊണ്ട മഹാകവി വള്ളത്തോൾ പക്ഷേ, മലയാളമെന്നു കേട്ടാൽ എന്തുവേണമെന്നു പറഞ്ഞിട്ടില്ല. മലയാളത്തിനു വന്നുചേരാൻപോകുന്ന മഹാഭാഗ്യങ്ങളെക്കുറിച്ചോർക്കുമ്പോൾ ചോര തിളച്ചില്ലെങ്കിലും തിളനിലയുടെ തൊട്ടു താഴെവരെപ്പോകാമെന്നു തോന്നുന്നു. 

കഴിഞ്ഞയാഴ്ച നമ്മുടെ ഉന്നതവിദ്യാഭ്യാസ കൗൺസിൽ സംഘടിപ്പിച്ച കൊളോക്വിയത്തിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ച 12 ഉന്നത സ്ഥാപനങ്ങളിൽ നാലിലൊന്ന് മലയാളത്തിനു മാത്രമുള്ളതാണ്; പന്ത്രണ്ടിൽ മൂന്ന്. മലയാളമടക്കമുള്ള ഭാഷകളുടെ വികസനത്തിനും വിവർത്തന പരിപാടികൾക്കുമായി കേരള ലാംഗ്വേജ് നെറ്റ്‌വർക്, സാങ്കേതിക പദാവലികൾ മലയാളത്തിലാക്കാൻ ലാംഗ്വേജ് ടെക്നോളജി മിഷൻ, തദ്ദേശ ഭാഷാപഠനത്തിന് സെന്റർ ഫോർ ഇൻഡീജനസ് ലാംഗ്വേജ് ഓഫ് കേരള എന്നിങ്ങനെയാണ് മൂന്ന്. 

മലയാളത്തെ സമുദ്ധരിക്കാൻ വേണ്ടിയുള്ള ഈ സ്ഥാപനങ്ങളിലൊക്കെയും ഇംഗ്ലിഷ് കയറിയിരിക്കുന്നതിനെപ്പറ്റി ബേജാറാകേണ്ട കാര്യമില്ല. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബലം തന്നെ ഇൻസ്റ്റിറ്റ്യൂട്ട് എന്ന ഇംഗ്ലിഷ് പദമാണല്ലോ. ഉന്നത വിദ്യാഭ്യാസ കൗൺസിൽ സംഘടിപ്പിച്ച സമ്മേളനം എന്നു പറയാതെ കൊളോക്വിയം എന്നു പറയുന്നതുതന്നെ ഒരു ആഢ്യത വരുത്താൻ വേണ്ടിയാണെന്നു നമുക്കറിയാം. വിവർത്തനത്തിനുള്ള കേരള നെറ്റ‌്‌വർക് വന്നു കഴിഞ്ഞാലേ കൊളോക്വിയം മര്യാദയ്ക്കു വിവർത്തനം ചെയ്യാനാവൂ.ഇപ്പറഞ്ഞതിൽ മൂന്നാമത്തേതിലാണ് അപ്പുക്കുട്ടനു വിശേഷാൽ താൽപര്യം: കേരളത്തിലെ ഇൻഡീജനസ് ലാംഗ്വേജ് പഠിക്കാനുള്ള കേന്ദ്രം. 

കേരളത്തിലെ നാട്ടുഭാഷ എന്നാൽ എഴുത്തച്ഛന്റെയും നമ്മുടെയും നമ്മുടെയൊക്കെ അച്ഛനമ്മമാരുടെയും ഭാഷയായ മലയാളം എന്ന ധാരണ ഈ സ്ഥാപനം തിരുത്തും. മറ്റൊരു തദ്ദേശഭാഷ നാം കാണാതെ മറഞ്ഞിരിക്കുന്നു എന്നുവേണം കരുതാൻ. ജയരാജ് വാര്യരുടെ പലമലയാളം വാമൊഴി ഷോയിലെ പ്രാദേശിക ഭാഷാഭേദങ്ങളെപ്പറ്റിയാവുമോ പഠനം? അതല്ലെങ്കിൽ മുഖ്യമന്ത്രിനിലവാരത്തിലുള്ളവരെ പേടിപ്പിക്കാൻ കെൽപുള്ള പിപ്പിടി മലയാളം വേറെയുണ്ടോ?

മന്ത്രിയായി ഭരിച്ച കവി ജി. സുധാകരന്റെ വാമൊഴി വഴക്കത്തിലെ കൊജ്ഞാണൻമാരുടെ വിഹാരം തനിമയാർന്ന ഈ ഭാഷയിലാണോ? മന്ത്രി പ്രഖ്യാപിച്ച 12 ഉന്നത പഠനകേന്ദ്രങ്ങളുടെ തലപ്പത്തു വേണ്ടപ്പെട്ട 12 പേരെ നിയമിക്കാം എന്നതു ചെറിയ കാര്യമല്ല. ഭാഷയിനത്തിൽ മാത്രം മൂന്നു സ്ഥാപനങ്ങളും അവയ്ക്കു മേധാവികളും വരുമ്പോൾ ഇപ്പോഴുള്ള മലയാളം മിഷന് എന്തു സംഭവിക്കും എന്നതിൽ അപ്പുക്കുട്ടന് ഉൽക്കണ്ഠയുണ്ട്. സത്യത്തിൽ, നമ്മുടെ മലയാളം കഷ്ടിച്ചു മുന്നോട്ടു പോകുന്നത് ആ മിഷനുള്ളതുകൊണ്ടാണ്. വിവർത്തനത്തിനുള്ള നെറ്റ്‌വർക് വരുമ്പോൾ മിഷൻ എന്ന വാക്കിനൊരു തദ്ദേശപദം കിട്ടേണ്ടതുമാണ്. പുതിയ പഠനകേന്ദ്രങ്ങളെല്ലാം നാലുവർഷത്തിനുള്ളിൽ പ്രവർത്തനക്ഷമമാകുമെന്നാണ് മന്ത്രി പറഞ്ഞത്. നാലുംകൂട്ടി മുറുക്കാൻ തന്നെ മന്ത്രി തീരുമാനിച്ചത് നാലുവർഷം കഴിഞ്ഞാൽ ഭരണമുണ്ടാകുമോ എന്ന സംശയംകൊണ്ടാവില്ല, തീർച്ച.

English Summary: Panachi Tharangangalil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com