ADVERTISEMENT

വിദ്യാഭ്യാസത്തിലും സാക്ഷരതയിലും ഇന്ത്യയിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന കേരളം, അവയവദാനത്തിൽ രാജ്യത്ത് ഏറ്റവും പിന്നിലാണ്. രാജ്യത്ത് ഏറ്റവും കുറഞ്ഞ ചെലവിൽ, ഏറ്റവും നല്ല രീതിയിൽ അവയവമാറ്റ ശസ്ത്രക്രിയ നടക്കുന്ന സംസ്ഥാനമാണ് കേരളം. എന്നാൽ, അതിന്റെ പ്രയോജനം കിട്ടാൻ തടസ്സങ്ങളുടെ നൂലാമാലകളേറെ.

രണ്ടുമാസം മു‍ൻപ് നമ്മുടെ നാട്ടിലെ ഒരു കുട്ടി മറ്റൊരു സംസ്ഥാനത്ത് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി. 82 ലക്ഷത്തോളം രൂപ ചികിത്സയ്ക്കു വേണ്ടിവന്നു. അതിനായി അവർ മാധ്യമങ്ങളിലൂടെ സഹായാഭ്യർഥന നടത്തിയതു നാം കണ്ടതാണ്. പുഞ്ചിരി മായാത്ത ആ കുഞ്ഞുമുഖം മനസ്സിൽനിന്നു മായുന്നില്ല. അധികം വൈകാതെ കുട്ടി മരിച്ചെന്ന വാർത്തയും വായിച്ചു. എന്തുകൊണ്ടാണ് നമ്മുടെ രോഗികൾക്ക്, അവയവമാറ്റ ശസ്ത്രക്രിയയ്ക്കായി മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരുന്നത് ? അതും അവിടുത്തെ ചെലവിന്റെ നാലിലൊന്നു പോലുമില്ലാതെ കേരളത്തിൽ ചെയ്യാനുള്ള സാഹചര്യമുള്ളപ്പോൾ... ഏറെ ചിന്തിക്കേണ്ട വിഷയമാണിത്.

ഓരോ ജീവിതവും വിലപ്പെട്ടതാണ്. അപ്രതീക്ഷിത മരണങ്ങൾ, പ്രത്യേകിച്ചും, യുവത്വത്തിന്റെ നിറവിൽ സംഭവിക്കുന്നത് താങ്ങാനാവാത്ത കുടുംബങ്ങൾ ഒട്ടേറെയാണ്. തടയാനാവുന്ന റോഡപകടങ്ങൾ വഴിയാണ് മരണമെങ്കിൽ ആഘാതം കനത്തതാകും. അതുപോലെ തന്നെയാണ് അനിയന്ത്രിതമായ രോഗങ്ങൾമൂലം ജീവൻ നഷ്ടപ്പെടുന്നവരുടെ കാര്യവും. അവയവപരാജയങ്ങൾ വഴി, ഉദാഹരണത്തിന്, ഹൃദയം, വൃക്ക, കരൾ തുടങ്ങിയവയിലെ അസുഖങ്ങൾമൂലം മരണത്തിന്റെ വക്കിൽ നിൽക്കുന്നവരോ മരണപ്പെട്ടവരോ ഉണ്ടാകാം.

ആദ്യം പറഞ്ഞ വിഭാഗത്തിലുള്ളവരുടെ മസ്തിഷ്കമരണം സ്ഥിരീകരിക്കപ്പെട്ടശേഷം, അവരുടെ കുടുംബാംഗങ്ങൾ അവയവദാനത്തിന് ഒരുങ്ങിയാൽ രണ്ടാമത്തെ വിഭാഗത്തിലുള്ള എത്രയോപേരുടെ ജീവിതം രക്ഷപ്പെടുത്താനാകും. അപ്രതീക്ഷിത മരണം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും താങ്ങാനാവില്ലെങ്കിലും, അവരുടെ അവയവങ്ങളിലൂടെ മറ്റു ചിലരെ ജീവിതത്തിലേക്കു കൈപിടിച്ചുയർത്താൻ സാധിക്കുന്ന മനുഷ്യജീവിതങ്ങൾക്കു ലഭിക്കുന്ന ചാരിതാർഥ്യം എത്ര വലുതായിരിക്കും. പരോപകാരം ജീവൻതന്നെ സമ്മാനമായി നൽകുന്ന അവസരം.

ഇന്ത്യയിൽ അവയവദാനവും അവയവ വിന്യാസവും നിർവഹിക്കുന്നത് കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള NOTTO (National Organ and Tissue Transplant Organisation) എന്ന സംഘടനയാണ്. അതിന്റെ കേരള ഘടകമാണ് KSOTTO (Kerala State Organ and Tissue Transplantation Organisation). ഈ ഘടകങ്ങൾക്കൊന്നും നിയമപരമായ അധികാരങ്ങളില്ല എന്ന വസ്തുത അവയുടെ പ്രവർത്തനപരിധി വളരെയേറെ പരിമിതപ്പെടുത്തുന്നുവെന്ന് നമുക്കു കാണാം.

കേരളത്തിന്റെ പ്രത്യേക മനഃശാസ്ത്രം അവയവദാനത്തിലും പ്രകടമാണ്. നമ്മുടെ സമൂഹമാധ്യമങ്ങളുടെ നിഷേധാത്മകതയും അറിവില്ലായ്മയും  ചിലർ പ്രകടിപ്പിക്കുന്ന അകാരണമായ ‘ആധികാരികത’യും ആരോഗ്യരംഗത്തുതന്നെ പ്രവർത്തിക്കുന്ന ചിലരുടെ വിഴുപ്പലക്കലുകളുമെല്ലാം   അവയവ മാറ്റിവയ്ക്കൽ മേഖലയെ എത്തിച്ചിരിക്കുന്നത് പരിതാപകരമായ അവസ്ഥയിലാണ്.

അവയവത്തിനായി കാത്തിരിക്കുന്നവരുടെ കണ്ണീരും കാത്തിരുന്നു മരണപ്പെട്ടവരുടെ തീരാവേദനകളും വിലാപങ്ങളുമെല്ലാം നമ്മുടെ മനസ്സിൽ  ചലനങ്ങളുണ്ടാക്കണം. അല്ലെങ്കിൽ ഇനിയും നഷ്ടപ്പെടും വിലപ്പെട്ട ജീവനുകൾ. സ്വന്തം ആവശ്യങ്ങൾ വരുമ്പോൾ മാത്രം ചിന്തിക്കുന്ന സമൂഹമായി മാറാതിരിക്കട്ടെ നമ്മുടെ കേരളം.

(ഹൃദയശസ്ത്രക്രിയാ വിദഗ്ധനാണ് ലേഖകൻ)

English Summary : Writeup about complications in organ transplatation in kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com