ADVERTISEMENT

മെഡിസെപ് പദ്ധതിയുടെ മുഖ്യഘടകമായ ആശുപത്രികളുടെ പരാതികൾ പരിഹരിക്കുന്നതിൽ സർക്കാരും ഇൻഷുറൻസ് കമ്പനിയും ഫലപ്രദമായി ഇടപെടുന്നില്ലെന്ന് ആശുപത്രി മാനേജ്മെന്റുകൾ പറയുന്നു. ബിൽത്തുക റീഇംബേഴ്സ് ചെയ്യുന്നതിലെ കാലതാമസമാണു പ്രധാന പ്രശ്നം. ദൈനംദിന പ്രവർത്തനത്തെ ഇതു ബാധിച്ചപ്പോൾ പല ആശുപത്രികളും പദ്ധതിയിൽനിന്നു പിന്മാറി. മലപ്പുറം ജില്ലയിലെ പ്രധാന ആശുപത്രിക്കു ക്ലെയിം ഇനത്തിൽ ലഭിക്കാനുള്ളത് ഒരു കോടി രൂപയാണ്. ഇതിൽ പകുതിയിലേറെയും ബിൽ സമർപ്പിച്ചിട്ടും ഇൻഷുറൻസ് കമ്പനി പല കാരണങ്ങൾ പറഞ്ഞു തടഞ്ഞുവച്ചിരിക്കുന്നതാണെന്ന് ഇവർ കുറ്റപ്പെടുത്തുന്നു. എന്നാൽ, കൃത്യമായ രേഖകളില്ലാത്തതാണു പല ആശുപത്രികളുടെയും ബില്ലുകൾ വൈകാൻ കാരണമെന്ന് ഇൻഷുറൻസ് കമ്പനി പറയുന്നു. പല അടിയന്തര കേസുകളിലും ബില്ലുകൾ സമർപ്പിക്കുന്നതിനു മുൻപുതന്നെ പണം നൽകിയിട്ടുണ്ടെന്നും ഇവർ പറയുന്നു.

cartoon-2

മുന്നറിയിപ്പില്ലാതെ മാറ്റങ്ങൾ

പലവിധ രോഗാവസ്ഥകളും ലക്ഷണങ്ങളുമായി എത്തുന്ന വയോധികരെ അൺസ്‌പെസിഫൈഡ് വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരുന്നത്. ഒന്നര ലക്ഷം രൂപ വരെ ഈ വിഭാഗത്തിൽ ക്ലെയിം നൽകിയിരുന്നത് മുന്നറിയിപ്പില്ലാതെ ഈയിടെ ഒഴിവാക്കി. നിലവിൽ ഈ വിഭാഗത്തിൽ ഓൺലൈനായി വിവരം രേഖപ്പെടുത്താൻ പോലും കഴിയുന്നില്ല. ഏതെങ്കിലും ഒരു രോഗത്തിനുള്ള ചെലവു മാത്രമാണ് ഇപ്പോൾ നൽകുന്നത്. ആശുപത്രിയിലെത്തി ചികിത്സ തേടുന്നതിനിടെ രോഗി മരിച്ചാലും പ്രതിസന്ധിയാണെന്ന് ആശുപത്രി അധികൃതർ പറയുന്നു. മരിച്ച ശേഷമാണു വിവരം നൽകിയതെന്ന വാദവുമായി ബിൽ മടക്കും.

ഡയാലിസിസ് വേണ്ടവർക്കും പ്രയാസമുണ്ട്. ഓരോരുത്തരുടെയും മെഡിസെപ് ഐഡി നമ്പർ തയാറാക്കിയാലേ അതുപ്രകാരം വിവരങ്ങൾ രേഖപ്പെടുത്താനാകൂ. എന്നാൽ, ഒരു തവണ രേഖപ്പെടുത്തിയ ചികിത്സാ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്‌താലേ അടുത്ത വിവരങ്ങൾ രേഖപ്പെടുത്താൻ സാധിക്കൂ. എല്ലാ ദിവസമോ ഒന്നിടവിട്ടോ ആണ് മിക്കവർക്കും ഡയാലിസിസ് വേണ്ടിവരുന്നത്. അതതു ദിവസം രേഖകൾ മെഡിസെപ് അധികൃതർ ഓൺലൈനിൽ പരിശോധിക്കാത്തതു മൂലം ആശുപത്രികൾക്ക് ബിൽ കുടിശികയാകും. ഇതു നൽകാനാകില്ലെന്നും ബന്ധപ്പെട്ട രോഗികളിൽനിന്നു വാങ്ങാനുമാണ് മെഡിസെപ് പറയുന്നത്.

പോക്കറ്റ് ചോർത്തും ലെങ്ത് ഓഫ് സ്റ്റേ

മെഡിസെപ്പുമായി ബന്ധപ്പെട്ട പല നിബന്ധനകളിലും അവ്യക്തതകളേറെയാണ്. രോഗചികിത്സയുമായി ബന്ധപ്പെട്ട ‘ലെങ്ത് ഓഫ് സ്റ്റേ’ അത്തരത്തിലൊന്നാണ്. ലെങ്ത് ഓഫ് സ്റ്റേ അടിസ്ഥാനമാക്കിയാണ് ആശുപത്രികൾ പാക്കേജ് തീരുമാനിക്കുന്നതും രോഗിയെ പ്രവേശിപ്പിക്കാവുന്ന ദിവസങ്ങൾ നിശ്ചയിക്കുന്നതും.

സർക്കാർ ഉത്തരവിൽ ഓരോ ചികിത്സയ്ക്കും അനുവദിച്ച അക്രഡിറ്റേഷൻ നിരക്കുകൾ സംബന്ധിച്ചു മാത്രമേ പറയുന്നുള്ളൂ. എന്നാൽ, ആശുപത്രിയുടെ കൈവശമുള്ള പട്ടികയിൽ ‘ലെങ്ത് ഓഫ് സ്റ്റേ’ ഉണ്ട്. ഇത് ആശുപത്രിയും ഇൻഷുറൻസ് കമ്പനിയും തമ്മിലുണ്ടാക്കിയ വ്യവസ്ഥയാണ്. ലെങ്‌ത് ഓഫ് സ്റ്റേ കാലാവധിക്കു ശേഷമുള്ള ചികിത്സയ്ക്ക് രോഗിയിൽനിന്നു പണം ഈടാക്കും. മുറിവാടകയും നൽകണം. ചികിത്സ തുടങ്ങും മുൻപുതന്നെ ഇത്ര ദിവസം മതി പ്രവേശനമെന്നു നിശ്ചയിക്കുന്നത് നീതികേടാണെന്നാണു പരാതി.

കുറച്ച് സർവീസ്, കൂടുതൽ പ്രീമിയം

2022 ജൂലൈ 1 മുതൽ 2025 ജൂൺ 30 വരെയാണു പദ്ധതി കാലാവധി. 2025 ജൂൺ ഒന്നിനാണു സർവീസിൽ ചേരുന്നതെങ്കിലും 2022 ജൂലൈ മുതൽ 500 രൂപ വീതം പ്രതിമാസ പ്രീമിയം അടയ്ക്കണമെന്ന വ്യവസ്ഥ പുതുതായി ജോലിയിൽ ചേരുന്നവർക്കു തിരിച്ചടിയാണ്. മൂന്നു വർഷത്തെ പ്രീമിയം തുക പൂർണമായും അടച്ചാൽ മാത്രമേ ആനുകൂല്യം പൂർണമായും ലഭിക്കുകയുള്ളൂവെന്നാണു സർക്കാരും ഇൻഷുറൻസ് കമ്പനിയും തമ്മിലുള്ള കരാർ. ഇൻഷുറൻസ് കരാർ കാലയളവിൽ സർവീസിൽ കയറാൻ സാധ്യതയുള്ളവരുടെ കണക്കു കൂടി ഉൾപ്പെടുത്തിയാണ് കമ്പനിയുമായി കരാറിലേർപ്പെട്ടതെന്നാണു സർക്കാർ പറയുന്നത്.

ആയുർവേദമില്ല; പെൻഷൻകാർക്ക് കഷ്ടം

അലോപ്പതി ചികിത്സയ്ക്കു മാത്രമാണ് മെഡിസെപ് ആനുകൂല്യം ലഭിക്കുന്നത്. പെൻഷൻകാർ കൂടുതലായി ആശ്രയിക്കുന്ന ആയുർവേദ ചികിത്സയ്ക്ക് ആനുകൂല്യം ലഭിക്കുന്നില്ല. ആയുർവേദവും ഉൾപ്പെടുത്തണമെന്നു പെൻഷൻ സംഘടനകൾ ഉൾപ്പെടെ ആവശ്യപ്പെട്ടിട്ടുണ്ട്. ഹോമിയോ ഉൾപ്പെടെയുള്ള മറ്റു ചികിത്സാരീതികളും ഇല്ല. ആയുർവേദ ചികിത്സ നിശ്ചിത കാലയളവിലേക്കല്ലാത്തതു കൊണ്ടാണ് ഉൾപ്പെടുത്താത്തതെന്നാണ് ഔദ്യോഗിക വിശദീകരണം.

സ്വകാര്യ ആശുപത്രികൾ കുറവ്; നെട്ടോട്ടം

സ്വകാര്യ ആശുപത്രികളുടെ കുറവാണു മെഡിസെപ് പദ്ധതിയിൽ പല ജില്ലകളും നേരിടുന്ന പ്രധാന പ്രശ്നം. ഇടുക്കിയിലെ മെഡിസെപ് അംഗങ്ങൾ വിദഗ്ധചികിത്സയ്ക്ക് എറണാകുളത്തോ കോട്ടയത്തോ പോകണം. വയനാട്, കാസർകോട് ജില്ലകളിലും ഇതേ അവസ്ഥയാണ്. പദ്ധതി ഏതാനും ചില ആശുപത്രികളിൽ മാത്രമായി ചുരുങ്ങിയതോടെയാണു ഗുണഭോക്താക്കൾ സമീപ ജില്ലകളെ ആശ്രയിക്കുന്നത്.

സർക്കാരിന് നിരക്ക് ഒരു തരം

മെഡിസെപ്പിൽ സർക്കാർ ആശുപത്രികൾക്കെല്ലാം ഒരേ നിരക്കു നിശ്ചയിച്ചതിൽ ആരോഗ്യവകുപ്പ് മൗനം പാലിക്കുന്നു. സൗകര്യങ്ങൾ വിലയിരുത്തി സ്വകാര്യ ആശുപത്രികളെ മൂന്നു വിഭാഗമായി തിരിച്ച് നിരക്കു നിശ്ചയിച്ചപ്പോഴാണ് മെഡിക്കൽ കോളജ് വരെയുള്ള എല്ലാ സർക്കാർ ആശുപത്രികൾക്കും ഒരേ നിരക്കു മാത്രമാക്കിയത്. 

പദ്ധതിക്കു വേണ്ടി ടെൻഡർ ക്ഷണിച്ച ധനവകുപ്പ് നിരക്ക് ഉൾപ്പെടെ വിവിധ ചികിത്സാ പാക്കേജുകൾ അവതരിപ്പിച്ചിരുന്നു. ഇതിൽ മത്സരിച്ചാണ് ഓറിയന്റൽ ഇൻഷുറൻസ് കരാർ നേടിയത്. അതിനുശേഷം കമ്പനി പ്രതിനിധികൾ മെഡിക്കൽ കോളജ് ആശുപത്രികളെ നിയന്ത്രിക്കുന്ന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പുമായും പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ ജില്ലാ – ജനറൽ ആശുപത്രികൾ വരെ നിയന്ത്രിക്കുന്ന ആരോഗ്യ ഡയറക്ടറേറ്റുമായും പ്രത്യേക കരാറിലേർപ്പെട്ടു. 

ആരോഗ്യ വകുപ്പുമായി ആലോചിക്കാതെയാണ് രണ്ടു സ്ഥാപനങ്ങളും കരാർ ഒപ്പുവച്ചത്.

∙ "പാക്കേജുകൾ പ്രായോഗികമായി ഫലപ്രദമല്ല എന്നു സർക്കാരിനു തുടക്കത്തിൽത്തന്നെ കത്തു നൽകിയിരുന്നു. സാമ്പത്തികമായി പദ്ധതി ഇതിനകം പരാജയപ്പെട്ടു. എംപാനൽ ചെയ്ത ആശുപത്രികളിൽ പലതിലും ചികിത്സ കിട്ടാത്ത സാഹചര്യമുണ്ട്. ചികിത്സ ആവശ്യമായ പല വിഭാഗത്തിനും സർക്കാർ തന്നെ പ്രീ അപ്രൂവൽ നിഷേധിക്കുകയാണ്. ടാർഗറ്റ് കഴിഞ്ഞുവെന്നാണു പറയുന്നത്. വാർഷിക ചെലവ് എത്രയെന്ന പഠനം പോലും നടത്താതെയാണു പദ്ധതി ആവിഷ്കരിച്ചത്. ഈ രീതിയിൽ തുടർന്നാൽ സ്വകാര്യ ആശുപത്രികളെല്ലാം പദ്ധതിയിൽനിന്നു പിൻവാങ്ങും." ഹുസൈൻ കോയ തങ്ങൾ (സംസ്ഥാന പ്രസിഡന്റ്, കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ)

കാർഡ് ലഭിക്കാതെ ഒട്ടേറെ പെൻഷൻകാർ

ഇൻഷുറൻസ് കമ്പനിയുടെ വെബ്സൈറ്റിലെ പ്രശ്നങ്ങൾ മൂലം മെഡിസെപ് കാർഡ് ലഭിക്കാത്തവർ ഏറെയാണ്. ഇവരെല്ലാം മെഡിസെപ്പിന്റെ തുക അടയ്ക്കുമ്പോൾ മുഴുവൻ ചികിത്സച്ചെലവും സ്വന്തമായി വഹിക്കേണ്ട സ്ഥിതിയാണ്. 2022 ഒക്ടോബറിനു ശേഷം വിരമിച്ച പെൻഷൻകാർക്കു കാർഡ് ലഭിച്ചിട്ടില്ല. ഇതിനു മുൻപു വിരമിച്ച ഒട്ടേറെപ്പേർക്കും ഇനിയും കാർഡ് ലഭിക്കാനുണ്ട്.

അനുഭവം

കഴിഞ്ഞ വർഷം വിരമിച്ചതു മുതൽ മെഡിസെപ് കാർഡ് വാങ്ങാനുള്ള ശ്രമത്തിലാണ് കണ്ണൂർ ഏഴോം സ്വദേശി. ഇതുവരെ കിട്ടിയിട്ടില്ല. വെബ്സൈറ്റിൽ ഇതിനായുള്ള കാര്യങ്ങൾ ചെയ്ത് അവസാനഘട്ടമെത്തുമ്പോൾ എറർ എന്നാണു കാണിക്കുന്നത്. സ്റ്റേറ്റസ് റിപ്പോർട്ട് ആശുപത്രി അംഗീകരിക്കുന്നുമില്ല. കഴിഞ്ഞ ദിവസം ഭർത്താവിന് അടിയന്തര ശസ്ത്രക്രിയ വേണ്ടിവന്നു. സ്റ്റേറ്റസ് റിപ്പോർട്ട് ഉള്ളതിനാൽ മെഡിസെപ് ഉള്ള ആശുപത്രിയിലാണു പോയത്. പക്ഷേ, മെഡിസെപ് ഐഡി ഉണ്ടായിട്ടും കാർഡ് ഇല്ലാത്തതിനാൽ ഇൻഷുറൻസ് ലഭിച്ചില്ല. 3 ലക്ഷം രൂപയുടെ ബിൽ പൂർണമായും കയ്യിൽനിന്നാണ് അടച്ചത്.

അത്യാഹിതങ്ങൾ മൂന്നെണ്ണം മാത്രമോ

കേരള സർവീസ് പെൻഷനേഴ്സ് സംഘ് (കെഎസ്പിഎസ്) നൽകിയ നിവേദനത്തിലെ പ്രധാന വിഷയങ്ങളും അതിന് ധനകാര്യ അഡീഷനൽ ചീഫ് സെക്രട്ടറി നൽകിയ മറുപടിയും. ഇവർ നൽകിയ കേസിൽ, മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകാൻ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

അപകടം, അടിയന്തര ചികിത്സകൾ എന്നിവ എംപാനൽ ചെയ്യാത്ത ആശുപത്രികളിൽ ചികിത്സിക്കാമെന്നും പണം പാക്കേജ് പ്രകാരം ലഭിക്കുമെന്നും സർക്കാർ ഉത്തരവിലുണ്ട്. എന്നാൽ ഇൻഷുറൻസ് കമ്പനിയുടെ മാർഗരേഖയിൽ റോഡ് അപകടം, കാർഡിയാക് അറസ്റ്റ്, സ്ട്രോക്ക് എന്നിങ്ങനെ മൂന്നായി ഇതു ചുരുക്കി. വന്യമൃഗങ്ങളിൽനിന്നുള്ള ആക്രമണം, പാമ്പുകടി, ഉയരത്തിൽനിന്നുള്ള വീഴ്ച, വൈദ്യുതാഘാതം, പ്രകൃതിക്ഷോഭം മൂലമുള്ള പരുക്കുകൾ, തീപ്പൊള്ളൽ തുടങ്ങിയവ കൂടി ഈ പട്ടികയിൽ ഉൾപ്പെടുത്താമോ?

സാധ്യത പരിശോധിക്കാം.

∙ താൽപര്യമില്ലാത്തവരെ പദ്ധതിയിൽനിന്ന് ഒഴിവാകാൻ അനുവദിച്ചുകൂടേ?

നിർവാഹമില്ല. ഇത്രയേറെ അംഗങ്ങൾ ഉള്ളതിനാലാണ് ഇത്രയും കുറഞ്ഞ പ്രീമിയം നിരക്ക്.

∙ ദമ്പതികളിൽ രണ്ടു പേരിൽനിന്നും തുക ഈടാക്കുന്നതു നിർത്തി ഒരാളിൽനിന്നു മാത്രം എന്ന വ്യവസ്ഥ ആലോചിച്ചുകൂടേ?

സാധ്യമാകില്ല. ഇരുവർക്കുമായി 3 ലക്ഷം വീതം 6 ലക്ഷം രൂപയുടെ ഇൻഷുറൻസ് ലഭ്യമാകുമല്ലോ.

വ്യവസ്ഥകൾ ലംഘിക്കുന്ന ആശുപത്രികൾക്കെതിരെ കർശന നടപടി വേണം. ഇൻഷുറൻസ് കമ്പനിക്കു നിർദേശം നൽകി.

തയാറാക്കിയത്: മനോജ് കടമ്പാട്, രമേഷ് എഴുത്തച്ഛൻ, ഷജിൽ കുമാർ, ഫിറോസ് അലി, പിങ്കി ബേബി, സിജിത്ത് പയ്യന്നൂർ. സങ്കലനം: നിധീഷ് ചന്ദ്രൻ

English Summary : Writeup about medisep

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com