ADVERTISEMENT

ചരടുപൊട്ടിയ പട്ടംപോലെ ഏതോ ഇരുളിൽ ദിക്കറ്റു പറക്കുന്നവർ. നാടും വീടും സ്വന്തം പേരുതന്നെയും മറന്നുപോയവർ. വന്ന വഴിയും നിന്ന ഇടവും കളഞ്ഞുപോയവർ. ഉറ്റവരെയും അവരവരെത്തന്നെയും തിരിച്ചറിയാതെ, ഭൂമിയിലേക്കു വന്നതുപോലെ ഇവിടെനിന്നു തിരിച്ചുപോകുന്നവർ. ജർമനിയിലെ ഡോ. അലോയ്‌സ് അൽസ്‌ഹൈമർ 1906ൽ ഈ രോഗത്തെ ആദ്യമായി വിശദീകരിക്കുമ്പോൾ ഓർത്തുകാണില്ല, അധികം വൈകാതെ ഇതു ലോകത്തിന്റെ മുന്നിലുള്ള ഏറ്റവും ഭീതിദമായ രോഗങ്ങളിലൊന്നാകുമെന്ന്. 

സ്‌മൃതിനാശം വന്ന്, ജീവിതത്തിന്റെ സമസ്‌തപ്രവർത്തനങ്ങളുടെയും താളം തെറ്റിയ എത്രയോ പേരുണ്ട്, നമുക്കെ‍ാപ്പം. ഡിമെൻഷ്യ/ അൽസ്‌ഹൈമേഴ്സ് ബാധിതരായ വയോജനങ്ങൾ കേരളത്തിലും പെരുകിവരികയാണ്. സംസ്ഥാന ജനസംഖ്യയിൽ ഇപ്പോൾ 16.5% പേർ അറുപതോ അതിലധികമോ പ്രായമുള്ളവരാണ്. മറവിരോഗം ഏറ്റവും കൂടുതലായി കാണുന്നതും ഈ പ്രായത്തിലുള്ളവരിൽത്തന്നെ. കേരളത്തിൽ 60 വയസ്സിനു മുകളിലുള്ളവരിൽ ഏകദേശം 7% പേർക്ക് മറവിരോഗമുള്ളതായാണു കണക്ക്. 

ശരീരത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതു തലച്ചോറിലെ എണ്ണമറ്റ ന്യൂറോണുകളാണ്. ഇവയുടെ പ്രവർത്തനത്തിന്റെ ഫലമായാണു നമുക്കു ചിന്തിക്കാനും കാണാനും കേൾക്കാനും മനസ്സിലാക്കാനുമൊക്കെ സാധിക്കുന്നത്. ഈ ന്യൂറോണുകളെയാണ് മറവിരോഗം തോൽപിക്കുന്നത്. ഓർമ ഓടിയകന്ന്, മുന്നോട്ടുള്ള വഴി മറന്നു നിൽക്കുന്നവർ അവരുടെ കുടുംബങ്ങളുടെ മാത്രമല്ല, സർക്കാരിന്റെയും സമൂഹത്തിന്റെയുംകൂടി കൈത്താങ്ങ് അർഹിക്കുന്നു. ഇവരിൽ വലിയൊരു പങ്ക് നിരാലംബരാണെന്നുകൂടി ഓർമിക്കാം. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാരിന്റെ ഡിമെൻഷ്യ സൗഹൃദ പരിപാടികൾക്കു പ്രസക്തിയേറുന്നത്. 

ഡിമെൻഷ്യ / അൽസ്‌ഹൈമേഴ്സ് ബാധിതരായ വയോജനങ്ങൾക്കുവേണ്ടി സാമൂഹികനീതി വകുപ്പിനു കീഴിലെ സാമൂഹികസുരക്ഷാ മിഷൻ ആവിഷ്കരിച്ച ‘ഓർമത്തോണി’ പദ്ധതി ഇതിന്റെ ഭാഗമാണ്. ഡിമെൻഷ്യ ചികിത്സിച്ചു മാറ്റാൻ കഴിയില്ലെങ്കിലും കൃത്യമായ പരിചരണത്തിലൂടെ ലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാനും ബുദ്ധിമുട്ടുകൾ ലഘൂകരിക്കാനും സാധിക്കും. സംസ്ഥാനത്തൊട്ടാകെ ഡിമെൻഷ്യ ബാധിതരുടെ വിവരശേഖരണം, സ്‌ക്രീനിങ്, വിദഗ്ധ ചികിത്സ, പുനരധിവാസം എന്നിവയാണ് ഓർമത്തോണി പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളിൽ മെമ്മറി ക്ലിനിക്കുകൾ ആരംഭിക്കുന്നുണ്ട്. ഓർമത്തോണി പദ്ധതിക്ക് 92 ലക്ഷം രൂപ സർക്കാർ ഈയിടെ അനുവദിക്കുകയുണ്ടായി. ന്യൂറോണുകളുടെ പ്രവർത്തനവൈകല്യം മൂലമുള്ള പാർക്കിൻസൺസ് പോലെയുള്ള രോഗങ്ങൾ ബാധിച്ച നിരാലംബരും സർക്കാർസഹായം അർഹിക്കുന്നുണ്ട്.

പല പാശ്ചാത്യ രാജ്യങ്ങളിലും മറവിരോഗികളുടെ ശുശ്രൂഷയ്ക്കും താമസത്തിനും എല്ലാ സൗകര്യങ്ങളോടും കൂടിയ പരിചരണകേന്ദ്രങ്ങളുണ്ട്. എന്നാൽ, നമ്മുടെ നാട്ടിൽ ഇത്തരം കേന്ദ്രങ്ങളുടെ കുറവ് ഇപ്പോഴും പ്രശ്നമായി തുടരുന്നു. രോഗവുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുക എന്നതാണു രോഗിയുടെ കുടുംബത്തിന്റെ വെല്ലുവിളി. പക്ഷേ, പല കുടുംബങ്ങളിലും ഇതു സാധ്യമാകുന്നില്ല എന്നതാണു സങ്കടകരം. കൂരിരുളിൽ എന്നെന്നേക്കുമായി ഒറ്റപ്പെട്ടുപോകുന്ന ഒരു പിഞ്ചുകുഞ്ഞിനോടു മുതിർന്നവർ കാണിക്കേണ്ട സ്‌നേഹവും കരുതലും തന്നെയാണ് ഡിമെൻഷ്യ രോഗികൾക്കു വേണ്ടത്.

മറവിരോഗം വേരാഴ്ത്തിത്തുടങ്ങിയ ഷൈലജ എന്ന നായിക ഓർമകൾ പൂർണമായി കൈവിടുന്നതിനുമുൻപ്, താൻ ബാല്യകാലം ചെലവിട്ട ഗ്രാമവും ഏറെ പ്രിയങ്കരനായ പ്രദീപ് എന്ന കൂട്ടുകാരനെയും വീണ്ടും കാണാനെത്തുന്നതാണ് സമീപകാലത്ത് പ്രേക്ഷകശ്രദ്ധ നേടിയ ‘ത്രീ ഓഫ് അസ്’ എന്ന ഹിന്ദി ചിത്രത്തിന്റെ പ്രമേയം. മ‍ടങ്ങിപ്പോകാനെ‍ാരുങ്ങുന്ന ഷൈലജയോടു പ്രദീപ് പറയുന്നു: ‘‘തിരികെവന്നതിനു നന്ദി ഷൈലജ, എന്നെ ഓർത്തിരുന്നതിനും..’’ അപ്പോൾ ഷൈലജ പറഞ്ഞു: ‘‘ പക്ഷേ, നിന്നെപ്പറ്റിയുള്ള ഓർമ അധികനാൾ എന്നിൽ ഉണ്ടായിരിക്കില്ല..’’ പ്രദീപിന്റെ മറുപടി ഇതായിരുന്നു: ‘‘അതു സാരമില്ല, ഞാനോർത്താൽ മതിയല്ലോ!’’

അതെ, മറക്കുന്നവരെ നമുക്കു മറക്കാതിരിക്കാം. ഈ തിരിച്ചറിവാണ് ഓരോ ഡിമെൻഷ്യ രോഗിയും മൂകമായി ആവശ്യപ്പെടുന്നത്.

English Summary:

Editorial about Dementia sufferers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com