ADVERTISEMENT

സംസ്ഥാനത്തു നഗര– ഗ്രാമ വ്യത്യാസമില്ലാതെ ജനങ്ങൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണു തെരുവുനായ്ക്കളുടെ ആക്രമണം. ഓരോ വർഷവും കേരളത്തിൽ ശരാശരി ഒരുലക്ഷം പേർക്കു നായയുടെ കടിയേൽക്കുന്നുണ്ടെങ്കിലും ഈ കൊടിയ വിപത്തിനെ അധികൃതർ ഇപ്പോഴും നിസ്സംഗതയോടെ കണ്ടുനിൽക്കുന്നത് എന്തുകൊണ്ടാണ്? പരിഷ്കൃതമെന്നു വീമ്പിളക്കുന്ന കേരളം തെരുവുനായ്ക്കൾക്കുമുന്നിൽ തോൽവി സമ്മതിക്കുന്നതു നിർഭാഗ്യകരമാണ്.

കാസർകോട് തൃക്കരിപ്പൂരിൽ, അയൽവീടിന്റെ മുറ്റത്തു കളിക്കുകയായിരുന്ന ഒന്നരവയസ്സുകാരനെ തെരുവുനായ കടിച്ചെടുത്തുകൊണ്ടുപോയി ഗുരുതരമായി മുറിവേൽപിച്ചിട്ട് അധികം ദിവസമായില്ല. നിലവിളികേട്ട് വീട്ടുകാർ ഓടിയെത്തിയപ്പോഴാണു നായ കുട്ടിയെ ഉപേക്ഷിച്ചു കടന്നത്. കെ‍ാല്ലം കടയ്ക്കലിൽ, മുത്തശ്ശിക്കെ‍ാപ്പം അമ്പലത്തിലേക്കു പോയ അഞ്ചു വയസ്സുകാരന്റെ നേരെ തെരുവുനായ് ചാടിവീണ്, ചെവിയിൽ കടിച്ചതാണ് ഏറ്റവുമെ‍ാടുവിലത്തെ സംഭവം. നിലവിളികേട്ട് ഓടിയെത്തിയവർ കുട്ടിയെ നായയിൽനിന്നു രക്ഷിക്കുകയായിരുന്നു.

തെരുവുനായ്ശല്യം നിയന്ത്രിക്കാൻ പ്രായോഗികമായും ശാസ്ത്രീയമായും തെളിയിക്കപ്പെട്ടിട്ടുള്ള ഫലപ്രദമായ മാർഗം വന്ധ്യംകരണമാണ്. നായ്ക്കളെ വന്ധ്യംകരിച്ചു പേവിഷ പ്രതിരോധ കുത്തിവയ്പു നൽകാൻ എല്ലാ ജില്ലകളിലും അനിമൽ ബർത്ത് കൺട്രോൾ (എബിസി) കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നായിരുന്നു വാഗ്ദാനമെങ്കിലും പല ജില്ലകളിലും അതു നടപ്പായിട്ടില്ല. സംസ്ഥാനത്തു വിവിധ പ്രദേശങ്ങളിൽ പുതിയ എബിസി കേന്ദ്രങ്ങൾക്കായി ഇടം കണ്ടെത്തിയിട്ടുണ്ടെങ്കിലും തുടങ്ങിയിട്ടില്ല. 70% തെരുവ്–വളർത്തു നായ്ക്കൾക്കു പ്രതിരോധ കുത്തിവയ്പ് എടുക്കണമെന്ന ലക്ഷ്യത്തോടെ 2022 സെപ്റ്റംബറിൽ ആരംഭിച്ച സമഗ്ര പേവിഷ നിയന്ത്രണ പദ്ധതി ഫലം കാണാതെ ഇഴയുന്നു.

മാംസം അടക്കമുള്ള ഭക്ഷണമാലിന്യത്തിന്റെ ലഭ്യതയാണ് സമീപകാലത്തു തെരുവുനായ്‌ക്കളുടെ എണ്ണം വർധിക്കാൻ കാരണം. അതുകൊണ്ടുതന്നെ, മാലിന്യക്കൂമ്പാരം നാടെങ്ങും പെരുകാതിരിക്കാൻ തദ്ദേശസ്‌ഥാപനങ്ങളുടെയും സമൂഹത്തിന്റെയും നിരന്തരശ്രദ്ധ ഉണ്ടായേതീരൂ. പ്രാകൃതരീതിയിലുള്ള അറവുശാലകളുടെ പരിസരങ്ങളും തെരുവുനായ്‌ക്കളുടെ വിഹാരരംഗമാണ്. 

തെരുവുനായ വിഷയത്തിൽ സുപ്രീംകോടതി ഉത്തരവിനെത്തുടർന്നു പ്രവർത്തനം തുടങ്ങിയ ജസ്റ്റിസ് എസ്.സിരിജഗൻ കമ്മിറ്റി 2017 മുതൽ ഇതുവരെ പരിഗണിച്ചത് എണ്ണായിരത്തോളം പരാതികളാണ്. തെരുവുനായ്ക്കളുടെ കടിയേൽക്കുന്നവരുടെ നഷ്ടപരിഹാര പരാതികളാണു കൂടുതലും. ആദ്യകാലങ്ങളിൽ കമ്മിറ്റിയുടെ പ്രവർത്തനങ്ങളെക്കുറിച്ചു ജനങ്ങൾക്കിടയിൽ വേണ്ടത്ര അവബോധം ഉണ്ടായിരുന്നില്ലെങ്കിലും ഇപ്പോൾ പരാതികൾ കൂടുതലായി എത്തുന്നുണ്ട്. രണ്ടും മൂന്നും വർഷത്തെ കാത്തിരിപ്പിനുശേഷമാണു മിക്കവർക്കും നഷ്ടപരിഹാരം ലഭിക്കുന്നത്. നടപടികളുടെ വേഗം കൂട്ടണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. 

സംസ്‌ഥാനത്തെ ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ ബാധ്യസ്‌ഥമായ, നഗരങ്ങളും ഗ്രാമങ്ങളും സുരക്ഷിതമാക്കാൻ ഉത്തരവാദിത്തമുള്ള സർക്കാരും തദ്ദേശ സ്‌ഥാപനങ്ങളും തെരുവുനായ്‌ക്കളുടെ മുന്നിലേക്കു ജനങ്ങളെ വലിച്ചെറിഞ്ഞുകൂടാ. പെ‍ാതുസ്ഥലത്ത്, തെരുവുനായ്ക്കളിൽനിന്നാണു കടിയേൽക്കുന്നതെങ്കിൽ അതിന്റെ ഉത്തരവാദിത്തം സർക്കാരിനാണെന്ന കാര്യത്തിൽ സംശയമില്ല.  ഇതു ശരിവയ്ക്കുന്നെ‍ാരു കോടതി ഉത്തരവ് കഴിഞ്ഞ നവംബറിൽ രാജ്യം കേട്ടു. 

തെരുവുനായയുടെ കടിയേറ്റാൽ ഓരോ പല്ലിന്റെയും അടയാളത്തിനു കുറഞ്ഞത് 10,000 രൂപവീതം സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന പഞ്ചാബ്– ഹരിയാന ഹൈക്കോടതിയുടെ ഉത്തരവായിരുന്നു അത്. കടിയേറ്റ മുറിവ് ആഴത്തിലുള്ളതാണെങ്കിൽ നഷ്ടപരിഹാരം കൂടും. തെരുവുനായയും പൂച്ചയുമുൾപ്പെടെയുള്ള ജന്തുക്കളുടെ ആക്രമണത്തിൽ പരുക്കേറ്റവരുടെ 193 പരാതികൾ പരിഗണിച്ചാണ് കോടതി ഈ ഉത്തരവിട്ടത്. തെരുവുമൃഗങ്ങളുടെ ആക്രമണത്തിനു സംസ്ഥാന സർക്കാരാണു പ്രാഥമിക ഉത്തരവാദിയെന്നു പറഞ്ഞ കോടതി, ഇത്തരം കേസുകളിൽ നഷ്ടപരിഹാരം നിശ്ചയിക്കാൻ പ്രത്യേക സമിതിക്കു രൂപം നൽകാനും പഞ്ചാബ്, ഹരിയാന അധികാരികളോടു നിർദേശിക്കുകയുണ്ടായി.

കടുത്ത സാമൂഹികവിപത്തായിത്തന്നെ കണ്ട്, നായ്ശല്യത്തിൽനിന്നു നാടിനെ മോചിപ്പിക്കാൻ യുദ്ധകാലാടിസ്‌ഥാനത്തിലുള്ള നടപടികളാണു വേണ്ടത്. പേവിഷബാധയ്ക്ക് എതിരെയുള്ള വാക്സീന്റെ ഗുണനിലവാരം ഉറപ്പാക്കിയേതീരൂ. വന്ധ്യംകരണ പദ്ധതി ഫലപ്രദമാക്കുകയും വേണം.

English Summary:

Editorial about stray dog attacks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com