ADVERTISEMENT

സർക്കാരുകളുടെ ജനാധിപത്യ സ്വഭാവം നിലനിൽക്കണമെങ്കിൽ തിരഞ്ഞെടുപ്പു പ്രക്രിയയുടെ സംശുദ്ധി സംരക്ഷിക്കപ്പെടണം– സുപ്രീം കോടതി വിധി വിലയിരുത്തി മുതിർന്ന അഭിഭാഷകനും ഭരണഘടനാ വിദഗ്ധനുമായ ഫാലി എസ്. നരിമാൻ എഴുതുന്നു

നിയമം എപ്പോഴും സാഹിത്യവുമായി ബന്ധപ്പെട്ടതല്ല, എന്നാൽ, ചിലപ്പോൾ അങ്ങനെയുമാണ്. കോടതിവിധികളുടെ ആസ്വാദനത്തിന്റെയും വിമർശനത്തിന്റെയും കാര്യവും അങ്ങനെതന്നെ.

തിരഞ്ഞെടുപ്പു കടപ്പത്ര പദ്ധതിയുടെ ഭരണഘടനാ സാധുത സംബന്ധിച്ചു സുപ്രീം കോടതിയിൽ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജഡ്ജിമാരായ സഞ്ജീവ് ഖന്ന, ബി.ആർ.ഗവായ്, ജെ.ബി.പർദിവാല, മനോജ് മിശ്ര എന്നിവരുടെ ഭരണഘടനാ ബെഞ്ചാണ് വിധി നൽകിയത്. മറ്റു മൂന്നു പേർക്കുവേണ്ടിക്കൂടി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് നൽകിയ വിധിയും അതിനോടു യോജിച്ച് ജസ്റ്റിസ് ഖന്ന നൽകിയ വിധിയും ഞാൻ‍ വായിച്ചു. ഷെയ്ക്സ്പിയറുടെ ഭാഷയിൽ പറയട്ടെ,  

‘ഇതാ ഒരു നീതിമാൻ! അതേ, 

ഒരു ദാനിയേൽ! ജ്ഞാനിയായ 

യുവ ന്യായാധിപാ, ഞാൻ 

എങ്ങനെയാണ് അങ്ങയെ 

ബഹുമാനിക്കേണ്ടത് !’ (‘‘A Daniel come to judgement!  Yea, a Daniel! O wise young judge, how do i honour thee!”: ‘വെനീസിലെ വ്യാപാരി’ എന്ന ഷെയ്ക്സ്പിയർ കൃതിയിൽനിന്ന്. കുഴഞ്ഞുമറിഞ്ഞ തർക്കങ്ങളും വഴക്കുകളും പരിഹരിക്കുന്നതിൽ അസാധ്യമായ നീതിബോധം പ്രകടിപ്പിച്ച ബൈബിൾ കഥാപാത്രമാണു ദാനിയേൽ) 

ഫാലി എസ്. നരിമാൻ
ഫാലി എസ്. നരിമാൻ

വ്യക്തികളും കോർപറേറ്റുകളും രാഷ്ട്രീയ പാർട്ടികളും ബാങ്കിൽനിന്നു വാങ്ങി, തങ്ങൾക്ക് ഇഷ്ടമുള്ള പാർട്ടിക്കു സംഭാവനയായി നൽകുന്നതാണ് തിരഞ്ഞെടുപ്പു കടപ്പത്രം. പാർട്ടി അതിനെ പണമാക്കി മാറ്റും. മൊത്തത്തിലെടുക്കുമ്പോൾ, ഇതു വലിയ തുകയാണ്. 

പൊതുതാൽപര്യമുള്ള അസോസിയേഷൻ ഫോർ ‍ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) എന്ന സംഘടനയാണ് തിരഞ്ഞെടുപ്പു കടപ്പത്രക്കേസിനു തുടക്കമിട്ടത്, 2017ൽ. പിന്നീട് ചില രാഷ്ട്രീയപാർട്ടികളും വ്യക്തികളും ഹർജികളുമായെത്തി. പക്ഷേ, ഇതു രാഷ്ട്രീയമായ കേസല്ലായിരുന്നു.  

തിരഞ്ഞെടുപ്പു ഫണ്ടിന്റെ വിവരങ്ങൾ വെളിപ്പെടുത്താനാവില്ലെന്ന വ്യവസ്ഥ പരിശോധിച്ച് കോടതി പറഞ്ഞു: പാർട്ടികൾക്കു ലഭിക്കുന്ന പണം സംബന്ധിച്ച വിവരം അറിയുകയെന്നതു നിയമപരവും ഫലപ്രദവുമായ രീതിയിൽ‍ തന്റെ സമ്മതിദാനാവകാശം വിനിയോഗിക്കാൻ വോട്ടർക്ക് അനിവാര്യമാണ്. തിരഞ്ഞെടുപ്പു സംഭാവനകളിൽ കള്ളപ്പണത്തിന്റെ സ്വാധീനം തടയുന്നതിനെന്നോണം പരിമിത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയുള്ളതാണ് പദ്ധതിയെന്ന വാദത്തോടു കോടതി യോജിച്ചില്ല. അറിയാനുള്ള അവകാശത്തെ പരിമിതമായി നിയന്ത്രിച്ച് കള്ളപ്പണം തടയാൻ മറ്റു പല മാർഗങ്ങളുമുണ്ടെന്നു കോടതി വിലയിരുത്തി. 

ഭരണഘടന ഉറപ്പുനൽകുന്ന സ്വാതന്ത്ര്യങ്ങളുടെ വിനിയോഗത്തിനും വികാസത്തിനും മേൽ ഭരണകൂടമോ മറ്റുള്ളവരോ ചെലുത്തുന്ന സ്വാധീനത്തിനെതിരെയുള്ള സംരക്ഷണമാണ് സ്വകാര്യതയ്ക്കുള്ള അവകാശമെന്നാണ് കെ.എസ്.പുട്ടുസ്വാമി കേസിൽ 2017ൽ സുപ്രീം കോടതിയുടെ 9 അംഗ ബെഞ്ച് വ്യക്തമാക്കിയത്. സമ്മതിദാനത്തിന്റെ കാര്യത്തിൽ, രാഷ്ട്രീയബന്ധത്തിന്റെ സ്വകാര്യത സംരക്ഷിക്കപ്പെടാതിരിക്കുന്നതു ദുരന്തമാകുമെന്നും അന്നു കോടതി പറഞ്ഞു. രാഷ്ട്രീയ ബന്ധത്തിനുള്ള സ്വാതന്ത്ര്യം സംരക്ഷിക്കാനും സമ്മതിദാന വിനിയോഗത്തിനും ഈ സ്വകാര്യത അത്യന്താപേക്ഷിതമാണെന്നും കോടതി പറയുകയുണ്ടായി. 

രാഷ്ട്രീയപാർട്ടികൾക്കു സംഭാവന നൽകുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ പരസ്യമാക്കുന്നതു രാഷ്ട്രീയപരമായ സ്വാതന്ത്ര്യത്തെ തടയുന്നതെങ്ങനെയെന്നു മനസ്സിലാകുന്നില്ല എന്നാണ് ഇപ്പോൾ കോടതി വ്യക്തമാക്കുന്നത്. തിരഞ്ഞെടുപ്പു കടപ്പത്ര പദ്ധതിയിലെ വ്യവസ്ഥകൾ രാഷ്ട്രീയ സംഭാവനകൾ സംബന്ധിച്ച സ്വകാര്യതയും സംഭാവനകളുടെ വിവരങ്ങൾ അറിയാനുള്ള അവകാശവും തമ്മിലുള്ള സന്തുലനം ഉദ്ദേശിച്ചുള്ള പരിമിത നിയന്ത്രണങ്ങളാണെന്നു സ്ഥാപിക്കാൻ കേന്ദ്ര സർക്കാരിനു സാധിച്ചില്ലെന്നാണ് കോടതിയുടെ തീർപ്പ്. അങ്ങനെയാണ്, കടപ്പത്ര പദ്ധതി ഭരണഘടനാവിരുദ്ധമെന്നു പ്രഖ്യാപിച്ചു റദ്ദാക്കിയത്. 

 പദ്ധതി റദ്ദാക്കാനുള്ള മറ്റൊരു കാരണം, പ്രത്യക്ഷത്തിലുള്ള സ്വേച്ഛാപരമായ  സമീപനമാണ്. ഭരണഘടനയുടെ 14–ാം വകുപ്പിന്റെ അടിസ്ഥാനത്തിൽ നോക്കുമ്പോൾ, വിധിയുടെ സുപ്രധാന ഭാഗമാണിതെന്നു ഞാൻ കരുതുന്നു. വ്യക്തികളും കോർപറേറ്റുകളും നൽകുന്ന സംഭാവനയുടെ പരിധി എടുത്തുകളയുന്നതു സ്വേച്ഛാപരമാണെന്നും ഭരണഘടന അനുശാസിക്കുന്ന തുല്യനീതിയുടെ നിഷേധമാണെന്നുമാണു കോടതിയുടെ കണ്ടെത്തൽ. കോർപറേറ്റുകളിൽനിന്നുള്ള പരിധിയില്ലാത്ത സംഭാവനകൾക്കു പ്രത്യുപകാരം ലഭിക്കുമെന്നത് കേന്ദ്ര സർക്കാരും കോടതിയിൽ സമ്മതിച്ച കാര്യമാണ്. ഇതു ജനാധിപത്യ സർക്കാരിന്റെ അനുപേക്ഷണീയ ഘടകമായ സ്വതന്ത്രവും നീതിപൂർവവുമായ തിരഞ്ഞെടുപ്പ് എന്ന തത്വത്തിന്റെ ലംഘനമാണ്. 

മൂന്നു വർഷത്തിലേറെയായി നിലവിലുള്ള കമ്പനികൾ മാത്രമേ സംഭാവനകൾ നൽകാവൂ എന്നും നഷ്ടത്തിൽ പ്രവർത്തിക്കുന്നവയ്ക്കും ഷെൽ കമ്പനികൾക്കും സംഭാവന നൽകാനാവില്ലെന്നുമുള്ള വ്യവസ്ഥ 1985ൽ പാർലമെന്റ് കൊണ്ടുവന്നിരുന്നു. എന്നാൽ 2017ലെ ഭേദഗതിക്കുശേഷം ഈ നിയന്ത്രണം ഇല്ലാതായി. ഇതിനു മതിയായ ന്യായീകരണം നൽകിയതുമില്ല. വ്യക്തികൾക്കും ലാഭത്തിലും നഷ്ടത്തിലുമുള്ള കമ്പനികൾക്കും പരിധിയില്ലാതെ സംഭാവന നൽകാമെന്നു വരുന്നത് സ്വേച്ഛാപരമായ നടപടിയെന്നാണ് കോടതിയുടെ വിലയിരുത്തൽ. പൗരരുടെ അഭിപ്രായസ്വാതന്ത്ര്യത്തിനൊപ്പം, പത്രസ്വാതന്ത്ര്യവും ഉറപ്പാക്കുന്നതായ ഭരണഘടനയുടെ 19–ാം വകുപ്പിന്റെ മാത്രമല്ല, തുല്യത സംബന്ധിച്ച 14–ാം വകുപ്പിന്റെയും ലംഘനമാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. 

electoral-bond

 2018–19 മുതൽ 2022–23 കാലയളവിൽ വിവിധ പാർട്ടികൾക്കു ലഭിച്ച കടപ്പത്രങ്ങളിലൂടെ ലഭിച്ച സംഭാവനയുടെ കണക്ക് ജസ്റ്റിസ് ഖന്നയുടെ വിധിന്യായത്തിൽ പരാമർശിച്ചിട്ടുണ്ട്. കേന്ദ്രത്തിലെ ഭരണകക്ഷിക്കു വളരെയേറെ നേട്ടമുണ്ടായെന്നാണ് അതിൽ വ്യക്തമാകുന്നത്. ജസ്റ്റിസ് ഖന്ന എഴുതുന്നു–‘‘കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ഭരണകക്ഷികൾക്കാണ് കടപ്പത്രങ്ങൾവഴിയുള്ള സംഭാവനകളിലേറെയും കിട്ടിയതെന്നാണ് വിവരങ്ങളിൽനിന്നു വ്യക്തമാകുന്നത്.’’  

അറിയാനുള്ള വോട്ടറുടെ അവകാശവും രാഷ്ട്രീയ പാർട്ടികൾക്കു ലഭിക്കുന്ന സംഭാവനകളുടെ രഹസ്യസ്വഭാവവും തമ്മിൽ തട്ടിച്ചുനോക്കുമ്പോഴും പദ്ധതി  അംഗീകരിക്കാനാവില്ലെന്നാണ് ജസ്റ്റിസ് ഖന്നയുടെ നിലപാട്. 

പാർ‍ലമെന്ററി ജനാധിപത്യത്തിൽ, പൗരന്റെ ഇച്ഛയാണ് തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളിലൂടെ പ്രതിഫലിക്കേണ്ടത്. സർക്കാരുകളുടെ ജനാധിപത്യ സ്വഭാവം നിലനിൽക്കണമെങ്കിൽ തിരഞ്ഞെടുപ്പു പ്രക്രിയയുടെ സംശുദ്ധി സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഇതാണ്  ചീഫ് ജസ്റ്റിസിന്റെയും ജസ്റ്റിസ് ഖന്നയുടെയും വിധികളിലൂടെ സ്ഥാപിക്കുന്ന തത്വം. 

English Summary:

Senior lawyer and constitutional expert Fali S. Nariman writes about electoral bond

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com