Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യാജ ഏറ്റുമുട്ടൽ: പട്ടാള മേജറെ പ്രതിയാക്കി സിബിഐ കേസ്

ന്യൂഡൽഹി∙ സുപ്രീം കോടതി നിർദേശം അനുസരിച്ച് മണിപ്പുരിലെ 29 വ്യാജ ഏറ്റുമുട്ടൽ കേസുകളിൽ അന്വേഷണം നടത്തിയ സിബിഐ ആദ്യമായി ഒരു കേസിൽ പട്ടാള ഓഫിസറെ പ്രതിയാക്കി കേസെടുത്തു. 2009ൽ ഇംഫാൽ വെസ്റ്റിൽ 12 വയസ്സുകാരനെ മാതാപിതാക്കളുടെ കണ്ണിനു മുൻപിൽ വെടിവച്ചുകൊന്ന കേസിലാണ് മേജർ വിജയ് സിങ് ബൽഹാരയെ പ്രതിയാക്കി കേസെടുത്തത്.

ഏഴാം ക്ലാസ് വിദ്യാർഥി ആസാദ് ഖാനെ വീട്ടിൽ നിന്നു വലിച്ചിറക്കി മർദിച്ചശേഷം വെടിവച്ചുകൊന്നുവെന്നാണു കേസ്. 2009 മാർച്ച് നാലിന് ഉച്ചയ്ക്കു പന്ത്രണ്ടോടെ മേജർ വിജയ് സിങ് ബൽഹാരയുടെ നേതൃത്വത്തിൽ ആസാദ് ഖാന്റെ വീട്ടിലെത്തിയ സൈനികർ, മണിപ്പുർ സർക്കാർ നിരോധിച്ച പീപ്പിൾസ് യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് (പിയുഎൽഎഫ്) എന്ന സംഘടനയുടെ അംഗമാണ് ആസാദ് ഖാൻ എന്ന് ആരോപിച്ചാണു വെടിവച്ചുകൊന്നത്. പിന്നീട് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി ചിത്രീകരിച്ചു.

മണിപ്പുരിൽ സൈന്യം നടത്തിയ വ്യാജ ഏറ്റുമുട്ടൽ കൊലകളെക്കുറിച്ച് അന്വേഷിച്ച ഹെഗ്ഡെ കമ്മിഷൻ മുൻപാകെ ആസാദിന്റെ പിതാവ് വഹീദ് അലി തെളിവു നൽകിയിരുന്നു. തുടർന്ന് സാക്ഷിമൊഴികൾ അടക്കമുള്ള തെളിവുകളുടെയും അടിസ്ഥാനത്തിൽ ഇത് വ്യാജ ഏറ്റുമുട്ടൽ കൊലയാണെന്നു കമ്മിഷൻ റിപ്പോർട്ട് നൽകി.

കമ്മിഷൻ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മണിപ്പുരിലെ 41 വ്യാജ ഏറ്റുമുട്ടൽ കേസുകളിൽ 86 പേർ കൊല്ലപ്പെട്ട സംഭവങ്ങളിൽ അന്വേഷണം നടത്താൻ കഴിഞ്ഞ വർഷം ജൂലൈയിൽ സുപ്രീം കോടതി സിബിഐയോട് ആവശ്യപ്പെട്ടിരുന്നു. ഇതിൽ 29 കേസുകളിൽ നടത്തിയ അന്വേഷണത്തിന്റെ ഒടുവിലാണ് സിബിഐ, അന്ന് അസം റൈഫിൾസിലായിരുന്ന മേജർ വിജയ് സിങ് ബൽഹാരയെയും മറ്റ് ഏഴ് ഉദ്യോഗസ്ഥരെയും പ്രതികളാക്കി കേസെടുത്തിരിക്കുന്നത്.