വ്യാജ ഏറ്റുമുട്ടൽ: അന്വേഷണ റിപ്പോർട്ട് ഹർജിക്കാർക്കു നൽകണം

court-order
SHARE

ന്യൂഡൽഹി∙ ഗുജറാത്തിലെ 24 ഏറ്റുമുട്ടലുകൾ വ്യാജമായിരുന്നുവെന്ന ആരോപണം സംബന്ധിച്ച് അന്വേഷണം നടത്തിയ ജസ്റ്റിസ് എച്ച്.എസ്. ബേദി കമ്മിറ്റിയുടെ റിപ്പോർട്ട് പരാതിക്കാർക്കു നൽകാൻ സുപ്രീം കോടതി ഉത്തരവിട്ടു. സംസ്ഥാന സർക്കാരിന്റെ ആവശ്യം നിരാകരിച്ചു കൊണ്ടാണ് കവി ജാവേദ് അക്തർ, പരേതനായ മാധ്യമ പ്രവർത്തകൻ ബി.ജി. വർഗീസ് എന്നിവർക്ക് റിപ്പോർട്ടിന്റെ പകർപ്പു നൽകാൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് വിധിച്ചത്. 

അതേസമയം, റിപ്പോർട്ട് ഈ ഘട്ടത്തിൽ തള്ളുകയോ സ്വീകരിക്കുകയോ ചെയ്യുന്നില്ലെന്നു കോടതി വ്യക്തമാക്കി. 

ഗുജറാത്ത് സർക്കാർ ഉൾപ്പെടെ കക്ഷികൾക്ക് അഭിപ്രായം അറിയിക്കാൻ 4 ആഴ്ച അനുവദിച്ചു. ഇതു കൂടി പരിഗണിച്ച ശേഷം റിപ്പോർട്ട് തള്ളണോ സ്വീകരിക്കണോ എന്നു കോടതി തീരുമാനിക്കുമെന്ന് ജസ്റ്റിസുമാരായ എൽ. നാഗേശ്വര റാവു, എസ്.കെ. കൗൾ എന്നിവർ കൂടി ഉൾപ്പെട്ട ബെഞ്ച് പറഞ്ഞു.

2002 നും 2006 നും ഇടയിൽ നടന്ന വ്യാജ ഏറ്റുമുട്ടലുകളുടെ അന്വേഷണത്തിനാണ് സുപ്രീം കോടതി നിയോഗിച്ച ബേദി കമ്മിറ്റി മേൽനോട്ടം വഹിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ജാവേദ് അക്തറിന്റെയും ബി.ജി. വർഗീസിന്റെയും ഇടപെടലുകളാണ് അന്വേഷണം സജീവമായി മുന്നോട്ടു കൊണ്ടുപോയതെന്നു കോടതി നിരീക്ഷിച്ചു. വർഗീസ് 2014 ഡിസംബറിൽ മരിച്ചു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA