Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അസം വ്യാജ ഏറ്റുമുട്ടൽ കേസ്: വിധി നടപ്പാക്കാൻ 3 മാസം

ന്യൂഡൽഹി ∙ അസമിൽ വ്യാജ ഏറ്റുമുട്ടലിൽ 5 പേരെ കൊലപ്പെടുത്തിയ കേസിൽ മുൻ മേജർ ജനറൽ അടക്കം 7 സൈനികർക്കു ജീവപര്യന്തം തടവുശിക്ഷ വിധിച്ച സൈനികക്കോടതിയുടെ നടപടി കിഴക്കൻ സേനാ കമാൻഡ് മേധാവിയുടെ പരിഗണനയിൽ. 

മലയാളിയായ കേണൽ തോമസ് മാത്യു, മുൻ മേജർ ജനറൽ എ.കെ. ലാൽ, കേണൽ ആർ.എസ്. സിബിരെൻ, ജൂനിയർ കമ്മിഷൻഡ് ഓഫിസർമാരായ ദിലീപ് സിങ്, ജഗ്ദേവ് സിങ്, അൽബിന്ദർ സിങ്, ശിവേന്ദർ സിങ് എന്നിവർക്കാണു കഴിഞ്ഞ ദിവസം ശിക്ഷ വിധിച്ചത്.

വിധി നടപ്പാക്കാൻ കിഴക്കൻ സേനാ കമാൻഡ് മേധാവി ലഫ്. ജനറൽ മുകുന്ദ് നരവനെയുടെയും കരസേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്റെയും അനുമതി ലഭിക്കേണ്ടതുണ്ട്. ഇതിനു 3 മാസം വരെയെടുത്തേക്കാമെന്നു സേനാ വൃത്തങ്ങൾ വ്യക്തമാക്കി. 

അതുവരെ പ്രതിസ്ഥാനത്തുള്ളവരെ ഒൗദ്യോഗിക ചുമതലകളിൽ നിന്നു നീക്കി, സേനയുടെ കസ്റ്റഡിയിൽ പാർപ്പിക്കും. സേനാ മേധാവി വിധി അംഗീകരിച്ചാൽ, അതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനും ഇവർക്ക് അവസരമുണ്ട്. 

1994 ഫെബ്രുവരി 17– 19 തീയതികളിൽ അസമിലെ തിൻസുഖിയ ജില്ലയിലുണ്ടായ വ്യാജ ഏറ്റുമുട്ടലിൽ അഖില അസം വിദ്യാർഥി യൂണിയനിലെ 5 പേരെ കൊലപ്പെടുത്തിയെന്നാണു കേസ്. തേയിലത്തോട്ടം മാനേജർ കൊല്ലപ്പെട്ട സംഭവത്തിലാണ് സേന ഇവരെ കസ്റ്റഡിയിലെടുത്തത്. ആദ്യം സിബിഐ അന്വേഷിച്ച കേസ്, പിന്നീട് സേന ഏറ്റെടുക്കുകയായിരുന്നു. കഴിഞ്ഞ ജൂലൈയിലാണു കോർട്ട്മാർഷൽ നടപടികൾ ആരംഭിച്ചത്. 

കശ്മീരിലെ ലേയിൽ 3 ഇൻഫൻട്രി ഡിവിഷൻ മേധാവിയായിരുന്ന മേജർ ജനറൽ ലാൽ നേരിടുന്ന രണ്ടാം ശിക്ഷാ നടപടിയാണിത്. മോശമായി പെരുമാറിയെന്നു കാട്ടി വനിതാ ഓഫിസർ നൽകിയ പരാതിയിൽ 2010 ൽ ഇയാളെ സർവീസിൽ നിന്നു പുറത്താക്കിയിരുന്നു.