ADVERTISEMENT

മുംബൈ ∙ ബാർജ് ദുരന്തത്തിൽ മുംബൈ പൊലീസ് അന്വേഷണം ഉൗർജിതമാക്കുന്നു. ദുരന്തത്തിൽ നിന്നു രക്ഷപ്പെട്ടവരുടേതടക്കം കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തും. ചുഴലിക്കാറ്റ് സംബന്ധിച്ച് കൃത്യമായ മുന്നറിയിപ്പുണ്ടായിട്ടും ബാർജ് സുരക്ഷിതസ്ഥാനത്തേക്ക് നീക്കാതിരുന്നത് എന്തുകൊണ്ടാണെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.

നാവിക കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന ദക്ഷിണ മുംബൈയിലെ യെല്ലോ ഗേറ്റ് പൊലീസാണ് കേസെടുത്തിരിക്കുന്നത്. രക്ഷപ്പെട്ട ചീഫ് എൻജിനീയർ റഹ്മാൻ ഷെയ്ഖ് നൽകിയ പരാതിയിൽ പി-305 ബാർജിലെ ക്യാപ്റ്റനെതിരെയും കേസെടുത്തിരുന്നു.

അതിനിടെ, വരപ്രദ എന്ന ടഗ് ബോട്ട് മുങ്ങി 11 പേർ മരിച്ച സംഭവം മനുഷ്യനിർമിത ദുരന്തമാണമാണെന്ന് ബോട്ടിന്റെ ചീഫ് എൻജിനീയറായ മലയാളി ഫ്രാൻസിസ് കെ. സൈമൺ ആരോപിച്ചു. ആലപ്പുഴ അരൂർ സ്വദേശിയായ ഫ്രാൻസിസും ബംഗാളിയായ സഹപ്രവർത്തകനും മാത്രമാണു രക്ഷപ്പെട്ടത്. ബോട്ടിന്റെ അറ്റകുറ്റപ്പണി കൃത്യമായി നടത്തിയിരുന്നില്ലെന്നും പൊലീസിനു നൽകിയ മൊഴിയിൽ ഫ്രാൻസിസ് ചൂണ്ടിക്കാട്ടി.

ബാർജ്, ടഗ് ദുരന്തങ്ങളിൽ 86 പേരാണു മരിച്ചത്. 60 പേരെ തിരിച്ചറിഞ്ഞു. ശേഷിക്കുന്നവരെ തേടുന്ന ബന്ധുക്കൾ ആശുപത്രി പരിസരത്ത് തുടരുന്നുണ്ടെങ്കിലും പല മൃതദേഹങ്ങളും തിരിച്ചറിയാനാവാത്ത അവസ്ഥയിലാണ്. ഭൂരിഭാഗം പേരുടെയും ഡിഎൻഎ സാംപിൾ ശേഖരിച്ച് ഫൊറൻസിക് ലാബിൽ അയച്ചിട്ടുണ്ട്. വൈകാതെ ഫലം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കളും അധികൃതരും. ചുഴലിക്കാറ്റിൽ ഇൗ മാസം 17നാണ് ബാർജും ടഗ്ഗും കടലിൽ മുങ്ങിയത്.

ബാർജ് അപകടത്തിൽ മരിച്ച വിവേകിന് വിടചൊല്ലി നാട്

അടൂർ ∙ മുംബൈയിലുണ്ടായ ബാർജ് അപകടത്തിൽ മരിച്ച അടൂർ സ്വദേശി വിവേക് സുരേന്ദ്രന് ജന്മനാടിന്റെ വിട. മുംബൈയിൽ നിന്ന് ഇന്നലെ ഉച്ചയ്ക്ക് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ച വിവേകിന്റെ മൃതദേഹം വൈകിട്ട് 4.15ന് പള്ളിക്കൽ പഞ്ചായത്ത് ഓഫിസിനു സമീപത്തെ കുടുംബവീടായ വീവി വില്ലയിലെത്തിച്ചതോടെ ദുഃഖം അണപൊട്ടിയൊഴുകി. 

വിവേക് തിരിച്ചു വരുമെന്ന് പ്രതീക്ഷയോടെ കാത്തിരുന്ന മാതാപിതാക്കളായ സുരേന്ദ്രൻ, ജയശ്രീ, വിവേകിന്റെ ഭാര്യ ഗംഗ, മകൾ നിവേദ്യ എന്നിവരെ സമാധാനിപ്പിക്കാൻ ബന്ധുക്കൾക്കായില്ല. വിവേകിന്റെ ഇരട്ട സഹോദരൻ വിശാൽ മുംബൈയിൽ നിന്ന് മൃതദേഹത്തെ അനുഗമിച്ചു. വൈകിട്ട് 5.30ന് മൃതദേഹം സംസ്കരിച്ചു.കഴിഞ്ഞ 17നാണ് വിവേക് ജോലി ചെയ്തിരുന്ന പി. 305 ബാർജ് ദുരന്തത്തിൽപെട്ടത്. 23ന് അബുദാബിയിൽനിന്ന് മുംബൈയിലെത്തിയ സഹോദരൻ വിശാലാണ് വിവേകിന്റെ മൃതദേഹം തിരിച്ചറിഞ്ഞത്.  

കേന്ദ്രമന്ത്രി വി.മുരളീധരൻ ഫോണിലൂടെയും ആന്റോ ആന്റണി എംപി വീട്ടിലെത്തിയും അനുശോചനം അറിയിച്ചു. വിവേകിന്റെ കുടുംബത്തിന് സർക്കാർ ധനസഹായവും ആശ്രിതർക്ക്  ജോലിയും നൽകണമെന്ന് ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com