ADVERTISEMENT

ന്യൂഡൽഹി ∙ റഫാൽ ഇടപാടിന്റെ ഭാഗമായുള്ള രഹസ്യവിവരങ്ങൾ ഡാസോ ഏവിയേഷനും അനിൽ അംബാനിയുടെ റിലയൻസ് കമ്പനിക്കും മുൻകൂർ ലഭിച്ചിരുന്നെന്ന വെളിപ്പെടുത്തൽ, ഗുരുതര വിവരച്ചോർച്ചയിലേക്കാണു വിരൽചൂണ്ടുന്നത്. യുപിഎ സർക്കാർ നിശ്ചയിച്ച ആദ്യ ഇടപാടിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സുമായി (എച്ച്എഎൽ) പുറമേ ചർച്ചകൾ നടത്തുമ്പോഴാണ് 2015 മാർച്ച് 26നു റിലയൻസുമായി ഡാസോ ധാരണാപത്രം ഒപ്പിട്ടത്. 

126 റഫാൽ വിമാനങ്ങൾ വാങ്ങാനുള്ള ചർച്ചകളാണു യുപിഎ സർക്കാർ ഫ്രാൻസുമായി നടത്തിയത്. 18 എണ്ണം ഫ്രാൻസിൽ നിന്ന് എത്തിക്കാനും ബാക്കി 108 എണ്ണം ബെംഗളൂരുവിലെ എച്ച്എഎല്ലിൽ നിർമിക്കാനുമായിരുന്നു പദ്ധതി. ഇതിന്റെ ഭാഗമായാണ് എച്ച്എഎൽ– ഡാസോ ചർച്ച ആരംഭിച്ചത്. ഇതിനിടെ റിലയൻസുമായി ഡാസോ ധാരണാപത്രം ഒപ്പിട്ടതാണു വിവാദമായത്. ഇടപാടിൽ നിന്ന് എച്ച്എഎൽ പുറത്താകുമെന്ന വിവരം ഡാസോയ്ക്കു മുൻകൂട്ടി ലഭിച്ചിരുന്നെന്നതിനു തെളിവാണിത്. ഈ ധാരണാപത്രം ഒപ്പിട്ടു രണ്ടാഴ്ചയ്ക്കു ശേഷമാണ്, എച്ച്എഎൽ ഉൾപ്പെട്ട ഇടപാട് റദ്ദാക്കി, 36 വിമാനങ്ങൾ ഫ്രാൻസിൽ നിന്ന് നേരിട്ടു വാങ്ങുമെന്ന പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി പാരിസിൽ നടത്തിയത്. 

ഇടനിലക്കാരന്റെ പങ്ക്?

വിവരങ്ങൾ ചോർത്തിയതിനു പിന്നിൽ പ്രതിരോധ ഇടനിലക്കാരൻ സുഷേൻ ഗുപ്തയാണെന്നു സൂചനയുണ്ട്. റഫാൽ ഇടപാടുമായി ബന്ധപ്പെട്ടു പ്രതിരോധ മന്ത്രാലയം തയാറാക്കിയ രഹസ്യരേഖകൾ സുഷേന്റെ പക്കൽ നിന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പിടിച്ചെടുത്തിരുന്നു. ഇടപാട് ഉറപ്പിക്കുന്നതിനു മുന്നോടിയായുള്ള ഒൗദ്യോഗിക ചർച്ചകളിൽ മന്ത്രാലയം സ്വീകരിക്കേണ്ട നിലപാടുകൾ സംബന്ധിച്ച് ഏഴംഗസംഘം തയാറാക്കിയ രഹസ്യ റിപ്പോർട്ടുകളാണു ചോർത്തിയത്. അവ ഡാസോയ്ക്കു കൈമാറിയിരിക്കാമെന്നാണു സംശയം. 

റഫാൽ ഇടപാട് എങ്ങനെ?

59,000 കോടി രൂപയ്ക്ക് 36 റഫാൽ യുദ്ധവിമാനങ്ങളാണു വാങ്ങുന്നത്. ഇതുവരെ 18 എണ്ണം ഇന്ത്യയിലെത്തി. അടുത്ത വർഷത്തോടെ ബാക്കി ലഭിക്കും. 

English Summary: new revelations on rafale deal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com