ADVERTISEMENT

അമൃത്സർ∙ ‘ഒരവസരം ഞങ്ങൾക്കു നൽകിക്കൂടേ...?’ പഞ്ചാബുകാരോട് ആം ആദ്മി പാർട്ടി ചോദിക്കുകയാണ്. ഡൽഹിയിലെ ഭരണമാതൃക വാഗ്ദാനം ചെയ്തു പഞ്ചാബിന്റെ മനസ്സുപിടിക്കാനുള്ള തീവ്രശ്രമത്തിലാണു പാർട്ടി. ‘അരവിന്ദ് കേജ്‍രിവാൾ ഡൽഹിയിൽ അഴിമതി ഇല്ലാതാക്കി, വൈദ്യുതിനിരക്കു കുറച്ചു; പഞ്ചാബിലും അതാവർത്തിക്കും. ഒരവസരം തരൂ...’ ഉച്ചഭാഷിണികളിൽ ആം ആദ്മിയുടെ അഭ്യർഥന നിലയ്ക്കാതെ മുഴങ്ങുകയാണ്. 

ആഞ്ഞുപിടിച്ചാൽ പഞ്ചാബിൽ ഇക്കുറി ഭരണത്തിലേറാമെന്ന പ്രതീക്ഷയിലാണ് പാർട്ടി. അങ്ങനെ സംഭവിച്ചാൽ, ഡൽഹിക്കു പുറത്തേക്ക് ആദ്യമായി ആം ആദ്മിയുടെ ഭരണം നീളും; ദേശീയതലത്തിൽ കേജ്‌രിവാളിന്റെ പ്രതിച്ഛായ ഉയരും. അതിനു തടയിടാൻ കോൺഗ്രസും അകാലിദളും സംസ്ഥാനത്ത് ഒത്തുകളിക്കാൻ സാധ്യതയുണ്ടെന്ന് ആം ആദ്മി ആരോപിക്കുന്നു. 

ഡൽഹി മാതൃക മുന്നോട്ടു വയ്ക്കുമ്പോഴും കേജ്‍രിവാളിന്റെ പേര് പറഞ്ഞല്ല ഇവിടെ ആം ആദ്മി വോട്ട് പിടിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനാർഥി ഭഗവന്ത് സിങ് മാൻ ആണ് സംസ്ഥാനത്ത് പാർട്ടിയുടെ മുന്നണിപ്പോരാളി. ഡൽഹിയിൽനിന്നുള്ള ‘ഇറക്കുമതി’ എന്നു കോൺഗ്രസ് ഉൾപ്പെടെയുള്ള എതിരാളികൾ കേജ്‍രിവാളിനെ ആക്ഷേപിക്കുന്ന സാഹചര്യത്തിലാണ്, പഞ്ചാബിന്റെ സ്വന്തം നേതാവിനെ മുന്നിൽ നിർത്താൻ പാർട്ടി തീരുമാനിച്ചത്. പഞ്ചാബിലെ പാർട്ടിക്കാർക്ക് മാൻ ‘സൂപ്പർമാൻ’ ആണ്. നിലവിൽ എംപി. മുൻപ് നടനും ഹാസ്യാവതാരകനും. 

പാട്ടും നൃത്തവുമൊക്കെയുള്ള ആഘോഷത്തിമിർപ്പാണ് മാന്റെ പ്രചാരണ പരിപാടിക‍ൾ. ആടിപ്പാടിയുള്ള വോട്ടുപിടിത്തം. മേൽക്കൂര തുറന്ന കാറിനു മുകളിൽ കയറിനിന്ന് ഇരുകൈകളുമുയർത്തി മാൻ അലറിവിളിക്കുന്നു – ‘തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ, പഞ്ചാബിൽ ആം ആദ്മി ഭാംഗ്ര നൃത്തം ചെയ്യും’. 

പ്രചാരണത്തിനിടെ ഭഗവന്ത് സിങ് മാൻ ‘മനോരമ’യോട്: 

ഇക്കുറി ആം ആദ്മി വലിയ പ്രതീക്ഷയിലാണല്ലോ? 

പഞ്ചാബ് ആം ആദ്മി തൂത്തുവാരാൻ പോവുകയാണ്. ഞങ്ങൾക്ക് 100 % ആത്മവിശ്വാസമുണ്ട്. ഞങ്ങളുടെ പാർട്ടി സംവിധാനം സർവ കരുത്തോടെയുമാണു പ്രവർത്തിക്കുന്നത്. 

∙ ആം ആദ്മി ജയിച്ചാൽ ഡൽഹിയിലിരുന്ന് അരവിന്ദ് കേജ്‍രിവാൾ ഭരിക്കുമെന്ന ആക്ഷേപമുണ്ട്. 

അത് കോൺഗ്രസിന്റെ രീതിയാണ്. കഴിഞ്ഞ 5 വർഷം ഡൽഹിയിലിരുന്ന് റിമോട്ട് കൺട്രോളിലൂടെ പഞ്ചാബിനെ ഭരിച്ചത് കോൺഗ്രസ് ഹൈക്കമാൻഡ് അല്ലേ? ഇനി അത് അനുവദിക്കില്ല. 

∙ എന്തുകൊണ്ട് ജനം ആം ആദ്മിക്ക് വോട്ട് ചെയ്യണം?

അഴിമതിരഹിത ഭരണം പഞ്ചാബിനു നൽകാൻ കഴിയുന്ന ഏക പാർട്ടി ആം ആദ്മിയാണ്. കോൺഗ്രസും അകാലിദളും മാറിമാറി ഭരിച്ച പഞ്ചാബിൽ ജനം വലയുകയാണ്. അവർ മാറ്റം ആഗ്രഹിക്കുന്നു. ആ മാറ്റമാണ് ഞങ്ങൾ വാഗ്ദാനം ചെയ്യുന്നത്. 

∙ 2017ൽ മാൾവ മേഖലയിൽ മാത്രമാണു പാർട്ടി പിടിച്ചുനിന്നത്.

ആ സ്ഥിതി മാറി. നമ്മൾ ഇപ്പോൾ നിൽക്കുന്നത് മാജ മേഖലയിലല്ലേ? ഈ ജനക്കൂട്ടത്തിന്റെ ആവേശം നിങ്ങൾ കാണൂ. മാൾവയ്ക്കു പുറത്തേക്ക് ആം ആദ്മി വളർന്നുവെന്നതിന് ഇതിൽ കൂടുതൽ എന്തു തെളിവാണു വേണ്ടത്? എല്ലായിടത്തും ഞങ്ങൾക്കു വൻ സ്വീകരണമാണു ലഭിക്കുന്നത്. 

Content Highlights: Punjab Assembly Elections 2022, Bhagwant Mann

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com