ADVERTISEMENT

ന്യൂഡൽഹി ∙ ഗുജറാത്ത് കലാപത്തിനു പിന്നാലെ, നരേന്ദ്ര മോദിയെ കുടുക്കാൻ കോൺഗ്രസ് നടത്തിയ വൻഗൂഢാലോചനയുടെ ഭാഗമായിരുന്നു സാമൂഹിക പ്രവർത്തക ടീസ്റ്റ സെതൽവാദെന്ന് ഗുജറാത്ത് പൊലീസിലെ പ്രത്യേക അന്വേഷണ സംഘം ആരോപിച്ചു. 

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വിശ്വസ്തനായിരുന്ന അഹമ്മദ് പട്ടേലിന്റെ നിർദേശപ്രകാരം ടീസ്റ്റയ്ക്കു 30 ലക്ഷം രൂപ ലഭിച്ചെന്നും ടീസ്റ്റയുടെ ജാമ്യാപേക്ഷയെ എതിർത്തു കൊണ്ടുള്ള സത്യവാങ്മൂലത്തിലുണ്ട്. ജാമ്യത്തിന്റെ കാര്യത്തിൽ നാളെ സെഷൻസ് കോടതി തീരുമാനമെടുക്കും.

ഗുജറാത്ത് കലാപക്കേസിൽ നിരപരാധികളെ കുടുക്കാൻ വ്യാജരേഖയുണ്ടാക്കിയെന്ന് ആരോപിച്ചാണ് ജൂൺ 25നു ഗുജറാത്ത് പൊലീസ് നിയോഗിച്ച പ്രത്യേക സംഘം ടീസ്റ്റയെ അറസ്റ്റ് ചെയ്തത്. ഗോധ്‌ര സംഭവത്തിനു പിന്നാലെ ഗുൽബെർഗ് സൊസൈറ്റി കൂട്ടക്കൊലയിൽ നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർക്കു ക്ലീൻ ചിറ്റ് നൽകിയ സുപ്രീം കോടതി വിധിക്കു പിന്നാലെയായിരുന്നു നടപടി.

പ്രത്യേക സംഘം പറയുന്നത്

∙ ‘അനധികൃതമായി പണവും മറ്റു സൗകര്യങ്ങളും പ്രതിഫലമായി ടീസ്റ്റയ്ക്കു ലഭിച്ചു. കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ നിർദേശാനുസരണമായിരുന്നു ഇതെന്നതിനു സാക്ഷിമൊഴിയുണ്ട്. 2002 ലെ ഗോധ്‍ര ട്രെയിൻ തീവയ്പു സംഭവത്തിനു പിന്നാലെ ടീസ്റ്റയ്ക്കു 30 ലക്ഷം രൂപ ലഭിച്ചു. സർക്കാരിനു നേതൃത്വം നൽകിയ ബിജെപി നേതാക്കളെ കലാപവുമായി ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇവർ ഡൽഹിയിൽ അധികാരത്തിലുള്ള പാർട്ടിയുടെ (കോൺഗ്രസിന്റെ) നേതാക്കളെ സന്ദർശിച്ചിരുന്നു. മറ്റു പലരെയും രാജ്യസഭാംഗങ്ങളാക്കുമ്പോഴും തന്നെ അതിനു പരിഗണിക്കാത്തത് എന്തുകൊണ്ടെന്ന ചോദ്യം ടീസ്റ്റ 2006 ൽ ചോദിച്ചെന്നും സാക്ഷിമൊഴിയുണ്ട്’.

∙ ‘മോദിയുടെ പാപം കഴുകി കളയാനുള്ള ശ്രമമാണിത്. പ്രത്യേക അന്വേഷണ സംഘം അവരുടെ യജമാനൻ പറയുന്നതനുസരിച്ചു തുള്ളുകയാണ്.’ – ജയ്റാം രമേശ് (കോൺഗ്രസ് വക്താവ്)

∙ ‘നരേന്ദ്ര മോദിയെ ഗുജറാത്ത് കലാപക്കേസുമായി ബന്ധിപ്പിക്കാനുള്ള നീക്കങ്ങളുടെയെല്ലാം പ്രേരകശക്തി സോണിയ ഗാന്ധിയാണെന്നു തെളിയുന്നു. ഗുജറാത്ത് സർക്കാരിനെ അട്ടിമറിക്കാനും മോദിയുടെ രാഷ്ട്രീയ ാവി തകർത്ത് മകനെ ഉയർത്തിക്കൊണ്ടുവരാനുമുള്ള നീക്കങ്ങളുടെ ഇടപാടുകാരൻ മാത്രമായിരുന്നു അഹമ്മദ് പട്ടേൽ. മോദിക്കെതിരെ എന്തിനായിരുന്നു ഗൂഢാലോചനയെന്ന് രാജ്യത്തോടു സോണിയ പറയണം.’ – സംബിത് പത്ര (ബിജെപി വക്താവ്)

English Summary: Gujarat Riots: Ahmed Patel Plotted Against Narendra Modi, Says Probe Team

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com